Current Date

Search
Close this search box.
Search
Close this search box.

നാസികളില്‍ നിന്നും ജൂതന്മാരെ രക്ഷിച്ച മുസ്‌ലിം പോരാളി

”നമ്മുടെ സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെയാണ് നമ്മെ സംബന്ധിച്ചിടത്തോളം അവരുടെ കുഞ്ഞുങ്ങളും. നിലവിലെ ദൗര്‍ഭാഗ്യകരമായ സാഹചര്യവും, കഷ്ടപ്പാടുകളും എത്രകാലം തുടരുന്നുവോ അത്രയും കാലം ആ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണവും അഭയവും നല്‍കേണ്ടത് നമ്മുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണ്.”

രണ്ടാം ലോകമഹായുദ്ധത്തില്‍ ഫ്രാന്‍സ് നാസി അധിനിവേശത്തിന് ഇരയായി കൊണ്ടിരുന്ന സമയത്ത് പാരീസിലെ ഗ്രാന്‍ഡ് മസ്ജിദ് ഇമാം നടത്തിയ ധീരമായ ഇടപെടലുകള്‍ അധികമാരും വായിച്ചു കാണില്ല. ഇമാം സീ ഖദൂര്‍ ബിന്‍ ഗബ്രീത് എന്നായിരുന്നു ആ ധീരയോദ്ധാവിന്റെ നാമം. 1700-ലധികം വരുന്ന ഫ്രഞ്ച് ജൂതന്‍മാര്‍ക്ക് അദ്ദേഹം തന്റെ മസ്ജിദ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന ചെറുത്ത് നില്‍പ്പ് പ്രസ്ഥാനം വഴി സംരക്ഷണവും യാത്രാസൗകര്യങ്ങളും നല്‍കിയതായി ചരിത്രം രേഖപ്പെടുത്തുന്നു.

ഹിറ്റ്‌ലറുടെ ജര്‍മന്‍ സൈന്യം ഫ്രാന്‍സ് പിടിച്ചെടുത്ത സമയത്ത്, നാസികള്‍ക്കെതിരെ പോരാടുന്ന ചെറുത്ത് നില്‍പ്പ് പോരാളികള്‍ക്കും, ജര്‍മന്‍ പീഡന ക്യാമ്പുകളില്‍ നിന്നും രക്ഷപ്പെട്ടോടി വരുന്ന നോര്‍ത്ത് ആഫ്രിക്കക്കാര്‍ക്കും ആദ്യമായി അഭയം നല്‍കിയത് പാരീസ് ഗ്രാന്‍ഡ് മസ്ജിദായിരുന്നു. മസ്ജിദില്‍ ഒളിച്ച് താമസിച്ചിരുന്ന അല്‍ജീരിയന്‍ അഭയര്‍ത്ഥികളില്‍ അധികവും ബെര്‍ബരികളായിരുന്നു. ബെര്‍ബര്‍ തമാസിഗ്ത് ഭാഷയായിരുന്നു അവര്‍ പരസ്പരം സംസാരിക്കാന്‍ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചാരന്‍മാര്‍ക്ക് അവര്‍ക്കിടയിലേക്ക് നുഴഞ്ഞ് കയറാന്‍ സാധ്യമായിരുന്നില്ല. ബിന്‍ ഗബ്രീത്തായിരുന്നു മസ്ജിദിലെ ചെറുത്ത് നില്‍പ്പ് പ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രം. അല്‍ജീരിയ, മൊറോക്കോ, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളുടെ പൗരത്വവും അദ്ദേഹത്തിനുണ്ടായിരുന്നു. അത് അദ്ദേഹത്തെ പല സാഹചര്യങ്ങളിലും സഹായിച്ചിട്ടുമുണ്ട്.

1942 ജൂലൈ 16-ന് നാസികളുടെ കല്‍പ്പന പ്രകാരം സെന്‍സസ് കണക്കനുസരിച്ചുള്ള 28,000 ജൂതന്‍മാരെ ഹാജരാക്കാന്‍ പാരീസ് പോലിസിനോട് ഫ്രഞ്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ വിവരം ചില പോലിസുകാര്‍ ചോര്‍ത്തിയതിന്റെ ഫലമായി 4000 കുട്ടികളടക്കം 13,000 ജൂതന്മാരെയാണ് നാസികള്‍ക്ക് പിടികൂടാന്‍ കഴിഞ്ഞത്. ഈ സമയത്ത് പാരീസിലെ അഭയാര്‍ത്ഥി ഹോസ്റ്റലുകളില്‍ വായിച്ച് കേള്‍പ്പിക്കാനായി ബിന്‍ ഗബ്രീത് ഒരു ലഘുലേഘ അടിച്ചിറക്കി : ‘ഇന്നലെ പുലര്‍ച്ചെ, പാരീസില്‍ ജൂതന്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. വൃദ്ധരും, സ്ത്രീകളും കുട്ടികളുമാണ് അവരിലേറെയും. അവര്‍ നമ്മെ പോലെ ഒളിവില്‍ കഴിയുന്നവരാണ്, നമ്മെ പോലെ തൊഴിലാളികളുമാണ്. നമ്മുടെ സഹോദരങ്ങളാണവര്‍. അവരുടെ കുഞ്ഞുങ്ങളെല്ലാം തന്നെ നമ്മുടെ കുഞ്ഞുങ്ങളാണ്. നിലവിലെ ദൗര്‍ഭാഗ്യകരമായ സാഹചര്യവും, കഷ്ടപ്പാടുകളും എത്രകാലം തുടരുന്നുവോ അത്രയും കാലം ആ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണവും അഭയവും നല്‍കേണ്ടത് നമ്മുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണ്.’

ജൂലൈയിലെ പോലീസ് റെയ്ഡില്‍ പിടിക്കപ്പെട്ട ജൂതന്‍മാരെയൊക്കെ കപ്പലില്‍ കയറ്റി കുപ്രസിദ്ധമായ ഓഷ്‌വിറ്റ്‌സ് ക്യാമ്പിലേക്ക് അയച്ചിരുന്നു. അതേസമയം നാസി പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട 1700-ലധികം വരുന്ന ജൂതന്‍മാര്‍ക്ക് പാരീസ് ഗ്രാന്‍ഡ് മസ്ജിദും, സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റുകളുമാണ് അഭയം നല്‍കിയത്. മസ്ജിദിലെ സ്ത്രീകള്‍ക്കുള്ള നമസ്‌കാര സ്ഥലത്ത് വരെ അദ്ദേഹം ചെറുത്ത് നില്‍പ്പ് പോരാളികളെ ഒളിപ്പിച്ചിരുന്നു. മുസ്‌ലിം പേരുകളില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചാണ് നാസി പോലിസില്‍ നിന്നും ജൂതന്മാരുടെ പിഞ്ചു കുഞ്ഞുങ്ങളെ ഇമാം രക്ഷപ്പെടുത്തിയത്.

അല്‍ജീരിയന്‍ ഗായകന്‍ സലീം ഹലാലിയും ബിന്‍ ഗബ്രീത് രക്ഷപ്പെടുത്തിയ പ്രമുഖരില്‍ ഉള്‍പ്പെടും. ജര്‍മന്‍ പീഢന ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ടോടി വന്ന ഉത്തരാഫ്രിക്കന്‍ ജൂതരില്‍ ഒരാളായ ആല്‍ബര്‍ട്ട് അസോലിന്‍ മസ്ജിദിലെ തന്റെ ഒളിവ് ജീവിതകാലത്തെ കുറിച്ച് പിന്നീട് എഴുതുകയുണ്ടായി, ‘മസ്ജിദിലെ ഭൂഗര്‍ഭ അറയില്‍ ഏകദേശം 1732 നാസി വിരുദ്ധ ചെറുത്ത് നില്‍പ്പ് പോരാളികള്‍ അഭയം തേടിയിരുന്നു. മുസ്‌ലിംകളെ കൂടാതെ ക്രിസ്ത്യാനികളും, ജൂതന്‍മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. ജൂതന്‍മാരായിരുന്നു എണ്ണത്തില്‍ കൂടുതല്‍.’ ഇത്തരത്തില്‍ അഭയം തേടിയ ജൂതന്മാരെയെല്ലാം തന്നെ അല്‍ജീരിയയിലേക്കും സ്‌പെയിനിലേക്കും സുരക്ഷിതമായി എത്തിക്കാനും ബിന്‍ ഗബ്രീത്തിന്റെ നേതൃത്വത്തില്‍ മസ്ജിദിലെ അംഗങ്ങള്‍ക്ക് കഴിഞ്ഞു.

നാസി ചാര പോലീസായ ഗെസ്റ്റാപ്പോയുടെ സംശയക്കണ്ണുകള്‍ ബിന്‍ ഗബ്രീത്തിന്റെ മേലും പതിച്ചു. അദ്ദേഹത്തെ അവര്‍ ചോദ്യം ചെയ്യാനായി കസ്റ്റഡയിലെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷെ ഫ്രാന്‍സിലെ അറബ് വംശജരുടെ പിന്തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായി ഇമാമിനെ അറസ്റ്റ് ചെയ്യാന്‍ നാസികള്‍ മുതിര്‍ന്നില്ല.

ഒന്നാം ലോകമഹായുദ്ധത്തില്‍ ഫ്രാന്‍സിന് വേണ്ടി വീരമൃത്യു വരിച്ച ഒരു ലക്ഷത്തോളം വരുന്ന മുസ്‌ലിം ധീരജവാന്‍മാരുടെ സ്മരണാര്‍ത്ഥമാണ് 1920-ല്‍ പാരിസ് ഗ്രാന്‍ഡ് മസ്ജിദ് നിര്‍മിച്ചത്. മസ്ജിദ് നിര്‍മിക്കണമെന്ന ആവശ്യവുമായി ഫ്രഞ്ച് ഗവണ്‍മെന്റ് ആദ്യമായി ബിന്‍ ഗബ്രീത്തിനെയാണ് സമീപിച്ചത്. ആറ് വര്‍ഷത്തിന് ശേഷം, ആകര്‍ഷകമായ, പച്ച നിറമാര്‍ന്ന മേല്‍ക്കൂരയോടു കൂടിയ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍ ബിന്‍ ഗബ്രീത്ത് അതിന്റെ ഇമാമായി നിയമിക്കപ്പെട്ടു. മൊറോക്കെ സുല്‍ത്താനും, അന്നത്തെ ഫ്രഞ്ച് റിപ്പബ്ലിക്ക് പ്രസിഡന്റും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ മുസ്‌ലിം ജനസാമാന്യത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ‘ദി മുസ് ലിം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ദി പാരീസ് മോസ്‌ക്’ എന്ന സംരംഭത്തിന് ബിന്‍ ഗബ്രീത്ത് തുടക്കം കുറിച്ചു. 1954-ല്‍ മരണപ്പെടുന്നത് വരേക്കും ബിന്‍ ഗബ്രീത്തായിരുന്നു മസ്ജിദിലെ മുഖ്യ ഇമാം.

ഇമാം സീ ഖദൂര്‍ ബിന്‍ ഗബ്രീത്തിന്റെ ആവിസ്മരണീയ ജീവിതവും, ഫ്രാന്‍സിലെ നാസി അധിനിവേശവും ആസ്പദമാക്കി ഇസ്മാഈല്‍ ഫാറൂഖിയും, അലൈന്‍ മൈക്ക്ള്‍ ബ്ലാങ്കും ചേര്‍ന്ന് തിരക്കഥ എഴുതി ഇസ്മാഈന്‍ ഫാറൂഖി തന്നെ സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയാണ്  ‘Les Hommes libres’ (Free Men).

Related Articles