Current Date

Search
Close this search box.
Search
Close this search box.

ഖാദിസിയ്യയിലെ മരിക്കാത്ത ചിത്രങ്ങള്‍

qadissiyya.jpg

ഇസ്‌ലാമിക ചരിത്രത്തില്‍ മറക്കാനാവാത്ത ദിനങ്ങളുണ്ട്. മായ്കാനാവാത്ത ഓര്‍മകളും, മരിക്കാത്ത നിലപാടുകളുമുണ്ട്. ഇത്തരം വീരചരിതങ്ങള്‍ മഷിത്തുള്ളികള്‍കൊണ്ടല്ല രക്തസാക്ഷികളുടെ രക്തകണങ്ങള്‍ കൊണ്ടാണ് ചരിത്രത്തില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും ഇത്തരം അനശ്വര ചിത്രങ്ങള്‍ മാഞ്ഞുപോവുകയില്ല. മാസങ്ങളും വര്‍ഷങ്ങളും ഇവയെ മറപ്പിച്ച് കളയില്ല.

മറക്കാനാവാത്ത ചരിത്ര ദിവസങ്ങളില്‍ ഒന്നാണ് ഖാദിസിയ്യ ദിനം. സഅ്ദ് ബിന്‍ അബീവഖാസിന്റെ ദിനമെന്നും ഇതിന് പേരുണ്ട്. ഖാദിസിയ്യ യുദ്ധത്തിനിടയില്‍ സംഭവിച്ച ധാരാളം മറക്കാനാവാത്ത സംഭവങ്ങള്‍ ചിരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതില്‍ പ്രാധാനപ്പെട്ട ചില സംഭവങ്ങള്‍ മാത്രം ഇവിടെ അനുസ്മരിക്കുകയാണ്.

1) റുസ്തമും രിബ്ഇയ്യുബ്‌നു ആമിറും

യുദ്ധത്തോട് അടുത്ത ദിവസങ്ങള്‍. ഇരു വിഭാഗവും പുതിയ തന്ത്രങ്ങള്‍ ആലോചിക്കുകയാണ്. മുമ്പ് മുസ്‌ലിങ്ങള്‍ക്കെതിരെ പടനായകനായിട്ടുണ്ട് റുസ്തം. ആ ദുരനുഭവം മുസ്‌ലിങ്ങള്‍ക്കെതിരെ യുദ്ധം നയിക്കാന്‍ അദ്ദേഹത്തിന് ഭയമുണ്ടാക്കിയിരുന്നു. രാജാവ് യസ്ദജര്‍ദ് നിര്‍ബന്ധിച്ചത്‌കൊണ്ട് മാത്രമാണ് അദ്ദേഹം അത് ഏറ്റെടുത്തത്.

ഇരുസൈന്യവും ഏറ്റുമുട്ടാന്‍ അടുത്തപ്പോള്‍ യുദ്ധം ഒഴിവാക്കാന്‍ വേണ്ടി ചര്‍ച്ച നടത്താന്‍ റുസ്തം ആഗ്രഹം പ്രകടിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം സൈന്യാധിപനായ സഅ്ദ് ബിന്‍ അബീവഖാസ് രിബ്ഇയ്യുബ്‌നു ആമിറിനെ തന്റെ ദൂതനായി റുസ്തമിന്റെ അടുത്തേക്കയച്ചു. മുസ്‌ലിങ്ങളുടെ ദൂതനെ ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ മുത്തുകള്‍കൊണ്ടും സ്വര്‍ണം വെള്ളി മേത്തരം പട്ടുകള്‍ കൊണ്ടും തന്റെ താവളം അലങ്കരിക്കാന്‍ റുസ്തം ആവശ്യപ്പെട്ടു. എന്നാല്‍ പഴയവസ്ത്രം ധരിച്ച്, കുന്തം കയ്യില്‍ പിടിച്ച് ഒരു സാധാരണ കുതിരയുമായായിരുന്നു രിബ്ഇയ്യ് വന്നത്. കാവല്‍ക്കാരെയും റുസ്തമിന്റെ പടയാളികളെയും ആഢംബരത്തെയും അവഗണിച്ച് രിബ്ഇയ്യ് നേരെ റുസ്തമിന്റെ നേരെ കുതിരയെ ഓടിച്ചു. മേത്തരം പട്ടുകളില്‍ കുതിരക്കുളമ്പുകള്‍ പതിഞ്ഞു. അതിലൊരു പട്ടിന്‍ അറ്റം കീറി തന്റെ കുതിരയെ അദ്ദേഹം ബന്ധിച്ചു.

റുസ്തമിന്റെ മുമ്പിലേക്ക് രിബ്ഇയ്യ് കടന്നുവന്നു. റുസ്തം രിബ്ഇയ്യിനോട് തന്റെ ആയുധം താഴെവെക്കാന്‍ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച രിബ്ഇയ്യ് പറഞ്ഞു: ‘ഞാന്‍ ഇവിടെ വലിഞ്ഞ് കയറിവന്നതല്ല. നിങ്ങള്‍ എന്നെ ക്ഷണിച്ച് വരുത്തിയതാണ്. ഞാന്‍ ഇതുപോലെ ഇവിടെ നില്‍ക്കും അല്ലെങ്കില്‍ തിരിച്ചുപോകും.’ അവസാനം ആയുധധാരിയായി അകത്തേക്ക് കടക്കാന്‍ രിബ്ഇയ്യിനെ അനുവദിക്കാന്‍ റുസ്തം നിര്‍ബന്ധിതനായി.

തന്റെ കുന്തം പട്ട്‌വിരിപ്പില്‍ കുത്തി രിബ്ഇയ്യ് ഊന്നി നിന്നു. പട്ട്‌വിരിപ്പില്‍ തുളവീഴുകയും ചെയ്തു. റുസ്തമിനെയും അനുയായികളെയും അത് വീണ്ടും പ്രകോപിപ്പിച്ചു. അവസാനം റുസ്തം ചോദിച്ചു: ‘നിങ്ങള്‍ എന്തുമായാണ് വന്നിരിക്കുന്നത്?’ രിബ്ഇയ്യ് പറഞ്ഞു: ‘അടിമകളുടെ അടിമത്വത്തില്‍ നിന്നും ജനങ്ങളെ അല്ലാഹുവിന്റെ അടിമത്വത്തിലേക്ക് ക്ഷണിക്കാനാണ് ഞങ്ങളെ അല്ലാഹു നിയോഗിച്ചിരിക്കുന്നത്. ഇഹലോകത്തിന്റെ ഇടുക്കത്തില്‍ നിന്ന് വിശാലതയിലേക്ക്. മതങ്ങളുടെ അക്രമങ്ങളില്‍ നിന്നും ഇസ്‌ലാമിന്റെ നീതിയിലേക്ക്. സൃഷ്ടികളെ അവന്റെ ദീനിലേക്ക് ക്ഷണിക്കാന്‍ അല്ലാഹു ഞങ്ങളെ നിയോഗിച്ചിരിക്കുന്നു. ആര്‍ അത് സ്വീകരിക്കുന്നുവോ അവരെ ഞങ്ങള്‍ അംഗീകരിക്കും, ഞങ്ങള്‍ തിരിച്ച്‌പോകും. വിസമ്മതിക്കുന്നവരോട് ഞങ്ങള്‍ യുദ്ധം ചെയ്യും, അല്ലാഹുവിന്റെ വാഗ്ദാനത്തിലേക്ക് എത്തിച്ചേരുന്നത് വരെ.’ അപ്പോള്‍ റുസ്തം ചോദിച്ചു: ‘എന്താണ് അല്ലാഹുവിന്റെ വാഗ്ദാനം?’ രിബ്ഇയ്യ് പറഞ്ഞു: ‘നിഷേധികളോട് പോരാടി മരിക്കുന്നവര്‍ക്ക് സ്വര്‍ഗവും, അവശേഷിക്കുന്നവര്‍ക്ക് വിജയവും.’ അപ്പോള്‍ റുസ്തം ചോദിച്ചു: ‘നിങ്ങള്‍ക്ക് ലഭിച്ച ഈ കാര്യത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുന്നത് വരെ ഞങ്ങള്‍ക്ക് സമയം നല്‍കാന്‍ സാധിക്കുമോ?’ രിബ്ഇയ്യ്: ‘നല്‍കാം. എത്ര ദിവസം വേണം? ഒരുദിവസമോ അതോ രണ്ട് ദിവസമോ?’ എനിക്ക് കൂടിയാലോചിക്കാന്‍ സമയം വേണമെന്ന് റുസ്തം ആവശ്യപ്പെട്ടു. രിബ്ഇയ്യ് പറഞ്ഞു: ‘ശത്രുക്കള്‍ക്ക് മൂന്ന് ദിവസത്തില്‍ കൂടുതല്‍ അവധി നല്‍കരുതെന്ന് ഞങ്ങളെ പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്.’

‘താങ്കള്‍ ഇവരുടെ നേതാവാണോ?’ രിബ്ഇയ്യിന്റെ മറുപടികള്‍ കേട്ട് അല്‍ഭുതത്തോടെ റുസ്തം ചോദിച്ചു. അപ്പോള്‍ രിബ്ഇയ്യ് പറഞ്ഞു: ‘അല്ല, പക്ഷെ മുസ്‌ലിങ്ങള്‍ ഒറ്റ ശരീരം പോലെയാണ്. അവരില്‍ ഉന്നതനും താഴ്ന്നവനുമില്ല.’
ഇതുകേട്ട റുസ്തം തന്റെ അനുയായികളോട് കൂടിയാലോചിച്ചു. ‘ഇയാളുടെ സംസാരത്തെക്കാള്‍ അന്തസ്സും അഭിമാനവും നിറഞ്ഞ സംസാരം നിങ്ങള്‍ കേട്ടിട്ടുണ്ടോ!’ അപ്പോള്‍ പടയാളികള്‍ ചോദിച്ചു: ‘വിലകുറഞ്ഞ ദീനിലേക്ക് താങ്കള്‍ ആകര്‍ഷിക്കപ്പെടുകയാണോ? അവന്റെ വസ്ത്രങ്ങള്‍ താങ്കള്‍ കണ്ടില്ലേ?’ റുസ്തം പറഞ്ഞു: ‘അദ്ദേഹത്തിന്റെ വസ്ത്രങ്ങളിലേക്ക് നോക്കരുത്. നിലപാടുകളിലേക്കും സംസാരത്തിലേക്കും നോക്കുക. അറബികള്‍ ഭക്ഷണവും വസ്ത്രവും അവഗണിക്കുന്നു. പക്ഷെ ആഭിജാത്യത്തിന് മുന്‍ഗണന നല്‍കുന്നു.’

2) റുസ്തമും മുഗീറതുബ്‌നു ശുഅ്ബയും

രിബ്ഇയ്യ മടങ്ങിയതോടെ ഇതുപോലെയാണോ മുസ്‌ലിങ്ങളിലെ എല്ലാവരും എന്ന് പരീക്ഷിക്കണം എന്ന് റുസ്തമിന് തോന്നി. അദ്ദേഹം സഅ്ദിനോട് മറ്റൊരു ദൂതനെ അയക്കാന്‍ ആവശ്യപ്പെട്ടു. സഅ്ദ് മുഗീറത്തുബ്‌നു ശുഅ്ബ(റ)യെ റുസ്തമിന്റെ അടുത്തേക്ക് അയച്ചു.

റുസ്തം മുഗീറയെ പരീക്ഷിക്കാന്‍ മറ്റൊരു രീതിയാണ് സ്വീകരിച്ചത്. താക്കീതും വാഗ്ദാനങ്ങളുമായിരുന്നു പുതിയ ശൈലി. മുഗീറ റുസ്തമിന്റെ അടുത്ത് എത്തിയ ഉടനെ അദ്ദേഹം മുഗീറയോട് പറഞ്ഞു: ‘ഞങ്ങളുടെ ഭൂമിയില്‍ പ്രവേശിച്ച നിങ്ങള്‍ തേന്‍ കണ്ട് വന്ന ഈച്ചകളെപോലെയാണ്. ഈച്ച അതില്‍ വീണുപോയാല്‍ അതില്‍ മുങ്ങിമരിക്കും. രക്ഷാമാര്‍ഗം തേടുമെങ്കിലും കണ്ടെത്താനാവില്ല. അല്ലെങ്കില്‍ നിങ്ങളുടെ ഉപമ ഒരു മാളത്തില്‍ കയറിയ തടികുറഞ്ഞ കുറുക്കനെപോലെയാണ്. അതിനെ കണ്ട് കരുണതോന്നിയ ഉടമസ്ഥന്‍ അതിന് ഭകഷണം നല്‍കി. അങ്ങിനെ അത് തടിച്ചുകൊഴുത്തപ്പോള്‍ അതിന്റെ സൈന്യവുമായി വന്ന് ഉടമസ്ഥനെതിരെ യുദ്ധം തുടങ്ങി. എന്നാല്‍ ഉടമസ്ഥന്‍ സൈന്യവുമായി നേരെ വന്നപ്പോള്‍ കുറുക്കന് തന്റെ തടികാരണം മാളത്തില്‍ നിന്ന് പുറത്ത് പോകാനായില്ല. അങ്ങിനെ അവിടെതന്നെ അത് കൊല്ലപ്പെട്ടു. അതുപോലെയാകും ഞങ്ങളുടെ രാഷ്ട്രത്തില്‍ നിങ്ങളുടെയും അനുഭവം. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് മാന്യമായി തിരിച്ച് പോകാം. നിങ്ങള്‍ക്ക് ധാന്യങ്ങളും പഴങ്ങളും ഞങ്ങള്‍ നല്‍കാം. വസ്ത്രങ്ങളും സമ്പത്തും നല്‍കാം. നിങ്ങള്‍ തിരിച്ചുപോവുക.’

മുഗീറ മറുപടി പറഞ്ഞു: ‘നീ പറഞ്ഞത് പോലെയോ അതിലും താഴ്ന്നതോ ആയിരുന്നു ഞങ്ങളുടെ അവസ്ഥ. പരസ്പരം കൊന്ന് സമ്പത്തും സന്താനങ്ങളും ഞങ്ങള്‍ കൊള്ളയടിക്കാറുണ്ടായിരുന്നു. മറ്റുള്ളവരുടെ ഭാര്യമാരെ വരെ ഞങ്ങള്‍ കൈവശപ്പെടുത്താറുണ്ടായിരുന്നു. ശവവും രക്തവും ഞങ്ങള്‍ ഭക്ഷിക്കാറുമുണ്ടായിരുന്നു. പക്ഷെ അതെല്ലാം ഞങ്ങളിലേക്ക് അല്ലാഹു അവന്റെ ഗ്രന്ഥവുമായി പ്രവാചകനെ അയക്കുന്നതുവരെ മാത്രമായിരുന്നു. അപ്രകാരം അദ്ദേഹം ഞങ്ങളെ നാഥനിലേക്കും നാഥന്റെ സന്ദേശങ്ങളിലേക്കും ക്ഷണിച്ചു. ഞങ്ങളില്‍ ചിലര്‍ അത് സത്യപ്പെടുത്തി. മറ്റുചിരലര്‍ നിഷേധിച്ചു. നിഷേധികളും സത്യവിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടി. അങ്ങിനെ ഞങ്ങള്‍ക്ക് സത്യം വെളിവാകുന്ന തരത്തില്‍ പ്രവാചകനില്‍ വിശ്വസിച്ചവര്‍ വിജയിച്ചു. അതോടെ അദ്ദേഹം പ്രവാചകനും സത്യവാനുമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഞങ്ങള്‍ ദൈവമാര്‍ഗത്തില്‍ സമരം ചെയ്യാന്‍ കല്‍പിക്കപ്പെട്ടു. ആ മാര്‍ഗത്തില്‍ മരണപ്പെടുന്നവര്‍ക്ക് സ്വര്‍ഗം ഉറപ്പുനല്‍കി. ആ മാര്‍ഗത്തില്‍ ജീവിച്ചവന്റെ മുമ്പില്‍ ശത്രുക്കള്‍ കീഴടങ്ങി. അതുകൊണ്ട് ഞങ്ങള്‍ നിന്നെയും നാഥനിലും അവന്റെ ദൂതനിലും വിശ്വസിക്കുവാന്‍ ക്ഷണിക്കുകയാണ്. നീ അതിന് വിസമ്മതിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് കരം നല്‍കണം. അതിനും നീ വിസമ്മതിക്കുകയാണെങ്കില്‍ ദൈവം നമുക്കിടയില്‍ വിധിനടത്തുന്നതുവരെ നമുക്ക് യുദ്ധംചെയ്യാം.’

മുഗീറയുടെ ധീരതയും ഏതുസന്ദര്‍ഭത്തിലും ദീനിനെ പ്രബോധനം ചെയ്യാനുള്ള ധൈര്യവും ഇസ്‌ലാമിക ലോകത്തിന് മുഴുവന്‍ മാതൃകതന്നെയാണ്.

അബൂമിഹ്ജനും ബല്‍ഖാഉം

സഅ്ദിന്റെ അര്‍ദ്ധസഹോദരനായിരുന്നു അബൂമിഹ്ജന്‍. റുസ്തമിന്റെ സേനയുമായി യുദ്ധം നടക്കുമ്പോള്‍ കള്ളുകുടിച്ചതിന് അദ്ദേഹത്തെ സഅ്ദ് തടവിലിട്ടു. സബ്‌റാഇന്റെ അടുത്തായിരുന്നു അദ്ദേഹത്തെ തടവിലാക്കിയത്. വാളിന്റെയും കുന്തത്തിന്റെയും ശബ്ദം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിന് നില്‍ക്കപ്പൊറുതിയില്ലാതായി. അദ്ദേഹം യുദ്ധം ചെയ്യാനുള്ള ആഗ്രഹം വെളിവാക്കുന്ന കവിതചൊല്ലി. യുദ്ധം ചെയ്ത് രക്തസാക്ഷിയായില്ലെങ്കില്‍ തിരിച്ച് വന്ന് തടവില്‍ കഴിയാമെന്ന് അദ്ദേഹം സബ്‌റാഇന് ഉറപ്പുകൊടുത്തു. അലിവുതോന്നിയ സബ്‌റാഅ് അദ്ദേഹത്തെ സ്വതന്ത്രനാക്കി.

പുറത്തുണ്ടായിരുന്ന ബല്ഖാഅ് എന്ന സഅ്ദിന്റെ കുതിരയുമായി അബൂമിഹ്ജന്‍ പടര്‍ക്കളത്തിലേക്ക് കുതിച്ചു. ശത്രുക്കളെ വകഞ്ഞുമാറ്റി ശത്രുസൈന്യത്തിന്റെ മാറിടം പിളര്‍ത്തി. അസുഖം കാരണം ദുരം കുന്നില്‍ നിന്നായിരുന്നു സഅ്ദ് പടനയിച്ചിരുന്നത്. അബൂമിഹ്ജനിന്റെ പ്രകടനങ്ങള്‍ കണ്ട അദ്ദേഹം ആളെ മനസ്സിലായില്ലെങ്കിലും ഉറക്കെ വിളിച്ചുപരഞ്ഞ് അഭിനന്ദിച്ചു. അപ്രകാരം ശത്രുക്കളെ പരീജയപ്പെടുത്തി മുസ്‌ലിങ്ങള്‍ വിജയികളായി.

ശത്രുക്കള്‍ തോറ്റോടി യുദ്ധം കഴിഞ്ഞ ഉടനെ അബൂമിഹ്ജന്‍ സബ്‌റാഇനോടുള്ള കരാര്‍ പൂര്‍തീകരിച്ച് തടവിലാക്കാന്‍ തിരിച്ചുവന്നു. പഴയപടി മിഹ്ജന്‍ തടവില്‍ തന്നെ ഇരുന്നു. സന്തോഷത്തോടെ വീട്ടില്‍ തിരച്ചെത്തിയ സഅ്ദ് തന്റെ പ്രിയപ്പെട്ട കുതിര ബല്‍ഖാഅ് വിയര്‍ത്തിരിക്കുന്നത് കണ്ടു. ഉടനെ അദ്ദേഹം സബ്‌റാഇനോട് കാര്യം തിരക്കി. അപ്പോള്‍ അവള്‍ ഉണ്ടായ സംഭവങ്ങള്‍ വിവരിച്ചു. സന്തോഷവാനായ അദ്ദേഹം അബൂമിഹ്ജനിനെ സ്വതന്ത്രനാക്കി.

വാഗ്ദത്ത പൂര്‍ത്തീകരണത്തിലും രക്തസാക്ഷിത്ത മോഹത്തിലും ആബൂമിഹ്ജനിന്റെ മാതൃക കാണുക. തന്നില്‍ നിന്ന് വന്നുപോയ തെറ്റില്‍ പശ്ചാതപിക്കാനും ഖേദിക്കാനുമുള്ള സന്നദ്ധതയെ ഇസ്‌ലാമിക പ്രവര്‍ത്തകന്‍ കണ്ട്പഠിക്കുക. തന്റെ അനുയായിയെ കുറിച്ച് നല്ലത് വിചാരിക്കാനും അവനെ തെറ്റില്‍ നിന്ന് മോചിപ്പിക്കാനുമുള്ള സഅ്ദിന്റെ മനസ്സിനെ നേതാക്കള്‍ മാതൃകയാക്കുക.

വിവ: ജുമൈല്‍ കൊടിഞ്ഞി
 

    
 

Related Articles