Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്‍ പൊളിച്ച പള്ളി

നബി തിരുമേനിയുടെ മദീനാപ്രവേശനത്തിനു മുമ്പ് അവിടെ ഖസ്‌റജ് ഗോത്രത്തില്‍ അബുആമിര്‍ എന്നുപേരായി അനിസ്‌ലാമിക കാലത്തെ വേദപണ്ഡിതരില്‍പെട്ട ഒരു ക്രൈസ്തവ പുരോഹിതനുണ്ടായിരുന്നു. ഇയാളുടെ പുരോഹിത വേഷം മദീനയിലെ പാമരജനങ്ങളെ സ്വാധീനിച്ചിരുന്നു.  അബൂആമിറിന്റെ അധ്യാത്മിക വിപണി സജീവമായിരുന്ന കാലത്തായിരുന്നു പ്രവാചകന്‍ മദീനയിലെത്തിയത്. നബി (സ)യെ തന്റെ പ്രതിയോഗിയായികണക്കാക്കിയ അയാള്‍ സത്യമാര്‍ഗം സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. പക്ഷെ അയാളുടെ പ്രതീക്ഷകള്‍ക്കെതിരായി ബദ്‌റില്‍ ഖറൈശികള്‍ പരാജയപ്പെട്ടത് സഹിക്കവയ്യാതെ മദീനക്ക് വെളിയിലെ ഇതര ഗോത്രങ്ങള്‍ക്കിടയില്‍ എതിര്‍പ്രചാരവേല നടത്തുകയും ഉഹദ്‌യുദ്ധത്തിന് പ്രേരിപ്പിക്കാനുംതുടങ്ങി.  ഉഹ്ദിലെ പോര്‍ക്കളത്തില്‍ ചതിക്കുഴികള്‍ നിര്‍മിക്കാന്‍ സഹായിച്ചത് അബുആമിര്‍ ആയിരുന്നെന്നാണ് ചരിത്രരേഖകള്‍. അതില്‍ ഒന്നില്‍ നബി തിരുമേനി വീഴുകയും മുറിവേല്‍ക്കുകയുമുണ്ടായി. പിന്നീട് അഹ്‌സാബ് യുദ്ധത്തിലും ഇയാള്‍ മദീനക്ക് പുറത്തുള്ള ഗോത്രങ്ങളെ ഇളക്കിവിട്ടിരുന്നു. തുടര്‍ന്ന് ഹുനൈന്‍ യുദ്ധംവരെ ഈ പുരോഹിതന്‍ ശത്രുക്കളുമായി പലവിധത്തിലും സഹകരിച്ചിരുന്നു.

നിരാശനായ അബൂആമിര്‍ റോമിലെത്തി അറേബിയയില്‍ വളര്‍ന്നുവരുന്ന ഭീഷണിയെകുറിച്ച് സീസറിന് താക്കീത് നല്‍കി. അറേബ്യയെ ആക്രമിക്കന്‍ തക്കം പാര്‍ത്ത് നില്‍ക്കുകയായിരുന്ന റോമാസാമ്രാജ്യത്തെ പ്രതിരോധിക്കാന്‍ സന്നാഹങ്ങളുമായി പ്രവാചകന്‍ തബൂക്കിലേക്ക് പുറപ്പെട്ടത് ഈ അവസരത്തിലായിരുന്നു. അബൂആമിറിന്റെ തന്ത്രങ്ങള്‍ക്ക് മദീനയിലെ കപടവിശ്വാസികളും പിന്തുണനല്‍കിയിരുന്നു. റോമിലേക്ക് പുറപ്പെടുന്നതിനുമുമ്പ് തങ്ങളുടെ കാപട്യം വെളിപ്പെടാതെ സംഘടിക്കാനും പരിപാടികള്‍ ആസൂത്രണം ചെയ്യാനുമുള്ള താവളമായി മദീനയില്‍ മസ്ജിദ് ഖുബാക്ക് സമീപം ഒരു പള്ളി പണിയാമെന്ന് തീരുമാനിച്ചു.

മദീനയില്‍ അപ്പോള്‍ രണ്ട് പള്ളികളാണണ്ടായിരുന്നത്. ഒന്ന് പട്ടണപ്രാന്തത്തിലെ മസ്ജിദ് ഖുബാ. മറ്റൊന്ന് പട്ടണത്തിലുള്ള പ്രവാചകന്റെ മസ്ജിദുന്നബവി. ഇവയുള്ളപ്പോള്‍ മൂന്നാമതൊന്നിന്റെ ആവശ്യമുണ്ടായിരുന്നില്ല. അനാവശ്യമായി പുണ്യത്തിന്റെപേരില്‍ പള്ളികള്‍ പണിയുന്ന പ്രവണത ആകാലത്തുണ്ടായിരുന്നില്ല. അനാവശ്യമായി  ഒരു പള്ളിയുണ്ടാക്കുന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് തുല്യമായിരുന്നു. അബൂആമിറും കൂട്ടരും തിരുമേനിയെ സമീപിച്ചു ”മഴക്കാലത്തും ശൈത്യം കൂടുതലുള്ളപ്പോഴും അകലെ താമസിക്കുന്ന ദുര്‍ബലര്‍ക്കും രോഗികള്‍ക്കും സൗകര്യപ്പെടുമെന്ന് കരുതിയാണ് പുതിയ പള്ളി നിര്‍മിക്കാനാഗ്രഹിക്കുന്നത്” എന്ന് ഉണര്‍ത്തുകയും പള്ളി പണിപൂര്‍ത്തിയായാല്‍ തിരുമേനിതന്നെ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യണമെന്നും ആവശ്യപ്പെട്ടു. നബിയുടെ നമസ്‌കാരത്തിലൂടെ തങ്ങളുടെ പ്രവൃത്തിക്ക് അംഗീകാരവും സ്ഥിരീകരണവും നേടിയെടുക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. ”ഇപ്പോള്‍ ഞാന്‍ യുദ്ധസന്നാഹത്തില്‍ മുഴുകിയിരിക്കുകയാണ്; യുദ്ധം കഴിഞ്ഞുവന്നാല്‍ നോക്കാം.” എന്ന് പറഞ്ഞുകൊണ്ട് തിരുമേനി ഒഴിഞ്ഞുമാറി. പ്രവാചകന്റെ അഭാവത്തില്‍ അബൂആമിറുംകൂട്ടരും നിഗൂഢപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. റോമക്കാരുടെകയ്യാല്‍ മുസ്‌ലിംകള്‍ തകര്‍ക്കപ്പെടുന്നനിമിഷം മദീനയില്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ രാജാവായി വാഴിക്കാന്‍വരെ അവര്‍ തീരുമാനിച്ചിരുന്നു. തബൂക്കില്‍ നിന്ന് നബി (സ) മദീനയിലേക്ക് തിരിച്ചുവരവെ, ‘മസ്ജിദുള്ളിറാ’റിനെ കുറിച്ച വാര്‍ത്തയുമായി ജിബ്‌രീല്‍ അവതരിച്ചു.

”വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുവാനും, നേരത്തെ ദൈവത്തോടും ദൈവദൂതനോടും യുദ്ധം ചെയ്തവന് താവളമൊരുക്കുവാനുമായി ദ്രോഹത്തിന്റേയും സത്യനിഷേധത്തിന്റേയും പള്ളിതീര്‍ത്തവരുണ്ട്. നന്മമാത്രമേ തങ്ങള്‍ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് അവര്‍ തീര്‍ച്ചയായും ആണയിടും എന്നാല്‍ അല്ലാഹുവിനറിയാം അവര്‍ കള്ളംപറയുന്നവര്‍ തന്നെയാണെന്ന്. ആ പള്ളിയില്‍ നീ ഒരിക്കലും നമസ്‌കരിക്കരുത്.  ആദ്യദിവസം മുതലേ ദൈവഭക്തിയുടെ അടിത്തറയുള്ള ഒരു മസ്ജിദാണ് നിനക്ക് നമസ്‌കരിക്കാന്‍ ഏറ്റവും നല്ലത്. വിശുദ്ധികൈവരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിലാണുള്ളത്. വിശുദ്ധിയാര്‍ജിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു. ” (ഖുര്‍ആന്‍ 9 : 107 – 108) മദീനയില്‍ എത്തുംമുമ്പേ തന്നെ പ്രവാചകന്‍ ആളെവിട്ട് ദ്രോഹത്തിന്റ പള്ളി തകര്‍ക്കുകയും ചെയ്തു.

Related Articles