Current Date

Search
Close this search box.
Search
Close this search box.

മരണശേഷവും നീതി നടപ്പാക്കിയ ഭരണാധികാരി

യഥാര്‍ത്ഥ ചരിത്രത്തെ നിരാകരിക്കുന്നതും, അതിനെ നുണകളാല്‍ സമ്പന്നമാക്കി വര്‍ത്തമാനത്തെ വികലമാക്കിയും, ഭാവിയെ ഒരു ഏക ശിലാമുഖമാക്കി മാറ്റി പണിയുവാനുള്ള അര്‍.എസ്.എസ് തന്ത്രങ്ങള്‍ വിദ്യാഭ്യാസമേഖലയിലടക്കം നടക്കുമ്പോള്‍ അതിനെതിരെ കാലോചിതവും ക്രിയാത്മകവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കേണ്ടതുണ്ട്. കാരണം ചരിത്രം എന്നും വര്‍ത്തമാനത്തെയും ഭാവിയേയും മാറ്റിപണിയാന്‍ ശേഷിയുള്ള കരുത്തുറ്റ ആയുധമാണ്, നമ്മുടെ ഒഴികഴിവുകളെയും, പ്രതിബന്ധങ്ങളെയും, തകര്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണ്. അത് നമ്മുക്ക് അസ്തിത്വബോധവും, ആത്മാഭിമാനവും, പ്രതീക്ഷയും, ധൈര്യവും, സ്ഥൈര്യവും, പ്രത്യാശയും പോലുള്ള വിചാരവികാരങ്ങളെ ചിന്താകര്‍മ്മബോധ മണ്ഡലങ്ങള്‍ക്ക് നല്‍കി അവയെ സമ്പന്നവും സമ്പുഷ്ടവുമാക്കുന്നു. അതിനാല്‍ യഥാര്‍ത്ഥ ഇസ്‌ലാമിക ചരിത്രത്തെ ഭാവി തലമുറയെ പഠിപ്പിക്കുക എന്നത് പുതിയ കാലത്തിന്റെ  അനിവാര്യതയാണ്.

ഫലസ്തീന്‍ വിഷയം മുമ്പത്തേക്കാളേറെ മുസ്‌ലിം സമൂഹം ചര്‍ച്ച ചെയ്യുകയുണ്ടായി, വിശിഷ്യ ചെറുപ്പക്കാര്‍, സംഘടനാസങ്കുചിതത്വം ഇല്ലാതെ വളരെ ഊര്‍ജ്ജസ്വലരായി ഇടപെട്ടു. കുരിശുപടയോട്ടത്തില്‍ നഷ്ടപ്പെട്ട ഖുദ്‌സിനെയും മസ്ജിദുല്‍ അഖ്‌സയേയും തിരിച്ചുപിടിച്ച സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയെ വീണ്ടും അനുസ്മരിപ്പിക്കും വിധമായിരുന്നു യുവാക്കളുടെ പോരാട്ട വീര്യം. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയകളിലും അഭിനന്ദനങ്ങള്‍ കൊണ്ട് നിറക്കുകയും, പുതിയ ഒരു സ്വലാഹുദ്ദീനു വേണ്ടി വികാരഭരിതരായി പ്രാര്‍ഥനകളില്‍ മുഴുകുന്നതും നാം കണ്ടു. പക്ഷേ ചരിത്രത്തില്‍ സ്വലാഹുദ്ദീനെക്കാള്‍ പ്രധാനിയായ ഒരു മനുഷ്യനുണ്ടായിരുന്നു, ഈ സ്വലാഹുദ്ദീനെ വാര്‍ത്തെടുത്ത, ജിഹാദിന് മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കിയ, നീതിക്കുവേണ്ടി പടപൊരുതിയ ധീര മുജാഹിദ് ‘നൂറുദ്ദിന്‍ സങ്കി’. തന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. പ്രശസ്ത പണ്ഡിതനായ ഡോ.ത്വാരിക് സുവൈദാന്‍ എഴുതുകയുണ്ടായി ‘ഈ വീരയോദ്ധാവിന്റെ ചരിത്രം ചെറുപ്പക്കാരില്‍ അധികപേര്‍ക്കും അറിയുകയില്ലെന്നത് അത്ഭുതം തന്നെ’. അതെ, നമ്മുടെ ചരിത്രം അര്‍ഹതപ്പെട്ട വിഹിതം അദ്ദേഹത്തിനു കൊടുക്കുകയുണ്ടായില്ല.

ബൈതുല്‍ മഖ്ദിസ് മുസ്‌ലിംകളുടെ അധീനതയിലായത് ഖലീഫ ഉമറിന്റെ കാലത്താണ്. സല്‍ജൂഖി ഭരണാധികാരി മാലിക് ഷായുടെ മരണശേഷം സല്‍ജൂക്കി ഭരണം ക്ഷയിക്കുകയും, സിറിയയും ഏഷ്യാമൈനറും വീണ്ടും ചെറിയ ചെറിയ ഭരണകൂടങ്ങളായി മാറുകയും ചെയ്തു. അവ പരസ്പരം കലഹിക്കാന്‍ തുടങ്ങി. ബൈതുല്‍ മഖ്ദിസ് ഫാത്തിമികള്‍ അധീനപെടുത്തി. പരസ്പര കലഹങ്ങളും, ഐക്യമില്ലായ്മയും, ആഭ്യന്തര ശൈഥില്യങ്ങളും കുരിശുയുദ്ധക്കാര്‍ക്ക് ഫലസ്തീന്‍ തിരിച്ചു പിടിക്കുവാനുള്ള ചുവന്ന പരവതാനി വിരിച്ചു കൊടുത്തു. സിറിയയും ഏഷ്യാമൈനറും അവിടുത്തെ തീരപ്രദേശങ്ങളും പൂര്‍ണ്ണമായി കുരിശു സൈന്യം അധീനപെടുത്തി. ഹി 492ല്‍ ബൈതുല്‍ മഖ്ദിസും കീഴ്‌പെടുത്തി. അവര്‍ മുസ്‌ലിം കുട്ടികളുടെയും, സ്ത്രീകളുടെയും, വൃദ്ധന്മാരുടെയും, ചോരകൊണ്ട് രക്തപ്പുഴകള്‍ ഒഴുക്കി. ചരിത്രത്തിന്റെ താളുകള്‍ ക്രൂരതകളാല്‍ വികൃതമാക്കപ്പെട്ട സംഭവം. അന്ന് മസ്ജിദുല്‍ അഖ്‌സയുടെ അകത്തുമാത്രം കശാപ്പ് ചെയ്യപ്പെട്ടവര്‍ എഴുപതിനായിരമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപെടുത്തിയിട്ടുണ്ട്.

മൗസിലിലെ സല്‍ജൂഖി ഗവര്‍ണറായിരുന്നു നൂറുദ്ദീന്റെ പിതാവ് ഇമാമുദ്ദീന്‍ സങ്കി. ജിഹാദിനെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പണ്ഡിതന്മാരില്‍ നിന്നാണ് അദ്ദേഹത്തിനു ശിക്ഷണം ലഭിച്ചിരുന്നത്. ഇമാം ഗസ്സാലിയെയും ഇമാം തര്‍ത്തുശിനെയും പോലുള്ള പണ്ഡിതന്മാര്‍ നയിച്ച മതനവീകരണ പ്രസ്ഥാനത്തിന്റെ  സദ്ഫലമായിരുന്നു അദ്ദേഹം. ഖുദ്‌സ് തിരിച്ചുപിടിക്കുവാനും കുരിശുപടയെ അതിജയിക്കുവാനുമുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്തകളിലായിരുന്ന അദ്ദേഹം എപ്പോഴും മുഴുകിയിരുന്നത്. പക്ഷെ ഫലസ്തീനെ ക്രൈസ്തവരില്‍ നിന്ന് മോചിപ്പിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം മരണപ്പെടുകയാണുണ്ടായത്. ഫാത്തിമികള്‍ ഇമാമുദ്ദിന്‍ സങ്കിയെ വധിച്ചുകളഞ്ഞു. ‘എനിക്ക് മെത്തയെക്കാള്‍ കുതിരയുടെ മുതുകും സംഗീതത്തെക്കാള്‍ ഖഡ്ഗങ്ങളുടെ ശീല്‍ക്കാരവുമാണ് ഇഷ്ടമെന്ന്’ അദ്ദേഹം പറയാറുണ്ടായിരുന്നു. ശേഷം അദ്ദേഹത്തിന്റെ മകന്‍ നൂറുദ്ദീന്‍ (ഹി.541 -569) ഭരണമേറ്റെടുക്കുകയും ഖുദ്‌സ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്തു. പിതാവിന്റെ അതേ ജിഹാദി പാരമ്പര്യത്തിലാണ് അദ്ദേഹവും വളര്‍ന്നത്. പിതാവിന്റെ ജീവിതം കണ്ടുപഠിച്ച നൂറുദ്ദീന് ശരിയായ ശിക്ഷണവും ലഭിച്ചിരുന്നു. ഭരണകര്‍ത്താവെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് സാമൂഹികപരിഷ്‌കരണം കൂടുതല്‍ വ്യാപകമാക്കികൊണ്ടാണ്. ജനങ്ങള്‍ക്കിടയില്‍ പ്രബോധകന്മാരെ വിന്യസിച്ചും, അധര്‍മങ്ങള്‍ ഇല്ലാതാക്കിയും, രാഷ്ട്രീയ സാമൂഹിക സാമ്പത്തിക നീതിന്യായ മേഖലകളില്‍ നീതി സ്ഥാപിച്ചും അദ്ദേഹം ഇസ്‌ലാമിക രാഷ്ട്രത്തെ വിപുലീകരിച്ചു. ഹി-564ല്‍ ഫാത്തിമി ഭരണത്തിനു അന്ത്യം കുറിച്ച് ഈജിപ്തിനെ തന്റെ രാജ്യത്തോട് ചേര്‍ത്തു. അനന്തരം ബൈതുല്‍ മഖ്ദിസ് തിരിച്ചുപിടിക്കാനുള്ള ഒരുക്കങ്ങളില്‍ അദ്ദേഹം ഏര്‍പെട്ടു. ബൈതുല്‍ മഖ്ദിസിലെ മസ്ജിദ് ഉമറില്‍ വെക്കുവാനായി മനോഹരമായ ഒരു മിമ്പര്‍ അദ്ദേഹം പണികഴിപ്പിച്ചു. സ്വന്തം കരങ്ങള്‍ കൊണ്ട് അത് അവിടെ സ്ഥാപിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു.

നയതന്ത്രജ്ഞനും, ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയും, ഭക്തനായ യോദ്ധാവും, കര്‍മശാസ്ത്ര പണ്ഡിതനും, ഗ്രന്ഥകര്‍ത്താവും, സല്‍സ്വഭാവിയും ആയിരുന്നു അദ്ദേഹം. ധനത്തോടും ലൗകിക ജീവിതത്തോടും അദ്ദേഹത്തിനു വിരക്തിയായിരുന്നു. ഭാര്യപോലും അദ്ദേഹത്തോട് ദാരിദ്ര്യത്തെക്കുറിച്ച് അവലാതിപ്പെടുമായിരുന്നു. ഒരു ജേതാവ് എന്നപോലെ തന്നെ പ്രജാവത്സലനായ ഭരണാധികാരിയും വിജ്ഞാനപ്രേമിയുമായിരുന്നു നൂറുദ്ദിന്‍. ധാരാളം മദ്രസകളും ആശുപത്രികളും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നീതിനിഷ്ഠയെക്കുറിച്ചുള്ള കഥകള്‍ പ്രസിദ്ധമാണ്. ലളിതജീവിതം നയിച്ചിരുന്ന നൂറുദ്ദീന്‍ സങ്കി സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി പോലും പൊതുഖജനാവില്‍ നിന്നും പണമെടുത്തിരുന്നില്ല. യുദ്ധമുതലുകള്‍ കൊണ്ട് ഏതാനും കടകള്‍ വാങ്ങിയിരുന്നു, അവയുടെ വാടകകൊണ്ടാണ് സ്വന്തം ചിലവുകള്‍ കണ്ടെത്തിയിരുന്നത്. തനിക്കുവേണ്ടി അദ്ദേഹം വലിയ കൊട്ടാരങ്ങള്‍ പണിതില്ല. പൊതുഖജനാവിലെ ധനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, അഗതിമന്ദിരങ്ങള്‍, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് വേണ്ടിയാണു അദ്ദേഹം ചിലവഴിച്ചത്. ദമസ്‌കസില്‍ അദ്ദേഹം സ്ഥാപിച്ച ആശുപത്രിക്കു തുല്യമായത് മറ്റൊന്നും അക്കാലത്ത് ലോകത്തെവിടെയും ഉണ്ടായിരുന്നില്ല. ഈ ആശുപത്രിയുമായി ബന്ധപെട്ട സംഭവം ചരിത്ര പ്രസിദ്ധമാണ്.

ധീരനായ മുജാഹിദായിരുന്നു നൂറുദ്ദീന്‍, ഒരു യുദ്ധത്തില്‍ അദ്ദേഹം ശതുക്കളുടെ നേരെ മുന്‍നിരയെ ലക്ഷ്യമാക്കി കൂടെകൂടെ കടന്നാക്രമിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ഖുതുബുദ്ദീന്‍ എന്നയാള്‍ പറഞ്ഞു.’അല്ലയോ ബാദ്ഷ താങ്കള്‍ സ്വയം പരീക്ഷണത്തിനു ഒരുമ്പെടരുത്. താങ്കള്‍ മരണമടഞ്ഞാല്‍ ശത്രുക്കള്‍ ഈ രാജ്യം പിടിച്ചടക്കുകയും മുസ്‌ലിംകളെ അവര്‍ നശിപ്പിക്കുകയും ചെയ്യും. ഇതു കേട്ട നൂറുദ്ദീന്‍ കോപത്തോടെ പറഞ്ഞു. ‘ഖുതുബുദ്ദീന്‍ നാവടക്ക്. അല്ലാഹുവിനോട് നീ ധിക്കാരം കാട്ടുകയാണോ? ഈ ദീനിനെയും രാജ്യത്തെയും രക്ഷിക്കേണ്ട കടമയുള്ള എന്നെ നീ വിലകുറച്ച് കാണുകയാണോ?. അദ്ദേഹത്തിന്റെ ജിഹാദാവേശത്താല്‍ എത്ര കുരിശു സൈന്യങ്ങളാണ് പിന്തിരിഞ്ഞോടിയത്. നൂറുദ്ദീന്റെ സൈന്യത്തിലെ ഓഫീസറും പിന്നീട് ഗവര്‍ണറും, അദ്ദേഹത്തിന്റെ മരണശേഷം രാജ്യത്തിന്റെ ഭരണാധികാരിയുമായി മാറിയ ആളാണ് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. ഒരിക്കല്‍ നൂറുദ്ദീന്‍ സങ്കി സ്വലാഹുദ്ദീന്‍ അയ്യൂബിയോട് പറയുകയുണ്ടായി. ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട വാക്കുകള്‍. ‘പുണ്യഭൂമിയായ ബൈത്തുല്‍ മഖ്ദിസ് കുരിശു സൈന്യം പിടിച്ചടക്കിയിട്ട് വര്‍ഷങ്ങളായി. അത് തിരിച്ചു പിടിക്കണം. മസ്ജിദുല്‍ അഖ്‌സ വീണ്ടെടുത്ത് അതില്‍ നമസ്‌കരിക്കണം. ഈ മിമ്പര്‍ അതില്‍ സ്ഥാപിച്ച് ഒരു നേരമെങ്കിലും അതില്‍ കയറിനിന്ന് സത്യവിശ്വാസികളെ അഭിസംബോധന ചെയ്യണം. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണത്. പക്ഷേ, മരണത്തിന് മുമ്പ് അത് പൂവണിയിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍, സ്വലാഹുദ്ദീന്‍… ഈ ദൗത്യം ഞാന്‍ താങ്കളെ ഏല്‍പ്പിക്കുകയാണ്. എന്റെ ഈ സ്വപ്നം താങ്കളിലൂടെ പുലരുന്നത് കണ്ട് സ്വര്‍ഗത്തിലിരുന്ന് എനിക്ക് സന്തോഷിക്കണം. താങ്കള്‍ക്കത് സാധിക്കും. താങ്കളില്‍ എനിക്ക് പ്രതീക്ഷയുണ്ട്’. സ്വലാഹുദ്ദീന്‍ ഖുദ്‌സ് കീഴടക്കിയ ശേഷം നൂറുദ്ദീന്‍ സങ്കി പണികഴിപ്പിച്ച ആ മിമ്പര്‍ മസ്ജിദുല്‍ അഖ്‌സയില്‍ സ്ഥാപിക്കുകയുണ്ടായി. ഫലസ്തീന്‍ വിമോചനത്തെ തങ്ങളുടെ ആധിയും ഉത്കണ്ഠയുമായി അദ്ദേഹം കൊണ്ടുനടന്നു. ഫലസ്തീന്റെ ഓരോ മണ്‍തരിയുടെയും മോചനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നവും ലക്ഷ്യവും.

ഇബ്‌നുല്‍ അഥീര്‍ തന്റെ ‘അത്താരീഖുല്‍ കാമില്‍’ എന്ന പുസ്തകത്തില്‍ നൂറുദ്ദീനെക്കുറിച്ചു പറയുന്നു ; ‘ഇസ്‌ലാമിനു മുമ്പും ഇസ്‌ലാമിക ഭരണകാലത്തും മിക്ക രാജാക്കന്മാരുടെയും ചരിത്രം ഞാന്‍ പഠിച്ചിട്ടുണ്ട്. സച്ചരിതരായ ഖലിഫമാര്‍ക്കും ഉമറുബ്‌നു അബ്ദുല്‍ അസീസിനും ശേഷം നൂറുദ്ദീനേക്കാള്‍ സച്ഛരിതനായ മറ്റൊരു ഭരണാധികാരിയെ ഞാന്‍ കണ്ടിട്ടില്ല’. ജനങ്ങളുടെയിടയില്‍ നീതി നടപ്പാക്കുന്നതില്‍ അദ്ദേഹം ഒരു വീട്ടുവീഴ്ച്ചയും കാണിച്ചിരുന്നില്ല. നൂറുദ്ദീന്റെ മരണ ശേഷം നടന്ന ഒരു സംഭവം ; സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഒരു സൈനികന്‍ ഒരാളോട് എന്തോ അതിക്രമം കാണിച്ചു. അയാള്‍ സ്വലാഹുദ്ദീന്റെ മുമ്പില്‍ സങ്കടം ബോധിപിച്ചുവെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. നിരാശനായ ആ മനുഷ്യന്‍ കരഞ്ഞുകൊണ്ട് നൂറുദ്ദീന്റെ ഖബറിന്മേല്‍ ചെന്നിരുന്ന് വിലപിച്ചു.’നൂറുദ്ദീന്‍, അങ്ങയുടെ നീതിയും നെറിയും ഇന്നെവിടെ? ഞങ്ങള്‍ അനുഭവിക്കുന്ന മര്‍ദനങ്ങള്‍ കണ്ടിരുന്നുവെങ്കില്‍ അങ്ങേക്ക് സഹതാപം തോന്നിയേനെ’. ഈ വിവരമറിഞ്ഞ സ്വലാഹുദ്ദീന്‍ അദ്ദേഹത്തെ വിളിച്ചു വരുത്തി ആവലാതി കേള്‍ക്കുകയും നഷ്ടപരിഹാരം നല്‍കി സമാശ്വസിപ്പിക്കുകയും ചെയ്തു. അപ്പോള്‍ അയാള്‍ കൂടുതല്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. സ്വലാഹുദ്ദീന് ചോദിച്ചു ‘എന്തിനാണ് താങ്കള്‍ പിന്നെയും കരയുന്നത്?’ മരണശേഷവും നീതിനടപ്പിലാക്കുന്ന ആ ഭരണാധികാരിയെ ഓര്‍ത്താണ് ഞാന്‍ കരയുന്നതെന്നായിരുന്നു അയാളുടെ മറുപടി. ‘താങ്കള്‍ പറയുന്നത് സത്യമാണ്. എന്നിലുള്ള നീതിയും ന്യായവും അദ്ദേഹത്തിന്റെ (നൂറുദ്ദിന്റെ) ഔദാര്യത്തിന്റെ ഫലം മാത്രമാണ്’. സ്വലാഹുദ്ദീന്‍ മറുപടി പറഞ്ഞു.

മഹാനായ ഈ നേതാവ് 28 കൊല്ലം ഭരണം നടത്തി. അതിനിടയില്‍ 50 പട്ടണങ്ങളും കോട്ടകളും കുരിശുയുദ്ധക്കാരില്‍ നിന്നും അദ്ദേഹം മോചിപ്പിച്ചു. അല്ലാഹു ഈ ധീരമുജാഹിദിന് സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അദ്ദേഹത്തെപ്പറ്റിയുള്ള കൂടുതല്‍ അറിവുകളും രചനകളും ഭാവിയില്‍ ഉണ്ടാകട്ടെ. ചരിത്രം ആവര്‍ത്തിക്കാനുള്ളതാണ്.

Related Articles