Current Date

Search
Close this search box.
Search
Close this search box.

മൂസ ബിന്‍ നുസൈര്‍ : വടക്കനാഫ്രിക്കയുടെ രണ്ടാമത്തെ മോചകന്‍ – 2

വടക്കനാഫ്രിക്കയിലെ റോമന്‍ അധിനിവേശ ഭരണത്തെ കുറിച്ച് ശ്രദ്ധാപൂര്‍വം പഠനം നടത്തിയ മൂസ ബ്‌നു നുസൈര്‍, അവരെ പരാജയപ്പെടുത്താനാവശ്യമായ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

* കൂറും വൈദഗ്ദ്ധ്യവുമുള്ള കമാന്റര്‍മാരെ തെരഞ്ഞെടുക്കുക

* സ്ഥിരമായ ചര്‍ച്ചയും വൈയക്തിക പ്രോത്സാഹനവും മുഖേന, സൈന്യവുമായി നേരിട്ടു ബന്ധപ്പെടുക

* ഖൈറുവാനിലെ മുസ്‌ലിം താവളത്തില്‍ നിന്നും തുടങ്ങി, ഇടറാതെ മുന്നോട്ടു നീങ്ങി, ഉത്തരാഫ്രിക്കയെ, റോമക്കാരില്‍ നിന്നും ആശ്രിതരില്‍ നിന്നും പടിപടിയായി, മോചിപ്പിക്കുക. ഇവയായിരുന്നു പ്രധാന തന്ത്രങ്ങള്‍.

മൊറോക്കക്കാര്‍, ഇസ്‌ലാമിനെയും അറബികളുടെ ശക്തിയെയും കുറിച്ചു കേള്‍ക്കുകയും, തങ്ങളുടെ ഭരണത്തിന്‍ കീഴിലുള്ള ജനതയോടുള്ള അവരുടെ പെരുമാറ്റത്തെ കുറിച്ച് അറിയുകയും ചെയ്തിരുന്നു. ഉത്തരാഫ്രിക്കക്കാരോടുള്ള റോമക്കാരുടെ മനുഷ്യത്വഹീനമായ പെരുമാറ്റം അവര്‍ അനുഭവിച്ചതുമാണ്. ഈ ഒരു ഘട്ടത്തിലാണ്, മൂസ അവിടേക്ക് സേനയെ അയച്ചത്. മുന്‍ ചൊന്ന ഘടകങ്ങളെല്ലാം തന്നെ, നിരവധി മൊറോക്കന്‍ ഗോത്രക്കാരുടെ ഇസ്‌ലാമാശ്ലേഷത്തിന്നും, പുതിയ ജേതാക്കളെ സ്വാഗതം ചെയ്യുന്നതിന്നും കളമൊരുക്കുകയായിരുന്നു. അങ്ങനെ, ഒന്നോ രണ്ടോ, തീരപ്രദേശ നഗരങ്ങളൊഴികെ, ഉത്തരാഫ്രിക്ക മുഴുവന്‍ മുസ്‌ലിം ഭരണത്തിന്‍ കീഴില്‍ വരികയായിരുന്നു. മൂസയുടെ ബൃഹത്തും തളരാത്തതുമായ ശ്രമഫലങ്ങളായിരുന്നു ഇതിന്നു പിന്നില്‍.

ഭാഷാ-വര്‍ഗ്ഗ പരിഗണനകളില്ലാതെ, മാനുഷിക സമത്വത്തില്‍ വിശ്വസിക്കുന്ന ഒരു യഥാര്‍ത്ഥ മുസ്‌ലിമെന്ന നിലയില്‍, സമര്‍ത്ഥനായൊരു അഡ്മിനിസേ്ട്രറ്റര്‍ എന്ന നിലക്കും, ബെര്‍ബെര്‍കാരനായ താരിഖ് ബ്‌നു സിയാദിനെ, അദ്ദേഹം, ടാഞ്ജീറി(Tangier)ന്റെയും പരിസരങ്ങളുടെയും ഗവര്‍ണറായി നിയമിക്കുകയായിരുന്നു. അദ്ദേഹം മൊറോക്കോ വിടുന്നതിന്നു മുമ്പായി, പുതുതായി ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് ഇസ്‌ലാം പഠിപ്പിക്കാനായി, ഏകദേശം 1750 സൈനികരെയും നിരവധി മുസ്‌ലിം പണ്ഡിതരെയും അവിടെ വിട്ടിരുന്നു. അങ്ങനെ, ആ നാട്ടുകാര്‍, താമസിയാതെ സമൂഹത്തിലെ സജീവാംഗങ്ങളായി തീരുകയായിരുന്നു. 12000 ത്തിലധികം സൈനികരുള്ള ഒരു ശക്തമായ സേന താരിഖ് ബ്‌നു സിയാദിന്നുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

പിന്നെ, ഇലൗമേ അഥവാ  ഇലയമേ എന്ന ഒരു തീരപ്രദേശ നഗരം മാത്രമായിരുന്നു റോമന്‍ ഗവര്‍ണറുടെ കൈയിലുണ്ടായിരുന്നത്. ഈ പ്രദേശത്തെ, റോമാ ഗവര്‍ണറായിരുന്ന ജൂലിയന്റെ കൈയില്‍ വിട്ടത്, മൂസയുടെ ബുദ്ധിപൂര്‍വകവും സൈനികവും രാഷ്ട്രീയവുമായൊരു നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കാരണം, പ്രദേശത്തെ റോമന്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനും, മറുവശത്തെ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നടക്കുന്ന കാര്യങ്ങള്‍  മനസ്സിലാക്കാനും മുസ്‌ലിം സേന ഉപയോഗപ്പെടുത്തിയിരുന്നത് ഈ നഗരത്തെയായിരുന്നു. ഇലൗമേ യില്‍ നിന്നും കുറഞ്ഞ നാഴികകള്‍ മാത്രമായിരുന്നു ഐബേറിയന്‍ ഉപദ്വീപിലേക്കുണ്ടായിരുന്നത്.

റോമക്കാര്‍ പരാജയപ്പെടുകയും, ഉത്തരാഫ്രിക്ക മുഴുവന്‍ മുസ്‌ലിം ഭരണത്തിലാവുകയും ചെയ്തതോടെ, തന്റെ ഭാരിച്ച ഉത്തരവാദിത്വത്തിന്റെ പ്രഥമ ഘട്ടം മൂസ പൂര്‍ത്തീകരിക്കുകയായിരുന്നു. പക്ഷെ, റോമക്കാരുടെ ആക്രമണത്തില്‍ നിന്നും മിന്നലാക്രമണങ്ങളില്‍ നിന്നും പ്രദേശത്തെ സുരക്ഷിതമാക്കാന്‍ മാത്രം പര്യപ്തമല്ല, മുസ്‌ലിം നിയന്ത്രണമെന്ന് അനുഭവത്തില്‍ നിന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. പരിശീലനം നേടിയവരും സുസജ്ജരുമായ തങ്ങളുടെ നാവിക സേനയെ ഉപയോഗിച്ചു എപ്പോഴും തീരപ്രദേശം ആക്രമിക്കാന്‍ കഴിവുള്ളവരാണ് റോമന്‍ സേനയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍, ഖൈറുവാനിലേക്ക് മടങ്ങുന്നതിന്നു മുമ്പ് അദ്ദേഹം ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന്, തുനീഷ് നഗരത്തില്‍ തന്റെ മുന്‍ഗാമി ഹസന്‍ നുഅ്മാന്‍ സ്ഥാപിച്ചിരുന്ന കപ്പല്‍ നിര്‍മ്മാണ കേന്ദ്രം വികസിപ്പിക്കുകയായിരുന്നു. യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിന്നുള്ളതായിരുന്നു ഈ ഫാക്ടറി. വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഈജിപ്തില്‍ നിന്ന് ഇവിടെ തൊഴിലാളികളെ കൊണ്ടു വന്നിരുന്നു. അവിടെ നിന്നും മധ്യധരണ്യായിലേക്കുള്ള സുതാര്യമായ കപ്പല്‍ പാത ഉറപ്പിക്കുന്നതിന്നു ചെയ്ത മറ്റു സംവിധാനങ്ങള്‍, കഥാപുരുഷന്റെ നിര്‍ദ്ദേശാനുസാരമായിരുന്നു. അങ്ങനെ, പുതുതായി മോചിപ്പിക്കപ്പെട്ട ഉത്തരാഫ്രിക്കന്‍ തീരങ്ങള്‍ റോമന്‍ ആക്രമണങ്ങളില്‍ നിന്നും മുക്തമായി.

മുസ്‌ലിം ഭരണത്തിന്‍ കീഴില്‍, പ്രദേശത്തെ നിരവധി ഭാഗങ്ങള്‍, സമാധാനവും സുസ്ഥിരതയും  നേടുകയും, വളരെ വേഗത്തില്‍ അഭിവൃദ്ധിപ്പെടാനും വികസിക്കാനും തുടങ്ങുകയും ചെയ്തു. തീരപ്രദേശങ്ങള്‍ക്ക് ഏറ്റവും നല്ല സുരക്ഷ ഉറപ്പുവരുത്തുന്നതിന്നായി, മധ്യധരണ്യാഴിയിലെ തന്ത്രപ്രധാനമായ ചില ദ്വീപുകള്‍ മൂസ കൈവശപ്പെടുത്തുകയുണ്ടായി. കിഴക്ക്, യൂറോപ്പിലേക്കുള്ള പാത, മസ്‌ലമ ബിന്‍ അബ്ദുല്‍ മലിക് വെട്ടിത്തെളിച്ചിരുന്നു. പടിഞ്ഞാറ്, ഐബേറിയന്‍ ദ്വീപിലേക്ക് ഇസ്‌ലാമിനെ എത്തിക്കാനുള്ള സാധ്യതയെ കുറിച്ച്, മൂസ ആദ്യമേ തന്നെ പഠനം നടത്തിയിരുന്നു. ഇലൗമേ ഗവര്‍ണര്‍ ജൂലിയന്‍, സ്‌പെയിന്‍ രാജാവ് റോഡറിഗോവിന്നെതിരെ സഹായം തേടി തന്റെയടുത്തെത്തിയപ്പോഴായിരുന്നു അത്. നിയമപരമായ അവകാശികളില്‍ നിന്നും സിംഹാസനം പിടിച്ചെടുത്ത ഇയാള്‍, Toledo വിലെ, സ്പാനിഷ് കോര്‍ട്ടില്‍ അതിഥിയായി കഴിഞ്ഞിരുന്ന, ജൂലിയന്റെ പുത്രിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. സ്‌പെയിന്‍ ആക്രമണത്തിന്ന് അനുമതി തേടി മൂസ, ഡമസ്‌കസ് ഖലീഫക്കെഴുതിയെങ്കിലും അദ്ദേഹം അറച്ചു നില്‍ക്കുകയായിരുന്നു. പകരം, താന്‍ സ്‌കൗട്ടുകളെയും ചെറിയ സംഘങ്ങളെയും അയച്ചു സൈനിക സ്ഥിതി മനസ്സിലാക്കുന്നത് വരെ ആക്രമണം നീട്ടിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ, തരീഫിന്റെ നേതൃത്വത്തില്‍, ഏകദേശം 400 മുസ്‌ലിം കമാന്റോകള്‍, ജൂലിയന്‍ ഏര്‍പ്പാട് ചെയ്ത കപ്പലില്‍, സ്‌പെയിനിലെത്തി. പാള്‍മാസ് ദ്വീപി – പിന്നീട് തരീഫ് എന്നാണിത് അറിയപ്പെട്ടത് – ലായിരുന്നു മുസ്‌ലിംകള്‍ ആദ്യമായി കാലൂന്നിയത്. ഹി. 92 റമദാനിലായിരുന്നു സംഭവം. മിന്നലാക്രമണം വളരെ വിജയമായിരുന്നു. സ്‌പെയിന്‍ ജയിച്ചടക്കേണ്ട ആവശ്യകത മൂസക്ക് ബോധ്യപ്പെടുകയും ചെയ്തു. ബെര്‍ബെര്‍ മുസ്‌ലിം കമാന്റര്‍ താരിക് ബിന്‍ സിയാദിന്ന് സ്‌പെയിന്‍ ആക്രമിക്കാനുള്ള കല്‍പന കൊടുത്തു.

പിന്നെ, വിജയത്തിന്റെ പൂര്‍ത്തീകരണത്തിന്നായി, മൂസ തന്നെ സ്‌പെയ്‌നില്‍ പോവുകയായിരുന്നു. അത് വിജയിക്കുകയും ചെയ്തു. സ്‌പെയിനിനെയും യൂറോപ്പിനെയും സംബന്ധിച്ചിടത്തോളം, ഇതൊരു പുതുയുഗത്തിന്റെ പിറവി കുറിക്കുകയായിരുന്നു. അടുത്ത 800 വര്‍ഷങ്ങളോളം, സ്‌പെയിന്‍ മുസ്‌ലിം ഭരണത്തിന്‍ കീഴിലാവുകയും അവിടെ നാഗരികത എത്തുകയും ചെയ്തു. (ഉന്തുലുസ് എന്നാണ് പിന്നീട് ഇത് അറിയപ്പെട്ടത്.) നവോത്ഥാനത്തിന്റെ ജ്യോതിര്‍ബിന്ദുക്കള്‍, യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലുമെത്തിയത്  ഇവിടെ നിന്നായിരുന്നു.

കഥാപുരുഷന്റെ എഴുപതുകളിലായിരുന്നു സ്‌പെയിന്‍ വിജയം നടന്നത്. ഡമസ്‌കസ്സിലെ ഖലീഫ സ്‌പെയിനില്‍ നിന്നും പൗരസ്ത്യ ദേശത്തേക്ക് വിളിക്കുമ്പോള്‍, അദ്ദേഹത്തിന്നു വിരമിക്കാനുള്ള സമയമായിരുന്നു. പിന്നെ, ഖലീഫ സുലൈമാന്‍ ബ്‌നു അബ്ദില്‍ മലികിന്റെ ക്ഷണപ്രകാരം, അദ്ദേഹത്തോടോപ്പം ഹജ്ജ് യാത്ര നടത്തിയ മൂസ ബ്‌നു നുസൈര്‍, ജന്മസ്ഥലമായ മദീനയില്‍ തിരിച്ചെത്തുകയും എണ്‍പതാം വയസ്സില്‍ ഇഹലോകം വെടിയുകയുമായിരുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സന്ദേശത്തിന്റെ തുടര്‍ച്ചയായ വിജയകഥകള്‍ നമ്മെ ഏല്‍പിച്ചുകൊണ്ടായിരുന്നു അദ്ദേഹം വിടവാങ്ങിയത്.
വിവ : കെ എ ഖാദര്‍ ഫൈസി

Related Articles