Current Date

Search
Close this search box.
Search
Close this search box.

ഇമാം അബൂഹനീഫയുടെ ജീവിതം

jamia.jpg

ഇസ്‌ലാമിക നിയമങ്ങളെയും വിധികളെയും ആളുകള്‍ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതികള്‍ക്ക് ചരിത്രത്തിലുടനീളം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അവക്ക് നിയതമായ ഒരു ചട്ടക്കൂടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിരന്തരമായ പരിവര്‍ത്തനങ്ങള്‍ക്ക് അവ വിധേയമാണ്. പ്രവാചകന്‍(സ)ക്ക് ശേഷമുള്ള ആദ്യതലമുറയില്‍ പെട്ട മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക നിയമങ്ങളെ മനസ്സിലാക്കുക വളരെ എളുപ്പമായിരുന്നു. കാരണം, അവര്‍ സ്വഹാബാക്കളുടെ ഇടയിലാണ് ജീവിച്ചിരുന്നത്. എന്നാല്‍, കാലക്രമേണ ഇസ്‌ലാമിക നിയമങ്ങളെ ക്രോഡീകരിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു.

ഇമാം അബൂഹനീഫയാണ് ഇസ്‌ലാമിക നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ചത്. അങ്ങനെയാണ് ആദ്യമായി ഫിഖ്ഹിന് ഒരു സംഘടിത സ്വാഭാവം കൈവരുന്നത്. ഹനഫീ ഫിഖ്ഹ് എന്നാണ് അതറിയപ്പെടുന്നത്. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന പ്രധാനപ്പെട്ട നാല് മദ്ഹബുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണിത്.

നുഅ്മാന്‍ ഇബ്‌നു ഥാബിത്ത് എന്നതാണ് അബൂഹനീഫയുടെ പൂര്‍ണ നാമം. 699ലാണ് ഇറാഖി നഗരമായ കൂഫയിലെ ഒരു പേര്‍ഷ്യന്‍ കുടുംബത്തില്‍ അദ്ദേഹം ജനിക്കുന്നത്. അദ്ദേഹത്തിന്റെ ഉപ്പ ഒരു കച്ചവടക്കാരനായിരുന്നു. അതിനാല്‍ തന്നെ പിതാവിന്റെ വഴി തെരെഞ്ഞെടുക്കാന്‍ തന്നെയായിരുന്നു അബൂഹനീഫയുടെ തീരുമാനം. അക്കാലത്തെ ഇറാഖ് ഗവര്‍ണ്ണറായിരുന്ന ഹജ്ജാജ്ബ്‌നു യൂസുഫിന്റെ ഭരണം വളരെ ക്രൂരമായിരുന്നു. തന്റെ കുടുംബത്തിന്റെ പട്ട്തുണി വ്യവസായത്തിലായിരുന്നു അബൂഹനീഫ അന്ന് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനാല്‍ തന്നെ വായനയിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ 713ല്‍ ഹജ്ജാജിന്റെ മരണത്തോടെ പണ്ഡിതന്‍മാര്‍ക്ക് നേരെയുണ്ടായിരുന്ന ഭരണകൂടത്തിന്റെ മര്‍ദ്ദിത നയങ്ങള്‍ അവസാനിക്കുകയും കൂഫയില്‍ ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ ധാരാളമായി വളരുകയും ചെയ്തു. ഉമര്‍ബ്‌നു അബ്ദുല്‍ അസീസിന്റെ ഭരണകൂലം പണ്ഡിതരുടെ സുവര്‍ണ്ണകാലമായിരുന്നു.

തന്റെ കൗമാരകാലം കൂഫയിലെ പണ്ഡിതരുടെ കൂടെയായിരുന്നു അബൂഹനീഫ ചെലവഴിച്ചിരുന്നത്. അനസ്ബ്‌നു മാലിക്ക്, സഹ്‌ല്ബ്‌നു സഅദ്, ജാബിര്‍ബ്‌നു അബ്ദുല്ല എന്നിവരടക്കമുള്ള പത്തോളം സ്വഹാബികളെ നേരിട്ട് കാണാനുള്ള അവസരവും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. കൂഫയിലെ പ്രസിദ്ധരായ പണ്ഡിതന്‍മാരുടെ ശിക്ഷണത്തിന് ശേഷം തുടര്‍പഠനത്തിനായി അദ്ദേഹം മക്കയിലേക്കും മദീനയിലേക്കും യാത്ര തിരിക്കുകയുണ്ടായി. അന്ന് മക്കയില്‍ ജീവിച്ചിരുന്ന മഹാ പണ്ഡിതരിലൊരാളായിരുന്ന അത്താ ഇബ്‌നു അബൂ റബാഹിന്റെ (Ata ibn Abu Rabah) ശിഷ്യത്വം സ്വീകരിക്കാനുള്ള ഭാഗ്യം അബൂഹനീഫക്കുണ്ടായിട്ടുണ്ട്.

വളരെ പെട്ടെന്ന് തന്നെ ഫിഖ്ഹ്, തഫ്‌സീര്‍, ഇല്‍മുല്‍ കലാം എന്നീ വിഷയങ്ങളില്‍ അബൂഹനീഫ പ്രാവീണ്യം തെളിയിക്കുകയുണ്ടായി. തന്റെ ഫിഖ്ഹ് ക്രോഡീകരണത്തില്‍ സംവാദത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള ജ്ഞാനരൂപീകരണത്തെ (ഇല്‍മുല്‍ കലാം) അദ്ദേഹം അവലംബിച്ചിട്ടുണ്ട്.

ഒരു നിയമവും ഒരുപാട് കാലം നിശ്ചലമായി നിലനില്‍ക്കരുതെന്നായിരുന്നു അബൂഹനീഫയുടെ നിലപാട്. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കാത്ത നിയമങ്ങളില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ തന്റെ കാലത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കും വിധമാണ് അദ്ദേഹം ഇസ്‌ലാമിക നിയമങ്ങള്‍ വ്യാഖ്യാനിച്ചിരുന്നത്. അതേസമയം, ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം നിയമങ്ങള്‍ നിര്‍ധാരണം ചെയ്തിരുന്നത്.

സംവാദത്തെയും യുക്തിയെയും നിയമങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ അബൂഹനീഫ ഉപയോഗിച്ചിരുന്നു. തന്റെ മുന്നില്‍ ഒരു നിയമപ്രശ്‌നം വന്ന് പെട്ടാല്‍ അത് നാല്‍പ്പതോളം വരുന്ന തന്റെ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. എന്നിട്ട് ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ അവരോട് നിയമങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. വിദ്യാര്‍ത്ഥികളാകട്ടെ, ആദ്യം ഖുര്‍ആനെയും പിന്നീട് തിരുസുന്നത്തിനെയുമാണ് നിയമനിര്‍ധാരണത്തിനായി ആശ്രയിച്ചിരുന്നത്. എന്നാല്‍ അവ രണ്ടിലും ഒരുത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങളുടെ യുക്തിയെയാണ് അവര്‍ ആശ്രയിച്ചിരുന്നത്. മുഹമ്മദ്(സ) മുആദ് ഇബ്‌നു ജബലിനെ യമനിലേക്കയച്ചപ്പോള്‍ എങ്ങനെയാണ് അവിടെത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന് ചോദിച്ചിരുന്നു. അതിന് മുആദ് ഇബ്‌നു ജബല്‍ നല്‍കിയ മറുപടിയാണ് അബൂഹനീഫ തന്റെ നിയമനിര്‍ധാരണത്തിനുള്ള പ്രധാന രീതിശാസ്ത്രമായി അവലംബിച്ചിട്ടുള്ളത്. റസൂലിന്റെ ചോദ്യത്തിന് മുആദ്(റ) പറഞ്ഞ മറുപടിയിതായിരുന്നു: ‘ഒരു പ്രശ്‌നം വന്നാല്‍ ആദ്യം ഞാന്‍ ഖുര്‍ആനെയും പിന്നെ തിരുചര്യയെയും അവലംബിക്കും. രണ്ടിലും നേരിട്ട് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ യുക്തിയെ ഞാനവലംബിക്കും.’ മുആദിന്റെ ആ മറുപടി പ്രവാചകന്‍(സ)യെ ഏറെ സന്തുഷ്ടനാക്കുകയുണ്ടായി.

ഈ രീതിശാസ്ത്രത്തെ മാതൃകയാക്കിയാണ് ഹനഫീ മദ്ഹബ് രൂപം കൊണ്ടത്. അബൂഹനീഫ, അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്ന അബൂയൂസുഫ്, മുഹമ്മദ് അല്‍-ശയ്ബാനി, സുഫ്ഫാര്‍ (zuffar) എന്നിവര്‍ ചേര്‍ന്നാണ് ആ മദ്ഹബിന് രൂപം നല്‍കിയത്. തന്റെ പില്‍ക്കാല ജീവിതത്തില്‍ ഒരുപാട് തവണ കൂഫയിലെ പ്രധാന ന്യായാധിപന്റെ സ്ഥാനം അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ വാഗ്ദാനം അദ്ദേഹം നിരസിക്കുകയാണുണ്ടായത്. മാത്രമല്ല, ഉമയ്യ, അബ്ബാസി ഭരണ കാലഘട്ടങ്ങളില്‍ അദ്ദേഹം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ വെച്ച് 767 ലാണ് അദ്ദേഹം മരണപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തോടുള്ള ആദരസൂചകമായി ബഗ്ദാദില്‍ ഒരു പള്ളി പണിയുകയുണ്ടായി. പിന്നീട് ഒട്ടോമന്‍ കാലഘട്ടത്തില്‍ വാസ്തുശില്‍പിയായിരുന്ന മിമാര്‍ സിനാന്റെ നേതൃത്വത്തില്‍ അത് പുതുക്കിപ്പണിയുകയുണ്ടായി.

അദ്ദേഹത്തിന്റെ മരണശേഷം അധികം കഴിയുന്നതിന് മുമ്പ് തന്നെ ഹനഫീ മദ്ഹബ് മുസ്‌ലിം ലോകത്ത് പ്രസിദ്ധിയാര്‍ജ്ജിക്കുകയുണ്ടായി. അബ്ബാസി, മുഗള്‍, ഒട്ടോമന്‍ സാമ്രാജ്യങ്ങളുടെയെല്ലാം ഔദ്യോഗിക മദ്ഹബായിരുന്നു അത്. ഇന്ന് തുര്‍ക്കി, സിറിയ, ഇറാഖ്, ഈജിപ്ത്, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലെല്ലാമായി ഹനഫി മദ്ഹബ് വ്യാപിച്ച് കിടക്കുകയാണ്.

വിവ: സഅദ് സല്‍മി

Related Articles