Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ മുഖ്താറിന് മുന്നില്‍ കഴുമരം തലകുനിച്ചപ്പോള്‍

Umer-mukhthar.jpg

അടുത്ത കാലത്ത് ഞാന്‍ ലിബിയ സന്ദര്‍ശിക്കുകയുണ്ടായി. തലസ്ഥാന നഗരിയായ ബന്‍ഗാസിയിലും മറ്റും വിപ്ലവത്തെ തുടര്‍ന്നുണ്ടായ മാറ്റങ്ങളുടെ ചെറിയ അടയാളങ്ങള്‍ കാണാനുണ്ടായിരുന്നു. ജനങ്ങളില്‍ ഒരു തരം ആവേശവും പ്രസരിപ്പും തെളിഞ്ഞു നില്‍കുന്നുണ്ടായിരുന്നു. അവരുടെ ഉന്മേഷത്തിനും സജീവതക്കും പിന്നില്‍ ഇന്നും മഹാനായ വിപ്ലവകാരി ശഹീദ് ഉമര്‍ മുഖ്താര്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നത് എന്നെ അല്‍ഭുതപ്പെടുത്തി. ഉമര്‍ മുഖ്താര്‍ എന്തുകൊണ്ട് അവരില്‍ ഇത്രമാത്രം സ്വാധീനിച്ചുവെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് കൂടെയുണ്ടായിരുന്ന ലിബിയന്‍ സുഹൃത്ത് എന്നോട് ചോദിച്ചത്: ഉമര്‍ മുഖ്താര്‍ യുദ്ധം ചെയ്തിരുന്ന സ്ഥലം നിങ്ങള്‍ക്ക് കാണാന്‍ ആഗ്രഹമുണ്ടോ? എന്റെ ചിന്ത തിരിച്ചറിഞ്ഞത് പോലെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ബന്‍ഗാസി മെഡിക്കല്‍ കോളേജില്‍ എന്റെ ക്ലാസ് കഴിഞ്ഞതിന് ശേഷം കൂട്ടുകാരന്റെ കൂടെ ഉമര്‍മുഖ്താറിന്റെ ഓര്‍മകളുറങ്ങുന്ന മണ്ണിലേക്ക് യാത്രയായി. ബന്‍ഗാസിയില്‍നിന്ന് നൂറ് കിലോമീറ്ററോളം അകലെയായിരുന്നു ആ പ്രദേശം. ജബലുല്‍ അഖഌ എന്നായിരുന്നു ആ പട്ടണത്തിന്റെ പേര്. അതിനടുത്തുള്ള വാദി അല്‍കൂഫിലാണ് ഉമര്‍ മുഖ്താര്‍ താവളമടിച്ച് ഇറ്റാലിയന്‍ അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടിയിരുന്നത്. അവിടെയുള്ള മലകള്‍ക്കിടയില്‍ നിന്നാണ് മുജാഹിദുകള്‍ ഒളിയുദ്ധം നടത്തിയത്. മലമുകളിലെ ഗുഹകളിലാണ് അവര്‍ രാത്രി കഴിച്ചുകൂട്ടിയത്. ലിബിയയിലെ ജനങ്ങള്‍ ഈ സ്ഥലങ്ങളെയെല്ലാം ആത്മീയ വിശുദ്ധിയോടെയാണ് പരിഗണിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. മാത്രമല്ല അവിടെനിന്നാണ് അവര്‍ ഏത് നല്ല പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കാറുള്ളത്. അവസാനമായി ഖദ്ദാഫിയുടെ ഏകാധിപത്യത്തിനെതിരെ പടനയിക്കാന്‍ തുടങ്ങിയതും ഈ മഹാനായ ധീരമുജാഹിദിന്റെ ഓര്‍മ പുതുക്കിയായിരുന്നു.

അല്‍പം കൂടി മുന്നോട്ടുപോയി ഉമര്‍ മുഖ്താറിനെ ഓര്‍മിപ്പിക്കുന്ന കൂടുതല്‍ അവശിഷ്ടങ്ങളും ജനങ്ങള്‍ അവയോട് പുലര്‍ത്തുന്ന ബഹുമാനവും കണ്ടതോടെ എന്റെ ഉള്ളിലും ചില വികാരങ്ങള്‍ ഉയര്‍ന്ന് വന്നു. എന്റെ മനസ്സിന് വിറയല്‍ ബാധിച്ചപോലെയെനിക്ക് തോന്നി. ഖുര്‍ആന്‍ മനപ്പാഠമാക്കിയിരുന്ന പണ്ഡിതനായിരുന്ന ആ രക്തസാക്ഷിയെകുറിച്ച് ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. അദ്ദേഹത്തെകുറിച്ച് ഞാന്‍ വായിച്ച സംഭവങ്ങളും വാക്യങ്ങളും ഓര്‍ത്തതോടെ ജനങ്ങളില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഇപ്പോഴും അവശേഷിക്കുന്നതിന്റെ രഹസ്യം എനിക്ക് വെളിപ്പെട്ടു. കാരണം ഞാനും മനസ്സ് കൊണ്ട് അദ്ദേഹത്തെ ബഹുമാനിക്കാന്‍ തുടങ്ങി.

മുഖ്താറിന്റെ ചരിത്രങ്ങളെല്ലാം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അവയില്‍ ചിലത് ആത്മവിചാരണ നടത്താന്‍ എന്നെ പ്രേരിപ്പിച്ചു. അതിലുണ്ടായിരുന്ന ഒരു സംഭവമായിരുന്നു മുഖ്താറിനെ തൂക്കിലേറ്റുന്ന സമയത്തുണ്ടായത്. അദ്ദേഹത്തെ തൂക്കിലേറ്റാനായി കയര്‍ കഴുത്തില്‍ കുരുക്കാന്‍ വന്ന ഇറ്റാലിയന്‍ ഉദ്യോഗസ്ഥനോട് മുഖ്താര്‍ പറഞ്ഞു: ‘ഞാന്‍ നിന്നെക്കാള്‍ കൂടുതല്‍ കാലം ജീവിക്കും.’ ഉറച്ച ശബ്ദത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമായിരുന്നു അദ്ദേഹം ഇത് പ്രഖ്യാപിച്ചത്. കേട്ടിരുന്ന എല്ലാവരും അമ്പരന്നു. അത് വായിച്ച കാലത്ത് എനിക്കും അത് അല്‍ഭുതമായിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ നാട്ടില്‍ സന്ദര്‍ശനം നടത്തിയ എനിക്ക് അതിന്റെ യാഥാര്‍ഥ്യം മനസ്സിലായി. കാരണം അദ്ദേഹത്തെ തൂക്കിലേറ്റിയ പോലീസുകാരന്‍ എന്നോ മരിച്ച് മണ്ണടിഞ്ഞുപോയിട്ടുണ്ട്. ഉമര്‍ മുഖ്താറിനെ തൂക്കിലേറ്റി വര്‍ഷങ്ങള്‍ക്ക് ശേഷമാകാം ആ ഇറ്റാലിയന്‍ ഉദ്യോഗസ്ഥന്‍ മരിച്ചത്. പക്ഷെ അത് രേഖപ്പെടുത്തപ്പെടാന്‍ പോലും ആ പട്ടാളക്കാരന്‍ അര്‍ഹനായിരുന്നില്ല. എന്നാല്‍ അന്ന് കൊല്ലപ്പെട്ട ഉമര്‍ മുഖ്താറോ! ആ ധീര രക്തസാക്ഷി ഇന്നും ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ജീവിതശൈലികളിലും ജീവിച്ചുകൊണ്ടേയിരിക്കുന്നു. ഉമര്‍ മുഖ്താര്‍ ഇനിയും മരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ നൂറ് ശതമാനം സത്യം തന്നെയാണ്. പ്രായത്തില്‍ എല്ലാവരെയും മറികടക്കുന്നു അദ്ദേഹം ഇന്നും ജീവിക്കുന്നു. ലിബിയയുടെ തെരുവുകളിലൂടെ നടക്കുന്ന എനിക്ക് മുഖ്താര്‍ മരിച്ചെന്ന് വിശ്വിസിക്കാനാവുന്നില്ല. എന്റെ ചുറ്റും ധാരാളം മുഖ്താറുമാരുണ്ടെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.

സിനിമകളിലും മറ്റ് കലാരൂപങ്ങളിലും ഉമര്‍മുഖ്താറിന്റെ ധീരതകള്‍ ചിത്രീകരിക്കപ്പെടുന്നു. ലിബിയക്കാരുടെ മാത്രമല്ല ലോകത്തെ എല്ലാ വിപ്ലവകാരികളുടെയും മാതൃകയും വഴികാട്ടിയുമായി അദ്ദേഹം സ്മരിക്കപ്പെട്ടു. ഇപ്രകാരം മുഖ്താര്‍ കാലങ്ങള്‍ ജീവിച്ചു, മരണമില്ലാതെ. ഇത്തരം കാര്യങ്ങള്‍ ലിബിയയില്‍ നേരില്‍ കണ്ടപ്പോഴാണ് വിശുദ്ധ ഖുര്‍ആനില്‍ രക്തസാക്ഷികള്‍ മരിക്കുന്നില്ലെന്ന വാക്കിന്റെ യഥാര്‍ത്ഥ സൂചന ഞാന്‍ മനസ്സിലാക്കിയത്.

തുടര്‍ന്ന് മുഖ്താറിന്റെ ഇളയ മകനെ കാണാന്‍ ആഗ്രഹമുണ്ടോ എന്ന് എന്റെ വഴികാട്ടി ചോദിച്ചു. ഞാന്‍ അതെയെന്ന് തലകുലുക്കിയതോടെ അദ്ദേഹമെന്നെ മുഹമ്മദ് ഉമര്‍ മുഖ്താറിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയ ഞാന്‍ അദ്ദേഹത്തിന് ആളുകള്‍ നല്‍കുന്ന പരിഗണനയും ബഹുവമാനവും കണ്ട് അമ്പരന്നുപോയി. ഉമര്‍ മുഖ്താറിന്റെ മക്കളെ പോലും ആദരിക്കുന്ന തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം വളര്‍ന്നിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തിനുണ്ടായിരുന്ന ചില സിദ്ധികളെയും കഴിവുകളെയും കുറിച്ച് കുടുംബാംഗങ്ങളില്‍ നിന്നും ഞാന്‍ കേട്ടറിഞ്ഞു. ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവുകളും, പാണ്ഡിത്യവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ ധീരതയും സമരാവേശവും ആരെയും സ്വധീനിക്കാന്‍ പോന്നതായിരുന്നു.

നാടുവിട്ടുപോകാന്‍ തയ്യാറാണെങ്കില്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഇറ്റാലിയന്‍ സേന അദ്ദേഹത്തിന് മുന്നില്‍ നിബന്ധനവെച്ചിരുന്നു. എന്നാല്‍ ഉമര്‍ മുഖ്താര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘ഞങ്ങള്‍ക്ക് രണ്ട് കാര്യങ്ങളല്ലാതെ അറിയില്ല: ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ രക്തസാക്ഷിത്വം വരിക്കുക.’ മരണത്തെ ഭയക്കാത്ത ഇത്തരം ധീരരായ പോരാളികള്‍ മരിക്കാതെ എന്നെന്നും ജീവിക്കും. ഇപ്രകാരം രക്തസാക്ഷിത്വത്തിലൂടെ ചിരഞ്ജീവിയായ മഹാനായ ധീരപോരാളിയായിരുന്നു ഉമര്‍മുഖ്താര്‍.

വിവ: ജുമൈല്‍ കൊടിഞ്ഞി        
 

Related Articles