Current Date

Search
Close this search box.
Search
Close this search box.

അധികമാരും അറിയാത്ത ഹൈദരാബാദ് കൂട്ടക്കൊല

ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 5,00,000 ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ഇന്ത്യയുടെ മധ്യഭാഗത്ത് മറ്റൊരു കൂട്ടക്കൊല നടന്നതിന്റെ ചരിത്രം അധികമാര്‍ക്കുമിന്നുമറിയില്ല. ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യംനേടി അധികം കഴിയുംമുമ്പേ, 1948ല്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ ഇന്ത്യയുടെ മധ്യഭാഗത്ത് കൊല്ലപ്പെട്ടു. ചിലരെയെല്ലാം വരിവരിയായി നിര്‍ത്തി ഇന്ത്യന്‍ സൈന്യം വെടിവെച്ചുകൊല്ലുകയായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നേവരെ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ വളരെ ചുരുക്കം ചിലര്‍ക്കേ കൂട്ടക്കൊലയെ കുറിച്ചുള്ള അറിവുള്ളൂ. ഇത്രമേല്‍ ഭീകരമായ കൂട്ടക്കൊലയെ മൂടിവെക്കുന്നതിനെതിരെ നാളിതുവരെയുള്ള സര്‍ക്കാരുകളെല്ലാം വിമര്‍ശനവിധേയരായിട്ടുണ്ട്.

ഇന്ത്യയുടെ ഹൃദയഭാഗത്ത് അന്നുണ്ടായിരുന്ന ഹൈദരാബാദ് എന്ന രാഷ്ട്രത്തിലാണ് വിഭജനത്തിന് തൊട്ടുപിറകെയായി ഈ കൂട്ടക്കൊല അരങ്ങേറുന്നത്. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ സ്വയംഭരണാവകാശമുണ്ടായിരുന്ന 500 നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നു അത്. സ്വാതന്ത്യത്തോടെ ഇന്ത്യയിലെ ഏതാണ്ടെല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയുടെ ഭാഗമാവാന്‍ തീരുമാനിച്ചു. എന്നാല്‍ ഹൈദരാബാദിലെ നിസാം സ്വതന്ത്രരാഷ്ട്രമായി തന്റെ രാജ്യത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. പുതുതായി രൂപീകൃതമായ ജനാധിപത്യരാഷ്ട്രത്തില്‍ ചേരാന്‍ വിസമ്മതിച്ചത് ഡല്‍ഹിയിലെ ചില നേതാക്കളെ ചൊടിപ്പിച്ചു. ഡല്‍ഹിയും ഹൈദരാബാദും തമ്മില്‍ കുറച്ചുനാള്‍ നിലനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരിന്റെ ക്ഷമനശിച്ചു.

ഹിന്ദുഭൂരിപക്ഷ ഇന്ത്യയുടെ ഹൃദയഭാഗത്ത് ഒരു മുസ്ലിം രാജ്യത്തിന്റെ നിലനില്‍പ് ഇല്ലാതാക്കുകയെന്നതായിരുന്നു മറ്റൊരു കാരണമെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. റസാഖര്‍ എന്ന സായുധസംഘം ഹൈദരാബാദിലെ ഒരുപാട് ഹിന്ദുഗ്രാമങ്ങളില്‍ ഭീതിവിതക്കുന്നുണ്ടായിരുന്നു. ഇത് നെഹ്‌റുവിന് തക്കതായ അവസരം നല്‍കി. 1948 സെപ്റ്റംബറില്‍ ഇന്ത്യന്‍ സൈന്യം ഹൈദരബാദ് കീഴടക്കി.

സാധാരക്കാരുടെ ജീവന് കാര്യമായ ഭീഷണിയുണ്ടാക്കാതെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിസാമിന്റെ സൈന്യത്തെ നിഷ്പ്രയാസം അവര്‍ ഒതുക്കി. എന്നാല്‍ പിന്നീട് ഭീകരമായ തീവെപ്പുകളും, കൊള്ളയും, കൂട്ടക്കൊലകളും, ബലാത്സംഗങ്ങളും അതിനെതുര്‍ന്നുണ്ടായെന്ന് പ്രചരിച്ചു. വാര്‍ത്ത ഡല്‍ഹിയിലുമെത്തി. കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ നെഹ്‌റു വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രതിനിധികളുള്‍ക്കൊള്ളുന്ന ഒരു സംഘത്തെ അന്വേഷണത്തിനായി അയച്ചു.

പണ്ഡിറ്റ് സുന്ദര്‍ലാല്‍ എന്ന കോണ്‍ഗ്രസ് നേതാവായിരുന്നു കമ്മീഷന്‍ തലവന്‍. എന്നാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള റിപ്പോര്‍ട്ട് പിന്നീടൊരിക്കലും പ്രസിദ്ധീകൃതമായില്ല. ഈയിടെ കാമ്പ്രിട്ജ് യൂണിവേഴ്‌സിറ്റിയിലെ തന്റെ ഗവേഷണപഠനങ്ങളുടെ ഭാഗമായി സുനില്‍ പുരുഷോത്തം എന്നയാള്‍ക്ക് പ്രസ്തുത റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി ലഭിച്ചു.

സുന്ദര്‍ലാലിന്റെ സംഘം സംസ്ഥാനത്തെ പന്ത്രണ്ടോളം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. ഭീകരമായ അക്രമത്തിന് വിധേയരായ മുസ്‌ലിംകളുടെ പരാതികള്‍ അവര്‍ എല്ലായിടത്തുനിന്നും രേഖപ്പെടുത്തി. ‘കൊള്ളയിലും മറ്റുപല തെറ്റുകളിലും ഇന്ത്യന്‍ സൈന്യത്തിലെ അംഗങ്ങള്‍ പങ്കാളികളായതിന്റെ ചോദ്യംചെയ്യാനാവാത്ത തെളിവുകള്‍ നമ്മുടെ പക്കലുണ്ട്.’

ഒന്നല്ല, ഒരുപാട് സ്ഥലങ്ങളില്‍ നിന്നും ഹിന്ദുക്കളായ ആള്‍ക്കൂട്ടത്തോട് മുസ്‌ലിം വീടുകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കാന്‍ പ്രേരിപ്പിച്ചതിന്റെയും പലപ്പോഴും നിര്‍ബന്ധിച്ചതിന്റെയും വിവരങ്ങള്‍ ലഭ്യമായി. മുസ്‌ലിം ഗ്രാമീണരെ നിരായുധരാക്കിയതിന് ശേഷം ഹിന്ദുക്കള്‍ക്ക് സൈന്യം തന്നെ ആയുധങ്ങള്‍ നല്‍കിയ സംഭവങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദുക്കളുടെ അര്‍ധസൈനിക സംഘങ്ങളായിരുന്ന പലപ്പോഴും അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നത്.

നരനായാട്ടില്‍ ഇന്ത്യന്‍ സൈന്യം നേരിട്ടു പങ്കാളികളായ സംഭവങ്ങളുടെ വിവരങ്ങളും ലഭ്യമാക്കിയിരുന്നു. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയായ മുസ്‌ലിംകളെ വീടുകളില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്നു ഇന്ത്യന്‍ സൈന്യം തന്നെ നിഷ്‌കരുണം അവരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉദ്ധരിക്കുന്നു. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും സൈന്യം മുസ്‌ലിംകളോട് നല്ല രീതിയില്‍ പെരുമാറിയതായും സംരക്ഷിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. റസാഖാര്‍സ് എന്ന സായുധസംഘത്തിന് കീഴില്‍ ഹിന്ദുക്കള്‍ ദീര്‍ഘകാലം അനുഭവിച്ചതിന്റെ പ്രതികാരമായിരുന്ന ഈ തിരിച്ചടികളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹിന്ദുക്കളുടെ പ്രതികാരത്തിന്റെ ഭീകരത വിവരിക്കുന്ന കോണ്‍ഫിഡന്‍ഷ്യല്‍ നോട്ട് സുന്ദര്‍ലാല്‍ റിപ്പോര്‍ട്ടിനോടൊപ്പമുണ്ടായിരുന്നു. ശവങ്ങള്‍ക്കൊണ്ട് നിറഞ്ഞ കിണറുകള്‍ പലയിടങ്ങളിലും ഞങ്ങള്‍ക്ക് കാണാനായി. ഒരു കിണറ്റില്‍ പതിനൊന്ന് ശവങ്ങള്‍ വരെയുണ്ടായിരുന്നു. പാലൂട്ടുന്ന അമ്മയും അതിന്റെ കുഞ്ഞും അക്കൂട്ടത്തിലുണ്ടായിരുന്നു.

ചതുപ്പുകളില്‍ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. പലയിടങ്ങളിലും ശവങ്ങള്‍ക്ക് തീകൊടുത്തിരുന്നു. കത്തിക്കരിഞ്ഞ എല്ലുകളും, തലയോട്ടികളും അപ്പോഴും ചിലയിടങ്ങളിലുണ്ടായിരുന്നു, റിപ്പോര്‍ട്ട് പറയുന്നു. 27,000 മുതല്‍ 47,000 വരെ ആളുകള്‍ കൊല്ലപ്പെട്ടതായി സുന്ദര്‍ലാല്‍ റിപ്പോര്‍ട്ട് പറയുന്നു.

സുന്ദര്‍ലാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീക്കാതിരിക്കാനുള്ള നെഹ്‌റുവിന്റെ തീരുമാനത്തിന് ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. സ്വാതന്ത്യത്തെ തുടര്‍ന്നുള്ള നാളുകളില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ അപ്പോള്‍ തന്നെ മോശമായിരുന്ന ഹിന്ദുമുസ്‌ലിം ബന്ധത്തെ കൂടുതല്‍ വഷളാക്കേണ്ടെന്ന് കരുതിയാവാമതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ദശാബ്ദങ്ങള്‍ക്കുശേഷമിന്നും, അന്ന് സംഭവിച്ചതിനെ കുറിച്ച് പാഠപുസ്തകങ്ങളിലും ഒന്നുമില്ല. അന്ന് സംഭവിച്ചതിനെ കുറിച്ച് ഇന്നും ചുരുക്കം ചിലര്‍ക്കേ അറിവുള്ളൂ.

അധികമാര്‍ക്കും അറിയാത്ത സുന്ദര്‍ലാല്‍ റിപ്പോര്‍ട്ട് ദല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ലൈബ്രറിയില്‍ ഇന്നാര്‍ക്കും ലഭ്യമാണ്. പ്രസ്തുത റിപ്പോര്‍ട്ട് എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും രാജ്യം മുഴുവന്‍ സംഭവത്തെ കുറിച്ചറിയണമെന്നും കാണിച്ചുകൊണ്ട് മാധ്യമങ്ങള്‍ വ്യാപകമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടരുന്ന മുസ്‌ലിം-ഹിന്ദു സംഘര്‍ഷങ്ങളെ അത് കൂടുതല്‍ അപകടത്തിലേക്കെത്തിച്ചേക്കാമെന്ന് വാദിക്കുന്നരുണ്ട്.

സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും നിറഞ്ഞ ഈ രാജ്യത്ത് ജീവിക്കവേ ഞാന്‍ അതേ കുറിച്ച് കൂടുതല്‍ പറയാനില്ലെന്ന് പറയുന്നു, കൂട്ടക്കൊലയുടെ നാളുകളില്‍ ഹൈദരാബാദില്‍ ജീവിച്ച ബര്‍ഗുള നരസിങ് റാവു എന്ന 80 കാരന്‍. ‘പ്രതികരണങ്ങളും, പ്രതി-പ്രതികരണങ്ങളും മറ്റുമെല്ലാം തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍ അക്കാദമിക രംഗത്ത്, ഗവേഷണരംഗത്ത്, നിങ്ങളുടേതായ പ്രചരണമേഖലയില്‍ അത് വ്യാപിക്കട്ടെ. അതിനോടൊന്നും എനിക്ക് വിയോജിപ്പുകളില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

അവലംബം: bbc.com

Related Articles