Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക ഖിലാഫത്തില്‍ വ്യതിചലനത്തിന്റെ ആരംഭം

കാലം ഇസ്‌ലാമിന്റെ നിയമസംഹിതകള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും പല മാറ്റങ്ങളും വരുത്തുകയുണ്ടായി. പ്രവാചകന്റെ അനുചരന്മാര്‍ക്ക് പാളിച്ചകള്‍ സംഭവിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പദവികളും അധികാരങ്ങളും നല്‍കുന്നതില്‍ പ്രവാചകന്‍ സ്വീകരിച്ച നയനിലപാടുകള്‍ മാറ്റംകൂടാതെ തുടര്‍ന്നവരായിരുന്നു ഖലീഫമാര്‍. നബി ഹസ്രത്ത് അലിക്കല്ലാതെ ഹാശിം കുടുംബത്തില്‍ മറ്റാര്‍ക്കും പ്രത്യേക പദവി നല്‍കിയിരുന്നില്ല. അബൂബക്കറും ഉമറും ഇതേ നയം തന്നെ തുടര്‍ന്നതിനാല്‍ ഗോത്ര കുടുംബ പക്ഷപാതിത്വങ്ങള്‍ ഈ കാലത്ത് സംഭവിച്ചില്ല. എന്നാല്‍ പിന്നീട് അധികാരമേറ്റ ഹസ്രത്ത് ഉസ്മാന്‍ സ്വന്തം ബന്ധുക്കളെ ഉന്നത പദവികളില്‍ നിയമിച്ചു. പക്ഷപാതപരമായ മറ്റുചില നടപടികളും ജനങ്ങളുടെ ആക്ഷേപത്തിനിടയാക്കി. തന്റെ മാതാവൊത്ത സഹോദരനെയാണ് കൂഫയുടെ ഗവര്‍ണറാക്കിയത്. അദ്ദേഹത്തിനു ശേഷം ആ പദവി നല്‍കിയത് തന്റെ ഒരു സുഹൃത്തിനായിരുന്നു. സ്വന്തം മാതുല പുത്രനെ ബസറയിലെ ഗവര്‍ണറാക്കി. മുലകുടി ബന്ധത്തിലുള്ള മറ്റൊരു സഹോദരനെയാണ് ഈജിപ്തില്‍ ഗവര്‍ണറാക്കിയത്. ഡമസ്‌കസിന്റെ ചുമതല മാത്രമുണ്ടായിരുന്ന മുആവിയക്ക് ഫലസ്തീന്‍, ജോര്‍ഡാന്‍, ലബനാന്‍, ഹിംസ് എന്നീ വിശാല പ്രദേശങ്ങളുടെ അധികാരം കൂടിനല്‍കി. മര്‍വാനുബിനുല്‍ ഹഖം എന്ന തന്റെ പിതൃവ്യ പുത്രനെ സ്വന്തം സെക്രട്ടറിയാക്കിയതോടെ ഖുറാസാന്‍ മുതല്‍ ഉത്തരാഫ്രിക്ക വരെയുള്ള മുഴുവന്‍ സ്റ്റേറ്റുകളും ഒരേ കുടുബത്തില്‍പെട്ട ഗവര്‍ണര്‍മാര്‍ ഭരിക്കുകയും അതേകുടുംബത്തില്‍പെട്ട ഒരു വ്യക്തി ഖലീഫയുടെ സെക്രട്ടറിയാവുകയും  ചെയ്തത് പ്രശ്‌നങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാരണമായി. പ്രമുഖ സഹാബിമാര്‍ പോലും ഈ നടപടികളെ അനുകൂലിച്ചിരുന്നില്ല. ഈ വ്യക്തികളാവട്ടെ അവസാനസമയംവരെ പ്രവാചകനേയും ഇസ്‌ലാമനേയും എതിര്‍ത്തവരും പ്രവാചകന്റെ മക്കാവിജയത്തിനുശേഷം പൊതുമാപ്പ് ലഭിച്ച് ഇസ്‌ലാമിലേക്കെത്തിയവരുമായിരുന്നു.

ഇവരില്‍പെട്ട അബ്ദുല്ലാഹിബ്‌നു സര്‍ഹ് മുസ്‌ലിമായശേഷം മതം ഉപേക്ഷിച്ച് പോയ വ്യക്തിയായിരുന്നു. മക്കാവിജയവേളയില്‍ കഅബയുടെ പരിസരത്തുവെച്ച് കണ്ടാല്‍പോലും വധിച്ചുകളയാന്‍ കല്‍പിക്കപ്പെട്ടവനായിരുന്നു ഇയാള്‍. ഹസ്രത്ത് ഉസ്മാനായിരുന്നു ഇയാളെ പ്രവാചകന്റെ മുമ്പില്‍ ഹാജരാക്കി മാപ്പ് വാങ്ങിക്കൊടുത്തത്. ഇസ്‌ലാമിന്ന് ആത്മാര്‍പ്പണം ചെയ്ത് പോരാടിയ ആദ്യകാല വിശ്വാസികളെ അവഗണിച്ച് ഇവരെ അധികാരത്തിലേറ്റിയത് സ്വാഭാവികമായും അസംതൃപ്തിയുളവാക്കി. മര്‍വാനുബിനുല്‍ ഹഖമിനെ കടുത്ത ചില അപരാധങ്ങളുടേയും അനാശാസ്യമായ പ്രവര്‍ത്തനങ്ങളുടേയും പേരില്‍ പ്രവാചകന്‍  മദീനയില്‍നിന്ന് പുറത്താക്കിയതിനാല്‍ ത്വായിഫില്‍  കഴിയുകയായിരുന്നു. ഹസ്രത്ത് അബൂബക്കര്‍ അദ്ദേഹെത്ത  തിരിച്ചു വരാന്‍ .അനുവദിച്ചില്ല. ഉമറിന്റെ കാലത്തും അനുവാദം നല്‍കിയില്ല. ഉസ്മാന്‍ തന്റെ ഖിലാഫത്ത് കാലത്ത് അദ്ദേഹത്തെ തിരിച്ചു. മാത്രമല്ല തലമുതിര്‍ന്ന മുഴുവന്‍ സഹാബിമാരേയും തഴഞ്ഞ് പ്രവാചകന്‍ അനഭിലഷണീയനായിക്കണ്ട ഒരു വ്യക്തിയുടെ പുത്രനെ അദ്ദേഹത്തിന്റെജീവിതകാലത്ത്  ഖലീഫയുടെ സെക്രട്ടറിയാക്കിയത് ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമായിരുന്നു.

ഈ അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാവിധത്തിലും ഉസ്മാന്റെ ഖിലാഫത്ത് മാതൃകാപരമായിരുന്നു. അദ്ദേഹത്തിന്റെ ശാന്തസ്വഭാവവും ശുദ്ധഗതിയും മുതലെടുത്ത് മര്‍വാനുബിനുല്‍ ഹഖമും മറ്റുള്ളവരും നടപ്പാക്കിയ പരിപാടികളുടെ ഉത്തരവാദിത്വം ഖലീഫയുടെമേല്‍ ചുമത്തപ്പെട്ടു. ഈജിപ്ത്, ഡമാസ്‌കസ്, ബസറ, കൂഫ എന്നിവിടങ്ങളിലെ അസംതൃപ്തരായ രണ്ടായിരം   പേര്‍ പെട്ടെന്ന് മദീനയിലെത്തി ഉപജാപങ്ങള്‍ സംഘടിപ്പിച്ചു മദീനയിലെ പ്രാമാണികരായ മുഹാജിറുകളോ അന്‍സാറുകളോ അവരുടെപക്ഷത്ത് ചേര്‍ന്നില്ല. ഉടന്‍ ഖിലാഫത്ത് വിട്ടൊഴിയണം എന്ന ആവശ്യവുമായി അവര്‍ ഹസ്രത്ത് ഉസ്മാനെ പള്ളിയില്‍ ഉപരോധിച്ചു. ”നിങ്ങളുടെ ന്യായമായ എല്ലാ ആവലാതികള്‍ക്കും മറുപടി നല്‍കാന്‍ ഞാന്‍ ഒരുക്കമാണ്. എന്നാല്‍ നിങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം പദവി ഒഴിയാന്‍ തയാറല്ല.” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങിനെ അവരുടെ ഉപരോധം നാല്‍പ്പത് ദിവസത്തോളം നീണ്ടുനിന്നു. ഭക്ഷണവും വെള്ളവും വരെ ആ അരാജകവാദികള്‍ തടഞ്ഞു. അവസാനം അവര്‍ അതിക്രമിച്ചുകടന്ന് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഖലീഫാ ഉസ്മാനെ വധിച്ചു. മൂന്ന് ദിവസം അദ്ദേഹത്തിന്റെ ശരീരം മറവുചെയ്യാനനുവദിക്കാതെ തടഞ്ഞുവെച്ചു. ഹസ്രത്ത് ഉസ്മാന്റെ രക്തസാക്ഷ്യത്തോടെ ഖിലാഫത്ത് വ്യവസ്ഥക്ക് ഗുരുതരമായ വിള്ളലാണ് സംഭവിച്ചത്. ഇതിന്റെ പ്രത്യാഘാതം ഇസ്‌ലാമിക ചരിത്രത്തില്‍ പലമാറ്റങ്ങളുമുണ്ടാക്കി.

                                

Related Articles