Current Date

Search
Close this search box.
Search
Close this search box.

കുലപതിയായ പ്രവാചകശ്രേഷ്ഠന്‍ എവിടെ?

”പ്രിയ പിതാവെ കാണാനോ കേള്‍ക്കാനോ വയ്യാത്ത ഈ ദൈവങ്ങളേയാണോ താങ്കള്‍ ആരാധിക്കുന്നത്? നിങ്ങള്‍ക്ക് ഒരു ഉപകാരവും ചെയ്തുതരാന്‍ അതിനാവില്ലല്ലോ!” വിഗ്രഹനിര്‍മാതാവും വിഗ്രഹാരാധകനുമായ തന്റെ പിതൃവ്യന്‍ ആസറിനെ ഉപദേശിച്ചുകൊണ്ടാണദ്ദേഹം തന്റെ പ്രബോധനം ആരംഭിച്ചത്. ഇത്തരം അധികപ്രസംഗം നിറുത്തിയില്ലെങ്കില്‍ നിന്നെ ഞാന്‍ വീട്ടില്‍നിന്ന് പുറത്താക്കുമെന്ന ഭീഷണികേട്ട് അദ്ദേഹം വീട്‌വിട്ടിറങ്ങി.

നൂഹ് നബി(അ)യുടെ സന്താന പരമ്പരയില്‍ പ്രളയം കഴിഞ്ഞ് 1263 വര്‍ഷങ്ങള്‍ക്കുശേഷം ബാബലോണിയ (ഇറാഖ്) യിലാണ് ഇബ്രാഹീം(അ) ജനിക്കുന്നത്. പിതാവ് താറഖ് ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടതിനാല്‍ പിതൃവ്യന്‍ ആസറിന്റെ വീട്ടിലാണദ്ദേഹം വളര്‍ന്നത്. ദുഖത്തോടെ വീട്‌വിട്ടിറങ്ങിയ ഇബ്രാഹീം (അ) ബാബിലോണിയക്കാരെല്ലാം ഒത്തുചേരുന്ന ക്ഷേത്രത്തിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും  പോയില്ല. ജനങ്ങളെല്ലാം ഉല്‍സവപ്പറമ്പില്‍ കൂത്താടുമ്പോള്‍ വിജനമായ ക്ഷേത്രത്തിലേക്ക് ഒരു വലിയ മഴുവുമായി ചെന്ന് ധാരാളം വിഗ്രഹങ്ങളുണ്ടായിരുന്നതില്‍ ചെറിയതിനേയെല്ലാം അടിച്ചുതകര്‍ത്തു. അവസാനം മഴു വലിയ വിഗ്രഹത്തിന്റെ കഴുത്തില്‍ തൂക്കിയിട്ട് ഇറങ്ങിപ്പോയി. ക്ഷേത്രത്തിലെത്തിയ ജനം അമ്പരന്നു. ആരാണീപ്പണി ചെയ്തത്.? ‘നമ്മുടെ ദൈവങ്ങളെയെല്ലാം വിമര്‍ശിച്ച് നടക്കുന്ന ഒരു യുവാവുണ്ടിവിടെ. അവനല്ലാതെ മറ്റാരും ഇത് ചെയ്യാന്‍ ധൈര്യപ്പെടുകയില്ല’ ഇബ്രാഹീം (അ)നെ വിളിച്ച് ചോദ്യംചെയ്തു. അദ്ദേഹം പറഞ്ഞു: ‘വലിയ ദൈവം അവിടെയുണ്ടല്ലോ, അതിനോട് ചോദിക്കൂ.’ കുപിതരായ ജനം ‘ നിനക്കറിയില്ലേ അതിന് സംസാരശേഷിയില്ലെന്ന്?” അവസരം കാത്തിരുന്ന ഇബ്രാഹീം (അ)പറഞ്ഞു ” ഒരു ഉപകാരവും ഉപദ്രവും നിങ്ങള്‍ക്ക് ചെയ്യാന്‍ വയ്യാത്ത, സംസാരശേഷിപോലുമില്ലാത്ത കേവലം ശിലകളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്. നിങ്ങളുടെ കാര്യം മോശം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ ? ” അവരുടെ വികാരം വ്രണപ്പെടുത്താനായിരുന്നില്ല ഇങ്ങിനെ ചെയ്തത്. അവരില്‍ യുക്തിബോധം വളര്‍ത്താന്‍ ശ്രമിച്ചതായിരുന്നു ഇബ്രാഹിം (അ). ഇതര മതസ്തരുടെ ആരാധ്യവസ്തുക്കളെ അവഹേളിക്കുന്നതും നശിപ്പിക്കുന്നതും ഇസ്‌ലാം നിരോധിച്ചകാര്യമാണ്.

അദ്ദേഹത്തിന്റെ 200 വര്‍ഷത്തെ ജീവിതകാലത്ത് അല്ലാഹുവിനോട് നടത്തിയ  പ്രാര്‍ത്ഥനയുടെ ഫലമായി  കൈവന്ന മഹത്തായ നേട്ടമാണ് പിന്നീട്‌വന്ന പുത്രന്‍ ഇസ്മാഈല്‍(അ) മുതല്‍ മുഹമ്മദ് (സ) വരെയുള്ള പ്രവാചക പരമ്പരയും  ഇന്ന് നാം കാണുന്ന ഇസ്‌ലാം സമൂഹവും, സംസ്‌കാരവും നാഗരികതയും, തന്റെ 133-ാം വയസ്സില്‍ ഏകദൈവാരാധനക്കായി അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം  അദ്ദേഹവും മുപ്പതുകാരനായ പുത്രന്‍ ഇസ്മാഈലും ചേര്‍ന്ന് പുതുക്കിപ്പണിത കെട്ടിടമാണ് ലോകത്തെ ഒന്നാമത്തെ ആരാധനാലയം .എല്ലാം പൂര്‍ത്തിയായശേഷം  അവര്‍ പ്രാര്‍ത്ഥിച്ചു ” നാഥാ ഞങ്ങളില്‍നിന്ന് ഈ കര്‍മ്മം സ്വീകരിക്കേണമേ! നീതന്നെയാണ് എല്ലാം അറിയുന്നവനും കേള്‍ക്കുന്നവനും. ” ലോകാവസാനംവരെയുള്ള മനുഷ്യ പരമ്പരകളെ ദൈവഭക്തിയുള്ള സന്മാര്‍ഗികളായ ദൈവദാസന്മാരാക്കാനായി അവര്‍ വീണ്ടും തുടര്‍ന്നു. ” രക്ഷിതാവേ നിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്ന, അവരെ സംസ്‌കരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന, അവര്‍ക്ക് വേദവും തത്വജ്ഞാനവും പകര്‍ന്നുകൊടുക്കുന്ന ഒരു പ്രവാചകനെ അവരില്‍നിന്ന് നീ നിയോഗിക്കേണമേ. ” ഖുര്‍ആന്‍ (2. 127). ഈ പ്രര്‍ത്ഥന നടത്തുന്ന കാലത്ത് മക്കയില്‍ ഒരു സമൂഹമില്ല.  ദേവാലയം പണിതശേഷം അവിടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള വിശ്വാസിസമൂഹം സമ്മേളിച്ച് നിര്‍വഹിക്കേണ്ട ആരാധനാ കര്‍മങ്ങളും അതിന്റെ  നിബന്ധനകളും ദൈവം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്കുത്തരമായി വെളിപ്പെടുത്തുകയുണ്ടായി. ഇബ്രാഹീമിന്റെ പ്രാര്‍ത്ഥനകള്‍ക്ക് സാക്ഷ്യം വഹിച്ച മിനാ, അറഫ, മുസ്ദലിഫ സ്വഫാ എന്നീ പ്രദേശങ്ങളിലും മഖാമ് ഇബ്രാഹീം, ഹജര്‍ ഇസ്മാഈല്‍, സംസം എന്നീ പ്രതീകങ്ങളിലും ചെയ്യേണ്ട പ്രര്‍ത്ഥനാകര്‍മങ്ങള്‍ അതേ രീതിയില്‍ ഇന്നും  ലക്ഷോപിലക്ഷം തീര്‍ത്ഥാടകര്‍ പിന്തടര്‍ന്നുവരുന്നു.

”ഇബ്രാഹിമിന് നാം കഅ്ബാ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണ്ണയിച്ചുകൊടുക്കുകയും തീര്‍ത്ഥാടനത്തിനായി പൊതുവിളംബരം ചെയ്യാനും പ്രദിക്ഷണം ചെയ്യുന്നവര്‍ക്കും നില്‍ക്കുന്നവര്‍ക്കും, നമിക്കുന്നവര്‍ക്കും, പ്രണമിക്കുന്നവര്‍ക്കുമായി അവിടം ശുദ്ധീകരിച്ചുവയ്ക്കാനും കല്‍പിച്ചു  ഏതാനും നിര്‍ണിത നാളുകളില്‍ ദൂരദിക്കുകളില്‍നിന്ന് ദൈവനാമം ഉച്ചരിച്ചുകൊണ്ട് കാല്‍നടയായും ഒട്ടകങ്ങളില്‍ കയറിയും എത്തിച്ചേരുന്നവര്‍ ആ പുണ്യപുരാതന മന്ദിരത്തെ  പ്രദക്ഷിണം ചെയ്യട്ടെ.”  അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക്  അല്ലാഹു ഉത്തരം നല്‍കി.

പിതൃവ്യനായ ഹാറാന്റെ പുത്രി സാറയെ വിവാഹം ചെയ്ത ഇബ്രാഹീമിന്ന് പ്രായം തൊണ്ണൂറ്റിയാറ് കഴിഞ്ഞിട്ടും സന്താനങ്ങളുണ്ടാവാതിരുന്നപ്പോള്‍,   അവര്‍ക്ക് ഈജിപ്തിലെ രാജാവ് സമ്മാനിച്ച പരിചാരികയായ  ഹാജറയെ വിവാഹം ചെയ്യാന്‍  സാറ പ്രേരിപ്പിക്കുകയുണ്ടായി. അതില്‍ ജനിച്ച പുത്രനാണ് ഇസ്മാഈല്‍. പുത്രനും ഭാര്യയുമായി അദ്ദേഹം പ്രയാണമാരംഭിച്ചു. മക്കയുടെ സമീപമെത്തിയപ്പോള്‍ അവരെ സ്വഫാ മലയുടെ താഴ്‌വാരത്തില്‍ നിറുത്തി. അദ്ദേഹം പ്രാര്‍ത്ഥിച്ചു.” ഞങ്ങളുടെ രക്ഷിതാവേ! നിന്റെ പവിത്ര ഭവനത്തിനടുത്ത് കൃഷിയില്ലാത്ത ഒരു താഴ്‌വരയില്‍, അവര്‍ നമസ്‌കാരം നിലനിര്‍ത്താനായി ഞാനിതാ എന്റെ സന്തതിയെ താമസിപ്പിച്ചിരിക്കുന്നു. അവരുടെ നേരെ മനുഷ്യരില്‍നിന്ന് അനുകമ്പയുണ്ടാക്കേണമേ. പഴവര്‍ഗങ്ങളില്‍ നിന്ന് അവരെ നീ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ.”

അദ്ദേഹത്തിന്റെ അനന്തമായ സഞ്ചാരത്തില്‍ ഏകദൈവത്തിലേക്കുള്ള സന്ദേശവുമായി ധാരാളം ജനതയെ അഭിമുഖീകരിച്ചു. മൂത്ത പുത്രന്‍ ഇസ്മായീലിനെ അല്ലാഹു നബിയായി നിയോഗിച്ചു. രണ്ടാമത്തെ മകന്‍ ഇസ്ഹാഖിനേയും പിന്നീട് അദ്ദേഹത്തിന്റെ പുത്രന്‍ യഅ്ഖൂബിനേയും അദ്ദേഹത്തന്റെ മകന്‍ യൂസഫിനേയും നബിയാക്കി. അല്ലാഹു അദ്ദേഹത്തെ മനുഷ്യകുലത്തിന്റേയും പ്രവാചക പരമ്പരയുടേയും നായകനാക്കി. സെമിറ്റിക്ക് മതങ്ങളുടെ കുലപതിയായ ഇബ്രാഹിം ഇരുനൂറാം വയസ്സില്‍ നിര്യാതനായി. തന്റെ പത്‌നി സാറയുടെ സമീപം തന്നെ ഖബറടക്കപ്പെട്ടു. ഇസ്ഹാഖിന്റേയും, യഅ്ഖൂബിന്റേയും അന്ത്യവിശ്രമവും പിതാവിന് സമീപംതന്നെ. ജറൂസലേമില്‍ ഹെബ്രോണിലെ ആ പ്രദേശം ഇന്ന് അല്‍ഖലീലി സിറ്റി (ഖലീലുള്ളാഹി എന്നതില്‍ നിന്ന് ലോപിച്ച നാമം) എന്ന പേരിലാണറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി മുസ്‌ലിം അധീനതയിലായിരുന്ന ഹറം ഇബ്രാഹിമിയിലെ മസ്ജിദ് ഇബ്രാഹിമില്‍ 1994 ല്‍ സുബ്ഹി നമസ്‌കാരം നടന്നുകൊണ്ടിരിക്കെ ജൂത പട്ടാളം ഇരച്ചുകയറി ഒരു മുന്നറിയിപ്പുമില്ലാതെ വെടിയുതിര്‍ക്കുകയും 67 പേര്‍ കൊല്ലപ്പെടുകയും പള്ളി പിടിച്ചെടുത്ത് പകുതിഭാഗം മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാനും മറ്റേപകുതി ജൂത സൈനഗൊഗാക്കുകയുമാണുണ്ടായത്. അവിടെ ഏഴ് ഖബറുകളില്‍ മൂന്നെണ്ണം ജൂതരുടെ കൈവശമാണ്. അവരുടെ ആഘോഷദിവസങ്ങളില്‍ പള്ളി അടച്ചിടും.  സായുധരായ ഇസ്രയീലി സുരക്ഷാഭടന്മാരുടെ മേല്‍നോട്ടത്തിലുള്ള പള്ളിയില്‍ ഫലസ്തീന്‍കാര്‍ നിരോധിക്കപ്പെട്ടിരിക്കുകയണ്. അന്യനാട്ടില്‍നിന്നെത്തുന്ന മുസ്‌ലിംകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇന്നും ചില പ്രത്യേകദിവസങ്ങളില്‍ മാത്രമേ പ്രവേശനമുള്ളു.

Related Articles