Current Date

Search
Close this search box.
Search
Close this search box.

അസാസിനുകള്‍: രാഷ്ട്രീയ കൊലകളുടെ അമരക്കാര്‍

assassin.jpg

കുരിശുയുദ്ധകാലത്ത് യൂറോപ്പിലും പശ്ചിമേഷ്യയിലും ഉയര്‍ന്നു കേട്ട പേരാണ് അസാസിനുകള്‍(Assassins) എന്നത്. ‘ഹശ്ശാശ്ശീന്‍’ എന്ന അറബി പദത്തില്‍ നിന്നാണ് അസാസിന്‍ എന്ന പദമുണ്ടായത്. ആധുനിക ഇറാനിലെ അലമൂത്ത് കേന്ദ്രമാക്കി ഭരിച്ചിരുന്ന ശിയാക്കളിലെ നാസിരി ഇസ്മാഇലികളാണ് അസാസിനുകള്‍ എന്ന പേരിലറിയപ്പെട്ടത്. ഹസ്സാന്‍-ഇ-സബ്ബാഹ് എന്നയാളിലേക്കാണ് ഇവരുടെ ചരിത്രങ്ങള്‍ ചെന്നു ചേരുന്നത്. യൂറോപ്പിലെ പോപ്പിന്റെ നേതൃത്വത്തിലുള്ള കുരിശു സേനക്കെതിരെ അസാസിനുകളും പോരാടിയിരുന്നു. ‘ദേവാലയ യോദ്ധാക്കള്‍’ (Templar Knights) എന്നായിരുന്നു കുരിശു സേന അറിയപ്പെട്ടിരുന്നത്. എന്നാല്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തിലുള്ള ഖുദ്‌സ് വിമോചന സേനയോടൊപ്പം ചേരാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. സുല്‍ത്താന്‍ സുന്നിയായിരുന്നു എന്നതാണ് അവര്‍ അതിന് കണ്ട ന്യായം. സുല്‍ത്താന്റെ സൈന്യത്തിന് സഹായമാകുന്നതിന് പകരം അസാസിനുകളുടെ എടുത്തുചാട്ടങ്ങള്‍ കുരിശുയുദ്ധത്തില്‍ മുസ്‌ലിം സേനക്ക് തിരിച്ചടിയാവുകയാണ് ഉണ്ടായതെന്ന് ചരിത്രകാരനായ താരീഖ് സുവൈദാന്‍ അഭിപ്രായപ്പെടുന്നു. പലപ്പോഴും നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് പകരം ഒളിയുദ്ധങ്ങളും മിന്നലാക്രമണങ്ങളുമായിരുന്നു ഇവരുടെ രീതി. ഹസ്സാന്റെ ഇസ്മാഇലി ധാരയില്‍ ആകൃഷ്ടരായവരാണ് അസാസിന്‍ പോരാളികളിലെ ഭൂരിപക്ഷവും.

റഫീഖുകള്‍, ലസീഖുകള്‍ എന്നിങ്ങനെ തന്റെ അനുയായികളെ ഹസ്സാന്‍ രണ്ടായി തിരിച്ചിരുന്നു. തന്റെ ഏറ്റവും അടുത്ത അനുയായികളെയാണ് റഫീഖുകള്‍ എന്ന ഗണത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയത്. അവര്‍ പലപ്പോഴും അദ്ദേഹത്തിന്റെ ഉപദേശകരോ കൈകാര്യകര്‍ത്താക്കളോ ആയിരുന്നു. എന്നാല്‍ ലസീഖുകള്‍ എന്ന ശിഷ്യഗണങ്ങളാണ് ഹസ്സാനു വേണ്ടി കൊല്ലാനും മരിക്കാനും വേണ്ടി തയ്യാറായി ഇറങ്ങിയ പോരാളികള്‍. വെനീഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോ പോളോയുടെ യാത്രാവിവരണങ്ങളില്‍ കാണുന്നത് ലസീഖുകളെ ഹശീശ് മയക്കുമരുന്ന് നല്‍കിയാണ് ഹസ്സാന്‍ യുദ്ധമുഖത്തേക്ക് അയച്ചിരുന്നത് എന്നാണ്. അങ്ങനെയാണ് അവര്‍ക്ക് ‘അസാസിനുകള്‍’ എന്ന നാമം സിദ്ധിച്ചതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. കൂട്ടായ ആക്രമണങ്ങള്‍ക്ക് പകരം ഒറ്റയായിട്ടാണ് അസാസിനുകള്‍ തങ്ങളുടെ ഇരകളെ വകവരുത്തിയിരുന്നത്. ഇരകള്‍ക്ക് ആപല്‍സൂചന കൈമാറിയതിന് ശേഷം മാത്രമേ അവര്‍ കൊലകള്‍ നടത്താറുണ്ടായിരുന്നുള്ളൂ. ആയോധന കലകളില്‍ നല്ല പരിശീലനം ലഭിച്ചിരുന്ന അസാസിനുകള്‍ എത്ര ശക്തമായ കാവല്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ചും തങ്ങളുടെ ഇരകളെ വകവരുത്തിയിരുന്നെന്നും ചരിത്രകാരന്മാര്‍ പറയുന്നു. എന്നാല്‍ സാധാരണക്കാരെ ഇവര്‍ ആക്രമിച്ചിരുന്നില്ല. തങ്ങളുടെ താവളങ്ങള്‍ക്കു നേരെ ആക്രമണഭീഷണിയുണ്ടെന്ന് അറിഞ്ഞാലുടന്‍ തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഇവര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

കുരിശു സേന കഴിഞ്ഞാല്‍ സുന്നികളായ സെല്‍ജൂഖ് തുര്‍ക്കികളെയാണ് അസാസിനുകള്‍ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായി കണ്ടത്. സെല്‍ജൂഖികള്‍ക്കും അസാസിനുകള്‍ക്കുമിടയില്‍ നിരവധി പകപോക്കലുകള്‍ നടന്നിട്ടുണ്ട്. സെല്‍ജൂഖികള്‍ അലമൂത്തിലെ കോട്ട ഉപരോധിച്ചതിന് പകരമായി സെല്‍ജൂഖ് മന്ത്രിയായ നിസാമുല്‍ മുല്‍ക്കിനെ വധിച്ചാണ് അസാസിനുകള്‍ അരിശം തീര്‍ത്തത്. അവസാന കാലമായപ്പോഴേക്കും അസാസിനുകളുടെ ആക്രമണങ്ങള്‍ സഹിക്ക വയ്യാതെ സെല്‍ജൂഖ് ഭരണകൂടം അസാസിനുകള്‍ക്ക് നേരിട്ട് പെന്‍ഷനുകളും കപ്പങ്ങളും നല്‍കുന്ന അവസ്ഥ സംജാതമായി. രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന അസാസിനുകളുടെ വിളയാട്ടത്തിന് അന്ത്യം കുറിച്ചത് മംഗോളുകളായിരുന്നു. മംഗോളുകള്‍ ഖവാരിസ്മ് പിടിച്ചടക്കിയ ഘട്ടത്തില്‍ മംഗോള്‍ രാജാവായ മോംഗ് ഖാനെ വധിക്കാന്‍ അസാസിനുകള്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഇത് മംഗോളുകളെ അരിശം പിടിപ്പിക്കുകയും അസാസിനുകളെ പൂര്‍ണമായും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മംഗോള്‍ സേന അസാസിന്‍ കേന്ദ്രങ്ങളില്‍ ശക്തമായ റെയ്ഡ് നടത്തുകയും ചെയ്തു. അന്നത്തെ ലോകശക്തികളായിരുന്ന മംഗോളുകളെ പ്രതിരോധിക്കാനുള്ള കരുത്ത് അസാസിനുകള്‍ക്കുണ്ടായിരുന്നില്ല. 1273-ല്‍ സിറിയയിലെ അസാസിന്‍ കേന്ദ്രങ്ങളും മംഗോള്‍ സേന തകര്‍ത്തു. 1275-ഓടു കൂടി അസാസിനുകളുടെ അധ്യായത്തിന് മംഗോളുകള്‍ അവസാനം കുറിച്ചു. ചരിത്രകാരനായ യാഖൂത്ത് അല്‍ ഹമവിയുടെ അഭിപ്രായ പ്രകാരം അസാസിനുകളുടെ പിന്മുറക്കാരായിരുന്നു 13-ാം നൂറ്റാണ്ടില്‍ ഹംഗറി ഭരിച്ചിരുന്ന ക്രിസ്ത്യന്‍ രാജവംശം. അവരുടെ സ്ഥാനപ്പേരായി അവര്‍ ഉപയോഗിച്ചിരുന്ന ‘ഹജലി’ അസാസിനുകള്‍ തങ്ങളുടെ ചിഹ്നമായി ഉപയോഗിച്ചിരുന്ന ഹജലി പക്ഷിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറയുന്നു.

മധ്യകാലത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ അസാസിനുകള്‍ക്ക് അന്ത്യമായെങ്കിലും അവരുടെ ചരിതങ്ങളും വീരകഥകളും ലോകത്ത് വ്യാപിച്ചു. പ്രത്യേകിച്ചും മധ്യകാല യൂറോപ്പ്യന്‍ സാഹിത്യങ്ങളിലൂടെ തന്നെയാണ് അവര്‍ക്ക് വീരപരിവേശം ലഭിച്ചത്. തിന്മക്കെതിരെ നന്മക്ക് വേണ്ടി പോരാടുന്ന രഹസ്യ പോരാളികളായി അവര്‍ ചിത്രീകരിക്കപ്പെട്ടു. രഹസ്യകൊലയാളികള്‍ എന്ന രീതി പ്രാചീന കാലം മുതലേ ലോകത്ത് ഉണ്ടായിരുന്നുവെങ്കിലും അതിന് പ്രചാരം കിട്ടിയത് അസാസിനുകള്‍ക്ക് ശേഷമാണ്. ഇംഗ്ലീഷ് ഭാഷയില്‍ ‘കൊലയാളി’ എന്നതിന് ഉപയോഗിക്കുന്ന പദം Assassin എന്നതാണ്. നിരവധി ഹോളിവുഡ് സിനിമകള്‍ അസാസിനുകളുടെ കഥയെ ആസ്പദമാക്കി ഇറങ്ങുകയുണ്ടായി. അമേരിക്കന്‍ കമ്പനിയായ യുബിസോഫ്റ്റ് (Ubisoft) പുറത്തിറക്കിയ ഹിറ്റ് വീഡിയോ ഗെയിം പരമ്പരയാണ് ‘Assassins’ Creed’. കുരിശു സേനക്കെതിരെ പോരാടുന്ന ‘ഇസിയോ’ എന്ന അസാസിന്‍ പോരാളിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. നമ്മുടെ നാട്ടിലെ കുട്ടികളിലടക്കം ലോകത്ത് തന്നെ ജനപ്രിയമായി മാറിയ ഈ ഗെയിം പരമ്പര മതി അസാസിനുകള്‍ ചെലുത്തിയ സാംസ്‌കാരിക സ്വാധീനം മനസ്സിലാക്കാന്‍. രാഷ്ട്രീയ കൊലകളുടെ അമരക്കാര്‍ എന്ന് വേണമെങ്കില്‍ അസാസിനുകളെ വിശേഷിപ്പിക്കാം. 

Related Articles