Current Date

Search
Close this search box.
Search
Close this search box.

കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയിച്ചടക്കിയ മുഹമ്മദ്

muhammed-fatih.jpg

അറേബ്യയിലെ മരുഭൂവില്‍ കാലുറപ്പിച്ചു കൊണ്ടാണ് ഐതിഹാസികമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ പട്ടണം മുസ്‌ലിംകള്‍ ജയിച്ചടക്കുമെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നൂറ്റാണ്ടുകളോളം കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്‌ലിംകള്‍ക്ക് ബാലികേറാ മലയായി അവശേഷിച്ചു. ഒരു സൈന്യത്തിന് മുന്നിലും കുലുങ്ങാതെ മഹാമേരുവിനെ പോലെ അതിന്റെ കോട്ടമതിലുകള്‍ തലയുയര്‍ത്തി നിന്നു. വളരെ ശക്തമായ പ്രതിരോധ സംവിധാനമാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ പട്ടണത്തിനുണ്ടായിരുന്നത്. മൂന്ന് ദിക്കും സമുദ്രത്താല്‍ ചുറ്റപ്പെട്ട ഉപദ്വീപിനെ സംരക്ഷിച്ചു നിര്‍ത്തിയത് കരഭാഗത്തുള്ള അഭേദ്യമായ മതിലുകളായിരുന്നു. പല പുകള്‍പെറ്റ യോദ്ധാക്കളും ഈ മതിലുകള്‍ക്ക് മുന്നില്‍ അടിയറവു പറഞ്ഞിരുന്നു. അമവീ ഖിലാഫത്തിന്റെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപരോധിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഉപരോധം തന്നെ പരാജയപ്പെടുകയാണുണ്ടായത്. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി അങ്ങനെ പോരാളികളുടെ സ്വപ്‌നമായിത്തീര്‍ന്നു. മതിലുകള്‍ക്കപ്പുറത്തുള്ള അത്ഭുത നഗരി മദ്ധ്യകാല ലോകത്തിന്റെ സ്വര്‍ഗമായിരുന്നു.

1300-കളില്‍ അനറ്റോളിയയിലെ ഒരു ചെറു പ്രവിശ്യ മാത്രമായിരുന്നു ഉഥ്മാനികള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ശക്തമായ നേതൃത്വത്തിന് കീഴില്‍ ക്രമേണ അയല്‍ദേശങ്ങളെയെല്ലാം കീഴടക്കി അവര്‍ മുന്നേറി. ഇന്നത്തെ തുര്‍ക്കിയുടെ ബഹുഭൂരിഭാഗവും കാല്‍ക്കീഴിലാക്കിയ ഉഥ്മാനികള്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിനും വലിയ തലവേദനയായി. കിഴക്കന്‍ റോമാ സാമ്രാജ്യം എന്ന തങ്ങളുടെ മഹിമയില്‍ നിന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന നഗരത്തിലേക്ക് ഒതുങ്ങിപ്പോയിരുന്നു അപ്പോഴേക്കും ബൈസന്റൈന്‍ സാമ്രാജ്യം. 1451-ലാണ് മുഹമ്മദ് രണ്ടാമന്‍ ഉഥ്മാനികളുടെ ഖലീഫയായി അധികാരമേല്‍ക്കുന്നത്. മുഹമ്മദ് മനസ്സില്‍ കോറിയിട്ടതായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയം എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുക എന്നത്. ചെറുപ്പം മുതലേ കേള്‍ക്കുന്ന കഥകളില്‍ ആര്‍ക്ക് മുന്നിലും അടിയറവു പറയാത്ത കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരമുണ്ടായിരുന്നു. അതിലുപരി മുസ്‌ലിംകള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കും എന്ന പ്രവാചകധ്വനി മുഹമ്മദിനെ കൂടുതല്‍ ആവേശഭരിതനാക്കി. അല്ലാഹുവിന്റെ ദൂതന്റെ വാക്കുകള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ചരിത്രദൗത്യം തന്നില്‍ അര്‍പിതമാണെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാല്‍ സൈനികശക്തിയോടൊപ്പം തന്നെ അപാരമായ ആസൂത്രണവും തന്ത്രവുമാണ് അതിന് ആവശ്യമെന്ന് അദ്ദേഹം മനസ്സിലാക്കി.  

കോണ്‍സ്റ്റാന്റിനോപ്പിളിന് വടക്കുള്ള ബോസ്ഫറസ് തുരുത്തില്‍ ഒരു കോട്ട പണിയുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. നഗരത്തിലേക്കുള്ള കപ്പല്‍ സഞ്ചാരങ്ങളെ നിയന്ത്രിക്കുക വഴി പുറത്തുനിന്നുള്ള നാവികസഹായം തടയാനുള്ള നീക്കമായിരുന്നു അത്. 1453 ഏപ്രില്‍ 1-ന് ഒരു ലക്ഷത്തോളം വരുന്ന തുര്‍ക്കി സൈന്യത്തോടൊപ്പം മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാര്‍ച്ച് ചെയ്തു. മുന്നില്‍ കണ്ട കാഴ്ച അവരുടെ വീര്യം ചോര്‍ത്തിക്കളയാന്‍ പോന്നതായിരുന്നു. ഇരട്ട മതിലുകളായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിന്റെ കരുത്ത്. നഗരത്തോട് ചേര്‍ന്നുള്ള മതിലിന് 5 മീറ്റര്‍ കനവും 12 മീറ്റര്‍ ഉയരവുണ്ടായിരുന്നു. ഈ മതിലില്‍ നിന്നും 20 മീറ്റര്‍ ദൂരമുണ്ടായിരുന്നു പുറമേ കാണുന്ന മതിലിലേക്ക്. അതിന് 2 മീറ്റര്‍ കനവും 8.5 മീറ്റര്‍ ഉയരവുമുണ്ടായിരുന്നു. ചരിത്രത്തില്‍ ഒരിക്കലും ഭേദിക്കപ്പെടാത്ത ഈ മതിലുകളായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിളിന്റെ സ്വകാര്യ അഹങ്കാരം. അവയ്ക്ക് പുറമേ നഗരത്തിന്റെ വടക്കുഭാഗത്തുള്ള ഗോള്‍ഡന്‍ ഹോണ്‍ കടിലിടുക്കിന് കുറുകെ സ്ഥാപിച്ച ഭീമാകാരമായ ഇരുമ്പു ചങ്ങലകള്‍ വടക്കു നിന്നുള്ള നാവിക ആക്രമണങ്ങളെ തടയുകയും ചെയ്യുമായിരുന്നു. ഉഥ്മാനി പടക്കപ്പലുകള്‍ക്ക് കടലിലൂടെയും ആക്രണം നടത്താനുള്ള അവസരം നിഷേധിക്കുകയായിരുന്നു ബൈസാന്റിയക്കാര്‍. നഗരത്തിലെ സൈന്യം ഉഥ്മാനി സൈന്യത്തിന്റെ അംഗബലത്തോളം വരില്ലെങ്കിലും തങ്ങള്‍ ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളില്‍ ബൈസാന്റിയക്കാര്‍ തൃപ്തരായിരുന്നു.

സ്വയം കീഴടങ്ങി സമാധാനപരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് മുഹമ്മദ് രണ്ടാമന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ 11-ാമന്‍ ഈയാവശ്യം നിരസിക്കുകയും പ്രതിരോധത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിക്കുകയും ചെയ്തു. അങ്ങനെ, ഏപ്രില്‍ 6-നു മുഹമ്മദ് രണ്ടാമന്‍ കോട്ടമതിലുകള്‍ക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചു. ചരിത്രത്തില്‍ ഇതുവരെ ആര്‍ക്ക് മുന്നിലും കീഴടങ്ങാത്ത ആ മതിലുകള്‍ തകര്‍ക്കുകയായിരുന്നു സൈന്യത്തിന് മുന്നിലെ ഭാരിച്ച ദൗത്യം. വീരപരാക്രമികളായ ഉഥ്മാനി സൈന്യം പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും, ലോകത്തിലെ ഏറ്റവും വലിയ പീരങ്കികള്‍ തീ തുപ്പിയിട്ടുമൊന്നും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ കൂറ്റന്‍ മതിലുകള്‍ അനങ്ങിയില്ല. ആഴ്ചകളോളം ഉഥ്മാനികള്‍ പീരങ്കിയാക്രണം തുടര്‍ന്നു.

എന്നാല്‍ ഏപ്രില്‍ 22-നു മുഹമ്മദ് രണ്ടാമന്‍ തന്ത്രപരമായ ഒരു നീക്കം നടത്തി. ഗോള്‍ഡന്‍ ഹോണ്‍ കടലിടുക്കിലെ ചങ്ങലകള്‍ക്ക് സമാന്തരമായി ഉഥ്മാനി നാവികപ്പടയെ അക്കരെ എത്തിക്കാന്‍ അദ്ദേഹം സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. അക്കരെ എത്തിച്ച 72 പടക്കപ്പലുകള്‍ കരയിലൂടെ ഒറ്റ രാത്രി കൊണ്ട് ചങ്ങലക്കപ്പുറത്തുള്ള, കോണ്‍സ്റ്റാന്റിനോപ്പിളിന് അഭിമുഖമായ കടല്‍ ഭാഗത്തേക്ക് സൈന്യം വിന്യസിച്ചു. ബൈസാന്റിയന്‍ സൈന്യത്തെ അത്ഭുതപ്പെടുത്തിയ ഈ സാഹസം മുഹമ്മദ് രണ്ടാമന്‍ എന്ന കുശാഗ്രബുദ്ധിയില്‍ ഉരുത്തിരിഞ്ഞതായിരുന്നു. കരസൈന്യത്തോടൊപ്പം നാവികസൈന്യമെന്ന അധിക ആനുകൂല്യം ഉഥ്മാനി സേനക്ക് ലഭിച്ചു. കരയിലൂടെയും കടലിലൂടെയും കോട്ട മതിലുകള്‍ക്ക് നേരെ നൂറുകണക്കിന് പീരങ്കികള്‍ തീ തുപ്പി. ഇത്രയും പീരങ്കികളെ ഒരുമിച്ച് പ്രതിരോധിച്ച ചരിത്രം കോണ്‍സ്റ്റാന്റിനോപ്പിളിന് അന്യമായിരുന്നു. വിഖ്യാതമായ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനം ലോകം മുന്നില്‍ കണ്ടു.

ഒരു മാസത്തോളം തുടര്‍ന്ന ഉപരോധത്തിന് ശേഷം മെയ് 28-നു എല്ലാവിധ ആക്രമണങ്ങളും നിര്‍ത്തിവെച്ച് മുഹമ്മദ് രണ്ടാമന്‍ സൈന്യത്തിന് വിശ്രമം അനുവദിച്ചു. ആ ദിവസം മുഴുവന്‍ നാളെ അവസാന അങ്കത്തിന് ഇറങ്ങുന്ന തങ്ങളുടെ വിജയത്തിന് വേണ്ടി ദൈവത്തോട് അദ്ദേഹം മനമുരുകി പ്രാര്‍ത്ഥിച്ചു. മെയ് 29-ന്റെ പ്രഭാതത്തോടെ സൈന്യം അവസാന റൗണ്ട് ആക്രമണങ്ങള്‍ ആരംഭിച്ചു. ഉച്ചയായപ്പോഴേക്കും ചരിത്രപ്രസിദ്ധമായ ആ കോട്ടമതിലുകള്‍ ഉഥ്മാനി സൈന്യത്തിന് മുന്നില്‍ നിലംപതിച്ചു. സൈന്യം ഹര്‍ഷപുളകിതരായി ആ സ്വപ്‌നനഗരിയിലേക്ക് മാര്‍ച്ച് ചെയ്തു. മുന്നില്‍ ദൈവത്തോട് നന്ദി പറയുന്ന ചുണ്ടുകളുമായി, പുഞ്ചിരി തൂകിക്കൊണ്ട് മുഹമ്മദ് രണ്ടാമന്‍ ഉണ്ടായിരുന്നു. പ്രവാചകന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കിയ ധീര യോദ്ധാവ്, ദീര്‍ഘവീക്ഷണമുള്ള നേതാവ്.

പട്ടണത്തിലേക്ക് പ്രവേശിച്ച മുഹമ്മദ് രണ്ടാമന്‍ ആദ്യമായി ചെയ്തത് ‘ഹഗിയ സോഫിയ’ കത്തീഡ്രലില്‍ പ്രവേശിച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ചു എന്നതാണ്. തനിക്ക് അടിയറവു പറഞ്ഞ കോണ്‍സ്റ്റാന്റിനോപ്പിള്‍ നിവാസികളോട് അധിനിവേശകന്റെ നീതിയല്ല അദ്ദേഹം പ്രകടമാക്കിയത്. സൈന്യം ഒരു നഗരവാസിയെ പോലും വധിച്ചില്ല. പകരം എല്ലാവിധ നികുതിയും എടുത്തുകളഞ്ഞ് കോണ്‍സ്റ്റാന്റിനോപ്പിളില്‍ തന്നെ താമസമാക്കാന്‍ അദ്ദേഹം അവരെ പ്രേരിപ്പിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് പട്ടണത്തില്‍ വസിച്ച് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ മത മേലധ്യക്ഷനായി വാഴട്ടെ എന്നദ്ദേഹം ഉത്തരവിറക്കി. അര്‍മീനിയന്‍ ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ സഭാ അധ്യക്ഷനേയും നഗരത്തില്‍ താമസിപ്പിക്കാന്‍ അദ്ദേഹം ഉത്തരവു നല്‍കി. എന്നാല്‍ ജനങ്ങളുടെയൊക്കെ സമ്മതത്തോടെ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പണിത ‘ഹഗിയ സോഫിയ’ എന്ന കത്തീഡ്രല്‍ മസ്ജിദായി അദ്ദേഹം പരിവര്‍ത്തിപ്പിച്ചു. കെട്ടിടത്തിന്റെ നിര്‍മതിയില്‍ മാറ്റങ്ങള്‍ വരുത്താതെ അതിനകത്ത് അദ്ദേഹം ഇസ്‌ലാമിക ചിഹ്നങ്ങള്‍ സ്ഥാപിക്കുകയും നമസ്‌കാര സജ്ജമാക്കുകയും ചെയ്തു.

മത സഹിഷ്ണുത എന്ന പദം പോലും യൂറോപ്പിന് പരിചയമില്ലാതിരുന്ന ആ ഇരുണ്ട യുഗത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിനെ മതസൗഹാര്‍ദ്ദത്തിന്റെ പുണ്യഭൂമിയായി അദ്ദേഹം മാറ്റിയെടുത്തു. മസ്ജിദുകളുടെ മിനാരങ്ങളോടൊപ്പം തന്നെ കത്തീഡ്രലുകളുടെയും സിനഗോഗുകളുടെയും ഗോപുരങ്ങളും എങ്ങും ഉയര്‍ന്നു നിന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നതിന് പകരം ഇസ്‌ലാമിന്റെ നഗരം എന്ന അര്‍ത്ഥത്തില്‍ ‘ഇസ്‌ലാംബൂള്‍’ എന്നദ്ദേഹം നഗരത്തിന് നാമകരണം ചെയ്തതായും പിന്നീട് അത് ഇസ്തംബൂള്‍ ആയെന്നും പറയപ്പെടുന്നു. വിജയങ്ങള്‍ മാത്രം ശീലിച്ച മുഹമ്മദ് രണ്ടാമന്റെ ജീവിതത്തിലെ അനശ്വര വിജയം അദ്ദേഹത്തെ ചരിത്രത്തില്‍ ‘മുഹമ്മദ് അല്‍-ഫാത്തിഹ്’ (മുഹമ്മദ് എന്ന വിജയി) എന്ന അപരനാമത്തിനിടയാക്കി.

വിവ: അനസ് പടന്ന

Related Articles