Current Date

Search
Close this search box.
Search
Close this search box.

പള്ളി പൊളിച്ചു! ക്രിസ്ത്യന്‍ സ്ത്രീയുടെ വീട് പുതുക്കി പണിതു!

ഖലീഫാ ഉമറിന്റെ ഭരണകാലം. അംറ് ബിന്‍ ആസ്വ് ഈജിപ്തില്‍ ഗവര്‍ണറായി നിയമിതനായിരിക്കുകയാണ്. മറ്റെല്ലാ രാജ്യങ്ങളിലുമെന്ന പോലെ, ഈജിപ്തിലും ഇസ്‌ലാമിന്റെ ധ്രുതവ്യാപനം നടന്നു കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ, മുസ്‌ലിം ജനസംഖ്യ ദൈനംദിനമെന്നോണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ മാത്രം നിലവിലുള്ള പള്ളി വിശാലമല്ല. ആളുകളുടെ തിരക്കു മൂലം, പള്ളി വിപുലീകരിക്കാന്‍ ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു. ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് പുതിയൊരു പ്രശ്‌നം തല പൊക്കിയത്. പള്ളിയൊടനുബന്ധിച്ചു ഒരു കൊച്ചു വീടുണ്ട്. ദരിദ്രയായ ഒരു െ്രെകസ്തവ സ്ത്രീയാണ് അതിന്റെ ഉടമ. വീട് പൊളിച്ചു മാറ്റാതെ വിപുലീകരണം സാധ്യമല്ല. അതിനാല്‍, ന്യായ വില കൊടൂത്തു സ്ത്രീയില്‍ നിന്ന് വീടും സ്ഥലവും വാങ്ങുക മാത്രമാണ് പരിഹാരം. പക്ഷെ, ഗവര്‍ണറുടെ ആവശ്യം സ്ത്രീ തള്ളിക്കളയുകയായിരുന്നു. ഒരു നിലക്കും സ്ഥലം വിട്ടു തരില്ലെന്നായി അവര്‍. അവസാനം, സാധാരണ ഇത്തരം ഘട്ടങ്ങളില്‍ നടക്കുന്നത് പൊലെ, ഗവര്‍ണറുടെ ഉത്തരവനുസരിച്ച് വീട് പൊളിച്ചു മാറ്റുകയും പള്ളി വിപുലീകരിക്കുകയുമാണുണ്ടായത്. സ്ത്രീക്ക് എപ്പോഴും വാങ്ങാന്‍ തക്ക വിധം, വില പൊതുഖജനാവില്‍ നിക്ഷേപിക്കുകയും ചെയ്തു.

പക്ഷെ, സ്ത്രീ വിടാന്‍ ഭാവമില്ലായിരുന്നു. പ്രശ്‌നം, പുതിയ ഭരണത്തിന്നു തന്നെ ഹാനികരമാക്കി മാറ്റിയെടുക്കാന്‍ തനിക്കു കഴിയും. തന്റെ മതസ്ഥര്‍ സഹകരിക്കാതിരിക്കില്ല. ഒരു ദരിദ്രയായ ക്രിസ്ത്യന്‍ വനിതയുടെ വീട് പള്ളിയോട് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. മതവികാരം ഇളക്കി വിടാന്‍ എത്ര നല്ല അവസരം! മുസ്‌ലിംകളുടെ ശത്രുക്കള്‍ അത്തരം പഴുതുകളന്വേഷിക്കുകയാണല്ലോ. ഇതിലും വലിയ അവസരം ഇനി അവര്‍ക്ക് ലഭിക്കുക പ്രയാസം. കൊട്ടി ഘോഷിക്കപ്പെടുന്ന ‘ഇസ്ലാമിക നീതി’ ഇങ്ങനെയാണെന്നു ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ പറ്റിയ സന്ദര്‍ഭം. ഇതോടെ ജനങ്ങളുടെ ഇസ്‌ലാമിക താല്പര്യം കുറയും. നിരന്തരമായ മതപരിവര്‍ത്തനം അതോടെ നിലക്കും. തനിക്ക് ജനങ്ങളുടെ അനുകമ്പ നേടാനും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അന്തസ്സ് തകര്‍ക്കാനും ഇത് വഴി സാധിക്കും.
ഇത്തരം നൂറു നൂറു ചിന്തകള്‍ സ്ത്രീയുടെ മനോമുകുരത്തില്‍ മിന്നിമറഞ്ഞു. പക്ഷെ, സ്വന്തം മതസ്തരുടെയും മതനേതാക്കളുടെയും പിടിപ്പുകേടുകള്‍ ആവോളം അനുഭവിച്ചവരാണ് താനടക്കമുള്ള ജനത. ജനങ്ങള്‍ അവരെ വെറുത്തു കഴിഞ്ഞിരിക്കുന്നു. പുതുതായി എത്തിയ മുസ്‌ലിംകളാകട്ടെ, ദൈനം ദിനമെന്നോണം, അനുകരണീയ മാതൃകകളാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ഖലീഫയുടെ നീതി ലോകത്തുടനീളം സംസാര വിഷയമാണ്. ഇതെല്ലാം കൊണ്ടു തന്നെയാണ് ജനങ്ങള്‍ ഇസ്‌ലാമിലാകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ഈ ഭരണം അസ്തമിച്ചാല്‍ അഭിശപ്തമായ പൂര്‍വകാലാവസ്ഥയിലേക്ക് തിരിച്ചു പോകേണ്ടി വരുമെന്നത് തീര്‍ച്ച.  അത് ഓര്‍ക്കാന്‍ പോലും കഴിയുകയില്ല.

അവസാനം, സ്ത്രീയുടെ മനസ്സില്‍ മറ്റൊരു ആശയം രൂപം കൊള്ളുകയായിരുന്നു. ഖലീഫ നീതിമാനാണെന്നല്ലോ പറഞ്ഞു കേള്‍ക്കുന്നത്. അദ്ദേഹത്തെ സമീപിച്ചു നോക്കിയാലോ? തനിക്കും നീതി കിട്ടാതിരിക്കുമോ? അതോ, ക്രിസ്തു മത വിശ്വാസിയാകയാല്‍, തന്റെ അവകാശം ധ്വംസിക്കപ്പെടുമോ? ഒരിക്കലുമുണ്ടാകില്ല. പിന്നെ നീതിക്ക് എന്തൊരര്‍ത്ഥമാണുണ്ടാവുക?
അവര്‍ ഖലീഫയുടെ മുമ്പില്‍ പ്രശ്‌നമവതരിപ്പിച്ചു. തനിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്തു. സംഭവം കേട്ട് ക്ഷുഭിതനായ ഖലീഫ ഉടനെ ഗവര്‍ണരെ വിളിച്ചുവരുത്തി വിചാരണ ചെയ്തു. അദ്ദേഹം സാഹചര്യം ഖലീഫയുടെ മുമ്പില്‍ അവതരിപ്പിച്ചു. പക്ഷെ, ഖലീഫയുടെ വിധി അമ്പരപ്പിക്കുന്നതായിരുന്നു. പള്ളി പൊളിക്കുക! സ്ത്രീയുടെ വീട് പുതുക്കി പണിയുക!

Related Articles