Current Date

Search
Close this search box.
Search
Close this search box.

ഫിര്‍ഔന്റെ ഭാര്യ ആസ്യ: വിശ്വാസപ്രതീകം

ഭൂമിയിലെ ഏറ്റവും ശക്തനായ ഒരു രാജാവിന്റെ ഭാര്യ – രാജ്ഞി – യായിരുന്നു ആസ്യ. കവച്ചുവെക്കാന്‍ കഴിയാത്ത ശക്തിയുടെയും പദവിയുടെയും ഉടമയായിരുന്ന അവര്‍, ഒരസാധാരാണ സ്ത്രീ വ്യക്തിത്വമായിരുന്നു. വേദനയേറിയ തന്റെ സാഹചര്യങ്ങളില്‍ ഒതുങ്ങാത്ത അവര്‍, തന്റെ വിശ്വാസത്തിന്നു വേണ്ടി ജീവത്യാഗം ചെയ്യാന്‍ സന്നദ്ധയായ അഗാധ വിശ്വാസിയായിരുന്നു. അത് കൊണ്ടു തന്നെയാണ്, എക്കാലത്തെയും ഏറ്റവും ഉത്തമ വിശ്വാസികളിലൊരാളായി, പ്രവാചകന്‍ (സ) അവരെ വിശേഷിപ്പിച്ചത്.
ഒരു ദിവസം, നിലത്ത് നാലു വരകള്‍ വരച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു: ഇതെന്താണെന്ന് അറിയാമോ?
‘അല്ലാഹുവും ദൂതരുമാണ് കൂടുതലറിയുക’. സഹാബികള്‍ പ്രതിവചിച്ചു.
പ്രവാചകന്‍: ഖുവൈലിദിന്റെ മകള്‍ ഖദീജ, മുഹമ്മദിന്റെ മകള്‍ ഫാത്വിമ, മുസാഹിമിന്റെ മകളും ഫിര്‍ഔന്റെ ഭാര്യയുമായ ആസ്യ, ഇമ്രാന്റെ മകള്‍ മര്‍യം – ഇവരാണ് സ്വര്‍ഗത്തിലെ ഏറ്റവും ഉത്തമ വനിതകള്‍. (അഹ്മദ്)

ഈജിപ്തിലാണ് ആസ്യയുടെ കഥയാരംഭിക്കുന്നത്. ഭൂമിയിലെ ഏറ്റവും സ്വേച്ഛാധിപതിയായ ഭര്‍ത്താവ് ഫിര്‍ഔനോടൊപ്പം അവര്‍ ജീവിക്കുകയാണ്. ഇസ്രായേല്‍ സന്തതികളിലൊരാള്‍ വഴി തന്റെ അധികാരം നഷ്ടപ്പെടുമെന്ന് ഒരു ജോത്സ്യന്‍ അറിയിച്ചപ്പോള്‍, എല്ലാ ആണ്‍കുട്ടികളെയും വധിക്കാന്‍ ഫിര്‍ഔന്‍ കല്പന പുറപ്പെടുവിക്കുകയായിരുന്നു. ഇസ്രായേല്‍ സന്തതികളുടെ അക്കാലത്തെ സംഭീത ജീവിതത്തെ ഖുര്‍ആന്‍ വിവരിക്കുന്നു: ‘നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും നിങ്ങള്‍ക്ക് നിഷ്ഠൂര മര്‍ദ്ദനമേല്‍പിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്റെ കൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്നുര്‍ഭം ( ഓര്‍മിക്കുക. ) നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു വലിയ പരീക്ഷണമാണ് അതിലുണ്ടായിരുന്നത്.’ (2: 49)

ഈ അവസരത്തിലാണ് പ്രവാചകനായ മൂസ ജനിക്കുന്നത്. കുട്ടിയുടെ ജീവന്റെ കാര്യത്തില്‍, മാതാവിന്നു ഭീതിയുണ്ടായി. പക്ഷെ, അവന്‍ സുരക്ഷിതനായിരിക്കുമെന്ന് അല്ലാഹു അവര്‍ക്ക് ഉറപ്പു കൊടുക്കുകയായിരുന്നു. കുട്ടിയെ ഒരു പെട്ടിയിലാക്കി നൈല്‍ നദിയിലിടാനായിരുന്നു ദൈവിക കല്പന. ഖുര്‍ആന്‍ പറയുന്നു: ‘മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും, അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്.’ (28: 7)

അല്ലാഹു വാഗ്ദത്തം ചെയ്തത് പോലെ, മൂസ സുരക്ഷിതനായി കരയിലെത്തി. അവിടെ ആസ്യ അദ്ദേഹത്തെ കണ്ടെത്തുന്നു. കുട്ടിയെ സുരക്ഷിതനായി വളര്‍ത്താന്‍ ഭര്‍ത്താവിനെക്കൊണ്ട് സമ്മതിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഈ സംഭവം ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെ: ‘എന്നിട്ട് ഫിര്‍ഔന്റെ ആളുകള്‍ അവനെ ( നദിയില്‍ നിന്ന് ) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. ഫിര്‍ഔന്റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ ( ഈ കുട്ടി. ) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.’ (28: 8, 9)

അങ്ങനെ, ഫിര്‍ഔന്റെ ഭവനത്തില്‍, ആസ്യയുടെ സംരക്ഷണയില്‍ മൂസ വളര്‍ന്നു. അവസാനം, മഹാനായ ഒരു പ്രവാചകാനയി തീര്‍ന്ന അദ്ദേഹം, എകദൈവത്തെ ആരാധിക്കാന്‍ ജനത്തോട് പ്രബോധനം നടത്തി. പക്ഷെ, ഫിര്‍ഔന്റെ പീഡനം കാരണം, കുറച്ചു പേര്‍ മാത്രമെ അദ്ദേഹത്തില്‍ വിശ്വസിച്ചുള്ളു. ഫിര്‍ഔന്‍ സ്വയം ദൈവമായി പ്രഖ്യാപിക്കുകയായിരുന്നു. ഇസ്രായേല്‍ സന്തതികളില്‍ അധികമാളുകളും അദ്ദേഹത്തെ ധിക്കരിക്കാന്‍ ധൈര്യപ്പെട്ടില്ല.

‘അങ്ങനെ അവന്‍ ( തന്റെ ആള്‍ക്കാരെ ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.  ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.'(79: 23, 24)

തന്നെ ധിക്കരിച്ചു കൊണ്ട് മൂസയില്‍ വിശ്വസിക്കാന്‍ ധൈര്യപ്പെട്ടവര്‍ക്ക് ഫിര്‍ഔന്‍ നല്‍കിയ ശിക്ഷ നിഷ്ഠൂരമായിരുന്നു. മൂസയുടെ ദൌത്യം സത്യമാണെന്ന് തിരിച്ചറിഞ്ഞ ആഭിചാരകര്‍, ഉടനെ ഏക ദൈവത്തില്‍ വിശ്വസിക്കുകയായിരുന്നു. അവരോട് ഫിര്‍ഔന്‍ പ്രതികരിച്ചത് ഇങ്ങനെ: ‘അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അവനെ വിശ്വസിച്ച് കഴിഞ്ഞെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണവന്‍. ആകയാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളില്‍ ആരാണ് ഏറ്റവും കഠിനമായതും നീ.ുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക് മനസ്സിലാകുകയും ചെയ്യും.’ (20: 71)

ഇതെല്ലാമുണ്ടായിട്ടും, മൂസയില്‍ വിശ്വസിക്കുകയും ആ വിശ്വാസത്തില്‍ അടിയുറച്ചു നിലകൊള്ളുകയുമാണ്ഭ ആസ്യ ചെയ്തത്. വിശ്വാസത്തിന്നു വേണ്ടി ജീവത്യാഗം നടത്താന്‍ പോലും അവര്‍ ശക്തി പ്രാപിച്ചു കഴിഞ്ഞിരുന്നു. വിവരം അറിഞ്ഞ ഫിര്‍ഔന്‍ നിഷ്ഠൂര ശിക്ഷക്ക് അവരെ വിധേയമാക്കുകയായിരുന്നു.

ഏത് കാലത്തും വിശ്വാസപ്രതീകമായി മാറാന്‍ മാത്രം ശക്തമായിരുന്നു അവരുടെ വിശ്വാസം. ‘സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്നുര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ’ (66: 11)

രാജ്ഞിയും, ഭൂമിയിലെ ഏറ്റവും ശക്തനായ വ്യക്തിയുടെ സഹധര്‍മ്മിണിയുമായ ആസ്യ, തുല്യതയില്ലാത്ത സമ്പത്തോടെ ആഡംബര ജീവിതം നയിക്കുകയായിരുന്നു. എന്നിട്ടും, സ്വര്‍ഗമാണ് തന്റെ യഥാര്‍ത്ഥ ഭവനമെന്ന് അവര്‍ മനസ്സിലാക്കുകയായിരുന്നു.

ഈ ജീവിതത്തോട് അവര്‍ക്ക് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. തന്നെ കല്യാണം കഴിച്ച മനുഷ്യന്റെ കൊടും ക്രൂരത നടക്കുമ്പോഴൊക്കെ, അവരുടെ ആത്മാവും മനസ്സും അയാളില്‍ നിന്ന് സ്വതന്ത്രമായിരുന്നു. അയാളുടെ വിശ്വാസങ്ങള്‍ക്ക് അടിമപ്പെടാന്‍ അവരുടെ ഹൃദയം സന്നദ്ധമായിരുന്നില്ല. അയാളുടെ സ്വേച്ഛാധിപത്യത്തിന്ന് കീഴടങ്ങാന്‍ അവര്‍ വിസമ്മതിച്ചു. പകരം, അല്ലാഹുവിന്നു വേണ്ടി, ആത്മാവും ജീവനും അര്‍പ്പിക്കുകയായിരുന്നു അവര്‍ ചയ്തത്. തിളക്കമേറിയ ഭൗതിക ജീവിതത്തേക്കാള്‍, പാരത്രിക ജീവിതം ഇഷ്ടപ്പെട്ട ഒരു മാതൃകാ വനിതയുടെ ചരിത്രമാണ് ആസ്യയുടേത്.

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles