Current Date

Search
Close this search box.
Search
Close this search box.

ബാബരി: മതേതരത്വരഥം പിറകോട്ട് ഉരുട്ടിയ രണ്ട് പതിറ്റാണ്ട്

babri.jpg

ഇന്ത്യയുടെ ചരിത്രത്തില്‍ അതും സംഭവിച്ചു. പ്രബുദ്ധതയില്‍ നിന്നും ഇരുണ്ട ദശാസന്ധികളിലേക്കുള്ള മടക്കം. ചെന്നായ്ക്കള്‍ കാവല്‍ക്കാരായി മാറുന്ന അതിദാരുണമായ പരിണിതി. ഇത് സംജാതമാകുന്നത് മനുഷ്യരും കാലവും പിറകോട്ട് സഞ്ചരിക്കുന്ന ഇരുണ്ട ഇടനാഴികള്‍ക്കിടയിലാണ്. രാഷ്ട്രപിതാവിന്റെ നെഞ്ചകത്തേക്ക് ഗോഡ്‌സെ നിറയൊഴിച്ചതും മതേതര ഇന്ത്യയുടെ അഭിമാന സ്തംഭമായ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ക്കപ്പെട്ടതും ഗര്‍ഭസ്ഥശിശുവിനെ ശൂലത്തിലേറ്റി അഗ്നിയിലേക്കെറിയാന്‍ മാത്രം കിരാതമായ ഗുജറാത്ത് വംശഹത്യകളും രാജ്യത്ത് അരങ്ങേറിയത് ഈ ദശാസന്ധികളിലാണ്.

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് നഗരത്തിനടുത്ത അയോധ്യയില്‍ സരയൂ നദിക്കരയില്‍, ഇന്ത്യയിലെ ആദ്യ മുഗള ചക്രവര്‍ത്തിയായ സഹീറുദ്ദീന്‍ മുഹമ്മദ് ബാബറിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ഗവര്‍ണര്‍ മീര്‍ബാഖി താഷ്‌കന്ദി 1527-ല്‍ പണിത ബാബരി മസ്ജിദ് സംഘ്പരിവാര്‍ തീവ്രവാദികളാല്‍ തകര്‍ക്കപ്പെട്ടിട്ട് 20 വര്‍ഷം തികയുന്നു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മുഖഛായ പ്രഭപരത്തിയത്  മതദര്‍ശനങ്ങളെയും തത്വസംഹിതകളെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ വിശാലമായ മതേതരത്വം കാരണമായിരുന്നു. അതിനുവേണ്ടി അഹോരാത്രം പരിശ്രമിച്ച രാഷ്ട്രപിതാവിനെ, രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് കാലെടുത്തുവെക്കും മുമ്പെ, തീവ്രവാദികള്‍ നിഷ്ഠൂരമായി വധിക്കുകയുണ്ടായി.

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനശില്‍പി എന്നറിയപ്പെടുന്ന ഡോ. ബാബാ സാഹിബ് അംബേദ്കറുടെ ചരമദിനമായ ഡിസംബര്‍ 6 തന്നെ എന്തുകൊണ്ട് സംഘ്പരിവാര്‍ തീവ്രവാദികള്‍ പള്ളിതകര്‍ക്കാന്‍ തെരഞ്ഞെടുത്തു എന്നത് നാം പഠനവിധേയമാക്കേണ്ടതുണ്ട്. ന്യൂനപക്ഷ-ദലിത് വിഭാഗത്തില്‍ ജനിച്ച് തന്റെ ബഹുമുഖ വ്യക്തിപ്രഭാവം കൊണ്ട് ഇന്ത്യയോളം വളര്‍ന്ന അംബേദ്കറിന്റെ ജീവിതവും നിലപാടുകളും സവര്‍ണ ഫാഷിസ്റ്റ് മേധാവികളെ എന്നെന്നും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. ദലിതരും ന്യൂനപക്ഷവുമടങ്ങുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍വസ്വം സമര്‍പ്പിച്ച ധിഷണാശാലിയായിരുന്നു അംബേദ്കര്‍. ഇന്ത്യയില്‍ രൂപപ്പെടാനിരിക്കുന്ന ഈ മുന്നേറ്റത്തെയും അധികാര ശാക്തീകരണത്തെയും തകര്‍ക്കുകയും വേരറുക്കുകയും ചെയ്യണമെങ്കില്‍ അംബേദ്കര്‍ എന്നെന്നേക്കുമായി ജനമനസ്സുകളില്‍ നിന്നും അപ്രത്യക്ഷമാകണം. അദ്ദേഹത്തിന്റെ ചരമദിനത്തില്‍ ബാബരി മസ്ജിദുപോലുള്ള വൈകാരിക വിഷയങ്ങളുടെ തടവറയില്‍ ജനങ്ങളെ കുരുക്കിയിടണം. മാത്രമല്ല, പ്രസ്തുത ദിനത്തില്‍ ന്യൂനപക്ഷ മുന്നേറ്റത്തിനായുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവാദം ലഭിക്കരുത് എന്നും അവരുടെ അജണ്ടയുടെ ഭാഗമാണ്. അതിനാല്‍ തന്നെ ഇന്ത്യയുടെ മതേതരത്വത്തിന്റെ താഴികക്കുടങ്ങള്‍ മാത്രമല്ല ഡിസംബര്‍ 6-ല്‍ തകര്‍ന്നു വീണത്, മറിച്ച് ദലിതരും-ന്യൂനപക്ഷങ്ങളുമടങ്ങുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെ അധികാര ശാക്തീകരണ സ്വപ്‌നങ്ങള്‍ കൂടിയാണ്.

ബാബരി മസ്ജിദിനു ശേഷം കൃത്യം പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഗുജറാത്തില്‍  ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വംശഹത്യ അരങ്ങേറുകയുണ്ടായി. ബാബരി മസ്ജിദ്, ഭരണകൂടത്തിന്റെ മൗനാനുവാദത്തോടും രഹസ്യപിന്തുണയോടും കൂടി തകര്‍ക്കപ്പെട്ടതാണെങ്കില്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാഷ്ട്രത്തിന്റെ ഭരണഘടനയെയും കോടതികളെയും സൈന്യത്തെയും നോക്കുകുത്തിയാക്കി പരസ്യമായി നടത്തിയ വംശീയ ഉന്മൂലനമായിരുന്നു ഗുജറാത്ത്്. മാതൃരാജ്യത്തോടുള്ള അദമ്യമായ സ്‌നേഹമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാതലായി സംഘ്പരിവാര്‍ എന്നെന്നും ഉയര്‍ത്തിക്കാട്ടാറുള്ളത്. എന്നാല്‍ ജനാധിപത്യ പ്രക്രിയയിലൂടെ അഞ്ച് വര്‍ഷം അധികാരമേറിയപ്പോള്‍ ഭാരതാംഭയോടുള്ള അവരുടെ സ്‌നേഹപ്രകടനങ്ങളുടെ മകുടോദാഹരണങ്ങള്‍ നാം ദര്‍ശിക്കുകയുണ്ടായി. രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കായി വാങ്ങിയ ശവപ്പെട്ടിയില്‍ പോലും അഴിമതി നടത്തിക്കൊണ്ടാണ് രാജ്യസ്‌നേഹം പ്രകടിപ്പിച്ചത്. മുസ്‌ലിംകളടങ്ങുന്ന ന്യൂനപക്ഷങ്ങളെ അസ്ഥിരപ്പെടുത്താന്‍ രാജ്യത്തെ ദര്‍ഗകളിലും മഠങ്ങളിലും വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിക്കൊണ്ടായിരുന്നു പിന്നീട് അവര്‍ രാജ്യസ്‌നേഹം പ്രകടിപ്പിച്ചു തുടങ്ങിയത്. ഇതിന്റെ പേരില്‍ മുസ്‌ലിംകളില്‍ പെട്ട നിരവധി നിരപരാധികളെ രാജ്യദ്രോഹം ചുമത്തി തുറങ്കിലടക്കുകയുണ്ടായി. എന്നാല്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യസ്‌നേഹികളായ ചില ഉദ്യോഗസ്ഥന്മാര്‍ അന്വേഷണം യഥാര്‍ഥ വഴികളിലേക്ക് തിരിച്ചുവിട്ടപ്പോള്‍ സംഘ്പരിവാറില്‍പെട്ട സ്വാമി അസിമാനന്ദമാരും കേണല്‍ പുരോഹിതുമാരും കുറ്റംസമ്മതിച്ച് കുമ്പസരിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. വിഷലിപ്തമായ പ്രത്യയശാസ്ത്രങ്ങളില്‍ ഊട്ടിവളര്‍ത്തപ്പെട്ട സംഘികള്‍ ഇത്തരത്തിലുള്ള അന്വേഷണത്തിന് ഇനിയാരും തയ്യാറാകരുത് എന്ന മുന്നറിയിപ്പെന്നോണം മഹാരാഷ്ട്ര എ ടി എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയും കൂട്ടാളികളെയും നിഷ്ഠൂരമായി കൊല ചെയ്തുകൊണ്ടാണ് അരിശം തീര്‍ത്തത്.

അയോധ്യയില്‍ നിന്നും ചാര്‍മിനാറിന്റെ ചാരത്തേക്ക് പുതിയ അവകാശവാദങ്ങളുമായി സംഘ്പരിവാര്‍ രഥമുരുട്ടി വന്നിരിക്കുകയാണ്. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി രക്തവും ജീവനും നല്‍കിയ മുസ്‌ലിംകളടങ്ങുന്ന ന്യൂനപക്ഷത്തെ അധസ്ഥിരരും അസ്ഥിരരുമാക്കി മാറ്റാനുള്ള ഗൂഢാലോചനകള്‍ ഒരു മതേതര രാഷ്ട്രത്തിലരങ്ങേറുമ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുക്കേണ്ടത് ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും പ്രാഥമിക ബാധ്യതയാണ്. ഇതിനെ ന്യൂനപക്ഷ വിഷയമായിട്ടല്ല, മറിച്ച് നമ്മുടെ  മതേതരത്വത്തിന്റെ അഖണ്ഡതക്കുമേല്‍ കഠാരവെക്കുന്ന ഗൗരവതരമായ വിഷയമായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികളും മതേതരത്വത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാവരും വീക്ഷിക്കേണ്ടത്. അല്ലെങ്കില്‍ ഹിറ്റ്‌ലറുടെ കാലത്ത് ജീവിച്ച കവിയുടെ വാക്കുമുന പോലെ ‘ഒടുവില്‍ അവര്‍ എന്നെ തേടി  വന്നു, അപ്പോള്‍ എനിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല ‘ എന്നതായിരിക്കും നമ്മുടെയും പരിണിതി.

 

Related Articles