Current Date

Search
Close this search box.
Search
Close this search box.

ആശൂറ ദിനത്തിലെ രക്തംചിന്തല്‍

മുസ്‌ലിങ്ങള്‍ വളരെ ശ്രേഷ്ഠകരമായി കാണുന്ന ദിവസങ്ങളാണ് ആശൂറ. മുസ്‌ലിങ്ങള്‍ പ്രസ്തുത ദിനങ്ങള്‍ നോമ്പിലും നമസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും ദൈവസ്മരണയിലും പ്രാര്‍ഥനയിലുമായി ചെലവഴിക്കുന്നു. ശിയാക്കള്‍ അന്നേദിവസങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും പരിപാടികള്‍ നടത്തുകയും ചെയ്യുന്നു. ദുഖത്തിന്റെ ദിനങ്ങളായി കണക്കാക്കി പ്രത്യേകമായ ചില ആചാരങ്ങള്‍ അവര്‍ നടത്തുന്നു. പ്രമുഖ സഹാബി ആയിരുന്ന ഹുസൈനു ബിന്‍ അലിയുടെയും കുടുംബത്തിന്റെയും രക്തസാക്ഷ്യത്തിന് സാക്ഷ്യം വഹിച്ച ദിനങ്ങളായതിനാലാണ് അവര്‍ ഇപ്രകാരം ചെയ്തുകൊണ്ടിരിക്കുന്നത്. ഹിജ്‌റ അറുപത്തി ഒന്നാം വര്‍ഷം മുഹറം പത്തിനായിരുന്നു കര്‍ബല ചരിത്രത്തിലെ ആ ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്.

 

രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിന്റെ പിതാവ് അലി(റ)വിനെ അഹ്‌ലുസ്സുന്നയില്‍ പെട്ട നമ്മള്‍ ഇഷ്ടപ്പെടുന്നു. ഖിലാഫത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ശ്രേഷ്ഠതയിലുമുണ്ട്. അവരില്‍ ഏറ്റവും ശ്രേഷ്ഠന്‍ അബൂബക്ര്‍(റ) തുടര്‍ന്ന് യാഥാക്രമം ഉമര്‍, ഉസ്മാന്‍, അലി(റ) എന്നിവരുമാണ്. അദ്ദേഹത്തിന്റെ മകന്‍ ഹസന്‍(റ) നമ്മള്‍ സ്‌നേഹിക്കുന്നു. കാരണം, അദ്ദേഹത്തിന്റെ നേതൃപാടവവും ശ്രേഷ്ഠതയും പ്രവാചകന്‍(സ) അംഗീകരിച്ചിട്ടുണ്ട്. നബി(സ)പറഞ്ഞു. ‘എന്റെ ഈ മകന്‍ നേതാവാകുന്നു. മുസ്‌ലിങ്ങളിലെ മഹത്തായ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെക്കൊണ്ട് രഞ്ജിപ്പുണ്ടാക്കിയേക്കാം.’ ഇറാഖിന്റെയും ശാമിന്റെയും സൈന്യത്തിനിടയില്‍ ഹിജ്‌റ നാല്പതാം വര്‍ഷം ഹസന്‍(റ) രഞ്ജിപ്പിന് നേതൃത്വം നല്‍കിയതോടെ ഈ പ്രവചനം സാക്ഷാല്‍ക്കൃതമായി.

സഹാബികളില്‍ ശ്രേഷ്ടനായ ഹുസൈന്‍(റ)വിനെയും നാം ഇഷ്ടപ്പെടുന്നു. മുസ്‌ലിങ്ങളുടെ ഹൃദയത്തെ മുറിവേല്‍പിച്ച ദുരന്തപൂര്‍ണമായ ആശൂറഃ ദിനത്തിലെ അദ്ദേഹത്തിന്റെ രക്തസാക്ഷ്യത്തെയും നാം പരിഗണിക്കുന്നു. എന്നാല്‍ അലി, ഹുസൈന്‍(റ) എന്നിവരുടെ പേര് കേള്‍ക്കുമ്പോള്‍ അലൈഹിസ്സലാം എന്ന രൂപത്തിലുള്ള അനര്‍ഹമായ മഹത്വപ്പെടുത്തലിനെ നാം തിരുത്തുകയും ചെയ്യും. കാരണം ആ അഭിസംബോധന പ്രവാചകന്മാര്‍ക്ക് മാത്രം ഉപയോഗിക്കുന്നതാണ്. ഈ നേതാക്കന്മാരെയെല്ലാം അവരുടെ തഖ്‌വയിലും കഴിവും ശ്രേഷ്ടതയും നാം അംഗീകരിക്കുന്നതോടൊപ്പം അവരെ മഹത്വപ്പെടുത്തുന്നതില്‍ അതിര് കവിയുന്നത് നാം ഉപേക്ഷിക്കുകയും ചെയ്യും.

ഹുസൈന്‍(റ)ന്റെ രക്തസാക്ഷിത്യത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഘാതകരെ നാം ആക്ഷേപിക്കും. മഹാനായ ഈ സഹാബിയുടെ രക്തം ചിന്തുന്നതിന് വഴിയൊരുക്കിയവരെ നാം അധിക്ഷേപിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഹുസൈനെ കൊലപ്പെടുത്തിയത് അദ്ദേഹത്തെ മക്കയില്‍ നിന്ന് കൂഫയിലേക്ക് പുറപ്പെടുവിച്ചവരാണ്. ഇറാഖിലെ മുഴുവന്‍ ജനങ്ങളും അദ്ദേഹത്തിന്റെ സഹായികളും സൈന്യവുമാണെന്നും കാര്യങ്ങളെല്ലാം തങ്ങളുടെ കൈപ്പിടിയിലാണെന്നും അവരദ്ദേഹത്തെ തെറ്റിദ്ധരിച്ചു. കാര്യങ്ങള്‍ വന്ന് ഏറ്റെടുക്കല്‍ മാത്രാണ് ഇനി ചെയ്യാനുള്ളതെന്ന് ധരിപ്പിച്ചു. എന്നാല്‍ ഹുസൈന്‍(റ) കര്‍ബലയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സൈന്യത്തിന്റെയും സഹായികളുടെയും അഭാവം പ്രകടമായി. ശത്രുക്കളുമായി ഏറ്റുമുട്ടിയപ്പോള്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. അദ്ദേഹത്തെ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കിയ ലക്ഷക്കണക്കിനാളുകള്‍ ആവിയായിപ്പോയി. യുദ്ധക്കളത്തില്‍ അനിവാര്യ ഘട്ടത്തില്‍ അദ്ദേഹത്തെ കയ്യൊഴിയുകയും വഞ്ചിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ‘ശിയാക്കളായ’ അനുയായികള്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

അബ്ദുല്ലാഹി ബിന്‍ ഉമര്‍(റ)വിന്റെ നിലപാട് എത്രയാണ് എന്നെ ആകര്‍ഷിച്ചത്! ഹജ്ജ് കാലത്ത് ഒരു ഇറാഖി അദ്ദേഹത്തോട് കൊതുകിന്റെ രക്തം അനുവദനീയമോ നിഷിദ്ധമോ എന്നു ചോദിച്ചപ്പോള്‍ ഉമര്‍(റ) ചോദിച്ചു. ‘നീ എവിടെ നിന്നാണ് വരുന്നത്?’ കൂഫയില്‍ നിന്നാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇബ്‌നു ഉമര്‍(റ) ഉച്ചത്തില്‍ പ്രതികരിച്ചു. ‘പ്രവാചക പൗത്രന്റെ രക്തം നിങ്ങള്‍ ചിന്തിയിരിക്കുന്നു .എന്നിട്ടിപ്പോള്‍ കൊതുകിന്റെ രക്തം ശുദ്ധമോ നജസോ എന്നാണ് നിങ്ങള്‍ക്കറിയേണ്ടത്!!’

ശിയാക്കള്‍ അവരുടെ പിതാക്കന്മാര്‍ ഇറാഖില്‍ ഹുസൈന്‍(റ)വിനെ കയ്യൊഴിഞ്ഞതില്‍ ഒരു തരത്തിലുള്ള മനസ്സാക്ഷിക്കുത്ത് അനുഭവിക്കുന്നവരാണ്. ആശൂറഃ ദിനത്തില്‍ അത്ഭുതകരമായ ആചാരങ്ങളില്‍ അവര്‍ ഏര്‍പ്പെടുന്നു. ശറഈ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വരെ ചെയ്തുകൂട്ടുന്നു. സംഭവിക്കേണ്ടത് സംഭവിച്ചു. ഹുസൈനെ അവരുടെ പൂര്‍വ്വികര്‍ കയ്യൊഴിഞ്ഞു. അവര്‍ അദ്ദേഹത്തെ കൊലപാതകത്തിനായി ഏല്‍പിച്ചുകൊടുത്തു. ഹുസൈന്‍(റ) മാന്യവും ധീരവുമായ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. സംപ്രീതനായിക്കൊണ്ട് അല്ലാഹുവിലേക്ക് യാത്രയായി. അദ്ദേഹത്തെ വഞ്ചിക്കുകയും കൈവെടിയുകയും ചെയ്ത അനുയായികളും അദ്ദേഹത്തിന്റെ രക്തം ചിന്തിയ ശത്രുക്കളും അദ്ദേഹത്തോട് ആവലാതിപ്പെടുന്നവരാണ്. അതിനാല്‍ തന്നെ ശിയാക്കളുടെ ആശൂറ ദിനത്തിലെ ദുഖാചരണത്തില്‍ ഹുസൈന്‍(റ)വിന് പ്രത്യേകിച്ചൊരു പ്രയോജനവും ലഭിക്കുകയില്ല. കാരണം അദ്ദേഹത്തിന് അല്ലാഹുവിങ്കല്‍ ഉന്നതമായ പ്രതിഫലവും മഹത്തായ സ്ഥാനവും ഉണ്ട്. നഷ്ടകാരികള്‍ അവര്‍ തന്നെയാണ്.

ആശൂറയിലെ ദുഖാചരണത്തില്‍ ശിയാക്കള്‍ ചെയ്തുകൂട്ടുന്നത് അനുവദനീയമല്ലാത്ത ശറഈ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്. ‘ഖറാബ’ എന്നപേരില്‍ സ്ത്രീകള്‍ ഒരുമിച്ചുകൂടുന്ന സദസ്സുകളില്‍ ഹുസൈന്റെ രക്തസാക്ഷ്യത്തെക്കുറിച്ച അതിവര്‍ണനകളുള്ള കഥകളും കവിതകളും ആലപിക്കുന്നു. സ്ത്രീകള്‍ സഭയില്‍ കരച്ചിലിലും തേങ്ങലിലും അട്ടഹാസത്തിലുമായി കഴിഞ്ഞുകൂടുന്നു. ആദര്‍ശത്തിന് വിരുദ്ധമായ രീതിയില്‍ നെഞ്ചത്തടിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ ഇത്തരത്തിലുള്ള പ്രകടനങ്ങളെ പ്രവാചകന്‍(സ) വിലക്കിയതാണ്. നബി(സ) പറഞ്ഞു: ‘മുഖത്തടിക്കുകയും വസ്ത്രം കീറുകയും ജാഹിലിയ്യത്തിന്റെ വാദം ഉന്നയിക്കുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല.’

ആശൂറ ദിനത്തിലെ പുരുഷന്മാരുടെ ചടങ്ങുകള്‍ ശറഈ വിരുദ്ധവും അങ്ങേ അറ്റത്തെ പാരുഷ്യവും കാഠിന്യവും നിറഞ്ഞതാണ്. ഈ ചടങ്ങുകളില്‍ നിഷിദ്ധമായതും നിരര്‍ത്ഥകവുമായ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്. ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് മാറത്തടിച്ചും മുഖത്തടിച്ചും വാളുകള്‍ കൊണ്ട് തലയില്‍ വെട്ടിയും ശരീരമാസകലം രക്തം ഒഴുക്കി ദൈവസാമീപ്യം തേടുന്ന അനിസ്‌ലാമികമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

‘ശീഅഃ വിഭാഗത്തില്‍ പെട്ട യുവാക്കളെ, ആശൂറഃ ദിനത്തില്‍ ശരീരത്തിലൂടെ നിങ്ങള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്ന ഈ രക്തം നിങ്ങളുടെ നാട്ടില്‍ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കക്കെതിരെയുള്ള ജിഹാദിനും സ്വാതന്ത്ര്യത്തിനും വേണ്ടി ചിലവഴിച്ചിരുന്നുവെങ്കില്‍..അത് നിങ്ങള്‍ക്ക് വലിയ മുതല്‍കൂട്ടാകുമായിരുന്നു.’

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles