ഓസ്‌ലോ കരാറിനെ ഹമാസ് ശക്തിയായി എതിര്‍ത്തു. ഇസ്രയേലിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുകയും ഫലസ്തീനികളുടെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്ന കരാറാണിതെന്ന് ഹമാസ് ആരോപിച്ചു. ഓസ്‌ലോ കരാറിന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫലസ്തീന്‍ പ്രശ്‌നം രൂക്ഷമായി. ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഫലസ്തീന്‍ അതോറിറ്റിക്ക് അപ്പോഴാണ് മനസ്സിലായത്. ഈ കരാര്‍ പ്രാബല്യത്തിലിരുന്ന കാലത്ത് ഇസ്രയേല്‍ തങ്ങളുടെ അധിനിവേശം വ്യാപിപ്പിക്കുകയും ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഏതാനും പ്രദേശങ്ങള്‍ കൂടി തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. മാത്രമല്ല അക്കാലത്ത് വെസ്റ്റ്ബാങ്കിലുള്ള ജൂതകുടിയേറ്റവും ഇരട്ടിച്ചു. ഓസ്‌ലോ പരാജയത്തിന് ശേഷം 2000-ല്‍ ഇസ്രയേലിനെതിരെ രണ്ടാം ഇന്‍തിഫാദക്ക് തുടക്കം കുറിക്കപ്പെട്ടു. ഇത് ഹമാസിന്റെ ചെറുത്തു നില്‍പ് പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തും സ്വാധീനവും നല്‍കി.
2005 മാര്‍ച്ചില്‍ ഹമാസ് തുടര്‍ച്ചയായ മൂന്ന് തീരുമാനങ്ങളെടുത്തു. ഹമാസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു അവ. വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും നിയമനിര്‍മാണ് സഭയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അതോടൊപ്പം തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് പി.എല്‍.ഒയില്‍ ചേരാനും സംഘടന തീരുമാനിച്ചു.
ഫലസ്തീന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള ഹമാസിന്റെ ശ്രമങ്ങള്‍ക്ക് ഇതോടെയാണ് തുടക്കം കുറിക്കപ്പെട്ടത്. അതിലേറ്റവും പ്രധാനം 2006-ലെ നിയമനിര്‍മാണ സഭയിലേക്ക് മത്സരിക്കാനുള്ള ഹമാസിന്റെ തീരുമാനമായിരുന്നു. തങ്ങളുടെ ശക്തിയെയും ഫലസ്തീന്‍ ജനതക്കിടയില്‍ തങ്ങള്‍ക്കുള്ള സ്വാധീനത്തെയും കുറിച്ച് അവര്‍ മനസ്സിലാക്കാന്‍ തുടങ്ങിയ സന്ദര്‍ഭം കൂടിയായിരുന്നു അത്.
ഹമാസ് രൂപീകരണം
1980-ലാണ് ഹമാസ് രൂപീകരിക്കപ്പെടുന്നത്. ഒരേസമയം ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും ഇസ്രയേല്‍ അധിനിവേശ വിരുദ്ധ സായുധ പോരാട്ടവും നടത്തുകയായിരുന്നു അവര്‍ ചെയ്തത്. ഇസ്രയേലിന്റെ സമ്പൂര്‍ണമായ കൊളോണിയല്‍ അധിനിവേശത്തെ ചെറുത്തു തോല്‍പിക്കാന്‍ തക്കസമയത്ത് ഉദയം ചെയ്ത രക്ഷകനെയാണ് ഫലസ്തീനികള്‍ ഹമാസില്‍ കണ്ടത്. ഫലസ്തീന്‍ വിമോചനത്തിന് പി.എല്‍.ഒ യും മറ്റ് അറബ് രാഷ്ട്രങ്ങളും സ്വീകരിച്ച മാര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിലപാടായിരുന്നു ഹമാസ് സ്വീകരിച്ചത്. 1960-ലെ പി.എല്‍.ഒ നേതാക്കളുടെ ‘ഫലസ്തീന്‍ വിമോചനം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനം വികസിപ്പിച്ച ഹമാസ് പി.എല്‍.ഒക്ക് കീഴില്‍ വരാന്‍ വിസമ്മതിച്ചു. ഇസ്രയേലിന്റെ നിലനില്‍പിനെ അംഗീകരിച്ചു കൊണ്ടുള്ള സമാധാന ഉടമ്പടികളില്‍ നിന്നെല്ലാം ഹമാസ് വിട്ടുനിന്നു.
ഫലസ്തീന്‍ വിമോചനം എന്ന ലക്ഷ്യം നേടുന്നതില്‍ പി.എല്‍.ഒക്കുണ്ടായ പരാജയം ഹമാസിന്റെ ജനസ്വാധീനം വര്‍ധിപ്പിച്ചു. അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായി അവര്‍ മാറുകയും ചെയ്തു. സായുധ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ വിദ്യാഭ്യാസ പരവും സാമൂഹികവുമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഹമാസ് ഏറ്റെടുത്ത് നടത്തി. ഇത് ഫലസ്തീനിലെ യുവാക്കള്‍ക്കിടയില്‍ ഹമാസിന് ഏറെ പിന്തുണ നേടിക്കൊടുത്തു. മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പുകളിലും വിദ്യാര്‍ഥി യൂണിയന്‍ തെരെഞ്ഞെടുപ്പുകളിലും സിന്‍ഡിക്കേറ്റ് തെരെഞ്ഞെടുപ്പുകളിലും ഹമാസ് നേടിയ വിജയം ഇതിന്റെ തെളിവായിരുന്നു.
ലോകത്തുടനീളമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കണ്ണിയായ ഹമാസ് ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് സവിശേഷമായ വ്യാഖ്യാനമാണ് നല്‍കിയത്. ഒട്ടുമിക്ക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സ്വന്തം നാട്ടിലെ ഏകാധിപത്യ ഭരണകൂടങ്ങളോടാണ് പോരാടുന്നത്. എന്നാല്‍ ഹമാസിന്റെ പോരാട്ടം സ്വന്തം ഭരണകൂടത്തോടല്ല, ഒരു വൈദേശിക ശക്തിയോടാണ്. രൂപീകരണം മുതല്‍ ഹമാസ് തങ്ങളുടെ നയങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളും പില്‍ക്കാല പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്യുമ്പോള്‍ അത് വ്യക്തമാകും. വര്‍ഷങ്ങളുടെ പോരാട്ട അനുഭവങ്ങളിലൂടെ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാകും വിധം പക്വതയാര്‍ന്ന രാഷ്ട്രീയ മുന്നേറ്റമാണ് ഹമാസ് നടത്തി കൊണ്ടിരിക്കുന്നത്. (തുടരും)
വിവ : സഅദ് സല്‍മി
വിമോചന പ്രസ്ഥാനം ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടടിക്കുന്നു
ഹമാസിന്റെ തെരെഞ്ഞെടുപ്പ് വിജയം