Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ ആഗമനം ഇന്ത്യയില്‍

cheraman-masjid.jpg

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ (ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്) ഇന്ന് 50 കോടി മുസ്‌ലിംകളാണുള്ളത്. ലോകമുസ്‌ലിം ജനസംഖ്യയുടെ വലിയൊരു ഭാഗമാണിത്. ഇസ്‌ലാമിന്റെ ആഗമനം ഈ പ്രദേശത്തിനും അവിടത്തെ ആളുകള്‍ക്കും വലിയ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എങ്ങനെ ഇത്രത്തോളം മുസ്‌ലിംകളുണ്ടായി എന്നതിനെ കുറിച്ച് പല അഭിപ്രായങ്ങളും ഇന്ന് നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് അറബ് പേര്‍ഷ്യന്‍ മുസ്‌ലിംകള്‍ നടത്തിയ സൈനിക മുന്നേറ്റങ്ങളിലൂടെയാണെന്നുള്ള ചില തല്‍പര കക്ഷികളുടെ പ്രചരണം. എന്നാല്‍ യാഥാര്‍ത്ഥ്യം അതില്‍ നിന്നും എത്രയോ വിദൂരമാണ്.

ആദ്യകാല ഇന്ത്യന്‍ മുസ്‌ലിംകള്‍
പ്രവാചകന്റെ ജനനത്തിന് മുമ്പ് തന്നെ അറബ് കച്ചവടക്കാര്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങളും സ്വര്‍ണവും ആഫ്രിക്കന്‍ ചരക്കുകളും തേടി നിരന്തരം അറബ് കച്ചവടക്കാര്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളിലേക്ക് തുഴഞ്ഞിരുന്നു. പിന്നീട് അറബികള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ സ്വാഭാവികമായും അവരുടെ പുതിയ വിശ്വാസവും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം മുസ്‌ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് എ.ഡി 629-ലാണ് (പ്രവാചകന്‍ മുഹമ്മദ് നബി(സ) ജീവിതകാലത്ത്) പണികഴിപ്പിക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്നും ആദ്യം ഇസ്‌ലാം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍ ഭാസ്‌കര രവി വര്‍മയാണത് നിര്‍മിച്ചത്. അറബ് മുസ്‌ലിംകള്‍ക്കും ഇന്ത്യക്കാര്‍ക്കും ഇടയിലെ വ്യാപാരം തുടര്‍ന്നതിന്റെ ഫലമായി ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ ഇസ്‌ലാമിന് പ്രചാരണം ലഭിച്ചു. കുടിയേറ്റത്തിലൂടെയും മതപരിവര്‍ത്തനത്തിലൂടെയും മുസ്‌ലിംകള്‍ ഇവിടെയുണ്ടായി.

മുഹമ്മദ് ബിന്‍ ഖാസിം
ഇന്ത്യയില്‍ ഇസ്‌ലാമിന് വ്യാപകമായ പ്രചാരം ലഭിച്ചത് അമവി ഖലീഫമാരുടെ കാലത്താണ്. ദമസ്‌കസ് ആസ്ഥാനമായിട്ടായിരുന്നു അവര്‍ ഭരണം നടത്തിയിരുന്നത്. 711-ല്‍ സിന്ധിലേക്ക് അധികാരം വ്യാപിപ്പിക്കുന്നതിനായി അമവി ഖലീഫ താഇഫില്‍ നിന്നുള്ള 17 കാരനായ മുഹമ്മദ് ബിന്‍ ഖാസിമിനെ നിയോഗിച്ചു. ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് സിന്ധു നദിക്ക് ചുറ്റുമുള്ള പ്രദേശമാണ് സിന്ധ്. പേര്‍ഷ്യയുടെ കിഴക്കേ അറ്റത്തുള്ള പ്രദേശമായ മക്‌റാനില്‍ (ബലൂചി) നിന്നും 6,000 സൈനികരെയും നയിച്ച് മുഹമ്മദ് ബിന്‍ ഖാസിം വന്നു.

പറയത്തക്ക എതിര്‍പ്പൊന്നും ഇല്ലാതെ ഇന്ത്യയിലേക്ക് വഴിയൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സിന്ധു നദീതീരത്തുള്ള നെറൂണ്‍ പട്ടണത്തില്‍ എത്തിയ അദ്ദേഹത്തെ അവിടം ഭരിച്ചിരുന്ന ബുദ്ധ സന്യാസിമാര്‍ സ്വാഗതം ചെയ്തു. അതിലൂടെ സിന്ധു നദീതീരത്തുള്ള മിക്ക പട്ടണങ്ങളും സ്വമേധയാ മുസ്‌ലിം ആധിപത്യത്തിന് കീഴില്‍ വന്നു. ഒരു യുദ്ധത്തിന്റെ ആവശ്യം അവിടെ ഉണ്ടായില്ല. ചിലയിടത്തെല്ലാം ഹിന്ദു ഗവര്‍ണര്‍മാരില്‍ നിന്നും ബുദ്ധ ന്യൂനപക്ഷം മുസ്‌ലിം സൈന്യത്തിന്റെ അടുത്ത് അഭയം തേടി.

ഭൂരിപക്ഷം ജനങ്ങളുടെം പിന്തുണയും അംഗീകാരവും ഉണ്ടായിട്ടും മുസ്‌ലിം സൈനിക മുന്നേറ്റത്തെ സിന്ധിലെ രാജാവ് ദാഹിര്‍ എതിര്‍ത്തു. മുഹമ്മദ് ബിന്‍ ഖാസിമിനെ നേരിടാന്‍ അദ്ദേഹം സൈന്യത്തെ സജ്ജമാക്കുകയും ചെയ്തു. 712-ല്‍ ഇരു സൈന്യവും ഏറ്റുമുട്ടുകയും മുസ്‌ലിംകള്‍ വലിയ വിജയം നേടുകയും ചെയ്തു. പ്രസ്തുത വിജയത്തോടെ സിന്ധ് പൂര്‍ണമായും മുസ്‌ലിം ഭരണത്തിന് കീഴില്‍ വന്നു.

എന്നാല്‍ ഇസ്‌ലാം സ്വീകരിക്കാന്‍ സിന്ധ് ജനത നിര്‍ബന്ധിക്കപ്പെട്ടില്ലെന്നത് വളരെയധികം ശ്രദ്ധേയമായാ കാര്യമാണ്. അവിടത്തെ മിക്ക ആളുകളുടെയും ദൈനംദിന ജീവിതത്തില്‍ യാതൊരു മാറ്റവും അതുണ്ടാക്കിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുഹമ്മദ് ബിന്‍ ഖാസിം തന്റെ ഭരണത്തില്‍ ഹിന്ദുക്കള്‍ക്കും ബുദ്ധന്‍മാര്‍ക്കും മതസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പു നല്‍കി. ബ്രാഹ്മണ ജാതിക്കാര്‍ നികുതി പിരിവുകാരെന്ന തങ്ങളുടെ ജോലിയില്‍ തുടര്‍ന്നതും ബുദ്ധ സന്യാസിമാര്‍ തങ്ങളുടെ മഠങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയതും അതിനുദാഹരണമാണ്. അദ്ദേഹത്തിന്റെ മതസഹിഷ്ണുതയിലും നീതിയിലും ആകൃഷ്ടരായ നിരവധി പട്ടണങ്ങള്‍ ക്രമേണ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സൈന്യത്തെയും പാട്ടുപാടിയും നൃത്തം ചെയ്തും എതിരേറ്റു.

മതപരിവര്‍ത്തനത്തിന്റെ സ്വഭാവം
ഇന്ത്യയില്‍ വിജയ തരംഗങ്ങള്‍ സൃഷ്ടിച്ച മുസ്‌ലിം സൈന്യങ്ങള്‍ സമാനമായ രീതി തന്നെയായിരുന്നു സ്വീകരിച്ചത്. മഹ്മൂദ് ഗസനിയെയും മുഹമ്മദ് തുഗ്ലക്കിനെയും പോലുള്ള നേതാക്കള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ മത, സാമൂഹിക ഘടനക്ക് മാറ്റം വരുത്താതെ തന്നെ തങ്ങളുടെ രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചു. കാരണം സമൂഹത്തെ പലതായി വേര്‍തിരിച്ചിരുന്ന ജാതിവ്യവസ്ഥയായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം ഘട്ടംഘട്ടമായിട്ടാണുണ്ടായത്. പലപ്പോഴും ചില ജാതികള്‍ ഒന്നിച്ച് ഇസ്‌ലാം സ്വീകരിച്ചു. അതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. വ്യവസ്ഥാപിത വര്‍ഗീയതയായ ജാതിവ്യവസ്ഥയില്‍ അവര്‍ക്ക് അന്യമായിരുന്ന ഇസ്‌ലാമിലെ സമത്വമായിരുന്നു അവരെ ആകര്‍ഷിച്ച പ്രധാന ഘടകം. ജാതിവ്യവസ്ഥയില്‍ ഒരാളുടെ ജനനമാണ് സമൂഹത്തിലെ അയാളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. തങ്ങളുടെ രക്ഷിതാക്കള്‍ക്ക് ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഒരവസരവും അവര്‍ക്കും ലഭ്യമായിരുന്നില്ല. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതിലൂടെ ബ്രാഹ്മണര്‍ക്ക് പാദസേവ ചെയ്തിരുന്ന സ്ഥാനത്തു നിന്നും സമൂഹത്തില്‍ ഉയര്‍ന്ന് നില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഒരുകാലത്ത് ഉപഭൂഖണ്ഡത്തില്‍ വളരെ പ്രചാരമുണ്ടായിരുന്ന ബുദ്ധമതം മുസ്‌ലിം ഭരണത്തില്‍ ക്രമേണ ഇല്ലാതാവുകയായിരുന്നു. ജാതിവ്യവസ്ഥയില്‍ നിന്ന് മോചനം ലഭിക്കാനായി നേരത്തെ ബുദ്ധമതത്തിലേക്കായിരുന്നു ആളുകള്‍ മാറിയിരുന്നത്. ഇസ്‌ലാമിന്റെ ആഗമനത്തോടെ ബുദ്ധമതത്തിലേക്ക് മാറുന്നതിന് പകരം ആളുകള്‍ ഇസ്‌ലാമിനെ പുല്‍കാന്‍ തുടങ്ങി. ബുദ്ധമത്തെ ഇസ്‌ലാം ആക്രമണത്തിലൂടെ തകര്‍ക്കുയായിരുന്നു എന്ന പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. മുസ്‌ലിം ഭരണത്തിന് കീഴില്‍ വളരെ സഹകരണത്തോടെയായിരുന്നു അവര്‍ ജീവിച്ചിരുന്നത്. അവര്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനമോ അക്രമണങ്ങളോ നടന്നതിന് ഒരു തെളിവുമില്ല.

ആളുകള്‍ക്കിടയില്‍ ഇസ്‌ലാം എത്തിക്കുന്നതില്‍ പ്രബോധകരും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ ആളുകളെ പഠിപ്പിക്കാനായി മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിച്ചു. അവരില്‍ പലരും സൂഫി ആശയങ്ങളായിരുന്നു പ്രസംഗിച്ചിരുന്നത്. ജനങ്ങളെ വളരെയധികം അത് ആകര്‍ഷിച്ചു. രാജ്യത്തെ ജനങ്ങളിലേക്ക് ഇസ്‌ലാമിനെ എത്തിക്കുന്നതില്‍ ഈ പ്രബോധകര്‍ കാര്യമായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്.

ഇസ്‌ലാം പ്രചരിച്ചത് വാളിന്റെ തണലിലോ?
ഇസ്‌ലാമിന് ഇന്ത്യയില്‍ ഇത്രത്തോളം പ്രചാരം ലഭിച്ചത് അക്രമത്തിന്റെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും മറവിലാണെന്ന് ചിലര്‍ വാദിക്കാറുണ്ട്. എന്നാല്‍ അതിന് തെളിവുകളുടെ യാതൊരു പിന്‍ബലവുമില്ല. മുസ്‌ലിം നേതാക്കന്‍മാര്‍ മിക്കയിടത്തും അവിടത്തെ ഹിന്ദു രാജാക്കന്‍മാരെ മാറ്റുക മാത്രമാണ് ചെയ്തത്. സമൂഹത്തിന്റെ അവസ്ഥക്ക് ഒരു മാറ്റവും അവര്‍ വരുത്തിയിരുന്നില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ കഥകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാര്യമാണ്. അതിന് തന്നെ വിശ്വാസയോഗ്യമായ മതിയായ തെളിവുകളുടെ പിന്‍ബലവുമില്ല.

അക്രമത്തിലൂടെയും യുദ്ധത്തിലൂടെയുമായിരുന്നു ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചിരുന്നതെങ്കില്‍ മുസ്‌ലിം ലോകത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളില്‍ മാത്രമേ മുസ്‌ലിംകള്‍ അവശേഷിക്കുമായിരുന്നുള്ളൂ. അങ്ങനെയായിരുന്നെങ്കില്‍ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് മാത്രമേ മുസ്‌ലിം ജനസംഖ്യ ഉണ്ടാവുമായിരുന്നുള്ളൂ. എന്നാല്‍ ഉപഭൂഖണ്ഡത്തിന്റെ മുക്കുമൂലകളിലെല്ലാം മുസ്‌ലിം സമൂഹങ്ങളെ നമുക്ക് കാണാം. കിഴക്കേ അറ്റത്തുള്ള ബംഗ്ലാദേശില്‍ 15 കോടി മുസ്‌ലിംകളാണുള്ളത്. പടിഞ്ഞാറന്‍ മ്യാന്‍മാറിലും ഇന്ത്യയിലും കിഴക്കന്‍ ശ്രീലങ്കയിലും വരെ മുസ്‌ലിം സമൂഹങ്ങളെ നമുക്ക് കാണാം. സമാധാനത്തിന്റെ മാര്‍ഗത്തിലൂടെയാണ് ഇസ്‌ലാം ഇന്ത്യയില്‍ പ്രചരിച്ചതെന്നതിന്റെ വ്യക്തമായ തെളിവാണത്. മറിച്ചായിരുന്നെങ്കില്‍ ഒരു മുസ്‌ലിം ഭരണകൂടമോ മുസ്‌ലിം സമൂഹങ്ങളോ ഇവിടെ നിലനില്‍ക്കുമായിരുന്നില്ല.

മൊഴിമാറ്റം: നസീഫ്‌

Related Articles