Current Date

Search
Close this search box.
Search
Close this search box.

അബൂ ഹനീഫയും മദ്യപാനിയായ അയല്‍വാസിയും

jail432.jpg

ഇമാം അബൂഹനീഫ കൂഫയിലാണ് ജീവിച്ചിരുന്നത്. അബൂഹമ്മാദ് എന്നറിപ്പെടുന്ന ഒരു മദ്യപാനിയായ അയല്‍ക്കാരനുണ്ടായിരുന്നു അദ്ദേഹത്തിന്. കള്ളുകുടി നിര്‍ത്താനായി അയാളെ ഉപദേശിച്ച് ഇമാം വശംകെട്ടിരുന്നു. ഇമാം തന്റെ ശ്രമം നിര്‍ത്തിയതായിരുന്നു. പകല്‍ ഇയാള്‍ ചാണകവരളിയും വിറകു കഷ്ണങ്ങളും പെറുക്കി വില്‍ക്കും. വൈകിട്ട് വീട്ടിലെത്തുമ്പോള്‍ കൈയ്യില്‍ ഇറച്ചിയോ മീനോ മറ്റോ ഉണ്ടാകും. അത് പാകംചെയ്ത് കഴിഞ്ഞാല്‍ കള്ള് കുടി തുടങ്ങും. മദ്യം അകത്തു ചെന്നാല്‍ ഉച്ചത്തില്‍ പാട്ടുപാടുകയായി.

‘അവരെന്നെ പാഴാക്കി, ഘോരയുദ്ധ ദിനത്തില്‍ നിന്നും, അതിര്‍ത്തി പ്രദേശങ്ങളെ ശത്രുവില്‍ നിന്നും സംരക്ഷിക്കുന്ന ഏത് ചെറുപ്പത്തെയാണ് അവര്‍ പാഴാക്കിയത്’ എന്ന കവിത അയാള്‍ ഉറക്കെ ആലപിക്കും. പ്രസിദ്ധ അമവീ കവി അറജിയുടെ ഈ വരികള്‍ അയാള്‍ ഉറക്കം വരുന്നത് വരെ പാടിക്കൊണ്ടിരിക്കും.
രാത്രി നമസ്‌കാരത്തില്‍ ഇമാം ഇയാളുടെ പാട്ടും വര്‍ത്തമാനവും കേള്‍ക്കാറുണ്ട്. അയാളുടെ പാട്ട് കേട്ട് ചിലപ്പോള്‍ അദ്ദേഹത്തിന് ചിരിവരും. അങ്ങിനെയിരിക്കെ കുറച്ചു ദിവസമായി അയാളുടെ ബഹളം കേള്‍ക്കാതായി. ഇമാം പലരോടും അന്വേഷിച്ചു: വല്ല രോഗവും പിടിപെട്ടോ അതൊ എവിടേക്കെങ്കിലും യാത്രപോയോ? ആരോ പറഞ്ഞു: രാത്രിയില്‍ എന്തോ ആവശ്യത്തിന് പുറത്തുപോയപ്പോള്‍ കാവലിനുണ്ടായിരുന്ന പോലീസുകാര്‍ മദോന്മത്തനായ അയാളെ പിടിച്ചുകൊണ്ട് പോയി. പോലീസധികാരി ഈസ ബിന്‍ മൂസ രണ്ട് ദിവസമായി അയാളെ ജയിലില്‍ ഇട്ടിരിക്കുകയാണ്.

അയാളെ ചെന്നുകാണണമെന്ന് അദ്ദേഹം തീരുമാനിച്ചു. സുബ്ഹി നമസ്‌കാരം കഴിഞ്ഞപാടെ, ഇമാം വസ്ത്രം മാറി കുതിരപ്പുറത്തു കയറി പോലീസധികാരിയുടെ അടുത്തേക്ക് പോയി. ഇമാമിന്റെ അസാധാരണമായ ആഗമനം അറിഞ്ഞ പോലീസധികാരി തിടുക്കപ്പെട്ട് സ്വീകരിക്കാനായി ഇറങ്ങിവന്നു. അത്യധികം ആദരവോടെ ആഗമനോദ്ദേശം ആരാഞ്ഞു. അദ്ദേഹം പറഞ്ഞു:  എനിക്കൊരു മുഴുകുടിയനായ അയല്‍വാസിയുണ്ട്. അംറ് എന്നാണ് അയാളുടെ പേര്. അബൂ ഹമ്മാദ് എന്ന് വിളിപ്പേരുള്ള അയാളെ താങ്കളുടെ പോലീസുകാര്‍ പിടിച്ച് ജയിലില്‍ ഇട്ടിരിക്കുകയാണ്. അയാളെ വിട്ടയക്കാന്‍ ഉത്തരവുണ്ടാകണം.

പോലീസധികാരി പറഞ്ഞു: അയാളെ മാത്രമല്ല, അന്ന് പിടിയിലായ എല്ലാവരെയും, പണ്ഡിതനായ താങ്കളുടെ ബഹുമാനാര്‍ത്ഥം വിട്ടയക്കുകയാണ്.
അങ്ങിനെ ഇമാം വാഹനത്തില്‍ കയറി വീട്ടിലേക്ക് തിരിച്ചു. മദ്യപാനിയായ അയല്‍വാസി ഇമാമിനെ കണ്ട് നന്ദി പറയാനായി വിട്ടില്‍ അന്വേഷിച്ചെത്തി. അദ്ദേഹം ചിരിച്ചുകൊണ്ട് അയാളോട് ചോദിച്ചു: ‘അബൂ ഹമ്മാദേ, ചെറുപ്പക്കാരാ, ‘അവരെന്നെ പാഴാക്കി, ഘോരയുദ്ധ ദിനത്തില്‍ നിന്നും, അതിര്‍ത്തി പ്രദേശങ്ങളെ ശത്രുവില്‍ നിന്നും സംരക്ഷിക്കുന്ന ഏത് ചെറുപ്പത്തെയാണ് അവര്‍ പാഴാക്കിയത്’ എന്ന് നീ പാടാറുണ്ടായിരുന്നല്ലോ, നിന്നെ ഞങ്ങള്‍ പാഴാക്കിയതായി തോന്നുന്നുണ്ടോ? നൂറ് ദിര്‍ഹവും ഇമാം അയാള്‍ക്ക് നല്‍കി
അയാള്‍: ഇല്ല, താങ്കള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയുമാണ് ചെയ്തത്. അല്ലാഹു താങ്കള്‍ക്ക് നന്മയേകട്ടെ, അല്ലാഹുവാണ, ഇനി ഞാന്‍ മദ്യം തൊടുകയില്ല.
അങ്ങിനെ അയാള്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചു.
ഇമാം പറഞ്ഞു: നീ പാടിക്കോളൂ, നിന്റെ പാട്ട് എനിക്കിഷ്ടമാണ്. (അവലംബം: മൗസൂഅത്തുല്‍ ബൂഹൂത്വ് വല്‍മഖാലാത്)

Related Articles