Current Date

Search
Close this search box.
Search
Close this search box.

ഇമാം അബൂഹനീഫ; ഭരണാധികാരികള്‍ക്ക് മുന്നില്‍ കുനിയാത്ത ശിരസ്സ്

ഇസ്‌ലാമിലെ പ്രധാന കര്‍മശാസത്ര മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവാണ് ഇമാം അബൂഹനീഫ. നുഅ്മാന്‍ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. അബൂഹനീഫ എന്നത് വിളിപ്പേരാണ്. ഹിജ്‌റ 80 ക്രിസ്താബ്ദം 700-ല്‍ കൂഫയിലാണ് ജനിച്ചത്. പേര്‍ഷ്യന്‍ വംശജനാണ്. ഇമാം ശഅ്ബിയുമായുള്ള ഒരു കൂടിക്കാഴ്ചയാണ് വസ്ത്രവ്യാപാരിയായിരുന്ന അബൂഹനീഫയെ ഇമാം അബൂഹനീഫയാക്കി മാറ്റിയത്. ഹമ്മാദ് ബിന്‍ അബൂ സുലൈമാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുരുവര്യന്‍. താബിഇകളില്‍ പ്രധാനിയായ അത്വാഅ് ബിന്‍ അബീ റബാഹില്‍ നിന്നും വിജ്ഞാനം കരഗതമാക്കി. ഇമാം അബൂയൂസുഫ് അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ പ്രധാനിയാണ്. ലോകാടിസ്ഥാനത്തില്‍ ഭൂരിപക്ഷം മുസ്‌ലിംകള്‍ അംഗീകരിച്ചതും പിന്തുടരുന്നതും ഹനഫീ മദ്ഹബാണ്. ഹിജ്‌റ150-ല്‍ മന്‍സൂറിന്റെ കാരാഗ്രഹത്തിലായിരുന്നു അന്ത്യം.

അബൂഹനീഫ പ്രതികരിച്ചു. ‘വാസിതിലെ പള്ളിയുടെ വാതിലുകള്‍ എണ്ണാനാണ് അദ്ദേഹം എന്നോട് ആജ്ഞാപിക്കുന്നതെങ്കില്‍ അത് പോലും ഞാനേറ്റെടുക്കുകയില്ല. എന്നിട്ടല്ലേ അയാള്‍ക്ക് കൊല്ലാന്‍ പാകത്തില്‍ ഏതെങ്കിലും വ്യകതികളെ നിര്‍ണ്ണയിച്ചുകൊടുക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഞാന്‍ സാധിച്ചുകൊടുക്കുന്നത്! ഞാന്‍ അയാളുടെ ഉത്തരവിന് മുദ്രപതിക്കുന്നതും! അല്ലാഹുവില്‍ സത്യം ഒരു കാരണവശാലും ഞാന്‍ അത് കൈയേല്‍ക്കുകയില്ല’.

അബ്ബാസി, ഉമവീ എന്ന രണ്ട് പ്രബല ഭരണവംശങ്ങളെ അനുഭവിച്ചറിഞ്ഞതിന് ശേഷം 70-ാം വയസ്സിലാണ് ഇമാം അബൂഹനീഫ മരിച്ചത്. ഉമവീ  ഭരണത്തില്‍ 52-ഉം അബ്ബാസി ഭരണത്തില്‍ 18-ഉം വര്‍ഷം അദ്ദേഹം ജീവിച്ചു. ഭരണകൂടത്തിന്റെ ചെയ്തികള്‍ക്ക് അന്ധമായി സമ്മതം മൂളാനോ ഭരണകൂടത്തിന് ഫത്‌വ നല്‍കുന്ന കൊട്ടാരപണ്ഡിതനായി നിലകൊള്ളാനോ അദ്ദേഹം തയ്യാറായില്ല. തന്റെ നിലപാട് സധൈര്യം യൂക്തിപൂര്‍വമായി അവതരിപ്പിക്കുന്നതിലും അദ്ദേഹം മടികാണിച്ചില്ല. മര്‍ദക ഭരണകൂടത്തിനെതിരെ രംഗത്ത് വന്നവരെ ന്യായീകരിക്കുകയും സൈനിക ജോലിയില്‍ നിന്ന് രാജിവെക്കാന്‍  ധര്‍മബോധമുള്ളവരെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു. അബ്ബാസി കുടുംബത്തിലെ മുഹമ്മദ് ബിന്‍ അബ്ദുല്ലയും സഹോദരന്‍ ഇബ്രാഹീമും മന്‍സൂറിനെതിരില്‍ രംഗത്ത് വന്നപ്പോള്‍ അതിന് ധാര്‍മിക പിന്തുണ അര്‍പ്പിക്കുകയും പ്രവര്‍ത്തന ഫണ്ടിലേക്ക് നാലായിരം ദിര്‍ഹം സംഭാവന നല്‍കി സഹായിക്കുകയും ചെയ്തു. എന്നിട്ട് ഇപ്രകാരം എഴുതി. ഞാന്‍ താങ്കള്‍ക്ക് നാലായിരം ദിര്‍ഹം കൊടുത്തയക്കുന്നു. എന്റെ കയ്യില്‍ കൂടുതലൊന്നുമില്ല. ജനങ്ങളുമായി ബന്ധപ്പെട്ട് ചില ബാധ്യതകള്‍ ഉള്ളത് കൊണ്ടാണ്, അല്ലായിരുന്നുവെങ്കില്‍ ഞാന്‍ താങ്കളുടെ കൂടെ ഉണ്ടാകുമായിരുന്നു.

ഉമവീ ഭരണകൂടത്തിനെതിരെ ഇമാം അബൂഹനീഫ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നതായി കാണാം. മര്‍വാനു ബിന്‍ മുഹമ്മദ് അവസാനത്തെ ഉമവീ ഖലീഫയായിരുന്ന കാലം. യസീദ് ബിന്‍ ഉമറര്‍ ബിന്‍ ഹുബൈറ അദ്ദേഹത്തിന്റെ ഇറാഖിലെ ഗവര്‍ണറായിരുന്നു. ഇറാഖില്‍ ഭരണകൂടത്തിനെതിരെ വിപ്ലവം അരങ്ങേറുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പ്രഗത്ഭ പണ്ഡിതന്‍മാരെ എല്ലാവരെയും വിളിച്ചുകൂട്ടി. ഇബ്‌നു അബീലൈല, ഇബ്‌നു ശബ്‌റുമാ, ദാവൂദ് ബിന്‍ അബീ ഹിന്ദ്.. തുടങ്ങിയവരെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ഗവര്‍ണര്‍ എല്ലാവര്‍ക്കും ഓരോ ഉത്തരവാദിത്തങ്ങള്‍ നല്‍കി. അബൂഹനീഫയെയും ഗവര്‍ണര്‍ ആളെ അയച്ചുവരുത്തി. തന്റെ ഓഫീസ് കാര്യം ഏറ്റെടുക്കാന്‍ പറഞ്ഞെങ്കിലും അബൂഹനീഫ അതിന് വഴങ്ങിയില്ല.

അതേറ്റെടുക്കുന്നില്ലെങ്കില്‍ കടുത്ത പ്രഹരം ഏല്‍ക്കേണ്ടിവരുമെന്ന് ഗവര്‍ണര്‍ ഭീഷണിപ്പെടുത്തി. എന്നിട്ടും അദ്ദേഹം വഴങ്ങിയില്ല. മറ്റുപണ്ഡിതന്മാര്‍ അനുഭാവപൂര്‍വം അപേക്ഷിച്ചു. അല്ലാഹുവെ മുന്‍നിര്‍ത്തി ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നത് സ്വന്തത്തെ നശിപ്പിക്കരുതെന്നാണ്. ഞങ്ങള്‍ താങ്കളുടെ സഹോദരങ്ങളാണ്. ഞങ്ങളാരും ഇഷ്ടപ്പെട്ടിട്ടല്ല ബാധ്യതകള്‍ ഏറ്റെടുത്തിട്ടുള്ളത്, മറ്റു പോംവഴിയില്ലാത്തത് കൊണ്ട് മാത്രമാണ്. അബൂഹനീഫയുടെ മറുപടി ഇപ്രകാരമായിരുന്നു.

ഇബ്‌നു അബീലൈല മറ്റുള്ളവരോടായി പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരനെ വിട്ടേക്കുക! അദ്ദേഹത്തിന്റെ നിലപാടാണ് ശരി, മറ്റുള്ളവരുടേത് തെറ്റും!
പോലീസ് മേധാവി ഇമാം അബൂഹനീഫയെ അറസ്റ്റ് ചെയ്തു ദിവസങ്ങളോളം ശക്തമായി പ്രഹരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പോലീസുദ്യോഗസ്ഥന്‍ ഗവര്‍ണറെ കണ്ടു ഈമനുഷ്യന്‍ മരിച്ചുപോകുമെന്നു പറഞ്ഞു. ഗവര്‍ണര്‍ പറഞ്ഞു. നമ്മെ ശപഥത്തില്‍ നിന്നൊഴിവാക്കിത്തരാന്‍ അയാളോട് പറയുക. ധിക്കാരിയായ ഭരണാധികാരികളുടെ ചെയ്തികള്‍ക്കു നേരെ കണ്ണടച്ചു പങ്കുപറ്റാന്‍ തയ്യാറാവാത്ത ഇമാം അബൂഹനീഫ പ്രതികരിച്ചു. പള്ളിവാതിലുകള്‍ തിട്ടപ്പെടുത്താന്‍ പറഞ്ഞാല്‍ പോലും ഞാനതിന് തയ്യാറാവുകയില്ല. ഉദ്യോഗസ്ഥന്‍ വീണ്ടും ഗവര്‍ണറെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനമായി.  പിന്നീട് കുറച്ചു കാലം മക്കയില്‍ പ്രവാസജീവിതം നയിക്കുകയും വിജ്ഞാന സമ്പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു.

അബ്ബാസി ഖലീഫ മന്‍സൂറിന്റെ ജയിലറകളില്‍ നിന്നാണ് ഹിജ്‌റ 150-ല്‍ അബൂഹനീഫ മരണപ്പെട്ടതെന്നാണ് പ്രബലമായ അഭിപ്രായം. നീതിയിലധിഷ്ടിതമല്ലാതെ ഭരണാധികാരികളുടെ ഇംഗിതങ്ങള്‍ക്ക് വേണ്ടി വിധിപ്രസ്താവിക്കേണ്ട ന്യായാധിപസ്ഥാനം ഏറ്റെടുക്കാന്‍ കല്‍പിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. മന്‍സൂര്‍ അബൂഹനീഫയെ തന്റെ ദര്‍ബാറിലേക്ക് വിളിച്ചുവരുത്തി. ദര്‍ബാറിലെത്തിയപ്പോള്‍ പാറാവുകാരന്‍ റബീഅ് അബൂഹനീഫയെ ഇപ്രകാരം പരിചയപ്പെടുത്തി.
ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റം മഹാനായ പണ്ഡിതനാണ് ഇയാള്‍. മന്‍സൂര്‍ അബൂഹനീഫയോട് ചോദിച്ചു. താങ്കളുടെ ഗുരുഭൂതന്മാര്‍ ആരൊക്കെയാണ്?
അബൂഹനീഫ തന്റെ ഗുരുവര്യരെ പരിചയപ്പെടുത്തിക്കൊടുത്തു. ഇവരൊക്കെ ഗുരവര്യരെങ്കില്‍ താങ്കളുടെ പാണ്ഡിത്യം അപാരമായിരിക്കും. അതിനാല്‍ താങ്കള്‍ ന്യായാധിപസ്ഥാനം ഏറ്റെടുക്കണം. മന്‍സൂര്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. ഞാന്‍ അതിന് യോഗ്യനല്ലന്നെ് അബൂഹനീഫ പറഞ്ഞു. താങ്കള്‍ കള്ളം പറയുകയെന്നായി മന്‍സൂര്‍. ഞാന്‍ പറഞ്ഞത് കള്ളമെങ്കില്‍ ഞാന്‍ അതിന് തീര്‍ത്തും അയോഗ്യനായി. കാരണം കള്ളം പറയുന്നവരെ ന്യായാധിപനാക്കാന്‍ കൊള്ളുകയില്ല. അബൂഹനീഫ പറഞ്ഞു.

ന്യായാധിപസ്ഥാനം നിരാകരിക്കാന്‍ അദ്ദേഹം രണ്ടുകാരണമാണ് പറഞ്ഞത്. അറബി വംശജനല്ലാത്ത തന്റെ വിധിതീര്‍പ്പ് അറബികള്‍ അംഗീകരിക്കുമോ എന്ന ആശങ്കയും രാജകുടുംബവുമായി ബന്ധമുള്ളവരെയൊക്കെ ആദരിക്കേണ്ടിവരികയും അവര്‍ക്കനുകൂലമായി വിധിക്കേണ്ടിവരികയും ചെയ്യുമെന്നതിനാലും തനിക്കതിന് സാധ്യമല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായങ്ങള്‍. തുടര്‍ന്ന് സ്ഥാനം ഏറ്റെടുത്തേ മതിയാവൂ എന്ന് മന്‍സൂര്‍ ശപഥം ചെയ്തപ്പോള്‍ അതിന് വിപരീതമായി അബൂഹനീഫയും സത്യം ചെയ്തു. അബൂഹനീഫ, അമീറുല്‍ മുഅമിനീനിന്നെതിരിലാണ് താങ്കള്‍ സത്യം ചെയ്തിരിക്കുന്നതെന്ന് അംഗരക്ഷകന്‍ റബീഅ് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞപ്പോള്‍ അബൂഹനീഫയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. അമീറുല്‍ മുഅ്മിനീനാണ് ശപഥത്തിന് പ്രായശ്ചിത്തം നല്‍കാന്‍ എന്നേക്കാള്‍ യോഗ്യന്‍…. അപ്രകാരം ന്യായാധിപസ്ഥാനം കയ്യേല്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല.  മന്‍സൂര്‍ പറഞ്ഞു. എങ്കില്‍ ഇവിടെ നില്‍ക്കൂ! ന്യായാധിപന്മാര്‍ വരും. അവര്‍ക്ക് പലകാര്യത്തിലും താങ്കളെ ആവശ്യമായി വരും. അബൂ ഹനീഫ അതിനും തയ്യാറായില്ല. തുടര്‍ന്ന് മന്‍സൂര്‍ അദ്ദേഹത്തെ ജയിലിലടക്കാന്‍ ആജ്ഞാപിച്ചു. കടുത്ത ശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.

അബൂ ഹനീഫ ജയിലിലാണ് മരിച്ചത്. അത് അടിയേറ്റാണോ, വിഷം അകത്തുചെന്നാണോ എന്നതില്‍ രണ്ടു പക്ഷമുണ്ട്. അബൂഹനീഫയെ പോലുള്ള ഒരാളെ ദീര്‍ഘകാലം കാരാഗ്രഹത്തിലിട്ട് പീഢിപ്പിക്കുന്നതിനേക്കാള്‍ ഗുണകരം എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ ജീവന്‍ അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹത്തെ വിഷം കൊടുത്ത് കൊന്നതാണെന്ന് പറയുന്നവരുടെ ന്യായം. പ്രഹര ശേഷിയുടെ ആഘാതം മൂലം ജയിലില്‍ വെച്ച് മരണപ്പെടുകയാണ് ചെയ്തതെന്നാണ് പ്രബലപക്ഷം.

Related Articles