Current Date

Search
Close this search box.
Search
Close this search box.

ഉസ്മാനി ഖിലാഫത്തിന്റെ അന്ത്യം

1924 മാര്‍ച്ച് 3-ന് തുര്‍ക്കി പാര്‍ലമെന്റ് ഖിലാഫത്തിനെ റദ്ദാക്കി കൊണ്ട് വോട്ടു രേഖപ്പെടുത്തി. മുസ്തഫ കമാല്‍ തുര്‍ക്കി റിപബ്ലിക്കിന്റെ പ്രഖ്യാപനം നടത്തിയതിന് ശേഷമായിരുന്നു ഇത്. പ്രവാചകന്‍(സ)യുടെ മദീനയില്‍ നിന്ന് പ്രയാണം ആരംഭിച്ച ചരിത്രത്തിന്റെ വലിയൊരു ഏടാണ് അവിടെ ചുരുട്ടി വെച്ചത്. പ്രവാചകന്‍(സ)യുടെ വിയോഗത്തിന് ശേഷം ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രതീകമായിരുന്നു അത്. അവരുടെ ഭൗതികവും ആത്മീയവുമായ എല്ലാ കാര്യങ്ങളും സംരക്ഷിച്ചിരുന്ന സംവിധാനമായിരുന്നു അത്. അതല്ലാത്ത ഒരു പൗരത്വം അവര്‍ക്കുണ്ടായിരുന്നില്ല. ദേശീയതയുടെ പേരില്‍ അറിയപ്പെടുന്ന രാഷ്ട്രങ്ങളായിരുന്നില്ല അവര്‍ക്കുണ്ടായിരുന്നത്. ജാഹിലിയത്തിന്റെ കൊടിക്ക് കീഴില്‍ അവര്‍ അണിനിരുന്നില്ല. പാശ്ചാത്യ ശക്തികള്‍ മിക്ക ഇസ്‌ലാമിക നാടുകളിലും അധിനിവേശം നടത്തി. മുസ്‌ലിംകളുടെ ശക്തിയുടെ പ്രതീകമായിരുന്ന ഖിലാഫത്തിനെ നീക്കം ചെയ്യാന്‍ എല്ലാ വിധ ശ്രമവും അവര്‍ നടത്തി. അതിന്റെ ശക്തി ശോഷിച്ച ഘട്ടത്തില്‍ അവര്‍ക്കതിന് സാധിക്കുകയും ചെയ്തു.

ഒരു മുസ്‌ലിമിന്റെ സങ്കല്‍പത്തില്‍ പോലും ഇല്ലാത്ത കാര്യമാണ് പിന്നീട് നടന്നത്. ഖിലാഫത്ത് പിരിച്ചു വിടാനുള്ള ദൗത്യം മുസ്തഫാ കമാല്‍ അത്താതുര്‍ക് തന്നെ ഏറ്റെടുത്തു. ഇസ്‌ലാമും മുസ്‌ലിംകളുമായി യാതൊരു ബന്ധവും അവശേഷിക്കാത്ത ഒന്നായി തുര്‍ക്കിയെ മാറ്റുന്നതിനായിരുന്നു അത്. ഇസ്‌ലാമിക നഗരമായ ഇസ്‌ലാംബൂള്‍ (ഇസ്തംബൂള്‍) ആയിരുന്ന തലസ്ഥാനം മാറ്റി. അങ്കാറ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചു. റിപബ്ലിക്കിന്റെ പ്രസിഡന്റായി അദ്ദേഹം സ്വയം തന്നെ അവരോധിച്ചതിന് ശേഷമായിരുന്നു ഇതെല്ലാം നടത്തിയത്. പിന്നീട് തന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങളാണ് അത്താതുര്‍ക് നടത്തിയത്. മതത്തിനെതിരെ അയാള്‍ യുദ്ധം പ്രഖ്യാപിച്ചു. മതേതരത്വം അരക്കിട്ടുറപ്പിക്കുന്നതിനും ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്ന് തുര്‍ക്കിയെ വേര്‍പ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അതിന്റെ ഭാഗമായി 1925-ല്‍ പുരുഷന്‍മാര്‍ തുര്‍ക്കി തൊപ്പിക്ക് പകരം ഹാറ്റ് (Hat) ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കി. ഇസ്‌ലാമിക രീതികളെ മൊഴിചൊല്ലുന്നതിന്റെ പ്രതീകാത്മകമായ നടപടിയായിരുന്നു ഇത്. ജനാധിപത്യത്തിന്റെ പേരില്‍ നടത്തിയ മാറ്റങ്ങള്‍ പാശ്ചാത്യ രീതികളിലേക്കായിരുന്നു. എന്നാല്‍ ജനാധിപത്യത്തില്‍ വ്യക്തികളുടെ സ്വകാര്യത ആദരിക്കുന്നുണ്ടെന്നും അവരുടെ വ്യക്തി ജീവിതത്തില്‍ ഇടപെടുകയില്ലെന്നും അവര്‍ വാദിച്ചു.

എന്നാല്‍ കടുത്ത സ്വേച്ഛാധിപതിയായിരുന്ന അദ്ദേഹം അല്ലാഹുവിന്റെ ദീനിനോടും ഖുര്‍ആനിന്റെ ഭാഷയോടും കടുത്ത ശത്രുതയാണ് വെച്ചു പുലര്‍ത്തിയിരുന്നത്. ഹിജാബും മതചര്യ പ്രകാരമുള്ള വസ്ത്രധാരണവും അദ്ദേഹം വിലക്കി. മസ്ജിദുകളില്‍ ബാങ്കു വിളിക്കുന്നതിന് അനുമതി നല്‍കിയപ്പോള്‍ അത് തുര്‍ക്കി ഭാഷയിലായിരിക്കണമെന്ന് നിബന്ധന വെച്ചു.

ഇസ്‌ലാംബൂളിലുണ്ടായിരുന്ന ആയത് സോഫിയ മസ്ജിദ് മ്യൂസിയമാക്കി മാറ്റി. ഇസ്‌ലാമിന് മുമ്പുണ്ടായിരുന്ന തുര്‍ക്കിയുടെ ജീവിതത്തിലേക്ക് വീണ്ടും അതിനെ അത്താതുര്‍ക് മടക്കി കൊണ്ടു പോയി. ഹിജ്‌രി കലണ്ടറിനെ അവലംബിക്കുന്നതിന് പകരം ക്രിസ്തുവര്‍ഷത്തെ അവലംബിച്ചു. നേരത്തെ അറബി ലിപിയിലായിരുന്നു തുര്‍ക്കി ഭാഷ എഴുതിയിരുന്നത്. അത്താതുര്‍ക് അതിന്റെ ലിപി ലാറ്റിന്‍ നിശ്ചയിച്ചു. ആഴ്ച്ചയിലെ അവധി ദിനം വെള്ളിയില്‍ നിന്ന് ഞായറാക്കി മാറ്റി. സ്ത്രീകളുമായി ബന്ധപ്പെട്ട ശരീഅത്തിന്റെ എല്ലാ നിബന്ധനകളും അദ്ദേഹം റദ്ദാക്കി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയിലെ പ്രകൃതിപരമായ വ്യത്യാസങ്ങള്‍ പോലും പരിഗണിക്കാതെ എല്ലാ കാര്യത്തിലും സ്ത്രീകളെയും പുരുഷന്‍മാരെയും തുല്ല്യരാക്കി. തുര്‍ക്കിയെ അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു എന്ന വാദം ഉയര്‍ത്തിയാണ് ഇതെല്ലാം നടപ്പാക്കിയത്. ഇസ്‌ലാമിക അസ്തിത്വം ഇല്ലാതാക്കി പാശ്ചാത്യ നാഗരികതയില്‍ ഇഴുകി ചേരലായിരുന്നു അദ്ദേഹം മനസിലാക്കിയ വെളിച്ചം.

അത്താതുര്‍ക് നടത്തിയ ഏറ്റവും അപകടകരമായ നടപടിയായിരുന്നു ഇസ്‌ലാമിക ശരീഅത്ത് വിധികള്‍ റദ്ദാക്കി പകരം മനുഷ്യ നിര്‍മിത നിയമങ്ങള്‍ പകരം വെച്ചത്. സ്വിറ്റ്‌സ്വര്‍ലന്റിന്റെ സിവില്‍ നിയമങ്ങളും ഇറ്റലിയുടെ ക്രിമിനല്‍ നിയമങ്ങളും, ജര്‍മനിയുടെ കച്ചവട നിയങ്ങളുമാണ് അവിടെ പകരം വന്നത്. മുസ്‌ലിംകള്‍ ചരിത്രത്തില്‍ ആദ്യമായി ദൈവികേതര നിയങ്ങള്‍ വിധികള്‍ക്ക് അടിസ്ഥാനമായി സ്വീകരിച്ചതും അവിടെയായിരുന്നു. അവ പാശ്ചാത്യര്‍ നിര്‍മിച്ചതായിരുന്നു എന്ന പ്രത്യേകത കൂടി അതിനുണ്ടായിരുന്നു.

അറബ് – ഇസ്‌ലാമിക അടയാളങ്ങള്‍ തുടച്ചു നീക്കാന്‍ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളായിരുന്നു അത്താതുര്‍ക് സ്വീകരിച്ചത്. ഉന്നതരായ പണ്ഡിതന്മാരെയും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് എതിരു നിന്നവരെയും ലക്ഷ്യം വെച്ചു നടപടികളുണ്ടായി. അവരെ വധിക്കുകയും ജയിലലടക്കുകയും നാടുകടത്തുകയും ചെയ്തു. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ പോലും ജനാധിപത്യത്തിന്റെ പേരില്‍ ഹനിക്കപ്പെട്ടു.

അറബ് നാടുകളിലെ പാശ്ചാത്യരും അവരുടെ സ്തുതിപാഠകരും ഇപ്പോഴും മുസ്തഫാ കമാലിനെ പ്രശംസിക്കുന്നുണ്ടെന്നത് ആശ്ചര്യകരം തന്നെ. മധ്യകാല നൂറ്റാണ്ടിലെ അന്ധകാരത്തില്‍ നിന്ന് തുര്‍ക്കിയെ മോചിപ്പിച്ച നായകനായിട്ടാണ് അവരദ്ദേഹത്തെ കാണുന്നത്. അദ്ദേഹം നിര്‍വഹിച്ച സുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളും അവര്‍ എണ്ണിപ്പറയും. മതവിരോധത്തിലധിഷ്ഠിതമായ മതേതരത്വവും ശരീഅത്തിന്റെ ബന്ധനങ്ങളില്‍ നിന്ന് സ്ത്രീയെ മോചിപ്പിച്ചതും അവയില്‍ പ്രധാനപ്പെട്ടവയാണ്. അദ്ദേഹം ധിക്കാരിയായ സ്വേച്ഛാധിപതിയായിരുന്നുവെന്ന് അവര്‍ക്കും അറിയാം. എതിരഭിപ്രായങ്ങളെയൊന്നും അത്താതുര്‍ക് വെച്ചു പൊറുപ്പിച്ചിരുന്നില്ല. അദ്ദേഹം ശക്തമായി വാദിച്ചിരുന്ന ജനാധിപത്യവുമായി വളരെ വിദൂരമായ ബന്ധം പോലും അദ്ദേഹത്തില്‍ നമുക്ക് കാണാനാവില്ല എന്നതാണ് വസ്തുത.

ഖിലാഫത്ത് പിരിച്ചു വിട്ടതിന് ശേഷം മുസ്‌ലിംകള്‍ക്ക് അവരുടെ ആരാധനകളും ചിഹ്നങ്ങളും വഹിക്കുന്നതിന് കടുത്ത പ്രയാസങ്ങള്‍ അത്താതുര്‍ക് ഉണ്ടാക്കി. ഇസ്‌ലാമിന്റെ ശക്തി കേന്ദ്രമായിരുന്ന പഴയ തുര്‍ക്കിയുമായുള്ള എല്ലാ ബന്ധങ്ങളും ആ രാഷ്ട്രത്തിന് നഷ്ടപ്പെട്ടു. പാശ്ചാത്യന്റെയും ഇസ്രയേലിന്റെ ചൊല്‍പടിക്ക് കീഴിലുള്ള ഒരു പാവം രാഷ്ട്രമായിട്ടത് മാറുകയും ചെയ്തു. രാജ്യം സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയതിന് ശേഷം ഇസ്‌ലാമിന് പകരം മതേതരത്വത്തെ ഒരു മതമായി തന്നെ അവിടെ നടപ്പാക്കി. ഭരണനിര്‍വഹണ കേന്ദ്രങ്ങളിലെല്ലാം അതിനെ പിന്തുണക്കുന്നവരെ മാത്രം നിശ്ചയിച്ചു. ഇസ്‌ലാമിനെ എന്നെന്നേക്കുമായി ഞാന്‍ ഇല്ലാതാക്കിയിരിക്കുന്നു എന്നദ്ദേഹം വിചാരിച്ചു. കടുത്ത മദ്യപാനം മൂലം ഉണ്ടായ കരള്‍ രോഗത്തെ തുടര്‍ന്ന് 1938 നവംബര്‍ 10-ന് അത്താതുര്‍ക് മരണപ്പെട്ടു.

1292 വര്‍ഷം നിലകൊണ്ടതിന് ശേഷം ഇപ്രകാരമാണ് ഖിലാഫത്തിന് പതനം സംഭവിച്ചത്. അതോടെ മുസ്‌ലിം ഉമ്മത്തിന് അതിന്റെ കെട്ടുറപ്പ് നഷ്ടപ്പെട്ട് ശിഥിമായി. എന്നാല്‍ ഖിലാഫത്തിന്റെ മടക്കെ കുറിച്ച് മുസ്‌ലിംകള്‍ക്ക് പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തുര്‍ക്കിയുടെ ഇസ്‌ലാമിലേക്കുള്ള മടക്കം ഖിലാഫത്തിന്റെ മടക്കത്തെ കുറിച്ചുള്ള സന്തോഷ വാര്‍ത്തയാകുമോ?

വിവ : അഹ്മദ് നസീഫ്‌

Related Articles