Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ഇനിയും ഗസ്സ ആക്രമിക്കുമോ?

ഗസ്സക്ക് നേരെ ഇസ്രായേല്‍ നടത്തിയ ഒടുവിലത്തെ ആക്രമണത്തില്‍ ഫലസ്തീന്‍ ചെറുത്ത് നില്‍പ് പോരാളികള്‍ക്കായിരുന്നു വിജയം. ഇസ്രായേല്‍ തലസ്ഥാന നഗരിയായ തെല്‍അവീവ് പോരാളികള്‍ മിസൈല്‍ വര്‍ഷിച്ച് തകര്‍ത്ത് കളഞ്ഞെന്നോ, ഇസ്രായേലിന്റെ അത്യാധുനിക വിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നോ, ആയിരക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കിയെന്നോ അല്ല നാം വിജയം കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ഹമാസിന്റെ സൈനികശേഖരത്തെ നശിപ്പിക്കാനോ, ഹമാസ് നേതാക്കളെ കൊന്നൊടുക്കുവാനോ, ഫലസ്തീന്‍ ചെറുത്ത് നില്‍പ് പോരാളികളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കുവാനോ ഇസ്രായേലിന് സാധിച്ചില്ല എന്നതാണ് നാം വിജയം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ മൂന്ന് ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ കാര്യത്തിലും ഇസ്രായേല്‍ പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു.

ഈ വിജയത്തിന് പൂര്‍ണമായും രണ്ട് സുപ്രധാന കാരണങ്ങളുണ്ടായിരുന്നു. ഫലസ്തീന്‍ പോരാളികള്‍ നൂതനമായ റോക്കറ്റുകള്‍ വികസിപ്പിച്ചുവെന്നതാണ് അതിലൊന്ന്. വിശിഷ്യാ ഹമാസ് എന്ന ചെറുത്ത് നില്‍പ് പ്രസ്ഥാനം. അറബ് വസന്തത്തെ തുടര്‍ന്ന് അറബ് ഇസ്‌ലാമിക രാഷ്ട്രീയ ലോകത്ത് ഉണ്ടായ ഭരണവ്യവസ്ഥാ മാറ്റങ്ങളാണ് അവയില്‍ രണ്ടാമത്തേത്.
ഏറ്റവുമൊടുവില്‍ ഇസ്രായേല്‍ ഖുദ്‌സിന് നേരെ നടത്തിയ ആക്രമണത്തില്‍ പോരാളികളുടെ മിസൈലിന്റെ ശക്തി ഇസ്രായേല്‍ അനുഭവിച്ചറിയുകയുണ്ടായി. ചെറുത്ത് നില്‍പ് ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തെ അടയാളപ്പെടുത്തുന്ന മുഖ്യമായ നേട്ടമായിരുന്നു അത്. ഖുദ്‌സിലും, മറ്റ് അധിനിവിഷ്ട പ്രദേശങ്ങളിലും സുരക്ഷിതത്വത്തോടെ ജീവിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞേക്കില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന് ഇതോടെ ഉള്‍ക്കാഴ്ച ലഭിച്ചിരിക്കുന്നു. തങ്ങള്‍ സുരക്ഷിതവും ഭദ്രവുമായ കോട്ടയിലാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു ഗസ്സ ആക്രമിക്കാന്‍ സയണിസ്റ്റ് ഭരണകൂടം പദ്ധതിയിട്ടത്. എന്നാല്‍ യുദ്ധമാരംഭിച്ചതോടെ തങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പോലും പോരാളികളുടെ മിസൈലെത്തുകയും സയണിസ്റ്റുകള്‍ മാളത്തില്‍ അഭയം തേടേണ്ടി വരികയുമുണ്ടായി.

ഒമ്പതോളം ഇസ്രായേലികളെ വധിക്കാനും, എഴുപതിലധികം ഇസ്രായേലികള്‍ക്ക് പരുക്കേല്‍പിക്കാനും പ്രസ്തുത മിസൈലുകള്‍ക്ക് സാധിച്ചു. തെല്‍അവീവും, ഖുദ്‌സുമടക്കമുള്ള നിലവില്‍ ഇസ്രായേലിന്റെ അധികാരപരിധിയിലുള്ള വിവിധ പട്ടണങ്ങളിലായി ആയിരക്കണക്കിന് മിസൈലുകള്‍ വര്‍ഷിക്കപ്പെട്ടു.

ഇറാന്‍ നിര്‍മിത ഫജ്ര്‍ 5 റോക്കറ്റ് ഇസ്രായേല്‍ ഭരണകൂടത്തെ ഞെട്ടിക്കുന്നതായിരുന്നു. 90 കിലോഗ്രാം തൂക്കവും  ആറ് മീറ്റര്‍ നീളവും അതിനുണ്ട്. 68-75 കിലോമീറ്റര്‍ പരിധിയില്‍ നാശം വിതക്കാന്‍ ശേഷിയുള്ളവയായിരുന്നു അത്. അതായത് ഖുദ്‌സിലും, തെല്‍അവീവിലും നിഷ്പ്രയാസം എത്താന്‍ അതിന് സാധിക്കുമെന്ന് ചുരുക്കം. 2006ലെ യുദ്ധത്തില്‍ ഹിസ്ബുല്ലാഹ് ഈയിനം റോക്കറ്റുകള്‍ ഉപയോഗിച്ചിരുന്നു.

റഷ്യന്‍ നിര്‍മിതമായ ഗ്രേഡ് മുമ്പ് തന്നെ പോരാളികള്‍ ഉപയോഗിച്ച് തുടങ്ങിയതാണ്. പക്ഷെ, ഇപ്പോള്‍ അവരതില്‍ പ്രാദേശികമായ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഇപ്പോഴത് ഇരുപത് കിലോമീറ്ററിലധികം ദൂരത്ത് ചെന്നെത്താന്‍ പര്യാപ്തമാണ്. മാത്രമല്ല, അതിന്റെ സംഹാരശേഷിയിലും അവര്‍ കാര്യമായ മാറ്റം വരുത്തിയിരിക്കുന്നു.

എന്നാല്‍ കരയുദ്ധത്തില്‍ നിന്നും ഇസ്രായേല്‍ പിന്മാറിയത് അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. ഫലസ്തീന്‍ ചെറുത്ത് നില്‍പ് പോരാളികളുടെ കയ്യില്‍ സിറിയയില്‍ നിന്ന് ഒളിച്ച് കടത്തിയ റഷ്യന്‍ നിര്‍മിത റോക്കറ്റുകളുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്റ്‌സ് ഏജന്‍സിക്ക് വിവരം ലഭിച്ചത് കാരണമായിരുന്നു അമേരിക്ക പ്രസ്തുത നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇസ്രായേലിന്റെ നൂതനമായ ടാങ്കുകളെ ഒറ്റ നിമിഷം കൊണ്ട് തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് പ്രസ്തുത റോക്കറ്റുകള്‍.

ഇസ്രായേല്‍ ചാനലിലെ രാഷ്ട്രീയ നിരീക്ഷകനായ യഹൂദ് ഇഗാറ പറഞ്ഞത് സുചിന്തനീയമാണ്. ‘ഇസ്രായേലിന് നേരെ വന്ന റോക്കറ്റുകളില്‍ മിക്കതും ഗസ്സയില്‍ നിര്‍മിതമായവയാണെന്ന് ഇസ്രായേല്‍ സുരക്ഷാ വകുപ്പിന് ലഭിച്ച വിവരം അവരെ അസ്വസ്ഥരാക്കുന്നതാണ്.’

2005 ഫെബ്രുവരിയില്‍ ഗസ്സയില്‍ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങിയിരുന്നു. ഫലസ്തീന്‍ ഗവണ്‍മെന്റിനോട് ചര്‍ച്ച നടത്തിയിട്ടോ, കരാര്‍ ചെയ്തിട്ടോ അല്ലായിരുന്നു അത്. എന്നല്ല സൈനിക തീരുമാനത്തിന്റെയോ, സുരക്ഷാ സംവിധാനത്തിന്റെ മുന്‍അറിവോട് കൂടിയായിരുന്നില്ല അത്. മറിച്ച് പോരാളികളുടെ റോക്കറ്റാക്രമണം സഹിക്കവയ്യാതെയായിരുന്നു. കൂടാതെ, സുരക്ഷാ, സാമൂഹിക, സാമ്പത്തിക ഭാരങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാത്തതും മറ്റൊരു കാരണമായിരുന്നു.

ഇപ്പോള്‍, 2008-ലെയും, ഏറ്റവുമൊടുവില്‍ ഈ വര്‍ഷത്തിലേയും ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്രായേല്‍ ഗസ്സക്ക് നേരെ ഇനിയൊരു യുദ്ധത്തിന് തയ്യാറായേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും, വിദഗ്ദരും അഭിപ്രായപ്പെടുന്നത്. നാം മേല്‍ സൂചിപ്പിച്ച രണ്ട് കാരണങ്ങളാലാണ് അത്. ഏറ്റവും ചുരുങ്ങിയത് ഇനിയൊരു യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഒരു നൂറ് പ്രവാശ്യമെങ്കിലും അവര്‍ ചിന്തിക്കുമെന്നതില്‍ സംശയമില്ല.

മുന്‍കാലത്ത് കയ്യിലില്ലായിരുന്ന സര്‍വ ആയുധങ്ങളും ഇപ്പോള്‍ ചെറുത്ത് നില്‍പ് പോരാളികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ക്ക് സൈനിക കേന്ദ്രങ്ങളും, യൂണിറ്റുകളും, സ്ഥാപനങ്ങളുമുണ്ട്. അവര്‍ക്ക് ആയുധശേഖരവും, തുറമുഖവും, സമ്പത്തുമുണ്ട്. അതിനാല്‍ അവരോട് യുദ്ധം ചെയ്യുന്നത് ഇസ്രായേലിന് വേദനയെ നല്‍കുകയുള്ളൂ.

വിപ്ലവത്തിന് ശേഷമുള്ള ഈജിപ്തും ഗസ്സയുടെ കാര്യത്തില്‍ നിര്‍ണായക ശക്തിയാണ്. ഗസ്സക്ക് നേരെ ആക്രമണം നടത്തുന്ന പക്ഷം ഈജിപ്ത് സംയമനം പാലിക്കില്ലെന്നത് അവര്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്. അവര്‍ പഴയ വ്യവസ്ഥയെപ്പോലെ കയ്യുംകെട്ടി നോക്കി നില്‍ക്കുകയില്ല. മാത്രമല്ല, ഇസ്രായേലിനെതിരെ ഒരു അറബ് മുന്നണി തന്നെ രൂപപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഈജിപ്ത്. അറബ് രാഷ്ട്രങ്ങളില്‍ ഭൂരിപക്ഷവും അവരുടെ കൂടെ ചേരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. വിശിഷ്യാ അറബ് വിപ്ലവങ്ങള്‍ക്ക് സാക്ഷിയായ രാഷ്ട്രങ്ങള്‍.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles