Current Date

Search
Close this search box.
Search
Close this search box.

യന്ത്രക്കാക്ക മലര്‍ന്നു പറന്ന അറബിക്കഥയിലെ ബഗ്ദാദ്

2003 ഏപ്രില്‍ 9 ന് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ യു.എസ് സൈന്യം പ്രവേശിച്ച സന്ദര്‍ഭത്തില്‍ ‘ബഗ്ദാദിന്റെ പതനം’ എന്നാണ് അതിനെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പ്രസിദ്ധ നഗരങ്ങള്‍ വൈദേശിക ശക്തികള്‍ പിടിച്ചെടുക്കുമ്പോഴെല്ലാം ഇതേ പദമാണ് സാധാരണയായി മാധ്യമങ്ങള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ബഗ്ദാദിന്റെ പതനം തികച്ചും വ്യത്യസ്തമായിരുന്നു, അതൊരു ഭരണകൂടത്തിന്റെ പതനത്തിനേക്കാള്‍ ഉപരിയായിരുന്നു.

ചരിത്രത്തിലുടനീളം ഇറാഖ് പ്രത്യേകിച്ച് ബഗ്ദാദ് അക്രമിക്കപ്പെടുകയും കീഴതൊക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ അധിനിവേശ സൈന്യം ബഗ്ദാദിലെ ഫിര്‍ദൗസ് സ്‌ക്വയറിലെ സദ്ദാം ഹുസൈന്റെ ഭീമാകാരമായ പ്രതിമ തകര്‍ത്തു കളഞ്ഞത് ഒരു ഭരണാധികാരിയുടെ പതനത്തിന്റെ സൂചകവും വൈദേശിക അധിനിവേശത്തിന്റെ ശക്തിപ്രകടനവും മാത്രമായിരുന്നില്ല, മറിച്ച് ആ നഗരത്തിന്റെ സംസ്‌കാരവും നാഗരികതയും വൈജ്ഞാനിക-ചിന്താ-ശാസ്ത്ര സ്രോതസ്സുകളും കൂടി തകര്‍ന്നടിയുന്നതിന്റെ തുടക്കമായിരുന്നു.

തുടങ്ങുന്നതിന് മുമ്പുതന്നെ ഒടുക്കം മനസ്സിലാവുന്ന ഒരു സിനിമ കാണുന്നവനെ പോലെ എല്ലാ സംഭവങ്ങള്‍ക്കും സാക്ഷികളായവരില്‍ ഞാനുമുണ്ടായിരുന്നു, എന്നാല്‍ അതവസാനിപ്പിക്കാന്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അന്നെനിക്ക് പ്രായം 20. ഏറെ കാലമായി എന്റെ ജന്മനാടെന്ന് ഞാന്‍ പറഞ്ഞിരുന്ന, വളരെ ചെറുപ്പത്തില്‍ ഞാന്‍ വിട്ടുപോന്ന രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ പേടിയോടെ ഞാന്‍ നോക്കിക്കണ്ടിരുന്നു. ജീവിതത്തിലെ അധിക കാലവും ഇറാഖിന് പുറത്താണ് ജീവിച്ചതെങ്കിലും, ഞാന്‍ ജനിച്ചതും എന്റെ സ്വഭാവം രൂപപ്പെട്ടതും എന്റെ ബാല്യകാല ഓര്‍മ്മകള്‍ കുടികൊള്ളുന്നതും ഇറാഖിലാണ്.

ഇറാഖ് എന്നാല്‍ നീണ്ടു കിടക്കുന്ന നദീതീരമെന്നും നദിയെ ചുറ്റിനില്‍ക്കുന്ന മേച്ചില്‍ പുറമെന്നുമാണ് അര്‍ഥം. യൂറോപ്പില്‍ മെസപ്പൊട്ടോമിയ പോലെ ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും തീരത്തുള്ള ഫലഭൂയിഷ്ടമായ പ്രദേശത്തെ സൂചിപ്പിക്കാന്‍ എട്ടാം നൂറ്റാണ്ട് മുതല്‍ അറബ് ഭൂമിശാസ്ത്രജ്ഞന്മാര്‍ ഉപയോഗിച്ചിരുന്ന പദമാണ് ‘ഇറാഖ്’ എന്നത്. അബ്ബാസീ ഖലീഫമാരുടെ കാലത്ത് ദീര്‍ഘനാള്‍ അറബ് ലോകത്തിന്റെ സിരാകേന്ദ്രമായി വര്‍ത്തിച്ചിരുന്ന ‘ബഗ്ദാദ്’ യൂറോപ്പില്‍ ജ്ഞാനോദയത്തിന്ന് തിരിനാമ്പ് കൊളുത്തിയ അറേബ്യന്‍ ശാസ്ത്ര വിജ്ഞാനങ്ങളുടെ തലസ്ഥാനമായിട്ടാണ് പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നത്.

കൈറോ കഴിഞ്ഞാല്‍ അറബ് ലോകത്തെയും തെഹ്‌റാന്‍ കഴിഞ്ഞാല്‍ പശ്ചിമേഷ്യയിലെയും രണ്ടാമത്ത വലിയ നഗരമായ ബഗ്ദാദ് ചരിത്രത്തിലുടനീളം ലോക വന്‍ ശക്തികളുടെ ലക്ഷ്യമായിട്ടുണ്ട്. ഫാത്തിമികളും മംഗോളികളും ഉസ്മാനികളും ബ്രിട്ടനും ഏറ്റവും ഒടുവില്‍ അമേരിക്കയും ബഗ്ദാദ് അക്രമിക്കുകയും നഗരം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബഗ്ദാദ് കണ്ട ഏറ്റവും ഭീകരമായ അക്രമണം 1258 ലെ മംഗോളിയരുടെ അക്രമണമായിരുന്നു. അന്നത്തെ ഖലീഫയെ അടക്കം നിരവധി നഗരവാസികളെ കൂട്ടക്കൊല നടത്തിയ മംഗോളിയര്‍ ബഗ്ദാദില്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതകളാണ് ചെയ്തുകൂട്ടിയത്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശവും അവരുടെ അക്രമണത്തില്‍ കത്തിച്ചാമ്പലായിരുന്നു. ബഗ്ദാദിലെ യൂണിവേഴ്‌സിറ്റികളും ലൈബ്രറികളും അഗ്നിക്കിരയാക്കിയ മംഗോളിയര്‍ പുസ്തകാലയങ്ങളിലെയും ലൈബ്രറികളിലെയും പുസ്തകങ്ങള്‍ ടൈഗ്രീസ് നദിയിലൊതുക്കി. പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും മറ്റു സിവിലിയന്‍മാരും മംഗോളിയരുടെ കൂട്ടക്കൊലക്കിരയായി. നിരവധി പേര്‍ നാടുവിട്ടു. ഇപ്പോഴത്തെ അമേരിക്കന്‍ അധിനിവേശത്തെ പലരും 1258 ലെ മംഗോളിയന്‍ അധിനിവേശത്തോടാണ് ഉപമിക്കുന്നത്. അനൗദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം 5500 ഓളം ശാസ്ത്രജ്ഞരും പണ്ഡിതന്മാരുമാണ് അമേരിക്കയുടെ അധിനിവേശത്തിന് ശേഷം ഇറാഖ് വിട്ടത്. 200 കോളേജ് അധ്യാപകരും 530 ശാസ്ത്ര പണ്ഡിതന്മാരും കൊലചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മംഗോളിയന്‍ അധിനിവേശം അബ്ബാസി ഖിലാഫത്തിന് അന്ത്യം കുറിച്ചപ്പോള്‍ അമേരിക്കന്‍ അധിനിവേശം ഇറാഖിന്റെ അസ്തിത്വം തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു. എന്നുമാത്രമല്ല, വംശീയതയും വിഘടനവാദവും ദാരിദ്ര്യവും നിരക്ഷരതയും രാജ്യ വ്യാപകമാക്കുകയും ഭയം മൂലം പലായനം ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

എ.ഡി 762 ല്‍ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂറാണ് ബഗ്ദാദ് നഗരം നിര്‍മ്മിച്ചത്. അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനമായി മാറിയ ബഗ്ദാദ് പിന്നീട് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആസ്ഥാനമായിത്തീരുകയും ചെയ്തു. കച്ചവടത്തിന്റെയും ശാസ്ത്രീയ പഠനങ്ങളുടെ ബൗദ്ധിക ചിന്തയുടെയും ആസ്ഥാനമായി ഇസ്‌ലാമിക ലോകത്ത് ബഗ്ദാദ് തല ഉയര്‍ത്തിപ്പിടിച്ചു നിന്നു. ചൈന, ഇന്ത്യ തുടങ്ങിയ വിദൂര ദിക്കുകളില്‍ നിന്നുവരെ ആളുകള്‍ വിജ്ഞാനത്തിനും കച്ചവടത്തിനും ബഗ്ദാദിലേക്ക് വന്നുകൊണ്ടിരുന്നു. അല്‍ മുന്‍തസിരിയ്യ യൂണിവേഴ്‌സിറ്റി പോലുള്ള ലോകത്തെ പുരാതന വിജ്ഞാന കേന്ദ്രങ്ങളും ബഗ്ദാദിന്റെ ഖ്യാതി ഉയര്‍ത്തി.

ചരിത്രത്തില്‍ ബഗ്ദാദിനെ ഇങ്ങനെയൊക്കെ വായിക്കാനാകുമെങ്കിലും, ഇന്ന് ബഗ്ദാദില്‍ നിന്നും അപകടമണികള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. നാഗരികതകളുടെ കളിത്തൊട്ടിലായ ഇറാഖില്‍ നിരക്ഷരത വര്‍ധിക്കുകയാണ്. ജനസംഖ്യയുടെ 40% ഉം എഴുത്തും വായനയും അറിയാത്തവര്‍. 10 നും 18 നും ഇടയില്‍ പ്രായമുള്ള 3 ലക്ഷത്തിലധികം ഇറാഖി കൗമാര പ്രായക്കാര്‍ സ്‌കൂളില്‍ പോകാത്തവരാണ്. 70% ത്തിലധികം ഇറാഖ് യുവജനതയും സാംസ്‌കാരിക – കലാ പ്രവര്‍ത്തനങ്ങളില്‍ വിമുഖരാണ്. 68 ശതമാനം പേരും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല.

വിജ്ഞാനത്തിന്റെയും നാഗരികതയുടെയും വര്‍ണ്ണാഭമായ ഗതകാല ചരിത്രം പേറുന്ന ഇറാഖ് അടുത്ത കാലംവരെ അതിന്റെ ഖ്യാതിയും പ്രൗഢിയും നിലനിര്‍ത്തിയിരുന്നു. 1980 ലെ യുന്‌സകോയുടെ റിപ്പോര്‍ട്ടനുസരിച്ച് മേഖലയില്‍ പൂര്‍ണ സാക്ഷരത കൈവരിച്ച ഏക രാഷ്ട്രം ഇറാഖായിരുന്നു. 1970-84 കാലഘട്ടത്തില്‍ ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ വ്യവസ്ഥ നിലനിന്നിരുന്നതും അന്താരാഷ്ട്ര രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നതും ഇറാഖിലായിരുന്നു. കാര്യങ്ങള്‍ എത്രവേഗമാണ് മാറിമറിയുന്നത്?

വൈജ്ഞാനിക രംഗത്ത് ബഗ്ദാദിന്റെ സംഭാവനകള്‍ എഴുതി തീര്‍ക്കാനാവുന്നതല്ല. ലോക നാഗരികതക്ക് ബഗ്ദാദ് നല്‍കിയ സംഭാവനകള്‍ നിരവധി. അറബി പദ്യരചനാശാസ്ത്രത്തിന്റെയും ആദ്യ ഡിക്ഷ്‌നറിയുടെയും ഉപജ്ഞാതാവായ ഖലീല്‍, അദ്ദേഹത്തിന്റെ ശിഷ്യനും അറബിക് വ്യാകരണ ശാസ്ത്രത്തിലെ അതികായനുമായ സ്വീബവൈ, തത്വചിന്താ ലോകത്ത് പ്രശസ്തരായ ഫാറാബി, അല്‍ കിന്ദി, പദ്യസാഹിത്യത്തിലെ പ്രഗത്ഭരായ മുതനബ്ബി, അബൂ ഫിറാസ് ഹംദാനി, അബൂ തമാം, അബൂ നവാസ്, നാസിക് അല്‍ മലായിക തുടങ്ങിയവരെല്ലാം ബ്ഗദാദില്‍ നിന്നുള്ളവരായിരുന്നു. മദ്ഹബിന്റെ ഇമാമാരായ അബൂഹനീഫയും അഹ്മദ് ബ്‌നു ഹമ്പലും ഇറാഖില്‍ നിന്നുള്ളവര്‍ തന്നെ.

ഇറാഖില്‍ അമേരിക്കന്‍ അധിനിവേശം നടന്നിട്ട് 11 വര്‍ഷം പിന്നിട്ടിരിക്കുന്നു. സൈന്യം ഇറാഖില്‍ നിന്നും പിന്മാറിയെങ്കിലും ബഗ്ദാദ് ഇന്നും അതിന്റെ പതനത്തിന്റെ പാതയില്‍ തന്നെയാണ്. നാഗരികതകളുടെ കളിത്തൊട്ടിലായ ബഗ്ദാദ് ഒരുദിവസം അതിന്റെ പഴയ പ്രതാപത്തിലേക്കും പ്രൗഢിയിലേക്കും തിരിച്ചു വരണമെന്നും അവിടെ സമാധാനം നിറഞ്ഞാടണമെന്നുമാണ് എന്റെ പ്രാര്‍ഥന.

വിവ : ജലീസ് കോഡൂര്‍

Related Articles