Current Date

Search
Close this search box.
Search
Close this search box.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്ത്യാ-അറബ് ബന്ധം

ഇന്ത്യക്കും അറബികള്‍ക്കുമിടയിലെ ബന്ധത്തിന് വളരെ കാലത്തെ പഴക്കമുണ്ടെന്നും പ്രസ്തുത ബന്ധം കച്ചവടാവശ്യാര്‍ത്ഥം ഇന്ത്യന്‍ തീരപ്രദേശങ്ങളിലെ അറബ് സമൂഹങ്ങളുടെ കുടിയേറ്റത്തിന് സഹായകമായിട്ടുണ്ടെന്ന് ചരിത്ര സാക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു. അപ്രകാരം അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ കുടിയേറ്റത്തെയും അത് സഹായിച്ചു. ഇന്ത്യയില്‍ നിന്ന് കുടിയേറിയ സമൂഹങ്ങള്‍ ‘സത്വ്’ (Zatt), ‘ബയാസിറ’, ‘അഹാമിറ’ തുടങ്ങിയ പേരുകളിലായിരുന്നു പ്രവാചകത്വ കാലത്ത് അറിയപ്പെട്ടിരുന്നത്. മറ്റൊരു നാട്ടില്‍ നിന്ന് തങ്ങളുടെ പ്രദേശത്തേക്ക് കുടിയേറി വന്നവര്‍ക്ക് നിരവധി പേരുകളും വിശേഷണങ്ങളും ഉണ്ടാവുകയെന്നത് സാമൂഹ്യ ജീവിതത്തിലെ അവരുടെ സ്വാധീനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഹിജ്‌റ 7-8 നൂറ്റാണ്ടുകളില്‍ പ്രവാചകന്‍(സ) വിവിധ ഭാഗങ്ങളിലേക്ക് പ്രബോധക സംഘങ്ങളെ അയച്ച കൂട്ടത്തില്‍ തെക്കു കിഴക്കന്‍ അതിര്‍ത്തികളിലേക്കും ആളുകളെ നിയോഗിച്ചു. അങ്ങനെ അവിടത്തെ താമസക്കാരായ ഇന്ത്യക്കാരുള്‍പ്പടെയുള്ള കുടിയേറ്റക്കാരിലേക്കും ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ എത്തി. അവരില്‍ വലിയൊരു വിഭാഗം പുതിയ ഈ പ്രബോധനത്തില്‍ ആകൃഷ്ടരായി മാറുകയും ചെയ്തു.

ഇസ്‌ലാമിക പ്രബോധനം ഇന്ത്യയിലെത്തിയ മറ്റൊരു വഴി പടിഞ്ഞാറന്‍ തീരങ്ങളില്‍ എത്തിയ അറബികളായ കച്ചവടക്കാരും സഞ്ചാരികളുമാണ്. കച്ചവടത്തിനായി ഇന്ത്യ സന്ദര്‍ശിക്കുന്ന അറബി കച്ചവടക്കാര്‍ മതത്തോടുള്ള ഇന്ത്യക്കാരുടെ താല്‍പര്യവും അറബി കച്ചവടക്കാരോടുള്ള ഇഷ്ടവും മനസ്സിലാക്കി. സ്വാഭാവികമായും തങ്ങളുടെ നാട്ടില്‍ ഉദയം കൊണ്ടിരിക്കുന്ന പുതിയ മതത്തെ കുറിച്ച് തങ്ങളുടെ കൂട്ടുകാരോടും പരിചയക്കാരോടും അവര്‍ സംസാരിച്ചിരിക്കും. അതിന്റെ അധ്യാപനങ്ങള്‍ അവര്‍ക്കിടയില്‍ വളരെ സ്‌നേഹത്തോടെ പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ചിരിക്കും. ഇന്ത്യക്കാര്‍, പ്രത്യേകിച്ചും ഭരണാധികളും നേതാക്കളും പുതിയ ഈ പ്രബോധനത്തെ പ്രാധാന്യത്തോടെ കണ്ടു. പ്രസ്തുത പ്രബോധനത്തിന്റെ ആളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും അതിന്റെ സന്ദേശവും അധ്യാപനങ്ങളും ശരിയായി മനസ്സിലാക്കുന്നതിനുമുള്ള താല്‍പര്യം പലരിലും വര്‍ധിച്ചു. ഇന്ത്യന്‍ വസ്തുക്കളെയും ശീലങ്ങളെയും കുറിച്ച പരാമര്‍ശങ്ങള്‍ പ്രവാചക വചനങ്ങളിലും അറബി സാഹിത്യ രചനകളിലും കാണാമെന്നതും ഇന്ത്യക്കും അറേബ്യക്കും ഇടയിലെ ബന്ധത്തിലേക്കാണ് വെളിച്ചം വീശുന്നത്. ഇത്തരത്തില്‍ ഒരു സംഭവം ഇബ്‌നു ഹിശാം തന്റെ പ്രവാചക ചരിത്രത്തില്‍ (സീറത്തു ഇബ്‌നു ഹിശാം) വിവരിക്കുന്നത് കാണാം. ഖാലിദ് ബിനുല്‍ വലീദ് നജ്‌റാനില്‍ നിന്ന് വന്നപ്പോള്‍ ബനൂ അല്‍-ഹാരിഥ് ബിന്‍ കഅ്ബ് ഗോത്രത്തില്‍ നിന്നുള്ള പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രവാചകന്‍(സ)യുടെ അടുക്കലെത്തിയ അവരെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു : ആരാണ് ഇക്കൂട്ടര്‍? ഇന്ത്യക്കാരെ പോലുണ്ടല്ലോ? അറബികളായ പ്രബോധകരുടെയും, അറബികള്‍ തങ്ങളിലേക്കെത്തിച്ച തിരി കെടാതെ ഏറ്റുപിടിച്ച മുസ്‌ലിംകളുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രബോധനത്തിന്റെ വ്യാപ്തി വര്‍ധിച്ചു.

Source : mohiaddinalwaye.com
മൊഴിമാറ്റം : നസീഫ്‌

Related Articles