Current Date

Search
Close this search box.
Search
Close this search box.

ബര്‍റാഅ് ബിന്‍ മഅ്‌റൂര്‍ -കഅ്ബക്ക് നേരെ ആദ്യമായി നമസ്‌കരിച്ച സ്വഹാബി

kaaba.jpg

അന്‍സാരിയായ ബര്‍റാഅ് ബിന്‍ മഅ്‌റൂര്‍ ഖസ്‌റജി നബി(സ) ഹിജ്‌റ ചെയ്ത് മദീനയിലെത്തുന്നതിന് മുമ്പ് ഇസ്‌ലാം സ്വീകരിച്ച വ്യക്തിയാണ്. റബാബ് ബിന്‍ത് നുഅ്മാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. അബൂ ബശര്‍ എന്ന പേരിലദ്ദേഹം അറിയപ്പെട്ടു. അന്‍സാരികളില്‍ പ്രമുഖനായ അദ്ദേഹം അഖബ ഉടമ്പടിയില്‍ പങ്കെടുത്ത വ്യക്തിയുമായിരുന്നു. ബനൂസലമക്കാരുടെ പ്രതിനിധിയായ അദ്ദേഹം തന്റെ സമ്പത്തിന്റെ മൂന്നിലൊന്ന് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒരിക്കല്‍ അദ്ദേഹം അന്‍സാരികളോടൊപ്പം മക്കയിലേക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ച് നമസ്‌കാര സമയമായി. അക്കാലത്ത് മുസ്‌ലിംകള്‍ ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞായിരുന്നു നമസ്‌കരിച്ചിരുന്നത്. അപ്പോള്‍ ബര്‍റാഅ് തന്നോടൊപ്പമുണ്ടായിരുന്ന മുസ്‌ലിംകളോടായി പറഞ്ഞു: ആ ഭവനത്തെ(കഅ്ബ) പിന്നിലാക്കി നമസ്‌കരിക്കുന്നത് ശരിയായി എനിക്ക് തോന്നുന്നില്ല, ഞാന്‍ അതിലേക്ക് തിരിഞ്ഞാണ് നമസ്‌കരിക്കുക. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു: പ്രവാചകന്‍(സ) ശാമിലേക്കല്ലാതെ (ബെത്തുല്‍ മുഖദ്ദസ്) തിരിഞ്ഞ് നമസ്‌കരിച്ചത് ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് വിയോജിക്കാന്‍ ഞങ്ങളുദ്ദേശിക്കുന്നില്ല. അപ്പോഴും ബര്‍റാഅ് തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു ‘ഞാന്‍ കഅ്ബയിലേക്ക് തിരിഞ്ഞാണ് നമസ്‌കരിക്കുക’. അവരെല്ലാം അദ്ദേഹത്തോട് വിയോജിച്ചു.

നമസ്‌കരിച്ചപ്പോള്‍ ബര്‍റാഅ് മാത്രം കഅ്ബയുടെ നേരെയും മറ്റുള്ളവരെല്ലാം ബൈത്തുല്‍ മുഖദ്ദസിലേക്കും തിരിഞ്ഞ് നമസ്‌കരിച്ചു. മക്കയിലെത്തുന്നത് വരെ ഇതേ രീതി തന്നെ തുടര്‍ന്നു. കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചതിന്റെ പേരില്‍ അവര്‍ അദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്തു. എത്രത്തോളമെന്നാല്‍ താന്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണോ എന്ന ഭയം അദ്ദേഹത്തിന് തന്നെ തോന്നി. അന്‍സാരികള്‍ മക്കയിലെത്തിയപ്പോള്‍ ബര്‍റാഅ് പ്രവാചകന്റെ(സ) അടുത്തേക്ക് ധൃതിയില്‍ ചെന്നു. എന്നിട്ട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഈ സംഘത്തോടൊപ്പം വന്നതാണ് ഞാന്‍. അല്ലാഹു എന്നെ ഇസ്‌ലാമിലേക്ക് മാര്‍ഗദര്‍ശനം ചെയ്തു. ഈ ഭവനത്തെ എന്റെ പിന്നിലാക്കി നമസ്‌കരിക്കുന്നത് ഞാന്‍ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഞാനതിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചു. എന്നോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരെല്ലാം എന്നാട് വിയോജിച്ചു. അതുകണ്ട് എന്റെ മനസ്സിലും സംശയം ഉണ്ടായി. താങ്കളുടെ അഭിപ്രായമെന്താണ് പ്രവാചകരേ? അപ്പോള്‍ നബി(സ) അദ്ദേഹത്തിന് മറുപടി നല്‍കി പറഞ്ഞു: ‘നിലവിലെ ഖിബ്‌ല സ്വീകരിക്കാന്‍ താങ്കള്‍ ക്ഷമകാണിച്ചിരുന്നെങ്കില്‍ അതായിരുന്നു നല്ലത്.’ പിന്നീട് ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കാന്‍ അദ്ദേഹത്തോട് കല്‍പ്പിച്ചു. അദ്ദേഹം തിരുമേനിയുടെ കല്‍പ്പന അനുസരിക്കുകയും ചെയ്തു. (അഹ്മദ്)

ബര്‍റാഅ് മദീനയില്‍ തിരിച്ചെത്തിയതിന് ശേഷം അദ്ദേഹത്തിന് രോഗം പിടിപെടുകയും അതിനെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം തന്റെ കുടുംബത്തോട് കഅ്ബയുടെ നേരെ തിരിച്ച് കിടത്താന്‍ ആവശ്യപ്പെട്ടു. മരിച്ച ശേഷവും കഅ്ബയുടെ നേരെ തന്നെ അദ്ദേഹത്തെ കിടത്തി. ഇപ്രാകാരം ജീവനോടെയും അല്ലാതെയും കഅ്ബയുടെ നേരെ തിരിഞ്ഞ ആദ്യത്തെ വ്യക്തിയായി അദ്ദേഹം അറിയപ്പെട്ടു. പിന്നീടാണ് ഖിബ്‌ല കഅ്ബയിലേക്ക് മാറ്റികൊണ്ടുള്ള അല്ലാഹുവിന്റെ കല്‍പ്പന വന്നത്. നബി(സ) മദീനയിലെത്തുന്നതിന് ഒരു മാസം മുമ്പ് സഫര്‍ മാസത്തിലായിരുന്നു അദ്ദേഹം മരണപ്പെട്ടു. നബി(സ) മദീനയിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ഖബറിനരികെ ചെന്ന് തക്ബീര്‍ മുഴക്കിയിരുന്നു.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles