Current Date

Search
Close this search box.
Search
Close this search box.

അവര്‍ ചരിത്രത്തിന്റെ മൂല്യം തിരിച്ചറിഞ്ഞിരുന്നു

1982 സെപ്റ്റംബറില്‍ ന്യൂസ് ഏജന്‍സികളും വാര്‍ത്താ മാധ്യമങ്ങളും ചൈനക്കും ജപ്പാനുമിടയിലെ രൂക്ഷമായ പ്രതിസന്ധിയെ കുറിച്ച വാര്‍ത്തകള്‍ പുറത്തു വിട്ടിരുന്നു. ജപ്പാനുമായുള്ള എല്ലാ വിധ സാമ്പത്തിക നയതന്ത്ര ബന്ധങ്ങളും സഹകരണ കരാറുകളും റദ്ദാക്കുമെന്ന് ചൈന ഭീഷണി മുഴക്കി. വളരെ ശക്തമായ ബന്ധമായിരുന്ന ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്നത് എന്നത് പ്രസ്താവ്യമാണ്. പിന്നെ എന്തായിരുന്നു അവര്‍ക്കിടയിലെ പ്രതിസന്ധിക്ക് കാരണം?

സ്‌കൂള്‍ പാഠപുസ്തകത്തിലെ ഏതാനും വരികളായിരുന്നു അവര്‍ക്കിടയിലെ പ്രതിസന്ധിയുടെ കാരണം. ജപ്പാന്‍ പാഠപുസ്തകത്തില്‍ വരുത്തിയ മാറ്റം അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചൈന അറിഞ്ഞു. എന്നാല്‍ ജപ്പാന്‍ പാഠപുസ്തകത്തില്‍ ചൈനക്കെന്ത് കാര്യം?

അതിന് പിന്നില്‍ ഒരു കഥയുണ്ട്. 1945-ല്‍ അമേരിക്ക ജപ്പാനില്‍ അമേരിക്ക ആറ്റം ബോംബുപയോഗിച്ച് ആക്രമണം നടത്തി. ഹിരോഷിമ നാഗസാക്കി പട്ടണങ്ങള്‍ അതിലൂടെ തുടച്ചു നീക്കപ്പെട്ടു. അതിനെ തുടര്‍ന്നാണ് രണ്ടാം ലോകയുദ്ധം സമാപിച്ചത്. ജപ്പാന് തങ്ങളുടെ നിയന്ത്രണത്തിലായതായി അമേരിക്കന്‍ ജനറള്‍ മാര്‍ക്ആര്‍ഥര്‍ പ്രഖ്യാപിച്ചപ്പോള്‍ എങ്ങനെ അവരെ കൈകാര്യം ചെയ്യുമെന്നത് വലിയ വിഷയമായിരുന്നു. പടുകൂറ്റന്‍ ജപ്പാന്‍ സൈന്യം ഇനി ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കാന്‍ എന്തു ചെയ്യാം എന്നായിരുന്നു ആര്‍ഥര്‍ ആലോചിച്ചത്. അദ്ദേഹം സമയം പാഴാക്കാതെ ഒരു സംഘം അമേരിക്കന്‍ വിദ്യാഭ്യാസ വിദഗ്ദരെ കൊണ്ടു വരികയാണ് ചെയ്തത്. ജപ്പാന്‍കാരുടെ വ്യക്തിത്വം ശിഥിലമാക്കുകയും അവരുടെ പോരാട്ടവീര്യം തകര്‍ക്കുകയും ചെയ്യുന്ന സിലബസ് നിര്‍മിക്കാനാണ് അവരോട് ആവശ്യപ്പെട്ടത്. ജപ്പാന്റെ സൈനിക ശേഷി ഇനിയും ഉയിര്‍ത്തെഴുന്നേല്‍ക്കരുത് എന്നതായിരുന്നു അതിന്റെ ലക്ഷ്യം.

മാക് ആര്‍ഥര്‍ ജപ്പാനില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കി. ജപ്പാന്‍ ചക്രവര്‍ത്തിമാരായിരുന്ന മികഡോക്ക് നല്‍കിയിരുന്ന വിശുദ്ധി, പൂര്‍വികര്‍ക്ക് നല്‍കിയിരുന്ന മഹത്വം, ഭരണഘടന തുടങ്ങിയ കാര്യങ്ങള്‍ മുതല്‍ ചരിത്രപുസ്തകങ്ങള്‍ വരെ മാറ്റങ്ങള്‍ക്ക് വിധേയമായി. അവിടെ സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെട്ടിരുന്ന പാഠപുസ്തങ്ങള്‍ കുട്ടികളോട് പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു: ജപ്പാന്‍ സൈന്യാധിപനായിരുന്ന ടോജോയും കൂട്ടാളികളും സ്വേച്ഛാധിപതികളായിരുന്നു. അധിനിവേശക്കാരും കുറ്റവാളികളുമായിരുന്നു അവര്‍. ജപ്പാന്‍ മന്‍ചൂരിയയിലും കൊറിയയിലും ആധിപത്യം നേടുകയും ചൈനയുടെ വലിയൊരു ഭാഗം അധിനിവേശം നടത്തുകയും ചെയ്ത കാലത്ത് അവരായിരുന്നു സൈന്യത്തെ നയിച്ചിരുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ അവര്‍ ഹിറ്റ്‌ലറോടൊപ്പം ചേരുകയും പേള്‍ഹാര്‍ബര്‍ തുറമുഖത്ത് അമേരിക്കന്‍ കപ്പല്‍പടയെ തകര്‍ക്കുകയും ചെയ്തു. ജര്‍മനി പരാജയപ്പെട്ടതിന് ശേഷവും മൂന്ന് മാസം അവര്‍ ഒറ്റക്ക് യുദ്ധം ചെയ്തു. ആറ്റം ബോംബ് വര്‍ഷിച്ചതിന് ശേഷം മാത്രമാണ് അവര്‍ കീഴടങ്ങിയത്.

ഈ ചരിത്രം നിഷേധിക്കല്‍ ജപ്പാന് അനിവാര്യമായിരുന്നു. അവരുടെ നേതാക്കളെ വളരെ മോശമായിട്ടാണത് ചിത്രീകരിക്കുന്നത്. വളര്‍ന്നു വരുന്ന തലമുറയും അതിന്റെ കയ്പുനീര്‍ കുടിക്കേണ്ടി വരും. നേതൃനിരയിലേക്കോ സൈനിക പദവികളിലേക്കോ എത്തുന്നതിന് അതവര്‍ക്ക് തടസ്സമായി നിലകൊള്ളുമെന്നതുമായിരുന്നു കാരണം.

പാഠപുസ്തകത്തില്‍ ജപ്പാന്‍ ഈ വരികള്‍ നീക്കം ചെയ്തതായി കണ്ടെത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ചൈനയുടെ പ്രതിഷേധത്തിന് മുന്നില്‍ ജപ്പാന് കീഴടങ്ങേണ്ടി വന്നു. പുസ്തകം നിര്‍മിച്ചവരില്‍ നിന്ന് വന്ന പിഴവാണ് സംഭവിച്ചതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി സുസൂകി പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രതിനിധികളെ ചൈനയിലേക്ക് അയക്കുകയും ചെയ്തു.

ജപ്പാനും ചൈനക്കും ഇടയിലുള്ള പ്രതിസന്ധിയോ അതിന്റെ കാരണങ്ങളോ അല്ല നമ്മുടെ വിഷയം. വളരെ സുപ്രധാനമായ രണ്ട് കാര്യങ്ങളെ കുറിച്ച് നമ്മെ അത് ഉണര്‍ത്തുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ചരിത്രത്തിന്റെ വിലയും തലമുറകളെ വാര്‍ത്തെടുക്കുന്നതിലും സമൂഹത്തെ നയിക്കുന്നതിലും അത് വഹിക്കുന്ന പങ്കും തിരിച്ചറിയലാണ്. ജപ്പാനും ചൈനയും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. ജപ്പാന്‍ തിരുത്താന്‍ ഉദ്ദേശിച്ചതും ചൈന അതിനെ നിസ്സാരമായി അവഗണിക്കാതിരുന്നതും അതുകൊണ്ടായിരുന്നു.

ഇക്കാര്യത്തില്‍ ഇരു രാഷ്ട്രങ്ങളും പ്രത്യേകിച്ചും ചൈന വെച്ചു പുലര്‍ത്തുന്ന ജാഗ്രതയാണ് മറ്റൊരു കാര്യം. അതുകൊണ്ടാണ് അടുത്ത അധ്യയന വര്‍ഷത്തില്‍ ജപ്പാന്‍ പാഠപുസ്തകത്തിലെ ഈ വരികള്‍ തിരുത്താനുദ്ദേശിക്കുന്നുണ്ടെന്ന് ചൈനക്ക് അറിയാന്‍ കഴിഞ്ഞത്. പാഠപുസ്തങ്ങള്‍ പ്രസ്സില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പെ അവര്‍ ഇക്കാര്യം എങ്ങനെ മണത്തറിഞ്ഞു? ചൈനീസ് ഇന്റലിജന്‍സ് സംവിധാനം പാഠപുസ്തങ്ങള്‍ പോലും നിരീക്ഷണ വിധേയമാക്കുന്നുണ്ടെന്നാണോ? സാധാരണയായി ഇന്റലിജന്‍സ് നിരീക്ഷിക്കാറുള്ളത് സൈനിക സംവിധാനവും ആയുധനിര്‍മാണവും പോലുള്ള കാര്യങ്ങളാണ്. എന്നാല്‍ ചൈന സ്‌കൂള്‍ പുസ്തങ്ങളെയും നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടോ?

അത്തരം ഒരു വിവരം ലഭിച്ചപ്പോള്‍ അതിനെ അവഗണിച്ച് മുന്നോട്ട് പോവുകയല്ല ചെയ്തത്. ശത്രുവിന്റെ യുദ്ധത്തിനുള്ള ശേഷിയും ഒരുക്കവും നിരീക്ഷിക്കുന്നതോടൊപ്പം തന്നെ പാഠപുസ്തങ്ങളിലും അവരുടെ നിരീക്ഷണം എത്തി. സ്‌കൂളുകളിലെ ഈ പുസ്തകങ്ങളാണ് ആളുകളെ സൃഷ്ടിക്കുന്നത്. അവയാണ് ഓരോ പോരാട്ടത്തിലെയും അടിസ്ഥാന ശക്തികളായ ആളുകളെ നിര്‍മിക്കുന്നത്. എത്ര ശക്തിയേറിയ ആയുധങ്ങള്‍ തന്നെ ഉണ്ടായാലും അതില്ലാതെ ഒന്നും നേടാനാവില്ല. തങ്ങളുടെ പാഠപുസ്തകത്തില്‍ ചില വരികള്‍ മാറ്റേണ്ടതുണ്ടെന്ന ബോധ്യമുള്ള ജപ്പാന്റെ ജാഗ്രതയും മറക്കാവതല്ല. ചരിത്രത്തിന്റെ വിലയാണിത് ബോധ്യപ്പെടുത്തി തരുന്നത്.

ആഫ്രിക്കന്‍ നാടുകളുടെ ചരിത്രം വിവരിക്കുമ്പോള്‍ പൊതുവെ പരാമര്‍ശിക്കപ്പെടുന്ന വിഭാഗമാണ് അറബികളായ അടിമ കച്ചവടക്കാര്‍. അറബ് നാടുകളിലേക്ക് അടിമകളെ കയറ്റിയയച്ചിരുന്ന അടിമ ചന്തകളെ കുറിച്ചും അവ നന്നായി വിശദീകരിക്കുന്നു. എന്നാല്‍ ആഫ്രിക്കയിലെ സ്വതന്ത്രരെ അടിമകളാക്കിയ യൂറോപ്യന്‍മാരെ കുറിച്ച ഒരു വരി പരാമര്‍ശം പോലും അവയില്‍ നമുക്ക് കാണാനാവില്ല. അവരുടെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കടന്നു ചെന്ന് നീചമായ വഞ്ചനയിലൂടെയും കുതന്ത്രത്തിലൂടെയും അവരെ വേട്ടയാടിയവരാണ് യൂറോപ്യന്‍മാര്‍. വളരെ നിന്ദ്യവും നികൃഷ്ടവുമായ രീതിയില്‍ അവരെ അമേരിക്കയിലേക്ക് കയറ്റിയയക്കുകയും ചെയ്തതിന്റെ പരാമര്‍ശങ്ങളും എവിടെയും രേഖപ്പെടുത്തുന്നില്ല.

എന്നാല്‍ നമ്മിലാരെങ്കിലും ഇതിനെ കുറിച്ച് ബോധവാന്‍മാരാണോ?

വിവ : അഹ്മദ് നസീഫ്‌

Related Articles