Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തില്‍ ഒരു കുലദ്രോഹി

ഗ്രീസിലെ സലോനിക്ക് പട്ടണത്തില്‍ 1881 ല്‍ ജനിച്ച മുസ്തഫാ കമാല്‍ പാഷ പ്രഥമികവിദ്യാഭ്യാസത്തിനുശേഷം സൈനികസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി പട്ടാളത്തില്‍ ചേര്‍ന്നു. ഉസ്മാനിയസേനയിലെ പ്രശസ്തനായൊരു ഓഫീസറായിരുന്ന അദ്ദേഹം അന്നത്തെ സുല്‍ത്താന്‍ അബ്ദുല്‍ഹമീദിന്റെ സ്വേഛാധിപത്യത്തിന് എതിരായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കിക്ക് ഏറ്റപരാജയം വന്‍ദുരന്തമായി. ഖിലാഫത്തിന്റെ അധീനതയിലായിരുന്ന അറബ് പ്രദേശങ്ങള്‍ നീണ്ടകാലം ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും അടിമത്തത്തിലമര്‍ന്നു. ഇസ്തമ്പൂളിനെ ആദ്യമായി അമുസ്‌ലിം സേന കീഴടക്കി. ഖലീഫ നിസ്സഹായനായി. കീഴടങ്ങാന്‍ ഒപ്പുവെച്ച ഉടമ്പടിയനുസരിച്ച് തുര്‍ക്കിക്ക് അറബ് പ്രദേശങ്ങള്‍ കൈയൊഴിക്കേണ്ടിവന്നു. ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന ഇസ്തമ്പൂളിലും ബോസ്ഫറസിലും അന്താരാഷ്ട്ര നിരീക്ഷണസേന നിലയുറപ്പിച്ചു. ഉസ്മാനിയസേന പരാജയപ്പെട്ടെങ്കിലും തുര്‍ക്കി ജനത പരാജയം സമ്മതിച്ചിരുന്നില്ല. ഉടമ്പടിയെ ജനം ഒന്നടങ്കം എതിര്‍ത്തു. 1920 ജനുവരിയില്‍ തുര്‍ക്കിയുടെ അവസാന പാര്‍ലിമെന്റില്‍ ഉടമ്പടിക്കെതിരായി പ്രമേയം പാസ്സാക്കി. ഇസ്തമ്പൂള്‍ ശത്രക്കളുടെ അധീനത്തിലായതിനാല്‍ അങ്കാറയില്‍ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യവാദികള്‍ ഒരു ദേശീയ ഗവണ്‍മെന്റ് രൂപീകരിച്ചു. പാര്‍ലിമെന്റിന്ന് ‘ദി ഗ്രേറ്റ് നേഷനല്‍ അസംബ്ലി’ എന്ന് പേര്‍ നല്‍കി. അതോടെ തുര്‍ക്കിയുടെ സ്വാതന്ത്ര്യപ്പോരാട്ടം ആരംഭിച്ചു. മുസ്തഫാ കമാല്‍പാഷയാണ് ഈ പോരാട്ടത്തിന്ന് നേതൃത്വം നല്‍കിയത്.

1922 സെപ്തമ്പറില്‍ ഇറ്റലിയും ഫ്രാന്‍സും  തുര്‍ക്കിയില്‍നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതോടെ ദേശീയവാദികളുടെ വിജയം പൂര്‍ത്തിയായി.. 1923 ജൂലൈയില്‍ സഖ്യകക്ഷികളും മുസ്തഫാകമാലും തമ്മില്‍ സന്ധിഉടമ്പടിയില്‍ ഒപ്പുവെച്ചു. അഞ്ചുവര്‍ഷത്തെ സ്വാതന്ത്ര്യസമരത്തോടെ ഉസ്മാനിയാ ഖിലാഫത്തിന്റെ സ്ഥാനത്ത് തുര്‍ക്കി റിപ്പബ്ലിക്ക് നിലവില്‍ വന്നു. മുസ്തഫാ കമാലിനെ ജനം അത്താതുര്‍ക്ക് (തുര്‍ക്കിയുടെ പിതാവ്) എന്ന് ആദരവോടെ വിളിച്ചുതുടങ്ങി.

തുര്‍ക്കി വ്യാവസായിക യുഗത്തിലേക്ക് കടന്നു. പഞ്ചവല്‍സര പദ്ധതിപ്രകാരം വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ ആദ്യത്തെ മുസ്‌ലിംരാഷ്ട്രമത്രെ തുര്‍ക്കി. എന്നാല്‍ കമാല്‍പാഷയുടെ പരിഷ്‌കരണങ്ങളുടെ അടിസ്ഥാനം ഇസ്‌ലാം ആയിരുന്നില്ല. പകരം പാശ്ചാത്യ മതേതര സങ്കല്‍പങ്ങളും സിദ്ധാന്തങ്ങളുമായിരുന്നു. തുര്‍ക്കിയില്‍ ഖിലാഫത്ത് വ്യവസ്ഥക്ക് വിരാമമിട്ടു. സൂഫീപര്‍ണശാലകളും ഖാന്‍ ഗാഹുകളും അടച്ചുപൂട്ടി. തസവ്വുഫിന്റെ തുടര്‍ച്ചകള്‍ അവസാനിപ്പിച്ചു. പുതിയ ഭരണ സൈനികനിയമങ്ങള്‍ നടപ്പിലാക്കി. ബഹുഭാര്യത്വം പറ്റെനിരോധിച്ചു. ഹിജറ കലണ്ടര്‍ ദുര്‍ബലപ്പെടുത്തി പകരം സൗരവര്‍ഷ കലണ്ടര്‍ നടപ്പിലാക്കി. തുര്‍ക്കിതൊപ്പി നിരോധിച്ചു. ഹാറ്റ് ധരിക്കല്‍ നിര്‍ബന്ധമാക്കി. പര്‍ദ നിയമവിരുദ്ധമാക്കി. വിവാഹം, വിവാഹമോചനം തുടങ്ങിയ ഇസ്‌ലാമിക നിയമങ്ങള്‍ ഭേദഗതിചെയ്ത് പാശ്ചാത്യനിയമങ്ങള്‍ നടപ്പിലാക്കി. മതപാഠശാലകളെല്ലാം നിര്‍ത്തലാക്കി. അറബീയില്‍ ബാങ്ക് വിളിക്കുന്നത് നിരോധിച്ചു. തുര്‍ക്കിഭാഷയുടെ ലിപി അറബിക്ക് പകരം ഇറ്റാലിയനാക്കി. തുര്‍ക്കി റിപ്പബ്ലിക്കിന്റെ ഭരണഘടനയില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രം എന്നവാക്ക് നീക്കം ചെയ്തു. മുസ്‌ലിം വിജയകാലത്തിന്റെ സ്മാരകങ്ങളില്‍ പെട്ട സോഫിയാ പള്ളി കാഴ്ചബങ്കളാവാക്കിമാറ്റി.

അതോടെ അഞ്ഞൂറ് വര്‍ഷക്കാലം ഇസ്‌ലാമികസംസ്‌കാരത്തിന്റേയും  പഠനത്തിന്റേയും ചിന്തയുടേയും പാരമ്പര്യത്തിന്റേയും ഭാഗമായിരുന്ന തുര്‍ക്കിക്ക് ഇസ്‌ലാമുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു.

ഇസ്‌ലാമിക സങ്കല്‍പത്തിന് കടകവിരുദ്ധമായ പാശ്ചാത്യ മതേതര ദേശീയവാദത്തെ എല്ലാശക്തിയോടും കൂടി കമാല്‍പാഷ വാരിപ്പുണര്‍ന്നു. മതേതരത്വം ഇതരനാടുകളിലും നടപ്പാക്കപ്പെട്ടിരുന്നുവെങ്കിലും തുര്‍ക്കിയുടെ മതേതരത്വം വേറിട്ടതായിരുന്നു. മത വിരോധം എന്ന അര്‍ത്ഥമാണ് ഏറെക്കാലം തുര്‍ക്കിയില്‍ മതേതരത്വത്തിന്ന് നല്‍കിവന്നത്. സര്‍ക്കാര്‍മേല്‍നോട്ടത്തില്‍ മദ്യോല്‍പാദനം തുടങ്ങിയ ആദ്യത്തെ മുസ്‌ലിം രാജ്യമത്രെ തുര്‍ക്കി. ഇതെല്ലാം ഇസ്‌ലാമിന്റ ശത്രുക്കള്‍ക്ക് ശക്തിപകരുകയും ഇസ്‌ലാമിനെ വികലവും ദുര്‍ബ്ബലവുമാക്കുകയുമാണ് ചെയ്തത്

ചരിത്രത്തില്‍ ഇസ്‌ലാം വിരുദ്ധര്‍ പലരുമുണ്ടായിരുന്നെങ്കിലും കമാല്‍ പാഷയേപോലെ ദേശീയബോധവും, മതേതരത്വവും അതിതീവ്രതയോടെ നടപ്പിലാക്കാന്‍ സ്വന്തം ജനതയുടെ പാരമ്പര്യവും സംസ്‌കാരവും തകര്‍ത്തവര്‍ വളരെ അപൂര്‍വമാണ്.

1938 നവമ്പര്‍ 10 ന്ന് കമാല്‍ പാഷ അന്തരിച്ചു. മൃതദേഹം നവമ്പര്‍ 19 വരെ ഇസ്തമ്പൂളില്‍ പ്രദര്ശനത്തിനുവെച്ചു.  പിന്നീട് ഒരു യുദ്ധക്കപ്പലില്‍ ഇസ്മത്ത് തുറമുഖത്തെത്തിച്ചു. അവിടന്ന് തീവണ്ടിമാര്‍ഗം അങ്കാറയിലേക്ക് കൊണ്ടുവന്നു. അങ്കാറയില്‍ പാശ്ചാത്യരീതിയില്‍ പണിത ആര്‍ഭാടപൂര്‍ണ്ണമായ ശവക്കല്ലറയില്‍ ആധുനിക തുര്‍ക്കിയുടെ പിതാവ് അന്ത്യവിശ്രമം കൊള്ളുന്നു.

കമാല്‍പാഷയുടെ ഏറ്റവും വലിയ ആരാധകരും സ്തുതിപാഠകരും യൂറോപ്യരാണ്. തുര്‍ക്കിയില്‍ പാശ്ചാത്യ സംസ്‌കാരത്തിനുള്ള വിജയത്തേയും ഇസ്‌ലാമിന്റെ പരാജയത്തേയുമാണ് അത്താതുര്‍ക്കിന്റെ പരിഷ്‌കരണങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് അവര്‍ ഉല്‍ഘോഷിക്കുന്നു.

Related Articles