Current Date

Search
Close this search box.
Search
Close this search box.

താര്‍ത്താരികളുടെ ഉദയം

താര്‍ത്താരികള്‍  ഉദയം കൊള്ളുന്നത്  ഹി. 603 ല്‍ ചൈനയുടെ വടക്ക് ഭാഗത്തുള്ള മംഗോളിയയിലാണ്. അവരുടെ ആദ്യ നേതാവ് മംഗോളിയക്കാരനായ കാരനായിരുന്ന ചെങ്കിസ്ഖാനായിരുന്നു. ലോക രാജാക്കന്മാരുടെ രാജാവ് എന്നാണ് മംഗോളി ഭാഷയില്‍ ചെങ്കിസ്ഖാന്‍ എന്ന പദത്തിന്റെ അര്‍ത്ഥം. ടെമൂജിന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേര്. രക്ത ദാഹിയും പരുഷ സ്വഭാവക്കാരനുമായിരുന്ന ചെങ്കിസ്ഖാന്‍ സൈനിക മേധാവിയായിരുന്നു. ജനങ്ങളെ സംഘടിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നുവത്രെ. തനിക്ക് ചുറ്റുമുള്ള രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് വിശാലമാക്കാന്‍ തുടങ്ങിയ അദ്ദേഹം വളരെ പെട്ടെന്ന് കിഴക്ക് ഭാഗത്തുള്ള കൊറിയയും പടിഞ്ഞാറ് ഖവാറസ്മിയന്‍ സാമ്രാജ്യം, വടക്ക് സൈബീരിയ സമതലം മുതല്‍ തെക്ക് ചൈനാ കടല്‍ വരെയും എത്തിയിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. അത് ഇന്നത്തെ ചൈന, മംഗോളിയ, കൊറിയ, വിയറ്റ്‌നാം, തായ്‌ലാന്റ്, സൈബീരിയയുടെ ചില ഭാഗങ്ങള്‍ മുതല്‍ ലാവോസ്, മ്യാന്‍മാര്‍, ബൂട്ടാന്‍ മുതലായ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു.

കിഴക്കന്‍ ചൈനയിലെ ജൂബി മരുഭൂമിയില്‍ ജനിച്ചവരെയാണ് താര്‍ത്താരികള്‍ അല്ലെങ്കില്‍ മങ്കോളുകള്‍ എന്ന് വിളിക്കുന്നത്. ഈ പ്രദേശങ്ങളിലെ ആദിമ വിഭാഗം താര്‍ത്താരികളാണെങ്കിലും താര്‍ത്താരികളിലേക്ക് പരിവര്‍ത്തനം ചയ്യപ്പെട്ടവരായ മുഗള്‍, തുര്‍ക്കി ഗോത്രങ്ങള്‍, സല്‍ജൂക്കികള്‍ എന്നിവരില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരും താര്‍ത്താരികളായാണ് അറിയപ്പെടുന്നത്. മംഗോളുകള്‍ ചെങ്കിസ്ഖാന്റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളെ കീഴടക്കിയപ്പോഴാണ് അതിനെ മംഗോള്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്.

താര്‍ത്താരികളുടെ മതം
താര്‍ത്താരികളുടെ മത വിശ്വാസം അല്‍ഭുതാവഹമാണ്. അത് ഇസ്‌ലാം, ക്രിസ്ത്യാനിസം, ബുദ്ധിസം, ഉള്‍പ്പടെ മറ്റു ചില മതങ്ങളില്‍ നിന്നെല്ലാം കടമെടുത്ത് ചെങ്കിസ്ഖാന്‍ ഉണ്ടാക്കിയ നിയമങ്ങളുടെ സങ്കരമായിരുന്നു.  ഭരണ ഘടന എന്ന പോലെ അവര്‍ക്ക് പുസ്തകമുണ്ടായിരുന്നു. അത് യാസിക് എന്നോ യാസ എന്നോ  അറിയപ്പെടുന്നു.

താര്‍ത്താരികളുടെ ആക്രമണങ്ങള്‍
താഴെ പറയുന്ന പ്രത്യേകതകള്‍ താര്‍ത്താരികളുടെ ആക്രമണങ്ങള്‍ക്കുണ്ടായിരുന്നു.
1. ശ്രദ്ധേയമായതും പെട്ടെന്നുള്ളതുമായ വ്യാപനം
2. കൃത്യമായ വ്യവസ്ഥയും നല്ല ആസൂത്രണവും
3. ഉയര്‍ന്ന ജനപങ്കാളിത്തം
4. പ്രതികൂലമായ സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടായിട്ടും അവ സമര്‍ത്ഥമായി നേരിടാനുള്ള കഴിവ്.
5. നിപുണരായ സൈനിക നേതൃത്വം
6. ദയയും കാരുണ്യവുമില്ലാത്ത യുദ്ധ സമീപനം : അവരുടെ യുദ്ധരീതി സാമ്പ്രദായിക യുദ്ധ രീതികളില്‍ നിന്ന് വിഭിന്നമായിരുന്നു. അവര്‍ ഏതെങ്കിലും നാട്ടില്‍ പ്രവേശിച്ചാല്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, മുലയൂട്ടുന്നവര്‍ എന്നിങ്ങനെയുള്ള പരിഗണനകളേതുമില്ലാതെ ആ നാട്ടിലെ മുഴുവനാളുകളെയും കൊന്നൊടുക്കുന്ന കാടന്‍ ശൈലിയിലായിരുന്നു. അധികാരവും സമ്പത്തും ആഗ്രഹിക്കാത്തവരാണ് താര്‍ത്താരികളെന്നും വംശീയ ഉന്മൂലനവും ലോകരെ മുഴുവന്‍ കൂട്ടകൊലനടത്തുകയാണ് അവരുടെ ദൗത്യമെന്നും, താര്‍ത്താരികളുടെ യുദ്ധം നിരീക്ഷിക്കുമ്പോള്‍ തോന്നും.
7. മറ്റുള്ളവരെ സ്വീകരിക്കുന്നതിലുള്ള വിമുഖത. താര്‍ത്താരികള്‍ ഏകലോകക്രമം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവരുടെ സമീപത്തുള്ള മറ്റു രാജ്യങ്ങളുമായി സഹകരണമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നില്ല. യൂറോപ്യര്‍ തങ്ങള്‍ മതവും നീതിയും സ്ഥാപിക്കാനും അക്രമികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുമാണ് തങ്ങളുടെ അധിനിവേഷമെന്ന് അവകാശപ്പെട്ടപ്പോള്‍ താര്‍ത്താരികള്‍ക്ക് അങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
8. അവര്‍ക്ക് സന്ധിയുണ്ടായിരുന്നില്ല. അവരോട് ചെയ്ത സന്ധികള്‍ ലംഘിക്കുവാനും സാധിച്ചിരുന്നില്ല. നിങ്ങളെ കീഴ്‌പ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ വിശ്വാസികളുടെ കാര്യത്തില്‍ കുടുംബ ബന്ധമോ കരാറുകളുടെ ഉത്തരവാദിത്വമോ ഒന്നുംതന്നെ അവര്‍ പരിഗണിക്കുകയില്ല എന്ന ഖുര്‍ആന്‍ വചനത്തെ ശക്തിപ്പെടുത്തുന്നതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. അവരുടെ രാഷ്ട്രം നിലവില്‍ വന്നത് മുതല്‍ അത് നശിക്കുന്നത് വരെ ഇതില്‍ യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ല.

മുകളില്‍ പരാമര്‍ശിച്ചെതെല്ലാം താര്‍ത്താരികളുടെ വിശേഷണങ്ങളാണ്. ദൈവിക നിയമങ്ങളുടെ പിന്തുണയില്ലാത്ത എല്ലാ സൈനികശക്തിയുടെയും കഥ ഏകദേശം ഇതുപോലെയായിരിക്കും. അവര്‍ കുറ്റവാളികളും തെമ്മാടികളുമായി മാറും. ഇസ്‌ലാമിക ചരിത്രത്തില്‍ മുര്‍തദ്ദുകളുടെ ആക്രമണങ്ങള്‍, റോമാ, പേര്‍ഷ്യ ആക്രമണങ്ങള്‍, അതുപോലെ ശാമിലും ഈജിപ്തിലും സ്‌പെയിനിലുമുണ്ടായ കുരിശുയുദ്ധങ്ങള്‍ എന്നിവയെല്ലാം താര്‍ത്താരികളുടെ ആക്രമണത്തിന് സമാനമായിരുന്നു. പിന്നീട് അധിനിവേശകരായ ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ജൂതന്മാര്‍, അമേരിക്ക തുടങ്ങിയവര്‍ അവരുടെ അതേ പാത പിന്തുടര്‍ന്നു. അവര്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ളവരായിരുന്നുവെങ്കിലും അവരുടെയെല്ലാം മനസ് ഒന്നായിരുന്നു. അവരെല്ലാവരും പകയുടെയും വിദ്വേശത്തിന്റെയും മനുസ്സുള്ളവരായിരുന്നു. മുസ്‌ലിംകളോടും, സംസ്‌കാര സമ്പന്നരോടും അവര്‍ക്ക് പകയാണുണ്ടായിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് പോലെ ‘ഇവരെല്ലാം ഇതെപ്പറ്റി പരസ്പരധാരണയില്‍ എത്തിയതാണോ? അല്ല, ഇവരൊക്കെയും ധിക്കാരികളായ ജനമാകുന്നു ” (അദ്ദാരിയാത് : 53)

ഇസ്‌ലാമിക സമൂഹത്തിന്റെ ശക്തി
ഇസ്‌ലാമിന്റെ ശക്തി ചരിത്രപരവും പ്രസിദ്ധവുമായിരുന്നു. പക്ഷെ അത് കടന്ന് വന്ന വഴികളില്‍ ദൗര്‍ബല്യങ്ങളുണ്ടായിട്ടുണ്ട്. ദൗര്‍ബല്യങ്ങള്‍ ശക്തമായിരുന്നെങ്കിലും ഇസ്‌ലാമിക സമൂഹത്തിന്റെ വീര്യം നഷ്ടപ്പെട്ടിട്ടില്ല. ഇസ്‌ലാമിക സമൂഹത്തിന്റെ ഉള്ളിലുള്ള ശക്തിയെക്കുറിച്ചും എപ്പോഴും അവര്‍ ജയിക്കുന്നതിനെക്കുറിച്ചും ശത്രുക്കള്‍ക്ക് നന്നായി അറിയാമായിരുന്നു.

കുരിശു യുദ്ധക്കാരുടെ ശക്തി
അവര്‍ ദുര്‍ബലരും, ചരിത്ര പരമായ പാരമ്പര്യങ്ങള്‍ അവകാശപ്പെടാനില്ലാത്തവരുമായിരുന്നു. വൈജ്ഞാനികമായും സാംസ്‌കാരികമായും ഇസ്‌ലാമിക സമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ വളരെ പിറകിലായിരുന്നുവെങ്കിലും പകയുടെയും ആള്‍ബലത്തിന്റെയും കാര്യത്തില്‍ അവമതിക്കാനാവാത്ത ശക്തിയായായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവരെക്കുറിച്ച് പറഞ്ഞത് ‘കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധംചെയ്തുകൊണ്ടേയിരിക്കും.’ (അല്‍ബഖറ: 17) അക്കാലത്ത് ഇസ്‌ലാമിന്റെയും കുരിശുയുദ്ധക്കാരുടെയും ശക്തി ലോകതലത്തില്‍ ഒരു പോലെയായിരുന്നു.

താര്‍ത്താരികളുടെ ശക്തി
കിരാതമായ ശക്തിയായിരുന്നു താര്‍ത്താരികളുടേത്. അതിന് ചരിത്രമോ സംസ്‌കാരമോ ഉണ്ടായിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ ഉണ്ടായ പ്രത്യേക
സമൂഹമാണ് താര്‍ത്താരികള്‍. മറ്റുള്ളവര്‍ക്ക് കവച്ച് വെക്കാവുന്നതരത്തില്‍ മതപരമോ സാംസ്‌കാരികമോ ആയ യാതൊരു പാരമ്പര്യവും അവര്‍ക്കുണ്ടായിരുന്നില്ല. തങ്ങള്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് അവര്‍ക്ക് കിരാതവും പ്രാകൃതവുമായ യുദ്ധ മുറകളെ തന്നെ ആശ്രയിക്കേണ്ടതുണ്ടായിരുന്നു. അക്കാലത്ത് ഒരു പുതിയ ലോകത്തെയാണ് താര്‍ത്താരികള്‍ പ്രതിനിധീകരിച്ചിരുന്നത്.

അല്ലാഹുവിന്റെ ചര്യ
വ്യത്യസ്ത ശക്തികള്‍ക്കിടയില്‍ പരസ്പരം ഏറ്റുമുട്ടാനുള്ള സന്ദര്‍ഭം ഉണ്ടാക്കുക, ദീനില്ലാത്ത ശക്തന്മാര്‍ക്ക് തങ്ങള്‍ക്ക് ചുറ്റുമുള്ള ദുര്‍ബലരുടെ സാന്നിധ്യം മനസിലാക്കാന്‍ ഇടനല്‍കാതിരിക്കുക,  അസത്യം ഏതെല്ലാം രൂപങ്ങളിലുണ്ടെങ്കിലും അതിനെ സത്യവുമായി ഏറ്റുമുട്ടിക്കുക, സത്യവും അസത്യവും തമ്മിലുള്ള സംഘട്ടനം അന്ത്യനാള്‍ വരെ തുടര്‍ത്തികൊണ്ട് പോകുക മുതലയാവയെല്ലാം അല്ലാഹുവിന്റെ ചര്യയുടെ ഭാഗമാണ്. കുരിശുയുദ്ധക്കാര്‍ക്കും താര്‍ത്താരികള്‍ക്കും യുദ്ധം ചെയ്യുന്ന രീതിയിലും രാഷ്ട്രീയ കാഴ്ചപ്പാടുകളിലും ദര്‍ശനങ്ങളിലും വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും അല്ലാഹുവിന്റെ ചര്യയനുസരിച്ച് ഇവര്‍ക്കിടയില്‍ സ്വഭാവികമായ സഹകരണം നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

മുസ്‌ലിം നാടുകളുമായി യുദ്ധത്തിലേര്‍പെട്ടിരുന്ന മംഗോളിയരെ സഹായിക്കാനായി  കുരിശുയുദ്ധക്കാര്‍ യൂറോപ്പില്‍ നിന്ന് മംഗോളിലേക്ക് പോഷക സൈന്യത്തെ അയച്ച് സഹായിച്ചിരുന്നു. (യൂറോപ്പില്‍ നിന്ന് മംഗോളിലേക്ക് ഏകദേശം 12000 കി.മി ദൂരമുണ്ടെന്നോര്‍ക്കണം!!!!!!) അങ്ങനെയാണ് അബ്ബാസി ഖിലാഫത്തിനെയും ഇസ്‌ലാമിക ലോകത്തിന്റെ സിരാ കേന്ദ്രമായിരുന്ന ബാഗ്ദാദിനെ ആക്രമിച്ചത്. ഇസ്‌ലാമിക ഖിലാഫത്ത് അവര്‍ക്ക് വലിയ പ്രശ്‌നം തന്നെയായിരുന്നു. കുരിശുപട തങ്ങളെ സഹായിക്കുമെന്ന് താര്‍ത്താരികള്‍ക്കറിയാമായിരുന്നു. ഇസ്‌ലാമിക നാടുകളില്‍ താര്‍ത്താരികള്‍ സംഹാര താണ്ഡവമാടി. അനുഗ്രഹങ്ങളുടെയും സമ്പന്നതയുടെയും കളിത്തൊട്ടിലായിരുന്ന നാടുകളോട് പ്രായോഗികമായി തന്നെ യുദ്ധം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ അവര്‍ക്ക് കുരിശു യുദ്ധക്കാരോട് ഒരു പാട് കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും അവര്‍ പരസ്പരം യുദ്ധം ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ ഇസ്‌ലാമിക സമൂഹത്തോട് ഏറ്റുമുട്ടിയപ്പോള്‍ അവര്‍ പരസ്പരം ഐക്യപ്പെട്ടു. ഇതൊന്നും അപരിചിതമായ വാക്കുകളല്ല, ഇസ് ലാമിനെതിരിലുള്ള യുദ്ധത്തില്‍ ശത്രുക്കള്‍ സ്വീകരിച്ചതായി സ്ഥിരപ്പെട്ട കാര്യങ്ങളാണ്.

പണ്ട് പ്രവാചകന്റെ കാലത്ത് യഹൂദികളും മക്കയിലെ മുശ്‌രികുകളും ഇസ്‌ലാമിനെതിരില്‍ ഒന്നിച്ചിരുന്നു. യഹൂദികളുടെയും മക്കയിലെ മുശ്‌രിക്കുകളുടെയും വിശ്വാസങ്ങള്‍ തമ്മില്‍ വലിയ വ്യത്യസങ്ങളുണ്ടായിരുന്നു. പേര്‍ഷ്യക്കാരും റോമാക്കാരും തമ്മില്‍ വലിയ ശത്രുക്കളായിരുന്നു. പക്ഷെ, ഇസ്‌ലാമിനെ എതിരിടുന്നതില്‍ അവര്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി. ഇംഗ്ലീഷുകാരും ജൂതന്മാരും പരസ്പരം ശത്രുക്കളാണെന്നിരിക്കെ, ഉഥ്മാനിയ ഖിലാഫതിനെ തകര്‍ക്കാന്‍ അവരെല്ലാവരും ഒന്നിക്കുകയുണ്ടായി. ജൂതന്മാരും ക്രിസ്ത്യാനികളും പരസ്പരം ശത്രുക്കളാണെങ്കിലും അനുഗ്രഹീതമായ ഫലസ്തീന്‍ മണ്ണില്‍ സിയോണിസം സ്ഥാപിക്കുന്നതില്‍ അവര്‍ ഒരു മിച്ച് പ്രവര്‍ത്തിച്ചു. ഇസ്‌ലാമിക തീവ്രവാദമെന്ന് അവര്‍ വിളിക്കുന്ന ‘തീവ്രവാദം’ ഇല്ലാതാക്കാന്‍ രണ്ട് അമേരിക്കകളും റഷ്യയും പരസ്പരം സഹകരിക്കുകയുണ്ടായി. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഫലസ്തീനിലും യുദ്ധം ചെയ്യുന്നതിനായി റഷ്യ അമേരിക്ക് സഹായങ്ങള്‍ നല്‍കി. അതുപോലെ ചെച്‌നിയയില്‍ യുദ്ധം ചെയ്യുന്നതിനായി അമേരിക്ക റഷ്യക്കും സഹായ സഹകരണങ്ങള്‍ നല്‍കി. ഈ രണ്ട് സന്ദര്‍ഭങ്ങളിലും മുസ്‌ലിംകളാണ് ബലിയാടുകളായത്. അസത്യത്തിന്റെ വക്താക്കളുടെ ഐക്യപ്പെടലും അവര്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന യുദ്ധവും ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അതു പോലെ തന്നെ അത് പണ്ടു മുതലേ ഉള്ള ചര്യയുമാണ്.

എന്നാല്‍ ‘ശത്രുവിന്റെ ശത്രു മിത്രം’ എന്ന ചൊല്ലിന്റെ അടിസ്ഥാനങ്ങളോട് യോജിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ല.  മുസ്‌ലിംകള്‍ക്ക് അവരുടെ ശത്രുക്കളെ അറിയേണ്ടതുണ്ട്. അവരുടെ ശത്രുവിന്റെ ശത്രു അവരുടെ കൂടി ശത്രവാണെന്ന ബോധം അവര്‍ക്കുണ്ടാവണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി ശത്രുക്കളുമായി മുസ്‌ലിങ്ങള്‍ സഖ്യമുണ്ടാക്കിയിട്ടുണ്ട്. പക്ഷെ അത് ദീനിയ്യായ ഉദ്ദേശ്യങ്ങളെ അവഗണിച്ച് കൊണ്ടോ ആരുടെയെങ്കിലും അവകാശങ്ങള്‍ ഹനിക്കുന്നതിനോ അല്ല, മറിച്ച് തികഞ്ഞ സൂക്ഷമതയോടെയും നിശ്ചിതമായ കാലത്തേക്കും മാത്രമുള്ള സഹകരണമാണ്. ആ ബന്ധം ഒരിക്കലും അവരോടുള്ള കൂറോ സൗഹൃദമോ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞ യാഥാര്‍ത്ഥ്യങ്ങളെ മറന്ന് കൊണ്ടുള്ളതോ അല്ല, അല്ലാഹു പറയുന്നു.’ ജൂതന്മാരും ക്രിസ്ത്യാനികളും ഒരിക്കലും നിന്നില്‍ സംതൃപ്തരാകുന്നതല്ല നീ അവരുടെ മാര്‍ഗത്തില്‍ നടക്കാന്‍ തുടങ്ങിയാലല്ലാതെ’ (അല്‍ബഖറ :120)
ഇവിടെ പ്രധാനപ്പെട്ട കാര്യം, താര്‍ത്താരികള്‍ ഇസ്‌ലാമിനെ തകര്‍ക്കുന്നതിനെക്കുറിച്ച് ഗൗരവമായി തന്നെ ചിന്തിച്ചവരാണ്. അബ്ബാസി ഖിലാഫതിനെ  നശിപ്പിച്ച് ഇസ്‌ലാമിക ഖിലാഫതിന്റെ തലസ്ഥാനമായിരുന്ന ബാഗ്ദാദില്‍ പ്രവേശിക്കാനിറങ്ങിയവരാണവര്‍.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles