Current Date

Search
Close this search box.
Search
Close this search box.

കേവലം ഹിന്ദു-മുസ്‌ലിം സംഘട്ടനമല്ല ഇന്ത്യന്‍ ചരിത്രം

റോഡുകളുടെ പേരുകള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാകും. ഒരുപാട് കാലത്തെ ചരിത്രങ്ങള്‍ ഉറങ്ങികിടക്കുന്ന കല്‍ക്കത്തക്കാകട്ടെ പറയാന്‍ ഒരുപാടുണ്ട് താനും. വടക്കന്‍ കല്‍ക്കത്തയിലെ ബാഗ്ബസാറിലുള്ള Marhatta Ditch Lane അവയിലൊന്നാണ്.

1740-കളില്‍ നിര്‍മിച്ച ഒരു യഥാര്‍ത്ഥ കിടങ്ങുമായി (Ditch) ബന്ധപ്പെട്ടാണ് റോഡിന് ആ പേര് വന്നത്. കൂടാതെ അന്നത്തെ കല്‍ക്കത്തയുടെ അതിരായിരുന്നു അത്. എന്തായിരുന്നു ആ കിടങ്ങിന്റെ നിര്‍മാണോദ്ദേശം? അന്ന് ബംഗാള്‍ കൊള്ളയടിക്കാനായി എത്തിയ കൊള്ളക്കാരായ മറാത്താ കുതിരപ്പട്ടാളത്തെ തടയാന്‍ വേണ്ടി നിര്‍മിച്ചതായിരുന്നു ആ കിടങ്ങ്.

1741-ല്‍, നാഗ്പൂരിലെ മറാത്താ ഭരണാധികാരി രജോജി ബോസ്‌ലെയുടെ കുതിരപ്പട ഭാസ്‌ക്കര്‍ പണ്ഡിറ്റിന്റെ കീഴിലുണ്ടായിരുന്ന പശ്ചിമബംഗാള്‍ ആക്രമിച്ച് കൊള്ളയും കൊള്ളിവെപ്പും തുടങ്ങി. ഈ മറാത്തകളെ ‘ബര്‍ഗിസ്’ എന്നാണ് ബംഗാളികള്‍ വിളിച്ചിരുന്നത്. മാറാത്തി പദമായ ‘ബര്‍ഗിര്‍’ എന്നത് ലോപിച്ചാണ് ‘ബര്‍ഗിസ്’ (പേര്‍ഷ്യന്‍ ഉത്ഭവം) ആയത്, ‘ചെറിയ കുതിരപ്പട’ എന്നാണ് ഇതിനര്‍ത്ഥം. അഹ്മദ്‌നഗര്‍ സുല്‍ത്താനേറ്റിന്റെ പ്രധാനമന്ത്രി മലിക് അന്‍ബാറാണ് ഡെക്കാന്‍ ശൈലിയിലുള്ള ഗറില്ലാ യുദ്ധമുറക്ക് തുടക്കം കുറിച്ചത്. അന്ന് ബര്‍ഗിര്‍-ഗിരി എന്നായിരുന്നു അതിന്റെ പേര്. പെട്ടെന്ന് ആക്രമിച്ച് പിന്‍വാങ്ങുന്ന ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ ഡെക്കാന്റെ സൈനിക പൈതൃകത്തിന്റെ ഭാഗമായി മാറി. ശിവാജി വരെ ആകൃഷ്ടനായ ഈ യുദ്ധതന്ത്രമാണ് പിന്നീട് ദൗര്‍ഭാഗ്യവാന്‍മാരായ ബംഗാളികള്‍ക്കെതിരെ മറാത്തകള്‍ ഉപയോഗിച്ചത്.

1740-കളില്‍, ബോസ്‌ലെയുടെ ഗറില്ലപ്പട (ബര്‍ഗിര്‍-ഗിരി) ബംഗാള്‍ ഭരണാധികാരിയായിരുന്ന നവാബ് അലിവര്‍ദി ഖാന്റെ സൈന്യത്തെ വളഞ്ഞു. ബംഗാളികള്‍ അവരുടെ കഴിവിന്റെ പരമാവധി മറാത്തകളെ പ്രതിരോധിക്കാന്‍ ശ്രമിക്കും, ചിലപ്പോഴൊക്കെ വളരെ കുറച്ച് സന്ദര്‍ഭങ്ങളില്‍ ബംഗാളികള്‍ മറാത്തകളെ തോല്‍പ്പിച്ചിട്ടുമുണ്ട്. പക്ഷെ എപ്പോഴും ഖാന്റെ പതുക്കെ ചലിക്കുന്ന കാലാള്‍പ്പടയുടെ അരികിലൂടെ കടന്ന് പോവുകയാണ് മാറാത്തകള്‍ ചെയ്യാറ്, എന്തിനെന്നാല്‍ കവര്‍ച്ചയില്‍ മാത്രമാണ് അവര്‍ക്ക് താല്‍പ്പര്യം.

10 വര്‍ഷം മറാത്തകള്‍ ബംഗാള്‍ കൊള്ളയടിച്ചു, അവര്‍ വരുത്തി വെച്ച നാശനഷ്ടങ്ങള്‍ വളരെ വലുതായിരുന്നു. ഒരുപാട് മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചു, അതുപോലെ തന്നെ സാമ്പത്തിക തകര്‍ച്ചയും. നാല് ലക്ഷത്തോളം ബംഗാളികളെയും, പശ്ചിമബംഗാളിലെ നിരവധി കച്ചവട പ്രമുഖരെയും മറാത്തകള്‍ കൊന്നുതള്ളിയതായി ചരിത്രകാരന്‍ പി.ജെ മാര്‍ഷല്‍ എഴുതുന്നു.

ഗംഗാറാം എന്ന കവി ബംഗാളിയില്‍ എഴുതിയ ‘മഹാരാഷ്ട്ര പുരാണ’ എന്ന കവിതയില്‍ മറാത്തകള്‍ വരുത്തി വെച്ച നാശനഷ്ടങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്.

‘ഈ സമയം ആരും രക്ഷപ്പെട്ടില്ല,
ബ്രാഹ്മണര്‍, വൈഷ്ണവര്‍, സന്യാസികള്‍, ഗൃഹസ്ഥര്‍
എല്ലാവരുടെയും വിധി ഒന്നായിരുന്നു,
മനുഷ്യര്‍ക്കൊപ്പം പശുക്കളും കൂട്ടക്കൊല ചെയ്യപ്പെട്ടു.’

അത്രക്ക് ഭയാനകമായിരുന്ന ബര്‍ഗിരികളുടെ ആക്രമണം. അമ്മമാര്‍ കുഞ്ഞുങ്ങളെ വേഗം ഉറക്കാന്‍ വേണ്ടി പാടുന്ന പാട്ടുകളിലും താരാട്ടുപാട്ടുകളിലും മറാത്തക്കാരുടെ ക്രൂരതകള്‍ വര്‍ണ്ണിക്കുമായിരുന്നു. ഈ കവിതകള്‍ ബംഗാളികള്‍ക്കിടയില്‍ ഇന്നും പ്രചാരത്തിലുള്ളവയാണ്.

നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല മറാത്തകള്‍ കവര്‍ച്ച നടത്തിയത്, മറിച്ച് അവരുടെ കഴിവിന്റെയും സാമര്‍ത്ഥ്യത്തിന്റെയും അടയാളമെന്നോണം, ബംഗാളിന്റെ തലസ്ഥാനമായിരുന്ന മുര്‍ഷിദാബാദില്‍ അവര്‍ അഴിഞ്ഞാടി. അന്നത്തെ സമ്പന്നരായ ഇന്ത്യക്കാരില്‍ ഒരാളായിരുന്ന മാര്‍വാറി ബാങ്കര്‍ ജഗത് സേഥിന്റെ വീടും അവര്‍ കൊള്ളയടിച്ചു.

എന്നാല്‍, ബ്രിട്ടീഷുകാര്‍ എല്ലാവിധ സഹായസഹകരണങ്ങളും നല്‍കിയിട്ട് പോലും, കല്‍ക്കത്ത ആക്രമിക്കാന്‍ മറാത്തകള്‍ക്ക് കഴിഞ്ഞിരുന്നില്ല. കിടങ്ങായിരുന്നു അതിന് കാരണം. കിടങ്ങുമായി ബന്ധപ്പെട്ട ഒരു വിളിപ്പേരിലാണ് അവിടത്തുകാര്‍ അറിയപ്പെട്ടിരുന്നത്. എന്നുവെച്ചാല്‍ കിടങ്ങിന്റെ തെക്ക് ഭാഗത്ത് താമസിച്ചിരുന്നവര്‍, ഇന്നത്തെ കല്‍ക്കത്തയില്‍. പിന്നീട് പ്രസ്തുത കിടങ്ങ് മൂടപ്പെട്ടു. ഇപ്പോഴത്തെ അപ്പര്‍ സര്‍ക്കുലര്‍ റോഡ് കടന്ന് പോകുന്നത് അന്നത്തെ ആ കിടങ്ങിന് മുകളില്‍ കൂടിയാണ്.

എല്ലാം നഷ്ടപ്പെട്ട നവാബ് തോല്‍വി സമ്മതിച്ച്, ഒറീസ ദേശം രജോജി ബോസ്‌ലെക്ക് കൈമാറിയതോടെയാണ് മറാത്തക്കാര്‍ ഒരു ദശാബ്ദക്കാലം നീണ്ടു നിന്ന കൊള്ളക്ക് വിരാമം കുറിച്ചത്.

ആകര്‍ പട്ടേല്‍ ചൂണ്ടികാണിച്ചത് പോലെ, മറാത്തക്കാരുടെ ഈ ചരിത്രം ആര്‍ക്കുമറിയില്ല. ഇന്ത്യന്‍ ദേശീയതയുടെ അല്ലെങ്കില്‍ ഹൈന്ദവ ദേശീയതയുടെ വക്താക്കളായാണ് മറാത്തകള്‍ എപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. ഇതൊരു പൊതുപ്രവണതയാണ്. ആധുനിക രാഷ്ട്രങ്ങളൊക്കെ തന്നെ ഇത്തരം മിത്തുകള്‍ നിര്‍മിക്കുന്നുണ്ട്. ഒരുപാട് പാകിസ്ഥാനികള്‍ അവരുടെ ഇസ്‌ലാമിക ദേശീയത ഖുതുബുദ്ദീന്‍ ഐബക്കിന്റെ കാലത്ത് തന്നെ നിലനിന്നിരുന്നതായാണ് ഇപ്പോഴും സങ്കല്‍പ്പിക്കുന്നത്. ഒരുപാട് ഇന്ത്യക്കാര്‍ കരുതുന്നത് ഹൈന്ദവ ദേശീയത വ്യാപിപ്പിക്കാനാണ് മാറാത്തകള്‍ ശ്രമിച്ചത് എന്നതാണ്. വിനായക് സവര്‍ക്കറുടെ ഭാഷയില്‍ ഒരു ‘ഹിന്ദുപഥ് പഥശാഹി’ സ്ഥാപിക്കാന്‍.

വിരോധാഭാസമെന്ന് പറയട്ടെ, ‘ഹിന്ദുപഥ് പഥ്ശാഹി’ എന്ന പദം തന്നെ മുഴുവനായും പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന് എടുത്തതാണ്. മുസ്‌ലിം ഡക്കാന്‍ സുല്‍ത്താന്‍മാര്‍, മുഗളന്‍മാര്‍ എന്നൊക്കെ വിളിക്കപ്പെടുന്നവരും, ഹിന്ദു മറാത്തകള്‍ എന്ന് വിളിക്കപ്പെടുന്നവരും തമ്മില്‍ നടന്നിരുന്ന അതിരുകളില്ലാത്ത കൊടുക്കല്‍വാങ്ങലുകളെയാണ് അത് വെളിപ്പെടുത്തുന്നത്. തീര്‍ച്ചയായും ചരിത്രത്തെ ഇത്തരത്തില്‍ ലളിതയുക്തിയോടെ കാണുന്നത്, മറാത്താ കൊള്ളസംഘം ‘ഹിന്ദുക്കള്‍’ ഭൂരിപക്ഷമുള്ള പശ്ചിമബംഗാള്‍ ആക്രമിക്കുകയും, മറാത്തകള്‍ക്കെതിരെ ഒരു ‘മുസ്‌ലിം’ നവാബ് പടപൊരുതുകയും ചെയ്ത ചരിത്രത്തെ പുറന്തള്ളുന്നതിന് വഴിവെക്കും. ‘ഹിന്ദു’ ‘മുസ്‌ലിം’ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ് ഇന്നത്തെ ഇന്ത്യ. ഭൂതകാലത്തെയും അങ്ങനെ തന്നെ കാണാനുള്ള പ്രവണതയാണ് ഇന്ന് കാണുന്നത്. പക്ഷെ ഭൂതകാലത്തില്‍ വളരെ വ്യത്യസ്തമായൊരു രാജ്യമായിരുന്നു ഇന്ത്യ.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles