Current Date

Search
Close this search box.
Search
Close this search box.

പോരാളികള്‍ക്കായുള്ള മഖ്ദൂമിന്റെ തുഹ്ഫ

അജ്ഞതയാകുന്ന അന്ധത മനസിന്റെ കണ്ണുകളെ മറക്കുമ്പോള്‍ മുന്നില്‍ വഴികാട്ടികളായി നടന്നവരെ അനുഗമിക്കുന്നവര്‍ വഴിതെറ്റുക സ്വാഭാവികം. സ്വന്തം നിലനില്‍പിനായി സമൂഹത്തില്‍ ഈ അന്ധതയെ വ്യാപിപ്പിച്ചവര്‍ ജ്ഞാനമാകുന്ന വെളിച്ചത്തെ മറച്ചുപിടിച്ച്, സ്വന്തം അധികാരാഢംബര മോഹങ്ങള്‍ക്ക് ക്ഷതം വരാന്‍ സാധ്യതയില്ലാത്ത രൂപത്തിലായിരിക്കും സമൂഹത്തെ നയിക്കുന്നത്.  ഇസ്‌ലാമിന് അപരിചിതമായ പൗരോഹിത്യം എന്ന സ്ഥാപനം മൂര്‍ത്ത ഭാവം കൈകൊണ്ട് ഇസ്‌ലാമിക സമൂഹത്തെ നിയന്ത്രിക്കാന്‍ ആരംഭിച്ചപോള്‍ യാഥാര്‍ത്ഥ്യത്തെ ക്ലാവ് പൊതിയും പോലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, മനുഷ്യന്  മനുഷ്യനോടു തന്നെയുള്ള സമ്പൂര്‍ണ വിധേയത്ത്വവും പിന്‍ വാതിലിലൂടെ കയറിവന്നു. ഇസ്‌ലാം എന്ന സമ്പൂര്‍ണ വിമോചന പ്രത്യയശാസ്ത്രത്തിന്റെ വെളിച്ചത്തെ കരിമ്പടം കൊണ്ട് മൂടാന്‍ ശ്രമിക്കുമ്പോള്‍, അതിന്റെ നട്ടെല്ലാകുന്ന രാഷ്ട്രീയത്തെ വലിച്ചൂരിമാറ്റുമ്പോള്‍, ജീര്‍ണത ബാധിച്ച സാമൂഹിക വ്യവസ്ഥിതിയെ മാറ്റിപണിയാള്ള ആയുധം ഇരുട്ടില്‍ മറച്ചുവെക്കുകയാണെങ്കില്‍, അതു ഉയര്‍ത്തുവാനായി കാലഘട്ടതിന്റെ സാക്ഷ്യം പൊലെ, നീതിയുടെ അനിവാര്യത പൊലെ, ആത്മസമര്‍പ്പണത്തിന്റെ തീക്ഷ്ണ ജ്വാലകളേറ്റ് ഹൃദയാന്തരങ്ങളില്‍ ഉറഞ്ഞ്കൂടി കിടക്കുന്ന സംശയങ്ങളുടെ മൂടല്‍മഞ്ഞിനെ ഉരുക്കികളയാനുതകുന്ന ചിന്തകളുമയി വിപ്ലവകരികളായ പണ്ഡിതന്‍മാര്‍ ഉയരുകതന്നെ ചെയ്യും. അവരുടെ വാക്കുകള്‍ ജന്മം നല്‍കുന്നത് വിപ്ലവകാരികളെയായിരിക്കും, ചിന്തകള്‍ കൊണ്ട് ഊട്ടിവളര്‍ത്തുന്നത് രക്തസാക്ഷികളേയും.

15,16 നൂറ്റാണ്ടുകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കലഘട്ടമാണ്. കേരള മുസ്‌ലിംകള്‍ വൈദേശികാക്രമണത്തിന്റെയും അധിനിവേശത്തിന്റെയും കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമായത് 15-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വാസ്‌കൊ ഡ ഗാമയുടെ വരവൊടെയായിരുന്നു. ഈ അക്രമണങ്ങളിലൂടെ കേരള മുസ്‌ലിംങ്ങളുടെ വിശ്വാസദൗര്‍ഭല്യങ്ങളുടെ ആഴം തുറന്നുകാണിക്കപെട്ടു. സമുദ്രത്തിന്റെ നിയന്ത്രണം മുസ്‌ലിംകളില്‍ ആയിരുന്നതിനാല്‍ സാമ്പത്തികമായി ഉയര്‍ന്ന അവസ്ഥയിലായിരുന്നു അവര്‍. മാത്രവുമല്ല കേരളീയ പൊതുസമൂഹവുമായി ദീര്‍ഘകാലമായുള്ള സംസര്‍ഗ്ഗത്തിലുടെ പലതരം വൈകൃതങ്ങള്‍ അവരുടെ വിശ്വാസങ്ങളിലും കടന്നുകൂടി. സൂഫി ത്വരീഖത്തുകളുടെ പേരില്‍ ഇസ്‌ലാമിന്റെ ആത്മാവിനു നിരക്കാത്ത പലതരം അന്തവിശ്വാസങ്ങളും മുസ്‌ലിം സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നി. ഈ തിന്മകളെ കൈയും കെട്ടി നോക്കിനില്‍ക്കാതെ വളരെ ക്രിയാത്മകമായി നേരിടുകയും, ഇസ്‌ലാമിന്റെ വിമോചന ആദര്‍ശത്തെ തുറന്നു കാട്ടുകയും വിദേശ അധിനിവേശത്തെ ചെറുക്കാന്‍ മുസ്‌ലിംകളെ സമരസജ്ജരാക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുക്കുകയും ചെയ്ത നവോത്ഥാന പണ്ഡിതന്മാരാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും പൗത്രന്‍ മഖ്ദൂം രണ്ടാമനും. സാമ്പ്രദായിക മത പണ്ഡിതന്മാരെ പോലെ ആരാധനാനുഷ്ഠാനങ്ങളില്‍ മാത്രം ഇസ്‌ലാമിനെ പരിമിതപ്പെടുത്തി രാഷ്ട്രീയ സമൂഹിക സംസ്‌കാരിക മേഖലകളില്‍ മൗനം പാലിക്കുകയല്ല അവര്‍ ചെയ്തത്. മറിച്ച് അതിന്റെ യഥാര്‍ത്ഥ പ്രാധിനിത്യത്തെക്കുറിച്ചു സമൂഹത്തിനു തിരിച്ചറിവു നല്‍കുകയും നിലവിലെ ജീര്‍ണിച്ച സമൂഹിക വ്യവസ്ഥിതിയെ മാറ്റിപണിയുക എന്ന വിപ്ലവം കാലഘട്ടത്തിന്റെ നിയോഗം പോലെ ഏറ്റെടൂക്കുകയും ചെയ്തു അവര്‍. ഇതില്‍ മുഖ്ദൂം രണ്ടാമന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ഗ്രന്ഥം വഹിച്ച പങ്ക് വളരേ വലുതാണ്.

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പിതാവ് ചെറുപ്പത്തിലെ മരണപ്പെട്ടതിനാല്‍ പിതാമഹന്‍ സൈനുദ്ദീന്‍ ഒന്നാമന്റെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം വളര്‍ന്നത്. പിതാമഹന്‍ തന്നെയായിരുന്നു പൊന്നാനിയിലെ ദര്‍സിലെ ആദ്യ ഗുരു. പൊന്നാനിയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനു വേണ്ടി അദ്ദേഹം പോയത് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനെ പോലെ തന്നെ മക്കയിലേക്കാണ്. ഹറമിലെ പ്രശസ്ത പണ്ഡിതന്‍മാരുടെ കീഴില്‍ 10 വര്‍ഷത്തോളം അദ്ദേഹം പഠനം നടത്തി. മക്കയില്‍ ഹദീസ് പഠനത്തിന് അദ്ദേഹം പ്രത്യേകം പ്രാധാന്യം നല്‍കി. ഗുരുനാഥന്‍മാരില്‍നിന്നും ഹദീസ് നിവേദനത്തിനുള്ള അനുവാദവും അദ്ദേഹം നേടുകയുണ്ടായി. നാട്ടില്‍ തിരിച്ചെത്തിയ സൈനുദ്ദീന്‍ മഖ്ദൂം പിതാമഹന്‍ തുടങ്ങിവെച്ച വൈജ്ഞാനിക മേഖലയിലും പോര്‍ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ടത്തിലുമായി തന്റെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിച്ചു. കര്‍മശാസ്ത്രത്തില്‍ അദ്ദേഹം രചിച്ച ഗ്രന്ഥമാണ് പ്രശസ്തമായ ‘ഫത്ഹുല്‍ മുഈന്‍’. നിലവില്‍ സമുദായത്തില്‍ അഭിപ്രായ വ്യത്യാസമുള്ള ചില വിഷയങ്ങളിലും ഫത്ഹുല്‍ മുഈന്റെ നിലപാട് കൗതുകമുണര്‍ത്തുന്നതാണ്. ജുമുഅ ഖുതുബ മാതൃഭാഷയിലാക്കുന്നതും, സ്ത്രീകളുടെ പള്ളിപ്രവേശനത്തെയും അനുകൂലിച്ച അദ്ദേഹം ഇന്നും നിലനില്‍ക്കുന്ന പലതരത്തിലുള്ള യാഥാസ്ഥികതയെ ചോദ്യം ചെയ്യുന്ന നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ചിലര്‍ നിരീക്ഷിച്ചതു പോലെ കേവലമായൊരു കേരള പോര്‍ചുഗീസ് അധിനിവേശത്തിന്റെ ചരിത്രം മാത്രം വിവരിക്കുന്ന ഒരു ഗ്രന്ഥമല്ല. തന്റെ പിതാമഹന്‍ അടിത്തറ പാകിയ അധിനിവേശ വിരുദ്ധ പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ നിലവിലെ രാഷ്ട്രീയ സമൂഹിക സാഹചര്യത്തെ സൂക്ഷ്മ വിശകലനം നടത്തി അതിലെ ദൗര്‍ഭല്യങ്ങളെ തുറന്നു കാണിച്ച്, മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട പ്രയോഗികവും താത്വികവുമായ നിലപാടുകള്‍ വിശദീകരിക്കുന്ന ഗ്രന്ഥം കൂടിയാണ്. മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ-കര്‍മ മേഖലകളിലെ വൈകല്യങ്ങളും, ഭൗതിക ഭ്രമവും, സമ്പത്തിനോടുള്ള അമിത ആര്‍ത്തിയും, അനൈക്യവുമെല്ലാം പരാജയത്തിനുള്ള കാരണങ്ങളായി നിരീക്ഷിക്കുന്ന അദ്ദേഹം ലക്ഷ്യബോധവും ഐക്യവും നിശ്ചയദാര്‍ഢ്യവും മുസ്‌ലിംകളില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിച്ചു. അവരുടെ വിശ്വാസപൂര്‍ത്തികരണത്തിന്റെ ഭാഗമായ ജിഹാദിന്റെ അനിവാര്യതയെ തുറന്നു കാണിച്ചു. പോര്‍ചുഗീസുകാര്‍ക്കെതിരായി അദ്ദേഹം ജിഹാദിന് അഹ്വാനം ചെയ്തു. രക്തസാക്ഷിത്വത്തിന്റെ മാധുര്യത്തെ ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ വിശദീകരിച്ച അദ്ദേഹം സാമൂതിരിയുടെ സംഘവുമായി ചേര്‍ന്ന് നിന്നു കൊണ്ട് അധിനിവേശത്തെ ചെറുക്കാന്‍ നിര്‍ദേശിച്ചു. പോര്‍ചുഗീസുകാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഭൂരിഭാഗം പോരാളികളും മുസ്‌ലിംകളായിരുന്നു. മലബാറിലെ പോര്‍ച്ചുഗീസ് ആക്രമണങ്ങള്‍ക്കെതിരെ ജിഹാദ് ചെയ്യുക എന്നത് വിശ്വാസിയുടെ ബാധ്യതയായാണ് ശൈഖ് മഖ്ദൂം സമര്‍ത്ഥിച്ചത്. ഗോവ പറങ്കികള്‍ക്ക് കീഴ്‌പെട്ടപ്പോഴും മലബാറിലെ മാപ്പിളമാര്‍ പൊരുതി നിന്നതിന്റെ പ്രേരക ശക്തിയെന്നത് ഇസ്‌ലാം തന്നെയാണ്.

കേവല യുദ്ധചരിത്ര ഗ്രന്ഥമെന്നതിനെക്കാള്‍ ഒരു യുദ്ധാഹ്വാന ഗ്രന്ഥം കൂടിയാണ് തുഹ്ഫ. ജിഹാദിന്റെ തത്വശാസ്ത്രം വിവരിക്കുകയും ഖുര്‍ആന്‍ സൂക്തങ്ങളും, നബിവചനങ്ങളുമുദ്ധരിച്ച് മുസ്‌ലിംകളേ അതിന് പ്രേരിപ്പിച്ചും താന്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ ഒരു പണ്ഡിതന്‍ തന്റെ ഉത്തരവാതിത്വം എവ്വിധം നിര്‍വഹിക്കണമെന്നതിനുള്ള വലിയ ഉദാഹരണമാണ് അദ്ദേഹം. അനീതിക്കെതിരെ ഭയലേശമന്യേ എഴുന്നേറ്റ് നില്‍ക്കുകയും അതിനെതിരെ പ്രതികരിച്ചും പ്രവര്‍ത്തിച്ചും കാണിച്ചു കൊടുത്ത മഹാനായിരുന്നു ശൈഖ് മഖ്ദൂം. അദ്ദേഹം ഒരു സൂഫി ചിന്തകനും ഖാദിരിയ്യ ത്വരീഖത്തിന്റെ ഗുരുവുമായിരുന്നു. നാം ഇന്ന് കാണുന്ന സൂഫി ത്വരീഖത്തുകളുടെ ഇസ്‌ലാമിന്റെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത അബദ്ധസഞ്ചാരങ്ങളല്ല അതെന്ന് പ്രത്യേകം മനസിലാക്കണം. ഇതേ ആത്മീയ ഗുരുവിനെയാണ് സാമ്രാജ്യത്വ വിരുദ്ധ സായുധപോരാട്ടത്തിന്റെ നായകനായി കാണുന്നത്. ശൈഖിനെ കേവലം സാമ്രാജ്യത്വ വിരുദ്ധ പോരാളിയായും, തുഹ്ഫയെ പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിനെതിരെ സമരം ചെയ്യന്‍ അഹ്വാനം നല്‍കുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള ഗ്രന്ഥമായും മാത്രം കണാന്‍ സാധിക്കാതെ പോകുന്നതും ഇതുകൊണ്ടാണ്. ഈ ആത്മശക്തി ഉള്‍കൊണ്ടത് ഏത് സ്രോതസ്സില്‍ നിന്നാണോ അതിനെ അവഗണിക്കാന്‍ സാധിക്കാതെ പോകുന്നത് സൂഫി ചിന്തയില്‍ അധിഷ്ഠിതമായ മതത്തിന്റെ സമ്പൂര്‍ണത കൊണ്ടാണ്.

ഇന്നും മുസ്‌ലിം സംഘടനാ സംവാദ മണ്ഡലങ്ങളില്‍ നിറയുന്ന ഇസ്‌ലാമിക രാഷ്ട്രീയവും, മുസ്‌ലിംകള്‍ തങ്ങളുടെ ദേശസ്‌നേഹത്തെ വ്യക്തമായി പ്രകടിപ്പിക്കേണ്ട നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യവും തുഹ്ഫയുടെ പ്രസക്തി വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എഴുതിയ അതേ കാലഘട്ടത്തില്‍ മറ്റൊരു ഗ്രന്ഥം കൂടി രചിക്കപ്പെടുകയുണ്ടായി. മലയാളത്തിന്റെ ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’. അന്നത്തെ കലുഷിതമായ സാഹചര്യത്തില്‍ എഴുതപെട്ടതാണ് അതും. എന്തുകൊണ്ടു അദ്ധ്യാത്മരാമായണത്തിന് കിട്ടിയ പ്രാധാന്യം ചരിത്രത്തില്‍ തുഹ്ഫക്കു കിട്ടിയില്ല?. എന്തായിരിക്കാം അതിനു പിന്നിലെ രാഷ്ട്രീയം? രണ്ടും എഴുതിയ ഭാഷാപരമായ വ്യത്യാസം കൊണ്ടാകില്ലല്ലൊ അത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ കൂടി പ്രവര്‍ത്തനത്തിന്റെ ഭാഗമായികൊണ്ട് ഉണര്‍ന്നെഴുന്നേറ്റു പോരാടിയ, അധിനിവേശത്തെ ചെറുത്തു നില്‍ക്കാന്‍ സ്വന്തം ജീവനും ചോരയും നല്‍കി മുസ്‌ലിം പോരാളികള്‍ വളര്‍ത്തിയ സമാധാനമാകുന്ന വൃക്ഷത്തിന്റെ തണലില്‍ ഇരുന്നു കൊണ്ടാണു എഴുത്തച്ഛന്‍ തന്റെ കിളിപ്പാട്ട് എഴുതിയത് എന്നുപറഞ്ഞാല്‍ അതു ചരിത്രത്തിന്റെ അധികവായന ആവുകയില്ല.

Related Articles