Current Date

Search
Close this search box.
Search
Close this search box.

മരണം കൊതിക്കുക, ജീവിതം നല്‍കപ്പെടും

history.jpg

ഇസ്‌ലാമിക ചരിത്രത്തില്‍ ധീരതയും ധൈര്യവും കൊണ്ട് ആത്മാഭിമാനത്തിന്റെ വീരചരിതം രചിച്ച ധാരാളം മഹാന്മാര്‍ നമ്മുടെ ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. സ്വന്തം ശരീരംകൊണ്ടും സമ്പത്തുകൊണ്ടും ദൈവമാര്‍ഗത്തില്‍ സമരം ചെയ്ത, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മുഖ്യപങ്ക് വഹിച്ച മഹത്തുക്കളാണ് അവര്‍. അവരുടെ ജീവചരിത്രത്തില്‍ ഇന്നത്തെ മുസ്‌ലിങ്ങള്‍ക്ക് മഹത്തായ മാതൃകകളുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അറിയപ്പെടാത്ത താളുകളില്‍ ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ഇത്തരം ചരിത്രങ്ങള്‍ ധാരാളമുണ്ട്. ‘മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ മൗലാനാ അബുല്‍ ഹസ്സന്‍ അലി നദ്‌വി ചരിത്രത്തിന്റെ ഇത്തരം ചില ഏടുകളിലേക്ക് വെളിച്ചംവീശുന്നുണ്ട്.

ക്രി: 1864 മെയ് 2-ന് ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് മുസ്‌ലിം ധീരപോരാളികളായിരുന്ന പതിനൊന്ന് പേരെ അധിനിവേശസേന പിടികൂടി. ഇവരുടെ നായകന്‍ ജഅ്ഫറായിരുന്നു. അഫ്ഗാന്‍ മേഖലയില്‍ ഇഗ്ലീഷ് സേനക്കെതിരെ പോരാടുകയായിരുന്നു ഇവര്‍. അതിനിടെ രാജ്യദ്രോഹികളായ ചില ചാരന്മാര്‍ ഒറ്റിക്കൊടുത്തതുകൊണ്ടാണ് ഇവര്‍ പിടിക്കപ്പെട്ടത്.

തങ്ങളുടെ സമ്രാജ്യത്വത്തിനെതിരെ സമരം നയിക്കുന്നതിന്റെ എല്ലാ പകയും മുസ്‌ലിങ്ങള്‍ക്കുമേല്‍ ഇഗ്ലണ്ടുകാര്‍ പ്രകടിപ്പിച്ചിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി. ശക്തമായ വിദ്വേഷത്തോടെ ജഡ്ജ് നേതാവായ ജഅ്ഫറിനോട് പറഞ്ഞു: ‘ജഅ്ഫര്‍ നിങ്ങള്‍ വിവരവും വിദ്യാഭ്യാസവുമുള്ളൊരാളല്ലേ? രാഷ്ട്രത്തിന്റെ നിയമത്തെ കുറിച്ച് നിങ്ങള്‍ക്കറിയാമല്ലോ? നിങ്ങള്‍ സ്വന്തം നാടിന്റെ നേതാവാണ്. പക്ഷെ താങ്കളുടെ ബുദ്ധിയും ചിന്തയും സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്താനാണ് ഉപയോഗിക്കുന്നത്. സമ്പത്തും ശരീരവും നല്‍കി വിപ്ലവകാരികളെ ശക്തിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളെ തൂക്കിക്കൊല്ലാന്‍ ഞാന്‍ വിധിക്കുകയാണ്. താങ്കളുടെ എല്ലാ സ്ഥാവരജംഗമ സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തിരിക്കുന്നു. മരണത്തിന് ശേഷം താങ്കളുടെ മൃതദേഹം കുടുംബത്തിന് നല്‍കില്ല. അത് നീചരുടെ ശ്മശാനത്തില്‍ മറമാടും. താങ്കളെ തൂക്കിലേറ്റപ്പെട്ടവനായി കണ്ടാല്‍ ഞാന്‍ സന്തോഷവാനാകും.’ അപ്രകാരം തന്റെ സകല കോപവും അയാള്‍ ജഅ്ഫറിന്റെ മേല്‍ ചൊരിഞ്ഞു.

ധീരമായ മറുപടി

വധശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ ജഅ്ഫര്‍ ധീരമായി, ചിരിച്ച് സന്തോഷത്തോടെയാണ് പ്രതികരിച്ചത്. അദ്ദേഹം പറഞ്ഞു: ‘ആത്മാവുകള്‍ അല്ലാഹുവിന്റെ കൈകളിലാണ്. അവന്‍ അതിനെ ജീവിപ്പിക്കുന്നു മരിപ്പിക്കുന്നു. മരണമോ ജീവിതമോ കൈയ്യടക്കാന്‍ താങ്കള്‍ക്കാവില്ല. നമ്മിലാരാണ് ആദ്യം മരിക്കുകയെന്നുപോലും താങ്കള്‍ക്കറിയില്ലല്ലോ.’

ഈ മറുപടികേട്ടപ്പോള്‍ ഇഗ്ലീഷ് ജഡ്ജിക്ക് അല്‍ഭുതമായി. വധശിക്ഷ വിധിക്കപ്പെട്ടത് വളരെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരാളെ ആദ്യമായാണ് അദ്ദേഹം കാണുന്നത്. അദ്ദേഹം ചോദിച്ചു: ‘ഇതിന് മുമ്പ് എനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ താങ്കളെ കൊല്ലാന്‍ വിധിക്കുക്കുകയും താങ്കളത് സന്തോഷത്തോടെയും ആഹ്ലാദത്തോടെയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.’ അപ്പോള്‍ ജഅ്ഫര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ഞാന്‍ എങ്ങനെ സന്തോഷിക്കാതിരിക്കും! അല്ലാഹു അവന്റെ മാര്‍ഗത്തിലെ രക്തസാക്ഷിത്വമാണ് എനിക്ക് തരാന്‍ പോകുന്നത്. അതിന്റെ മാധുര്യം മനസ്സിലാവാത്ത പരമദരിദ്രനാണ് താങ്കള്‍.’

ശിക്ഷക്ക് സമയമാകുന്നതുവരെ അവരെ ജയിലിലടച്ചു. അപ്പോള്‍ അവര്‍ സന്തോഷത്തോടെ രക്തസാക്ഷിത്വത്തെ കാത്തിരുന്നു. മഹാനായ സ്വഹാബി തന്നെ ജയിലിലടച്ചപ്പോള്‍ പാടിയ കവിതകള്‍ അവര്‍ ഉരുവിട്ടു. അതിപ്രകാരമായിരുന്നു: ‘എന്റെ മരണം അല്ലാഹുവിന്റെ മാര്‍ഗത്തിലാണെങ്കില്‍ എവിടെവെച്ച് മരണപ്പെട്ടാലും എനിക്ക് പ്രശ്‌നമല്ല.’

അസൂയയും വിദ്വേഷവും ഭ്രാന്തനാക്കിയ ബ്രിട്ടീഷ് നേതാവ് മുസ്‌ലിം പോരാളികളുടെ സന്തോഷം കണ്ട് ഇവരെ സന്തോഷിക്കാന്‍ വിടരുതെന്ന് തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ഒരിക്കല്‍ ജയിലില്‍ പോരാളികളുടെ അടുത്തേക്ക് വന്ന് പ്രഖ്യാപിച്ചു: ‘വിപ്ലവകാരികളേ! നിങ്ങള്‍ വധശിക്ഷ ഇഷ്ടപ്പെടുന്നു. അതിനെ നിങ്ങള്‍ രക്തസാക്ഷിത്വമായി കരുതുന്നു. എന്നെകൊണ്ട് നിങ്ങളുടെ ആഗ്രഹം സഫലീകരിക്കപ്പെടാന്‍ ഞാന്‍ സമ്മതിക്കില്ല. അങ്ങനെ എന്നെകൊണ്ട് നിങ്ങള്‍ സന്തോഷിക്കരുത്. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ വധശിക്ഷ റദ്ദാക്കിയിരിക്കുന്നു. നിങ്ങളെ ശ്രീലങ്കയിലേക്ക് നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നു.’

ശേഷം അവരെ കഠിനമായ പീഢനങ്ങളോടെ തടവില്‍ പാര്‍പിച്ചു. അവസാനം ആന്തമാനിലേക്ക് അവരെ നാടുകടത്തി. 1883-ല്‍ അവര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അപ്പോഴേക്കും ശിക്ഷ വിധിച്ച ബ്രിട്ടീഷ് അധികാരി മരണപ്പെട്ടിരുന്നു.

ഇപ്രകാരമായിരുന്നു നമ്മുടെ മുന്‍ഗാമികള്‍ നമുക്ക് കാണിച്ചുതന്ന മാതൃക. ജഅ്ഫറും അദ്ദേഹത്തിന്റെ കൂട്ടുകാരും ഇന്നത്തെ മുസ്‌ലിങ്ങള്‍ക്ക് ആത്മാഭിമാനത്തിന്റെ പ്രസക്തിയാണ് പഠിപ്പിച്ചത്. അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നു. മരണത്തെ രക്തസാക്ഷിത്തമായി കണ്ട് അതിനെ കണ്ടുമുട്ടാനാഗ്രഹിച്ചു. അങ്ങനെ അവര്‍ ‘മരണത്തെ കൊതിക്കുക ജീവിതം നല്‍കപ്പെടു’മെന്ന ചൊല്ല് അന്വര്‍ഥമാക്കി ജീവിതം തുടര്‍ന്നു.

വിവ: ജുമൈല്‍ കൊടിഞ്ഞി   
 

Related Articles