Current Date

Search
Close this search box.
Search
Close this search box.

ഒരു നെക്ക്‌ലസ്സിന്റെ കഥ

ഞാന്‍ മക്കയുടെ പരിസരത്ത് താമസിക്കുകയായിരുന്നു. ഒരു ദിവസം കടുത്ത വിശപ്പ് എന്നെ പിടികൂടി. അതിനോട് പൊരുതാന്‍ എനിക്കൊന്നും ലഭിച്ചതുമില്ല. അപ്പോഴാണ് പട്ട് തൊങ്ങലുകളുള്ള ഒരു പട്ടു സഞ്ചി കണ്ടത്. ഉടനെ ഞാനതെടുത്ത് വീട്ടില്‍ കൊണ്ടു പോയി. കെട്ടഴിച്ചു. ഒരു മുത്ത് നെക്ക്‌ലസ്സ്. മുമ്പൊരിക്കലും അത്തരമൊന്ന് ഞാന്‍ കണ്ടിരുന്നില്ല.

വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ ഒരു വൃദ്ധന്‍ ഈ സഞ്ചിയന്യോഷിക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ മുഷിഞ്ഞ വസ്ത്രത്തില്‍ 500 ദീനാര്‍.
‘മുത്തു സഞ്ചി തിരിച്ചു തരുന്നയാള്‍ക്കുള്ളതാണിത്. ‘ അയാള്‍ പറയുന്നു.
ഞാന്‍ സ്വയം പറഞ്ഞു: ഞാന്‍ ദരിദ്രന്‍! അതോടൊപ്പം വിശപ്പും! അതിനാല്‍ ഈ പണം ഞാന്‍ സ്വീകരിക്കും. പ്രയോജനപ്പെടുത്തും. സഞ്ചി തിരിച്ചു കൊടുക്കുകയും ചെയ്യും.

‘ വരൂ!’

ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ കൊണ്ടു പോയി.

സഞ്ചി, അതിന്റെ തൊങ്ങല്‍, അതിലെ മുത്തുകള്‍, അതിന്റെ എണ്ണം, കെട്ടാനുപയോഗിച്ച കയര്‍ എന്നിവയെല്ലാറ്റിനെയും കുറിച്ച വിശദീകരണങ്ങള്‍ അദ്ദേഹം എനിക്ക് തന്നു. അതിനാല്‍ ഞാന്‍ സഞ്ചി എടുത്തു അയാള്‍ക്ക് കൊടുത്തു. അയാള്‍ 500 ദീനാര്‍ എനിക്ക് തന്നു.
 
‘ഇത് നിങ്ങളെ തിരിച്ചേല്‍പിക്കുക എന്റെ ബാധ്യതയാണ്. അതിനാല്‍ ഞാന്‍ പ്രതിഫലം വാങ്ങുകയില്ല.’ ഞാന്‍ പറഞ്ഞു.

‘നിങ്ങള്‍ ഇത് വാങ്ങുക തന്നെ വേണം.’ അയാള്‍ വാശി പിടിച്ചു. പക്ഷെ, ഞാന്‍ അത് സ്വീകരിച്ചില്ല.

അയാള്‍ തന്റെ വഴിക്ക് പോയി.

എനിക്ക് ഒന്നുമുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ മക്ക വിട്ടു. കപ്പല്‍ യാത്ര തുടങ്ങി. കുറച്ച് കഴിഞ്ഞു. കപ്പല്‍ തകര്‍ന്നു. അതിലുണ്ടായിരുന്നവരെല്ലാം മുങ്ങുകയും ധനമെല്ലാം നശിക്കുകയും ചെയ്തു.

കപ്പലിന്റെ ഒരു തുണ്ടത്തിന്മേല്‍ പിടികിട്ടിയ ഞാന്‍ കുറെ സമയം കടലില്‍ തന്നെ അകപ്പെട്ടു. എവിടെക്ക് പോകണമെന്ന യാതൊരു അറിവുമില്ലാതെ.

അനന്തരം ഞാനൊരു ദ്വീപിലെത്തിപ്പെട്ടു. ജനവാസമുള്ളൊരു ദ്വീപ്. അവിടെ ഒരു പള്ളിയില്‍ ഞാനിരുന്നു. എന്റെ ഖുര്‍ആന്‍ പാരായണം കേട്ടതോടെ ദ്വീപ് നിവാസികളെല്ലാം ഓടിയെത്തി. അവര്‍ക്കെല്ലാം ഞാന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കണം.

ഇത് വഴി ഞാന്‍ കുറെ സമ്പാദിച്ചു. പിന്നീട് അവിടെ നിന്ന് ലഭിച്ച ഒരു ഖുര്‍ആന്‍ പേജ് ഞാന്‍ വായിക്കാന്‍ തുടങ്ങി. ഇത് കേട്ട നാട്ടുകാര്‍ അക്ഷരം പഠിപ്പിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയും അത് വഴി വീണ്ടും ഞാന്‍ സമ്പാദിക്കുകയും ചെയ്തു.

പിന്നീട് അവരെന്നോട്:

ഞങ്ങളുടെ കൂട്ടത്തില്‍ ഒരനാഥ പെണ്‍കുട്ടിയുണ്ട്. അവള്‍ക്കല്‍പം ധനവുമുണ്ട്. നിങ്ങളവളെ കല്യാണം കഴിക്കണമാന്നാണ് ഞങ്ങളുടെ ആഗ്രഹം.

ഞാന്‍ വിസമ്മതിച്ചുവെങ്കിലും അവര്‍ നിര്‍ബന്ധിക്കുകയായിരുന്നു. അവസാനം ആ ബാധ്യത അവര്‍ എന്റെ ചുമലില്‍ കെട്ടിവെക്കുകയും ഞാന്‍ സമ്മതിക്കുകയും ചെയ്തു.

കല്യാണം കഴിച്ച ശേഷം ഞാന്‍ അവളെ ശ്രദ്ധിച്ചു. അവളുടെ കഴുത്തില്‍ ഒരു നെക്ക്‌ലസ് തൂങ്ങുന്നു! അതേ നെക്ക്‌ലസ്!

എന്റെ നോട്ടം നെക്ക്‌ലസ്സില്‍ ഒതുങ്ങി.

അവര്‍ പറഞ്ഞു: ശൈഖ്, ഈ പെണ്‍കുട്ടിയെ ഒന്നു വീക്ഷിക്കുക പോലും ചെയ്യാതെ, അവളുടെ നെക്ക്‌ലസ്സിലേക്ക് മാത്രമുള്ള താങ്കളുടെ നോട്ടം അവളുടെ മനസ്സിനെ തകര്‍ത്തിരിക്കുന്നു.

നെക്ക്‌ലസ്സിന്റെ കഥ ഞാനവരോട് പറഞ്ഞു. അപ്പോള്‍ അവര്‍ ആര്‍ത്തു വിളിച്ചു:

‘ ലാ ഇലാഹ ഇല്ലല്ലാഹ്! അല്ലാഹു അക്ബര്‍!’

ദ്വീപ് നിവാസികളൊന്നടങ്കം കേള്‍ക്കും വിധമായിരുന്നു അത്. ഞാന്‍ കാര്യം തിരക്കി. അവര്‍ പറഞ്ഞു :

‘നിങ്ങളില്‍ നിന്നും ഈ നെക്ക്‌ലസ്സ് വാങ്ങിയത് അവളുടെ പിതാവ് തന്നെയായിരുന്നു. ‘എന്നെ ഈ നെക്ക്‌ലസ്സ് തിരിച്ചേല്‍പിച്ചവനേക്കാള്‍ വിശ്വസ്ഥനായ ഒരു മുസ്‌ലിമിനെയും ഞാന്‍ കണ്ടിട്ടില്ല എന്ന് അയാള്‍ പറയാറുണ്ടായിരുന്നു. ഞങ്ങളിരുവരെയും ഒരുമിപ്പിക്കേണമേ’ എന്നും ‘അയാള്‍ക്ക് എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ കഴിവ് നല്‍കേണമേ’ എന്നും അയാള്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.’

ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു.
പിന്നീട് അവളുമൊത്ത് കുറെ കാലം ഞാന്‍ കഴിഞ്ഞു. എനിക്ക് രണ്ടു പുത്രന്മാരുമുണ്ടായി. അനന്തരം അവള്‍ മരണപ്പെടുകയും ഞാനും പുത്രന്മാരും നെക്ക്‌ലസ്സ് പൈതൃകമെടുക്കുകയും ചെയ്തു. അവര്‍ മരണമടഞ്ഞതോടെ അത് എന്റേതായി തീര്‍ന്നു. ഒരു ലക്ഷം ദീനാറിന്ന് ഞാന്‍ അത് വിറ്റു. ഇപ്പോള്‍ എന്റെ വശമുള്ളത് അതിന്റെ മിച്ചമാണ്.

(അവലംബം :ത്വബഖാതുല്‍ ഹനാബില)
വിവ : കെ എ ഖാദര്‍ ഫൈസി

Related Articles