Friday, January 27, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture History

ഡോ. സികെ കരീമിന്റെ ചരിത്ര സംഭാവനകള്‍

അബ്ദുല്‍ ബാരി കടിയങ്ങാട് by അബ്ദുല്‍ ബാരി കടിയങ്ങാട്
23/12/2013
in History
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കേരളത്തിലെ പ്രമുഖ ചരിത്രകാരനന്‍, അധ്യാപകന്‍, ഗവേഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലയില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിത്വവുമായിരുന്നു ഡോ. സി.കെ. കരീം. . കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ് സര്‍വകലാശാലകളിലെല്ലാം അംഗീകൃത ഗവേഷണ മാര്‍ഗദര്‍ശിയായിരുന്ന അദ്ദേഹം  കേരള ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറിയും കേരള ഗസറ്റിയര്‍, സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റ് എന്നിവയില്‍ ഉപദേശകസമിതിയംഗവുമായിരുന്നു.  ചരിത്രം എന്ന പേരില്‍ ഒരു ത്രൈമാസിക പുറത്തിറക്കുകയും അതേ പേരില്‍ ഒരു പ്രസാധനാലയവും അദ്ദേഹം ആരംഭിച്ചിരുന്നു. 1929 മെയ് അഞ്ചിന് എറണാകുളം ജില്ലയിലെ എടവനക്കാട് എന്നസ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് സി.കെ. കൊച്ചു ഖാദര്‍. മാതാവ്: കൊച്ചലീമ. 1953 ല്‍ പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. 1957 ല്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് മൂന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. അലിഗഢില്‍ തന്നെ എല്‍.എല്‍.ബി.യും നേടി. 1958 -ല്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ ലക്ചററായി ചേര്‍ന്നു. ഇതിനിടയില്‍ അലിഗഢ് സര്‍വകലാശാലയില്‍ നിന്ന് ഡോ. നൂറുല്‍ ഹസന്റെ മേല്‍നോട്ടത്തില്‍ കേരളം ഹൈദരാലിയുടെയും ടിപ്പു സുല്‍ത്താന്റെയും കീഴില്‍ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം നേടി. ചരിത്രത്തെ അതിന്റെ പ്രഥമ സ്രോതസ്സില്‍ നിന്ന് കണ്ടെത്താനായി ദല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കി. പ്രശസ്ത ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്, ഡോ. സതീഷ് ചന്ദ്ര, ഡോ. മുഹിബ്ബുല്‍ ഹസന്‍ ഖാന്‍ എന്നിവര്‍ കരീമിന്റെ അധ്യാപകരായിരുന്നു. ചരിത്രത്തിന്റെ പ്രാഥമിക സ്രോതസ്സുകളില്‍ നിന്ന് നേരിട്ട് വിവരം ശേഖരിക്കുന്നതിനും സ്വതന്ത്രമായ ശൈലി രൂപപ്പെടുത്തിയെടുക്കുന്നതിനും അലീഗഢിലെ പഠനം  അദ്ദേഹത്തെ സഹായിച്ചു.

ഗവേഷണ രംഗം
കേരള ചരിത്രഗവേഷണത്തിലെ വേറിട്ട ശബ്ദമായിരുന്നു കരീമിന്റേത്. അക്കാദമിക തലങ്ങളില്‍ പോലും ചരിത്രത്തെ കുറിച്ച കേരളീയ കാഴ്ചപ്പാട് വികലവും അശാസ്ത്രീയവുമാണെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. പരമ്പരാഗതമായ പല ചരിത്രനിരീക്ഷണങ്ങളും ശക്തമായി ഖണ്ഡിച്ചു. കേരളത്തിന്റെ ചരിത്രരചനയില്‍ സവര്‍ണപക്ഷം ഉണ്ടെന്ന വാദക്കാരനായിരുന്നു അദ്ദേഹം. പരമ്പരാഗത ചരിത്രകാരന്മാരുടെ പല നിരീക്ഷണങ്ങളെയും കരീം ശക്തമായി ഖണ്ഡിച്ചു. ഇത് ഒരേ സമയം ധാരാളം എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുകയും മുഖ്യധാര ചരിത്രകാരന്മാരില്‍ നിന്ന് അദ്ദേഹത്തെ അകറ്റിനിര്‍ത്താനും കാരണമായി. വക്രീകരിക്കപ്പെട്ടതും തമസ്‌കരിക്കപ്പെട്ടതുമായ ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും മുസ് ലിംകളുടെ ചരിത്ര രചന നിര്‍വഹിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ രചനകള്‍ വിശകലന വിധേയമാക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. സെപറേറ്റ് സ്റ്റഡി(വേര്‍തിരിച്ചുള്ള പഠനം) ഇന്ന് അക്കാദമിക തലത്തില്‍ അംഗീകാരം നേടിയ ഒന്നാണ്. ഇന്ത്യയിലെ എല്ലാ യൂനിവേഴ്‌സിറ്റികളിലും ദളിത് സ്റ്റഡീസ്, ഇസ്‌ലാമിക് സ്റ്റഡീസ്, മാര്‍ക്‌സിയന്‍ സ്റ്റഡീസ് തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ കാണാവുന്നതാണ്.

You might also like

ഫാറൂഖ് ഉമർ = ‘രക്ഷകനായ ഉമർ’ /പേരിട്ടതാര്?

അറബി കലിഗ്രഫിയും നുമിസ്മാറ്റിക് പഠന ശാഖയും

ദുൽഖർനൈനി നിർമ്മിച്ച ഭിത്തി

മൂസാ-ഖദിര്‍ സംഭവത്തിലെ സങ്കീര്‍ണമായ ഒരു വലിയ പ്രശ്‌നം

അലിഗഡ് യൂനിവേഴ്‌സിറ്റിയില്‍ ഡോ. നൂറുല്‍ഹസന്റെ നേതൃത്വത്തിലെ ഗവേഷണം ഡോ. സി കെ കരീമിന്റെ ചരിത്രരചനയുടെ ഗതി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു എന്ന് വിലയിരുത്തപ്പെടുന്നു. സ്വാതന്ത്ര്യാനന്തരം അബുല്‍ കലാം ആസാദിനെ പോലുള്ളവരുടെ ദാര്‍ശനികവും പ്രൗഢോജ്വലമായ പ്രഭാഷണങ്ങള്‍ ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥികളില്‍ ഒരേ സമയം വലിയ ആവേശവും ചരിത്ര പഠനത്തിനുള്ള വലിയ പ്രചോദനവുമേകുകയുണ്ടായി. ‘സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന മഹത്തായ ദൗത്യമായിരുന്നു ഞങ്ങളേറ്റെടുത്തത്. അത് വിജയിച്ചിരിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇവിടെ വിട്ടേച്ചുപോയ നിരവധി മുറിവുകളുണ്ട്. ഇന്ത്യാ ചരിത്രം രേഖപ്പെടുത്തുന്നതിലുടനീളം അത് കാണാം. അന്വേഷണാത്മക പഠനത്തിലൂടെ യാഥാര്‍ഥ്യം പുറത്ത് കൊണ്ടുവരിക എന്നത് നിങ്ങളെ പോലുള്ള വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും ദൗത്യമാണെന്ന് പ്രഭാഷണങ്ങളിലൂടെ അദ്ദേഹം അവരെ ഉണര്‍ത്തി. നൂറുല്‍ ഹസനെ പോലുള്ള വ്യക്തികളില്‍ ഇത് വലിയ പ്രചോദനമാകുകയും തമസ്‌കരിക്കപ്പെട്ട യഥാര്‍ഥ ചരിത്രത്തെ കുറിച്ച അന്വേഷണത്തിന് പ്രേരകമാകുകയും ചെയ്തു. സി കെ കരീമിനോട് കേരളത്തില്‍ ടിപ്പുസുല്‍ത്താന്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ദാനമായി നല്‍കിയ ഭൂമിയുടെ കണക്ക് ഇന്ന സ്ഥലത്തുണ്ടെന്നും അതിനെ കുറിച്ച് ആധികാരികമായ പഠനം നടത്താന്‍ ഗൈഡായ ഡോ, നൂറുല്‍ ഹസന്റെ പ്രേരണയാണ് ഹൈദരലിയെയും ടിപ്പുവിനെയും കുറിച്ചും ബ്രിട്ടീഷുകാരും സവര്‍ണരും വികലമാക്കിയ യാഥാര്‍ഥ്യങ്ങളെ അന്വേഷണ വിധേയമാക്കി യഥാര്‍ഥ ചരിത്രം രചിക്കപ്പെടാന്‍ ഡോ. സി കെ കരീമിന് പ്രേരണയായതെന്ന് മനസ്സിലാക്കപ്പെടുന്നു.

ചേരമാന്‍ പെരുമാക്കന്മാരുടെ ഇസ്‌ലാമാശ്‌ളേഷണം, കണ്ണൂരിലെ അറക്കല്‍ ആലി രാജവംശം, പറങ്കി മാപ്പിള യുദ്ധം, ഹൈദരാലി ടിപ്പുസുല്‍ത്താന്‍മാരുടെ കേരള വാഴ്ച, മാപ്പിളമാരുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ പരമ്പരാഗത ധാരണകള്‍ക്കെതിരായ വീക്ഷണായിരുന്നു കരീമിന്റേത്. ചേരമാന്‍ പെരുമാക്കന്മാരുടെ മതപരിവര്‍ത്തനങ്ങളെ കുറിച്ച വിവാദങ്ങള്‍ ചരിത്ര രചനയുടെ നേര്‍ദിശ തെറ്റിക്കാനുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. 1961-1962 ല്‍ ചരിത്രകാരനായ പി.എ. സൈദ് മുഹമ്മദ് നടത്തിയ ചരിത്രപഠനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കരീമിന്റെ പഠനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അത്യന്തം ബുദ്ധിപൂര്‍വകമായ ഉത്സാഹം എന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ശൂരനാട് കുഞ്ഞന്‍പിള്ള വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ്-ദേശീയ-സവര്‍ണ ചരിത്രം

ഇന്ത്യാ ചരിത്രത്തിന്റെ ക്രോഡീകരണം നടന്നത് ബ്രിട്ടീഷ് കാലത്താണ്. അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചരിത്രബോധത്തിലൂടെ മാനസികമായ ഐക്യം പകര്‍ന്നു നല്‍കുന്നതിന് പകരം വര്‍ഗീയ ധ്രുവീകരണവും പരസ്പരം അരിശവും മുറിവുമുണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. മുസ്‌ലിം രാജാക്കന്മാര്‍ ആറ് നൂറ്റാണ്ട് കാലം ഇന്ത്യ ഭരിച്ചിട്ടും സാമുദായിക ലഹളയുടെ ഒരു സംഭവം പോലും റിപ്പോര്‍ട്ട ചെയ്തിട്ടില്ലെങ്കിലും 150 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിലൂടെ മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ ഒരിക്കലും അടുക്കാത്തവരാക്കി അകറ്റിനിര്‍ത്തുകയാണുണ്ടായത്. ഇന്നും നമ്മുടെ രാജ്യത്ത് കാണുന്ന ഹിന്ദുമുസ്‌ലിം വിയോജിപ്പിന്റെ വേരുകള്‍ ബ്രിട്ടീഷുകാരുടെ ഇന്ത്യാ ചരിത്ര രചനയിലാണ് കിടക്കുന്നത്. അതിനാല്‍ ചരിത്രത്തിന്റെ പൊളിച്ചെഴുത്തിന് ധീരമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സി കെ കരീം സ്വതന്ത്രമായ ചരിത്രത്തിന് മുതിരുന്നത്.
അമ്പലങ്ങള്‍ തകര്‍ത്തു, നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി, ജിസ്‌യ എന്ന മതനികുതി ഏര്‍പ്പെടുത്തി ഹിന്ദുക്കളെ തരം താഴ്ത്തി..എന്നതാണ് ബ്രിട്ടീഷുകാര്‍  മുസ്‌ലിം ഭരണത്തെ കുറിച്ച് വ്യാപകമായി പ്രചരിപ്പിച്ചത്. ഈ ദുഷ്പ്രചരണത്തെ വസ്തുതകള്‍ നിരത്തിക്കൊണ്ട് സി കെ കരീം സമഗ്രമായി വിശകലന വിധേയമാക്കുന്നുണ്ട്. ദേശീയ ചരിത്രകാരന്മാരും സവര്‍ണ ചരിത്രകാരന്മാരും ബ്രിട്ടീഷുകാരെ അന്ധമായി അനുകരിച്ചതിനെയും തെളിവുകള്‍ നിരത്തി അദ്ദേഹം നിരൂപണ വിധേയമാക്കുന്നത് കാണാം.

ഹെദരലിയും ടിപ്പുവും കേരളത്തില്‍
ഹൈദരലിയും ടിപ്പുസുല്‍ത്താനും കേരളത്തില്‍ എന്നതായിരുന്നു ഡോ. സി കെ കരീമിന്റെ ഗവേഷണ പ്രബന്ധവും ഗവേഷണ രംഗത്തെ അരങ്ങേറ്റവും. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പടച്ചുവിട്ട ക്ഷേത്രധ്വംസനത്തിന്റെയും മതപരിവര്‍ത്തനത്തിന്‌റെയും വിഷലിപ്തമായ കഥകളില്‍ തേന്‍പുരട്ടി അവതരിപ്പിച്ച സവര്‍ണ ചരിത്രമായിരുന്നു അതുവരെ കേരളത്തില്‍ ആധികാരിക ചരിത്രമായി നിലകൊണ്ടിരുന്നത്. ഒരു പരിധി വരെ ഇന്നും അതുതന്നെയാണ് മുഖ്യധാര ചരിത്രം. ഹൈദരലിയുടെയും ടിപ്പുവിന്റെയും വികലമാക്കപ്പെട്ട ചരിത്രത്തെ ചരിത്ര ഗവേഷണത്തിന്റെ എല്ലാ ടൂള്‍സുകളുമുപയോഗിച്ച് സത്യസന്ധമായി ആവിഷ്‌കരിച്ചതോടൊപ്പം തന്നെ ഹൈദരലിയുടെയും ടിപ്പുവിന്റെയും ഭരണപരിഷ്‌കാരങ്ങള്‍ കേരളത്തെ എപ്രകാരം സമ്പന്നമാക്കി എന്ന് വസ്തുനിഷ്ടമായി അദ്ദേഹം പുറത്ത് കൊണ്ടുവരികയും ചെയ്തു.

1 രാഷ്ട്രീയ സമന്വയം : മൈസൂര്‍ ഭരണം വരുന്നതുവരെ കേരളം ജാതിയുടെയും ഫ്യൂഡല്‍ പ്രഭുത്വത്തിന്റെയും അടിസ്ഥാനത്തില്‍ നിരവധി ചെറുകിട രാജസ്ഥാനുകളായിരുന്നു. ഓരോ ദേശത്തെയും ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്നു. വില്ലേജുകള്‍ക്ക് പകരമായി ബ്രാഹ്മണര്‍ ഗ്രാമങ്ങളിലും നായന്മാര്‍ തറകളിലും താഴ്ന്ന ജാതിക്കാര്‍ ചേരികളിലുമായിരുന്നു ജീവിച്ചിരുന്നത്. നായന്മാര്‍, പ്രഭുക്കള്‍, ജന്മികള്‍ തുടങ്ങിയവര്‍ക്ക് വിരുദ്ധമായി യാതൊരു കാര്യവും രാജാക്കന്മാര്‍ക്ക് ഉണ്ടാക്കാന്‍ പാടില്ലായിരുന്നു അപ്രകാരം ആരെങ്കിലും ചെയ്‌തെങ്കില്‍ പ്രജകള്‍ അത് ബഹിഷ്‌കരിക്കുകയും ചെയ്യുമായിരുന്നു *(ഡച്ച് ഗവര്‍ണര്‍ ആന്റിയാന്‍ വാന്‍ റീഡ് തന്റെ മെമ്മോറണ്ടത്തില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്). ഇത്തരത്തില്‍ ചെറുകിട രാജസ്ഥാനായി ഭിന്നിച്ച മലബാര്‍ മുഴുവന്‍ സുസംഘടിതമായ ഒരു രാഷ്ട്രത്തിന്‍ കീഴില്‍ വരുത്തി (235) എന്നതാണ് മൈസൂര്‍ ഭരണത്തിന്റെ ഏറ്റവും പ്രധാന പരിഷ്‌കാരം. മൈസൂര്‍ ആധിപത്യത്തോടെ മലബാറില്‍ നടമാടിയിരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും ജന്മിപ്രഭുത്വവും ഏറെകുറേ നിഷ്‌കാസനം ചെയ്യപ്പെട്ടു. മാത്രമല്ല, മലബാര്‍ ഇന്ത്യയില്‍ തന്നെ സമര്‍ഥമായി ഭരണം നടക്കുന്ന രാജ്യത്തിന്റെ സുരക്ഷിത കേന്ദ്രമാക്കി മാറ്റിയതും മൈസൂര്‍ ഭരണമായിരുന്നു. മലബാറിനെ 12 താലൂക്കുകള്‍(തുക്രികള്‍) ആയി വിഭജിക്കുകയും ഓരോന്നിനും തഹസില്‍ദാരെ(തുക്രീദന്മാര്‍) നിയമിക്കുകയും ചെയ്തു. മൈസൂര്‍ ഭരണാധികാരികള്‍ സംവിധാനം ചെയ്ത രാഷ്ട്രീയവും ഭരണപരവുമായ സമ്പ്രദായത്തിന്മേലായിരുന്നു ബ്രിട്ടീഷുകാര്‍ അവരുടെ ഭരണതന്ത്രം ഘടിപ്പിച്ചിരുന്നതെന്നും മലബറില്‍ പരമാധികാര ശക്തിയായി വളരുവാന്‍ അവര്‍ക്ക് സാധിച്ചതെന്നും മൈസൂര്‍ ഭരണത്തെ നിശിതമായി വിമര്‍ശിച്ചവര്‍ കൂടി അംഗീകരിച്ച പരമാര്‍ഥമാണ്

പക്ഷെ ചുരുക്കം ഡസന്‍ ചതുരശ്രമൈല്‍ വിസ്തീര്‍ണത്തില്‍ ചുരുങ്ങിക്കിടക്കുന്ന ഒരു സ്ഥലത്തെ ഇന്നത്തെ നിലയിലുള്ള തിരുവിതാംകൂര്‍ സ്റ്റേറ്റ് ആക്കി മാറ്റിയതായിരുന്നു ഒരായുഷ്‌കാലത്തിനിടയില്‍ മാര്‍ത്താണ്ഢ വര്‍മ ഉണ്ടാക്കിയ പ്രധാന നേട്ടം. അതിന്റെ പേരില്‍ അദ്ദേഹം ആധുനിക തിരുവിതാംകൂറിന്റെ നിര്‍മാതാവ് എന്ന് ചരിത്രത്തില്‍ അറിയപ്പെടുമ്പോള്‍ ഈ പ്രക്രിയ മലബാറില്‍ വിജയപൂര്‍വം ശാസ്ത്രീയമായി നടപ്പിലാക്കിയ ഹൈദരലിയും ടിപ്പുസുല്‍ത്താനും അത്തരം പ്രശംസക്ക് പാത്രീപൂതരാകുന്നതിന് പകരം ചരിത്രകാരന്മാരുടെ നിശിതമായ വിമര്‍ശനത്തിനിരയാകുകയും ചെയ്തു എന്ന വിരോധാഭാസമാണ് നമുക്ക് കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു. യഥാര്‍ഥത്തില്‍ മലബാറിലെ ഫ്യൂഡല്‍ മാടമ്പിമാരെയും ഭൂപ്രഭുത്വത്തെയും ധീരമായി ഉന്മൂലനം ചെയ്തത് ടിപ്പുസുല്‍ത്താനായിരുന്നു

2 ഭൂപരിഷ്‌കരണം : മലബാറില്‍ ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിച്ചതും ടിപ്പുസുല്‍ത്താനായിരുന്നു. അന്ന് ഭൂമിയുടെ അവകാശം രാജാക്കന്മാര്‍ക്കായിരുന്നില്ല,മറിച്ച് ജന്മിമാര്‍ക്കായിരുന്നു ഉണ്ടായിരുന്നത്. കുന്നും മലയും പുഴയുമെല്ലാം സ്വകാര്യസ്വത്തായിരുന്നു  രാജാക്കന്മാര്‍ക്ക് ചേരിക്കല്‍ സ്ഥലവും ക്ഷേത്രങ്ങളുടെ വകയായ ദേവസ്വം സ്ഥലവും മാത്രമാണ് ഉണ്ടായിരുന്നത് ഭൂനികുതി പിരിച്ചിരുന്നില്ല എന്നു മാത്രമല്ല, ബ്രാഹ്മണര്‍ നികുതിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ സിവില്‍ ഗവര്‍ണറായ മദണ്ണക്ക് 1766-ല്‍ ഹൈദരലിയില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശം കുറ്റമറ്റ ഭൂനികുതി സമ്പ്രദായം മലബാറില്‍ വേഗം നടപ്പിലാക്കണമെന്നായിരുന്നു. എന്നാല്‍ ഈ പരീക്ഷണം വിജയപ്രദമല്ലെന്ന് കണ്ടപ്പോള്‍ ഹൈദരലി മലബാറിന്റെ ഭരണം നേരിട്ടേറ്റെടുക്കുകയും ശ്രീനിവാസ റാവുവിനെ സിവില്‍ ഗവര്‍ണറായി നിയമിക്കുകയും ചെയ്തു. ഭൂനികുതിയും ഭരണക്രമവും അദ്ദേഹം നടപ്പിലാക്കി. കേരളത്തില്‍ നടന്ന പ്രഥമ ഭൂസര്‍വേയും അതായിരുന്നു. 1784-ല്‍ ടിപ്പു നികുതിപിരിക്കാനും കാര്‍ഷിക പരിഷ്‌കാരങ്ങള്‍ക്കുമായി അര്‍ഷദ്ഖാനെ ചുമതലപ്പെടുത്തി മുസ്‌ലിം പ്രഭുവായ മഞ്ചേരി കുരിക്കളെ പോലും നിയമലംഘനം നടത്താന്‍ അനുവദിച്ചില്ല, എന്നു മാത്രമല്ല ജാതി മത സങ്കല്‍പങ്ങള്‍ക്കതീതമായി പൊതുനിയമം കൊണ്ടുവരുകയും ചെയ്തു. ഭൂപ്രമാണിയായ മഞ്ചേരി കുരിക്കള്‍ കലാപത്തിനിറങ്ങിയെങ്കിലും സാമൂതിരി കോവിലകത്തെ രാജകുമാരന്മാരിലൊരാളായ രവിവര്‍മയുടെ സഹായത്തോടെ മഞ്ചേരി കുരിക്കളുടെ കലാപം അദ്ദേഹം അടിച്ചമര്‍ത്തുകയാണ് ചെയ്തത്.

3.ഗതാഗതം : ടിപ്പുസുല്‍ത്താന്‍ യഥാര്‍ഥത്തില്‍ മലബാറിലെ റോഡ് നിര്‍മാണത്തിന്റെ മാര്‍ഗദര്‍ശകനായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ രാജവീഥികളത്രയും റോമില്‍ ചെന്നവസാനിക്കുന്നുവെന്ന് പറയുന്നത് പോലെ ടിപ്പുവിന്റെ റോഡുകളെല്ലാം ശ്രീരംഗപട്ടണവുമായി ബന്ധിക്കുന്നത് കാണാം. അദ്ദേഹത്തിന്റെ ഭരണത്തില്‍ മലബാറിലെ എല്ലാ ഭാഗത്തും റോഡുകള്‍ സുസംഘടിതമായിരുന്നു എട്ട് വര്‍ഷത്തെ ഭരണത്തിനിടയില്‍ ടിപ്പു മലബാറില്‍ ചെയ്ത റോഡ് നിര്‍മാണ പ്രക്രിയയുടെ പകുതി പോലും 150 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തില്‍ മലബാറിലുണ്ടായിട്ടില്ല എന്നതും ശ്രദ്ദേയമാണ്. മാത്രമല്ല, രാജ്യത്ത് പൊതുമരാമത്ത് വിപുലമായി നടക്കണമെങ്കില്‍ സമാധാനവും സുരക്ഷയും ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണെന്നതിനാല്‍ തന്നെ സമാധാനവും സുരക്ഷയും ടിപ്പുവിന്റെ ഭരണത്തിന്റെ മുഖമുദ്രയാണെന്നും മനസ്സിലാക്കാം.

4 സാമൂഹ്യപരിഷ്‌കാരങ്ങള്‍ : മലബാറിലെ ഫ്യൂഡല്‍ വ്യവസ്ഥയില്‍ അധികാര- അവകാശങ്ങള്‍ നിലനിര്‍ത്തി പോന്നിരുന്നത് നമ്പൂരി-നായന്മാര്‍ ആയിരുന്നതിനാല്‍ ജീവിതത്തെ ആമൂലാഗ്രം ജാതിവ്യവസ്ഥയാണ് നിയന്ത്രിച്ചിരുന്നത്. വിവാഹരംഗത്ത് വലിയ അരാചകത്വമാണ് ഉണ്ടായിരുന്നത് നായര്‍ യുവതികളുമായി ശയിക്കാനുള്ള നമ്പൂരിമാരുടെ അവകാശം ദൈവദത്തമാണെന്നും അത് നിഷേധിക്കുകയാണെങ്കില്‍ ദൈവനിഷേധത്തിനിരയാകുമെന്ന അന്ധമായ വിശ്വാസം സാര്‍വത്രികമായിരുന്നു. അപ്രകാരം തന്നെ നായര്‍ സ്ത്രീകളുടെ ഇടയില്‍ ബഹുഭര്‍തൃത്ത വ്യവസ്ഥയും വ്യാപകമായി ഉണ്ടായിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തി. ‘നായര്‍ സ്ത്രീകള്‍ക്ക് മൂന്നോ നാലോ ചിലപ്പോള്‍ അതിലധികമോ ഭര്‍ത്താക്കന്മാരുണ്ടാകും. ഓരോരുത്തര്‍ക്കുമുള്ള ദിവസവും സമയവുമൊക്കെ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ യാതൊരു വിധ ശണ്ഠയും ഇതുകാരണം ഉണ്ടായിരുന്നില്ല’.
 
അനിയന്ത്രിതമായ ഈ ലൈംഗിക വേഴ്ച സുഗമമാക്കുന്നതിന് മറ്റൊരു ജാതി ആചാരവും നിലവിലുണ്ടായിരുന്നു. അതായത് നമ്പൂരികളൊഴിച്ച് മറ്റു ജാതിയില് പെട്ടസ്ത്രീകള്‍ക്ക് മാറ് മറക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുമുണ്ടായിരുന്നു. സ്ത്രീകളുടെ മാന്യമായ അവകാശ സംരക്ഷണത്തിനും ലൈംഗിക അരാചകത്വം ഇല്ലാതാക്കുന്നതിനും ടിപ്പുസുല്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഇത്തരം ജാതി ആചാരങ്ങള്‍ ഉപേക്ഷിക്കണമെന്നും എല്ലാ സ്ത്രീകളും മാറ് മറക്കണമെന്നും അദ്ദേഹം നിര്‍ബന്ധം പിടിച്ചു. ബഹുഭര്‍തൃത്വത്തെ നിരോധിച്ചു. അതോടൊപ്പം മദ്യം നിരോധിക്കുകയും ലഹരി ഉണ്ടാക്കുന്നവര്‍ ഇനിമേല്‍ അതു ഉണ്ടാക്കുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് പ്രതിജ്ഞ എഴുതിവാങ്ങുകയും അവര്‍ക്ക് മറ്റുജോലികള്‍ നല്‍കുകയും ചെയ്തു. യൗവന സ്ത്രീകളെ വീട്ടുപണിക്ക് നിര്‍ത്തരുതെന്നും ടിപ്പുസുല്‍ത്താന്‍ ഉത്തരവിറക്കി. മാത്രമല്ല, ജീവിതത്തില്‍ തികഞ്ഞ സദാചാര നിഷ്ടട പുലര്‍ത്തുകയും അത്തരമൊരു സാമൂഹ്യ വ്യവസ്ഥക്കായി ശ്രമിക്കുകയും ചെയ്തു. അഗതികളെയും അനാഥരെയും സഹായിക്കാനുള്ള ട്രസ്റ്റുകളും സ്ഥാപനങ്ങളും പ്രധാന സ്ഥലങ്ങളിലൊക്കെ ഉണ്ടാക്കി. എന്നാല്‍ കേരളത്തിലെ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്ക് അടിത്തറ പാകിയ ടിപ്പുസുല്‍ത്താന്റെ ശ്രമങ്ങള്‍ അംഗീകരിക്കാന്‍ ജാതി തമ്പ്രാക്കന്മാരും സവര്‍ണ എഴുത്തുകാരും തയ്യാറായില്ല എന്നു മാത്രമല്ല അദ്ദേഹത്തെ കടുത്ത മതഭ്രാന്തനായി ചിത്രീകരിക്കുകയുമാണ് ഉണ്ടായത്.

ടിപ്പുവിന്റെ മതനയം
ടിപ്പുവിന്റെകാലം മതഭ്രാന്തിന്റെയും രക്തച്ചൊരിച്ചലിന്റെയും കാലമായിട്ട് ആദ്യം രേഖപ്പെടുത്തിയത് ബ്രിട്ടീഷുകാരായിരുന്നു. അതിന് ചില കാരണങ്ങളുമുണ്ട് എന്നതും വിസ്മരിക്കാവതല്ല. ഇന്ത്യയില്‍ ജീവിച്ച രാജാക്കന്മാര്‍ക്കിടയില്‍ കടുത്ത ബ്രിട്ടീഷ് വിരോധം വെച്ചുപുലര്‍ത്തിയത് ടിപ്പുവായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സന്ധിയിലേര്‍പ്പെടാന്‍ കഴിയാതിരുന്ന ഏക ഭരണാധിപനും അദ്ദേഹമായിരുന്നു. മാത്രമല്ല, ടിപ്പു പടര്‍ക്കളത്തില്‍ നിന്നാണ് ധീരരക്തസാക്ഷിയായത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഈ ക്രൂര നടപടി ഇന്ത്യക്കകത്തും പുറത്തും വലിയ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തി. ബ്രിട്ടീഷ് പാര്‍ലമെന്റ്ില്‍ വരെ കുറ്റവാളികള്‍ക്ക ശക്തമായ എതിര്‍പ്പും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതമായി വന്നു. അപ്രകാരമാണ് ടിപ്പുസുല്‍ത്താനെ ക്രൂരനായ ജനദ്രോഹിയും മതഭ്രാന്തനായ അമ്പലധ്വംസകനുമായി അവര്‍ ചിത്രീകരിച്ചത്.

ശ്രീരംഗപട്ടണം കീഴടക്കിയപ്പോള്‍ കേണല്‍മാരായ കിര്‍ക്ക് പാട്രിക്കും  ബീറ്റ്‌സണും ടിപ്പുവിന്റെ എഴുത്തുകളുടെ സമാഹാരങ്ങള്‍ മുഴുക്കെ കൈവശപ്പെടുത്തി. ഇതിനു ശേഷം കടുത്ത മൈസൂര്‍ വിരോധികളായ ഇവര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി കൂട്ടിച്ചേര്‍ക്കലുകളും വെട്ടിത്തിരുത്തലുകളും വരുത്തുകയുണ്ടായി. കിര്‍ക്ക് പാട്രിക്ക് ‘ടിപ്പുവിന്റെ തെരഞ്ഞെടുത്ത കത്തുകള്‍, എന്ന പുസ്തകവും ബീറ്റ്‌സണ്‍ ‘ടിപ്പുവുമായുള്ള യുദ്ധത്തിന്റെ ഉത്ഭവവും നടത്തിപ്പും’ എന്ന പുസ്തകങ്ങള്‍ പുറത്തിറക്കി. കൂടാതെ ടിപ്പുവിന്റേതായ ഒരാത്മകഥയും ഇവര്‍ പടച്ചുണ്ടാക്കി. ഈ നൂറ്റാണ്ടിന്റെ അര്‍ദ്ധഭാഗം വരെ ചോദ്യം ചെയ്യപ്പെടാത്ത പ്രാമാണിക രേഖകളായിരുന്നു ഇവയത്രയും.

ടിപ്പുവിന്റെ യഥാര്‍ഥ ചരിത്രം ശേഖരിക്കാനുള്ള ശ്രമങ്ങളും പിന്നീടുണ്ടായി. എം എച്ച് ഖാന്റെ ‘ടിപ്പുസുല്‍ത്താന്റെ ചരിത്രം’, സുരേന്ദ്രനാഥ സെന്നിന്റെ  ‘ഇന്ത്യാ ചരിത്രപഠനം’, ഡോറലിന്റെ ടിപ്പു സുല്‍ത്താന്‍ എന്ന അധ്യായം, കണഠറാവുവിന്റെ ഹൈദരലി എന്നിവ ഇതില്‍ പ്രധാനമാണ്. മൈസൂര്‍ പുരാവസ്തു വകുപ്പ് പ്രസിദ്ധീകരിച്ച ‘രേഖ സമുഛയം’ പുറത്തുവന്നതോടെ മൈസൂരിലും ആന്ധ്രയിലും ടിപ്പുവിന്റെ ചിത്രം ദേശാഭിമാനിയായ വീരജേതാവിന്റേതായി മാറി. പക്ഷെ, കേരളത്തിലെ സവര്‍ണചരിത്ര ബോധത്തില്‍ അദ്ദേഹം ഇപ്പോഴും മതഭ്രാന്തനും വര്‍ഗീയവാദിയുമാണ്.

മതപരിവര്‍ത്തനത്തിന്റെ കഥ:
‘ടിപ്പുസുല്‍ത്താന്റെ ഓര്‍മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ മലബാറില്‍ നിന്നും അദ്ദേഹം 1 ലക്ഷം ഹൈന്ദവരെയും 7ലക്ഷം ക്രൈസ്തവരെയും മതപരിവര്‍ത്തനം നടത്തിയതായി വിവരിക്കുന്നത് കാണാം. 1792-ല്‍ മലബാറിലെ ജോയിന്റ് കമ്മീഷനര്‍ മുമ്പാകെ മേജര്‍ ഡേ സമര്‍പ്പിച്ച ‘ക്രിസ്ത്യാനികളെ കുറിച്ചുള്ള വിവരണ’ത്തില്‍ തദ്ദേശീയരായ കേരളത്തിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യ രണ്ടുലക്ഷത്തില്‍ കുറവാണ്. അതില്‍ തന്നെ തിരുവിതാംകൂര്‍ 90000വും മലബാറില്‍ 30000വുമാണ്. (269)..ടി്പ്പുവിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ഇതുപോലുള്ള നിരവധി കഥകളാണ് അവര്‍ പടച്ചുവിട്ടത്.
യഥാര്‍ഥത്തില്‍ ഏതെങ്കിലും പള്ളിയോ അമ്പലമോ മൈസൂര്‍ ഭരണാധികാരികള്‍ നശിപ്പിച്ചു എന്നതിന് ചരിത്രവസ്തുതകള്‍ നിരത്തി ചൂണ്ടിക്കാണിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ടിപ്പുസുല്‍ത്താന്‍ ക്ഷേത്രധ്വംസനം നടത്തി എന്ന് വിവരിച്ച ശേഷം ക്ഷേത്രഗ്രന്ഥവരികളുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തെ പറ്റി ശക്തന്‍ തമ്പുരാന്‍ എഴുതുന്നത് കാണുക : ‘മൈസൂര്‍ സൈന്യം തൃശൂര്‍ എത്തിയതോടെ അവിടുത്തെ മഠത്തിലുണ്ടായിരുന്ന സ്വാമിയും കൂട്ടരും ക്ഷേത്രം പൂട്ടി ചേന്ദമംഗലത്തേക്ക് രക്ഷപ്പെട്ടു. ക്ഷേത്ര മൈതാനിയില്‍ താവളമടിച്ചിരുന്ന സൈന്യം തിരിച്ചുപോയപ്പോള്‍ ക്ഷേത്രഭാരവാഹികള്‍ തൃശൂര്‍ക്ക് മടങ്ങി. അവര്‍ കണ്ടത് അവിടെ അമ്പലത്തിന് ഒന്നും സംഭവിച്ചില്ലെന്നാണ്. ക്ഷേത്രഗ്രന്ഥവരിയില്‍ പറയുന്നത് ക്ഷേത്രം നശിപ്പിക്കുകയോ അശുദ്ധമാക്കുമെന്ന് ആശങ്കപ്പെട്ടിരുന്നെങ്കിലും യാതൊരു കുഴപ്പവും ചെയ്തിരുന്നുവെന്ന് മാത്രമല്ല, അമ്പലവാതായനങ്ങളിലേതിന്റെയും പൂട്ട് തുറക്കുക കൂടി ചെയ്തിരുന്നില്ല.(shakthan tampuran p-136)

ടിപ്പുവിന്റെ സേനാവിഭാഗത്തിലധികവും അമുസ്‌ലിംകളായിരുന്നു. അതിന്റെ നിദര്‍ശനമാണ് മൈസൂരില്‍ ഇന്നും 5%ത്തില്‍ താഴെ മാത്രമേ മുസ്‌ലിംകളുള്ളൂവെന്നത്. അദ്ദേഹത്തിന്റെ ദിവാന്‍ പൂര്‍ണയ്യയായിരുന്നു.ശ്രീകൃഷ്ണ റാവുവായിരുന്നു ഖജനാവ് സൂക്ഷിപ്പുകാരന്‍, പോലീസ് മേധാവി ശ്യാമയ്യറുമായിരുന്നു. നയതന്ത്ര പ്രതിനിധികളായി ശ്രീനിവാസ റാവു, മുള്‍ചന്ദ്, സുചന്‍ റായ്, നാഗപ്പയ്യ തുടങ്ങിയവരായിരുന്നു. സൈന്യത്തിലും അസംഖ്യം മുസ് ലിംകളല്ലാത്തവരുണ്ടായിരുന്നു. പിന്നെ എപ്രകാരമാണ് ഇവരോടൊപ്പം പൊരുതുന്ന ഒരു ഭരണാധികാരി ക്ഷേത്രധ്വംസനത്തിനും മതപരിവര്‍ത്തനത്തിനും ശ്രമിക്കുക. മാത്രമല്ല, രക്തസാക്ഷിയായ ടിപ്പുവിനെ കൊണ്ടുപോകുമ്പോള്‍ നാട്ടുകാര്‍ ജാതി മത ഭേദമന്യേ ഒന്നടങ്കം കണ്ണീര്‍ പൊഴിച്ചതായും ചരിത്ര രേഖകളില്‍ കാണുന്നു. ഇതെല്ലാം അദ്ദേഹം തികഞ്ഞ മതേതര ഭരണാധികാരിയായിരുന്നു എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ്.

രേഖാശേഖരം :
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ടിപ്പുസുല്‍ത്താനെ കുറിച്ച് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച മതധ്വംസനത്തിന്റെ കള്ളക്കഥ ആരും വിശ്വസിക്കുന്നില്ലെന്ന് മാത്രമല്ല, ധീരദേശാഭിമാനിയും മതസഹിഷ്ണുതയുടെ പ്രതീകവുമായാണ് ടിപ്പുസുല്‍ത്താന്‍ അവിടങ്ങളില്‍ അറിയപ്പെടുന്നത്.
കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന ഈ മതഭ്രാന്തിന്റെ കഥകള്‍ എത്രമാത്രം ശരിയാണെന്നറിയുവാന്‍ ഡോ. സികെ കരീം നടത്തിയ ശ്രമത്തില്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. മതധ്വംസനം എന്നത് ഇവിടെ പ്രചരിക്കാന്‍ കാരണം മതഭ്രാന്തോ പീഢനമോ അല്ല, പ്രത്യുത കാര്‍ഷിക പരിഷ്‌കാരങ്ങള്‍, രാഷ്ട്രീയ ഏകീകരണം, സാമൂഹ്യ വൈകല്യങ്ങള്‍ക്കെതിരായ നടപടികള്‍ തുടങ്ങിയവയാണ്. ടിപ്പു മറ്റു സംസ്ഥാനങ്ങളില്‍ പിന്തുടര്‍ന്ന മതനയം തന്നെയാണ് കേരളത്തിലും അനുവര്‍ത്തിച്ചിരുന്നത്. മൈസൂര്‍ സംസ്ഥാനത്തിലുണ്ടായിരുന്ന ധര്‍മസ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവക്കൊക്കെ നിര്‍ലോഭം സഹായം നല്‍കിയിരുന്ന ടിപ്പുസുല്‍ത്താന്‍ മലബാറിലും കൊച്ചിയിലും അതേ നടപടികള്‍ സ്വീകരിച്ചിരുന്നതായി രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഇപ്പോള്‍ കോഴിക്കോട് റീജ്യനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടിട്ടുള്ള ഈ വലിയ വാള്യങ്ങള്‍ ടിപ്പുവിന്റെ കേരളത്തിലെ മതനയം എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന അലംഘനീയ പ്രമാണങ്ങളാണ്.
ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം ഉദ്ഘാടിതമായപ്പോള്‍ റവന്യൂ സെറ്റില്‍മെന്റ് നടത്തിയ കാലത്ത് അന്നത്തെ ഇനാം റജിസ്റ്ററുകളാണിവ. ഇതില്‍ മലബാറിന്റെ ഒരോ താലൂക്കും വേര്‍തിരിച്ചുള്ള ഈ റജിസ്റ്ററുകളില്‍ ടിപ്പുസുല്‍ത്താന്‍ കൊച്ചിയിലേയും മലബാറിലെയും ക്ഷേത്രങ്ങള്‍ക്കും സത്രങ്ങള്‍ക്കും നമ്പൂതിരി ശ്രേഷ്ഠന്മാര്‍ക്കും പള്ളികള്‍ക്കും മുസ്‌ലിം വൈദിക പ്രമാണിമാര്‍ക്കും കരമൊഴിവാക്കി ഇനാമായി നല്‍കിയ സ്ഥലങ്ങളുടെ വിശദമായ വിവരണം കാണാവുന്നതാണ്.ഓരോ പറമ്പിന്റെയും നിലത്തിന്റെയും തരിശ്ഭൂമിയുടെയും പേരും വിസ്തീര്‍ണവും അവ സ്ഥിതി ചെയ്യുന്ന അംശം, താലൂക്ക് തുടങ്ങിയവയുടെ വിവരണവും ഇതിലുണ്ട്. എന്താവശ്യത്തിന് വേണ്ടി, ആര് ആര്‍ക്ക് എപ്പോള്‍ കൊടുത്തുവെന്നും ഇതില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഇന്നുവരെയുള്ള ധാരണകളെ സംശയലേശമന്യേ തിരുത്തുവാന്‍ പര്യാപ്തമായ ഈ ആധികാരിക രേഖ അമൂല്യമായ അടിസ്ഥാന പ്രമാണമാണ്. വടക്കെ മലബാറിലൊഴിച്ചുള്ള സ്ഥലങ്ങളില്‍ അന്നുണ്ടായിരുന്ന സ്ഥാപനങ്ങള്‍ക്ക് ടിപ്പുസുല്‍ത്താന്‍ നല്‍കിയ ഇനാമുകളുടെ വിവരണമാണിത്(276-277)
ഇതില്‍ നിന്നും ദക്ഷിണ മലബാറില്‍ 60 സ്ഥാപനങ്ങള്‍ക്ക് ടിപ്പു ദാനങ്ങള്‍ നല്‍കിയപ്പോള്‍ നാല് മുസ്‌ലിം പള്ളികള്‍ക്കും മുസ്‌ലിം വൈദികനായ കൊണ്ടോട്ടി തങ്ങള്‍ക്കും മാത്രമാണ് മുസ്‌ലിംകള്‍ക്കായി ദാനം നല്‍കിയത്. ബാക്കിവരുന്ന 55 എണ്ണവും ക്ഷേത്രങ്ങളോ ഹൈന്ദവ സ്ഥാപനങ്ങളോ വ്യക്തികളോ ആയിരുന്നു.

കേരള മുസ്‌ലിം ചരിത്രം സ്ഥിതിവിവര കണക്ക് ഡയറക്ടറി
ഡോ. സി കെ കരീമിന്റെ മാസ്റ്റര്‍പീസായി അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ ബൃഹത്തായ കേരള മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക്-ഡയറക്ടറിയാണ്. മൂന്ന് വാല്യങ്ങളിലായി ക്രോഡീകരിച്ച പ്രസ്തുത ഗ്രന്ഥം കേരള മുസ്‌ലിംകളുടെ സമഗ്രമായ സംഭാവനകള്‍ ഉള്‍ക്കൊള്ളിച്ച ഒരപൂര്‍വ ശേഖരമാണ്. 1991-ല്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ചരിത്രം പബ്ലിക്കേഷന്‍സാണ് ഇത് പ്രസിദ്ധീകരിച്ചത്.
കേരള മുസ്‌ലിം ചരിത്രം, സ്ഥിതിവിവരക്കണക്ക്, ഡയറക്ടറി പരമാവധി കുറ്റമറ്റതാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉപദേശക സമിതി, പത്രാധിപ സമിതി, പ്രൊജക്ട് ഓഫീസര്‍മാര്‍, ഓഫീസ് സ്‌ററാഫ് എന്നിവ രൂപപ്പെടുത്താന്‍ ഡോ. സികെ കരീമിന് സാധിച്ചിട്ടുണ്ട്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ഉപദേശക സമിതിയില്‍ വൈക്കം മുഹമ്മദ് ബഷീര്‍, ഇ മൊയ്തു മൗലവി, പ്രൊഫ, കെ എ ജലീല്‍, പി പി ഉമ്മര്‍ കോയ, യു എ ബീരാന്‍, ടി ഒ ബാവ തുടങ്ങിയ പ്രമുഖര്‍ അംഗങ്ങളായിരുന്നു. പത്രാധിപ സമിതിയില്‍ എ എ കൊച്ചുണ്ണി മാസ്റ്റര്‍, പികെ ബഹദൂര്‍( എഡിറ്റര്‍), കെ കെ മുഹമ്മദ് അബ്ദുല്‍ കരീം( ചീഫ് പ്രോജക്ട് ഓഫീസര്‍) എ നിസാമുദ്ദീന്‍(ചീഫ് കോ ഓഡിനേറ്റര്‍) തുടങ്ങിയ പ്രമുഖരാണ് ഉണ്ടായിരുന്നത്. പ്രോജക്ട് ഓഫീസര്‍മാരും സഹായികളുമായി 25 പേരും ഒമ്പതോളം ഓഫീസ് സ്റ്റാഫുമാരും സേവനമനുഷ്ടിച്ചിരുന്നു. കേരളയീയ മുസ്‌ലിം ചരിത്രത്തെ അടയാളപ്പെടുത്തിയ പ്രഥമ സംരംഭം ഇതായിരുന്നു എന്നതോടൊപ്പം തന്നെ ഇന്നു കാണുന്ന ഇസ്‌ലാമിക വിജ്ഞാനകോശം പോലുള്ള ബൃഹദ് സംരംഭങ്ങള്‍ക്കുള്ള പ്രേരകമായും ഇതിനെ അടയാളപ്പെടുത്താവുന്നതാണ്.

കേരള മുസ്‌ലിം ചരിത്രം- ഒന്നാം ഭാഗം
കേരള മുസ്‌ലിം ചരിത്രം സ്ഥിതി വിവരക്കണക്ക് ഡയറക്ടറിയുടെ ഒന്നാം ഭാഗത്തില്‍ കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രമാണ് സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നത്. പ്രാചീന കേരളം മുതല്‍ കേരള മുസ്‌ലിംകളുടെ നിലവിലെ അവസ്ഥവരെയുള്ള ചരിത്രമാണ് 675 പേജുകളില്‍ വിവിധ അധ്യായങ്ങളിലായി സമാഹരിച്ചിട്ടുള്ളത്. കേരള മുസ്‌ലിം ചരിത്രത്തെപറ്റി ഒരു പുരുഷായുസ്സ് ചിലവഴിച്ച അദ്ദേഹം നടത്തിയ ശാസ്ത്രീയ പഠനം തന്നെയാണ് ഇതിന്റെ പ്രധാന അവലംബം.
പ്രാചീന കേരളം, കേരളപ്പഴമ, ഇസ്‌ലാമിന്റെ ആഗമനം, ചരിത്ര പശ്ചാത്തലം, പ്രചാരണം, പെരുമാക്കന്മാരുടെ മതപരിവര്‍ത്തനം, പേര്‍ച്ചുഗീസ് ആഗമനം, കുഞ്ഞാലിമരക്കാരുടെ പോരാട്ടം, മൈസൂര്‍ ഭരണം, ഹൈദരലിയും ടിപ്പുസുല്‍ത്താനും, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍,ആത്മീയ നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ നവോഥാന നായകന്മാര്‍, കേരളത്തിലെ മുസ്‌ലിം സംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവ ഇതില്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.

കേരള മുസ്‌ലിം സ്ഥിതിവിവരക്കണക്ക്- ഭാഗം 2
മറ്റു രണ്ടു വാല്യങ്ങളെ സംബന്ധിച്ച് ധാരാളം മനുഷ്യപ്രയത്‌നവും അര്‍ഥവും നല്‍കിയാണ് ഈ സ്ഥിതിവിവരക്കണക്ക്  അദ്ദേഹം ശേഖരിച്ചത്. ഓരോ ജില്ലയിലും പ്രതിമാസം 2000 രൂപ വീതം നല്‍കി ഒന്നില്‍കൂടുതല്‍ പ്രൊജക്ട് ഓഫീസര്‍മാരെ നിയമിച്ചു മൂന്ന് വര്‍ഷമെടുത്താണ് ഇവ ശേഖരിച്ചത്. കേരളത്തിലെ പള്ളികളെ കുറിച്ചുള്ള സ്ഥിതിവിവരം ഇതില്‍ പ്രധാനമാണ്. 4707 ജുമാ മസ്ജിദുകളും 3674 നമസ്‌കാര പള്ളികളും കേരളത്തിലുണ്ട്. ഈ പള്ളികളിലെല്ലാം കൂടി 12009  ജീവനക്കാര്‍ ജോലി ചെയ്യുന്നതായും ശേഖരിക്കുകയുണ്ടായി. ഓരോ പള്ളിയിലുമുള്ള ജീവനക്കാരുടെ എണ്ണം, അവര്‍ക്ക് ലഭിക്കുന്ന ശമ്പളം, ഓരോ വര്‍ഷവും അവര്‍ക്ക് ചെലവാകുന്ന സംഖ്യ, സ്ഥാപന കാലം, ചരിത്രം എന്നിവ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കേരളത്തില്‍ 6666 മദ്രസകളിലായി ഇത്ര കുട്ടികള്‍ പഠിക്കുന്നുണ്ട്. ശരാശരി ഓരോ മദ്രസയിലും പഠിക്കുന്ന കുട്ടികള്‍, എത്ര ശതമാനം പെണ്‍കുട്ടികള്‍, ആകെ അധ്യാപകര്‍, അവര്‍ക്കു നല്‍കുന്ന ശമ്പളം, ഒരു മദ്രസ അധ്യാപകന്റെയും ശരാശരി വരുമാനം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മദ്രസകള്‍ എവിടെയാണ്, ഏറ്റവും കുറവ് എവിടെയാണ് എന്നിവയെല്ലാം ഇതില്‍ സമഗ്രമായി പ്രതിപാദിച്ചിരുന്നു.

കേരളത്തില്‍ അറബിക് കോളേജുകളെ പറ്റിയുള്ള സ്ഥിതിവിവരക്കണക്കും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 128 അറബി കോളേജുകളാണ് കേരളത്തില്‍ പ്രസ്തുത കണക്കുപ്രകാരമുള്ളത്. സ്ഥാപിച്ച വര്‍ഷം, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ , കോഴ്‌സ്, സിലബസ്, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എണ്ണം, അധ്യാപകരുടെ ശമ്പളം, സ്ഥാപന നടത്തിപ്പിന് വരുന്ന ചിലവുകള്‍ എന്നിവയെല്ലാം സ്ഥാപനാധികാരികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കേരളത്തിലെ മുസ്‌ലിം അനാഥശാലകള്‍ : -1921-ല്‍ മലബാറില്‍ നടന്ന ഖിലാഫത്ത് വിപ്ലവത്തോടുകൂടി നടന്ന ബ്രിട്ടീഷുകാരുടെ മര്‍ദ്ധനത്തിന്റെയും കൂട്ടക്കൊലകളുടെയും ഫലമായുണ്ടായ ആയിരക്കണക്കിന് അനാഥകളെ ഏറ്റെടുക്കാനായി ആരംഭിച്ച പ്രസ്ഥാനമാണ് യതീംഖാനകള്‍. 1922-ല്‍ കോഴിക്കോട് വെള്ളിമാട് കുന്നില്‍ ആരംഭിച്ച ജെ ഡി റ്റി യതീം ഖാനയായിരുന്നു ഈ രംഗത്തെ പ്രഥമ സംരംഭം. യതീം ഖാനകളുടെ ഈ ചരിത്രപശ്ചാത്തലം സ്വാതന്ത്ര്യ സമരത്തിന്റെ അനുബന്ധമായ ഒരു ചരിത്ര ശേഷിപ്പുകൂടിയാണിതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. 1943-ല്‍ തിരൂരങ്ങാടി സ്ഥാപിതമായ യതീം ഖാനയാണ് ഈ രംഗത്തെ ശ്രദ്ദേയമായ മറ്റൊരു സംരംഭം. സ്ഥിതിവിവരക്കണക്കനുസരിച്ച് 99 അനാഥാലയങ്ങളാണ് കേരളത്തിലുള്ളത്. ഓരോ യതീംഖാനയുടെയും ജില്ല തിരിച്ചുള്ള വിവരങ്ങളില്‍ സ്ഥാപനം ആരംഭിച്ച വര്‍ഷം, കമ്മിറ്റി, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എണ്ണം, സര്‍ക്കാറില്‍ നിന്നും ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം, സ്വന്തമായ ഭൂമി കോഴ്‌സുകള്‍ മത-ഭൗതിക വിദ്യാഭ്യാസം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.

കുടുംബ സാമ്പിള്‍ സര്‍വ്വെ റിപ്പോര്‍ട്ട്
മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തിക-സാമൂഹിക- വിദ്യാഭ്യാസ അവസ്ഥയുടെ ഏകദേശ രൂപം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ സാമ്പിള്‍ സര്‍വെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നായി 2371 കുടുംബങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിമിതികളുളതോടൊപ്പം തന്നെ ഈ രംഗത്തെ ശ്രദ്ദേയവും പ്രഥമവുമായ കാല്‍വെപ്പാണിത്. മുസ്‌ലിം കുടുംബങ്ങളുടെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ നിലവാരം പരിശോധനയ്ക്ക് വിധേയമാക്കുക, ഈ നിലവാരത്തെ മറ്റു സമുദായങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്ത് വിലയിരുത്തുക, ഏതെല്ലാം രംഗങ്ങളിലാണ് മുസലിംകള്‍ പിന്നോക്കം നില്‍ക്കുന്നതെന്ന് നിര്‍ണ്ണയിച്ചെടുക്കുക, ഇത്തരം പിന്നോക്കാവസ്ഥയെ കുറിച്ച് ഏകദേശ ധാരണ സ്വരൂപിക്കുക, കൂടുതല്‍ ശ്രദ്ദയും പരിശ്രമവും ആവശ്യമാകുന്ന രംഗങ്ങള്‍ തീരുമാനിക്കുക, കൂടുതല്‍ ഗഹനവും സമഗ്രവും ശാസ്ത്രീയവുമായ പഠനങ്ങള്‍ക്ക് വഴിയൊരുക്കുകയും അടിത്തറയിടുകയും ചെയ്യുക തുടങ്ങിയ ബൃഹത്തായ ലക്ഷ്യങ്ങളാണ് ഈ സര്‍വെയുടെ പിന്നിലുള്ളത്. മുസ്‌ലിംകളോടൊപ്പം താരതമ്യ പഠനത്തിനായി കൃസ്ത്യന്‍, ഹിന്ദു, പട്ടിക ജാതി-പട്ടിക വര്‍ഗത്തില്‍ പെട്ട കുടുംബങ്ങളെയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൊഴില്‍ സ്ഥിതി വിവരപ്പട്ടിക ; കേരളത്തിലെ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടിലുള്ള ജീവനക്കാരുടെ എണ്ണവും അതിലുള്ള മുസ്‌ലിം ജീവനക്കാരുടെ പ്രാതിനിധ്യവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 1980- ലെ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റികസ് വകുപ്പിന്റെ കണക്കും അതിന് ശേഷമുള്ള ഒരു ദശാബ്ദക്കാലത്തെ സ്ഥിതി കണക്കും ഇതില്‍ സമാഹരിച്ചിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയുടെ ആഴവും ഇതില്‍ നിന്ന് വായിച്ചെടുക്കാം,.
വിദ്യാഭ്യാസ സ്ഥിതി വിവരക്കണക്ക് : കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥിതിഗതികള്‍ അറിയാനുള്ള വസ്തുനിഷ്ഠമായ ഒരു പഠനമാണിത്. എല്‍ പി യുപി ഹൈസ്‌കൂള്‍ ഓരോന്നിലുമായി എത്രവിദ്യാര്‍ഥികള്‍, അധ്യാപകര്‍, അധ്യാപകരേത ജീവനക്കാര്‍ എന്നിവ സമഗ്രമായി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരളത്തിന് പുറത്ത് ഗള്‍ഫ് രാഷ്ട്രങ്ങളിലടക്കം മലയാളി മുസ്‌ലിംകള്‍ നടത്തുന്ന സ്‌കൂളുകളുടെയും ഇംഗ്ലീഷ് മീഡിയങ്ങളുടെയും കണക്കുകള്‍ ഇതില്‍ സമാഹരിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രാതിനിധ്യവും അനുപാതവുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1988-മാര്‍ച്ച് 31 വരെ സെഡിക്കല്‍ പ്രാക്ടീസിനായി ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷനില്‍ രജിസ്‌ററര്‍ ചെയ്തിട്ടുള്ള മുസ് ലിം ഡോക്ടര്‍മാരുടെ പേരും സ്ഥലവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്രകാരം തന്നെ അഭിഭാഷകാരയി എന്റോള്‍ ചെയ്തിട്ടുള്ള 665 മുസ്‌ലിംകളുടെ പേരും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മുസ്‌ലിംകള്‍ നടത്തിയിരുന്നതും നടത്തുന്നതുമായ പത്ര മാസികകളുടെ കണക്കും ഇതില്‍ ശേഖരിച്ചിട്ടുണ്ട്. 1878-ല്‍ കൊച്ചിയിലെ ഖാദര്‍ ഷാ ഹാജി ആരംഭിച്ച കേരള ദീപകം എന്ന മാസിക മുതല്‍ അന്നുവരെയുള്ള എല്ലാ പത്ര മാസികകളുടെയും പേരുകള്‍ ഇതില്‍ സമാഹരിച്ചിട്ടുണ്ട്. പത്ത് ശതമാനത്തില്‍ കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള ലോക രാഷ്ട്രങ്ങള്‍, ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള മുസ്‌ലിംകള്‍, കേരളത്തിലെ മുസ്‌ലിം ജനസംഖ്യ, തുടങ്ങിയവ ഇതിന്റെ അവസാനത്തില്‍ ചേര്‍ത്തിരിക്കുന്നു.

കേരള മുസ്‌ലിം ഡയറക്ടറി- ഭാഗം 3
രാഷ്ട്രത്തിനു വേണ്ടി ജീവാര്‍പ്പണം നടത്തിയ മുസ്‌ലിംകളായ സ്വാതന്ത്രസമര സേനാനികള്‍, സമൂഹത്തിലെ അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെ സധൈര്യം നിലകൊണ്ടവരുടെ ത്യാഗോജ്വലവും സേവനോന്മുഖവുമായ ജീവിതകഥകള്‍, വിജ്ഞാനത്തെ ഊട്ടിയുറപ്പിക്കാനും മാനവികതയെ മങ്ങാതെ സൂക്ഷിക്കാനും അഹോരാത്രം പരിശ്രമിച്ച പണ്ഡിതന്മാര്‍, കലാകാരന്മാര്‍, കാവ്യപ്രതിഭകള്‍, ഉദ്യോഗസ്ഥന്മാര്‍, രാജ്യത്തിനും സമൂഹത്തിനും അനല്‍പമായ സേവനങ്ങളര്‍പിച്ച ധനാഢ്യര്‍ തുടങ്ങിയവരെ പുത്തന്‍ തലമുറക്ക് മാതൃകയാക്കുക എന്ന ലക്ഷ്യത്തോടെ മണ്‍മറഞ്ഞ പ്രതിഭാധനന്മാര്‍ എന്ന ശീര്‍ഷകത്തില്‍ 560 പുറങ്ങളിലായി വികാരോദ്ദീപകവും ധീരോദാത്തവുമായ ജീവിതങ്ങള്‍ ഇതില് പകര്‍ത്തിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ജീവിച്ചിരിക്കുന്ന പ്രതിഭകളില്‍ വിശദാംശങ്ങള്‍ നല്‍കാനവശ്യപ്പെട്ടിട്ട് സഹകരിച്ച പ്രമുഖ സമുദായ സ്‌നേഹികളുടെയും ജീവചരിത്രക്കുറിപ്പ്  ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇബ്‌നു ബത്തൂത്തയുടെ കള്ളക്കഥകള്‍
ഇബ്‌നു ബത്തൂത്ത പറഞ്ഞതില്‍ ഏറ്റവും വലിയ നുണ, സുല്‍ത്താന്‍ മുഹമ്മദ് തന്റെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും ഡല്‍ഹിയിലെ ജനങ്ങളെ മുഴുക്കെയും പുതിയ തലസ്ഥാനത്തേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയച്ചു എന്നതുമാണ്. ഈ കഥക്ക് ഭാരതീയ ചരിത്രത്തില്‍ സാര്‍വത്രികമായ അംഗീകാരം ലഭിച്ചുവെന്നതുതന്നെ എത്രമാത്രം ഇത് ജനങ്ങളുടെ മനസ്സിലേക്ക് മാഞ്ഞുപോകാത്തവിധം കടത്തിവിട്ടിരിക്കുന്നുവെന്നതിന് മതിയായ തെളിവാണ്. ഇതിന്റെ ഫലമായി, അഗാധരജ്ഞരല്ലാത്ത ആധുനികരായ ചരിത്രകാരന്മാരൊക്കെയും സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഭ്രാന്തനായിരുന്നുവെന്ന എല്‍ഫിന്‍ സ്‌റ്റോണിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. പ്രമാദമായ ഈ ചരിത്രവങ്കത്തം യാദൃശ്ചികമായി കടന്നുകൂടിയതല്ല. ഇന്ത്യയെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തിന് ഇന്ധനം പകരുന്നതിനായി ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ തേടിനടന്നത് മതഭ്രാന്തനും വിഷയലമ്പടനും പെരും നുണയനുമായ ഇബ്‌നു ബത്തൂത്തയുടെ കിതാബുര്‍റാഹില എന്ന ശീര്‍ഷകത്തില്‍ അറിയപ്പെടുന്ന കെട്ടുകഥകളില്‍ നിന്ന് അവര്‍ക്ക് ലഭ്യമായപ്പോള്‍ അവരത് ശരിക്കും മുതലെടുത്തതിന്റെ ഫലമാണിത്. ‘സിന്ധുബാദിന്റെ യാത്രകളി’ലെ അയഥാര്‍ത്ഥമായ കഥാഖ്യാനങ്ങളേക്കാള്‍ ഒട്ടും വാസ്തവമല്ല ഇബ്‌നു ബത്തൂത്തയുടെ കൃതിയിലെ കോരിത്തരിപ്പിക്കുന്ന പല പരാമര്‍ശങ്ങളുമെന്ന് ചരിത്രവസ്തുതകളുടെ തന്നെ വെള്ളിവെളിച്ചത്തില്‍ പ്രശസ്ത ചരിത്രകാരന്‍ നിഷ്’പ്രയാസം തെളിയിക്കുന്നു.

ചരിത്രം പബ്ലിക്കേഷന്‍സ് പ്രസിദ്ദീകരണങ്ങള്‍
പാരമ്പര്യ സവര്‍ണ ചരിത്ര ബോധത്തെ തിരുത്തിക്കുറിച്ചുകൊണ്ട് ന്യൂനപക്ഷത്തിന്റെ യഥാര്‍ഥ ചരിത്രം വീണ്ടെടുക്കുക എന്ന സാഹസിക യത്‌നമായിരുന്നു ഡോ. സി കെ കരീം ഏറ്റെടുത്തിട്ടുള്ളത്. മുഖ്യധാര പ്രസിദ്ധീകരണങ്ങളും വ്യക്തിത്വങ്ങളും ഇതിനെ അവഗണിക്കുമെന്ന് തികഞ്ഞ ബോധ്യമുള്ളതിനാലും തന്റെ അന്വേഷണങ്ങള്‍ ആരുടെ മുമ്പിലും അടിയറവ് വെക്കാന്‍ സന്നദ്ധമല്ലാത്തത് കൊണ്ടും സികെ കരീം സ്വന്തമായി ചരിത്രം എന്ന പേരില്‍ ഒരു മാസികയും പ്രസാധനാലയവും ആരംഭിക്കുകയുണ്ടായി. തന്റെ ചരിത്ര അന്വേഷണങ്ങളോടൊപ്പം മുഖ്യധാരയില്‍ ഇടം ലഭിക്കാത്തതും സത്യസന്ധവുമായ ചരിത്രകൃതികള്‍ ഇതിലൂടെ പ്രകാശിതമായി. മുസ്‌ലിം ചരിത്രത്തിനപ്പുറം ധാരാളം മതേതരരായ എഴുത്തുകാരുടെ സംഭാവനകള്‍ ഇതിലൂടെ പ്രകാശിതമായിട്ടുണ്ട് എന്നതും ശ്രദ്ദേയമാണ്. കേരള മുസ്‌ലിം ചരിത്രം, സ്ഥിതിവിവരക്കണക്ക്, ഡയറക്ടറി എന്ന ബൃഹത്തായ ഗ്രന്ഥവും ഇരുപത്തഞ്ചോളം വരുന്ന ഗ്രന്ഥങ്ങള്‍ക്കു പുറമെ മറ്റു ചരിത്ര പഠനങ്ങളും ഇതില്‍ വെളിച്ചം കണ്ടിട്ടണ്ട്. മലയാളത്തിനു പുറമെ ഇംഗ്ലീഷിലുമുള്ള ഗ്രന്ഥങ്ങള്‍ ഇതില്‍ നിന്നും പുറത്തിറങ്ങി എന്നതും എടുത്ത് പറയേണ്ടവയാണ്. സ്വന്തമായി പ്രസിദ്ധീകരണാലയം വെല്ലുവിളിയായി ഏറ്റെടുത്ത് കൊണ്ട് ധീരമായ ചരിത്രരചന നടത്തിയ അപൂര്‍വം ചില ചരിത്രപണ്ഢിതന്മാരെ മാത്രമേ ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ. ഒരേ സമയം അദ്ദേഹത്തിന്റെ ചരിത്ര കണ്ടെത്തലുകളുടെ ഒരു പരിമിതിയായിട്ടും ഇതിനെ വിലയിരുത്താവുന്നതാണ്. ചരിത്രം പ്ബ്ലിക്കേഷന്‍സില്‍ വെളിച്ചം കണ്ട അദ്ദേഹത്തിന്റേതല്ലാത്ത ചില പഠനങ്ങള്‍ ഇവയാണ്.

Institutions and Movements in kerala History- Dr T K Ravindran, Etxremist Movement in Kerala   -Dr K K usman, Making of History  – Prof K V Krishnan Iyyer& prof Mary Samuel David, നാടന്‍കലകള്‍ – ഡോ. ചുമ്മാര്‍ ചൂണ്ടല്‍, പുള്ളുവര്‍ – ഡോ. ചുമ്മാര്‍ ചൂണ്ടുവല്‍, വേണാട് വിശേഷങ്ങള്‍  – വി ഭാസ്‌കരന്‍ നായര്‍
ചില കേരള ചരിത്രവിഭവങ്ങള്‍ – അടൂര്‍ രാമചന്ദ്രന്‍ നായര്‍, കോണ്‍ഗ്രസും കേരളവും ബാരിസ്റ്റര്‍ ഏ കെ പിള്ള.

ഇന്ത്യന്‍ മുസ്‌ലിംകളുടെയും വിശിഷ്യാ കേരള മുസ്‌ലിംകളുടെയും തമസ്‌കരിക്കപ്പെട്ട ചരിത്ര സംഭാവനകള്‍ക്കെതിരെ ഓര്‍മയുടെ കലാപം തീര്‍ക്കുകയും വികലമാക്കപ്പെട്ടവയെ വസ്തുതകള്‍ നിരത്തി തിരുത്തുകയും ചെയ്യുക എന്ന നവോഥാന ധര്‍മം നിര്‍വഹിച്ച വ്യക്തിത്വമായിരുന്നു ഡോ. സി കെ കരീം.

(കേരള മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന്)

Facebook Comments
അബ്ദുല്‍ ബാരി കടിയങ്ങാട്

അബ്ദുല്‍ ബാരി കടിയങ്ങാട്

കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത കടിയങ്ങാട് ഗ്രാമത്തില്‍ 1984-ല്‍ ജനനം. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്ത ബിരുദവും നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിയില്‍ ബിരുദവും മാനാഞ്ചിറ ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് ബി എഡും കരസ്ഥമാക്കി. ഐ പി എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ ചിന്തകള്‍ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ആണ്.

Related Posts

ഇസ്ഹാഖ് സാകാ 'എൻ്റെ സുറീയാനീ സഭ' എന്ന പുസ്തകവുമായി
Great Moments

ഫാറൂഖ് ഉമർ = ‘രക്ഷകനായ ഉമർ’ /പേരിട്ടതാര്?

by സ്വാലിഹ് നിസാമി പുതുപൊന്നാനി
25/01/2023
Art & Literature

അറബി കലിഗ്രഫിയും നുമിസ്മാറ്റിക് പഠന ശാഖയും

by സബാഹ് ആലുവ
14/12/2022
History

ദുൽഖർനൈനി നിർമ്മിച്ച ഭിത്തി

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
11/12/2022
History

മൂസാ-ഖദിര്‍ സംഭവത്തിലെ സങ്കീര്‍ണമായ ഒരു വലിയ പ്രശ്‌നം

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
09/12/2022
Civilization

ഗുഹാവാസികളുടെ ( അസ്ഹാബുൽ കഹ്ഫ് ) യഥാര്‍ഥ കഥ

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
01/12/2022

Don't miss it

shakehand.jpg
Onlive Talk

ലീഗ് – ജമാഅത്ത് ; സഹകരണത്തിന്റെ പാത കണ്ടെത്തിക്കൂടെ?

22/05/2014
Views

വേണം മനസ്സുകള്‍ക്കും ഒരു സ്വച്ഛ് ഭാരത്

02/12/2015
Personality

സാദ്ധ്യതകൾക്ക് വിലങ്ങ് വീഴുന്ന ചിന്താഗതികൾ

16/06/2021
zakir-naik.png
Profiles

ഡോ. സാകിര്‍ നായിക്

16/06/2012
modi896.jpg
Editors Desk

മതമില്ലാത്ത ഭീകരതയുടെ മതം

31/03/2016
jail432.jpg
Great Moments

അബൂ ഹനീഫയും മദ്യപാനിയായ അയല്‍വാസിയും

08/02/2016
egypt-media.jpg
Middle East

ഈജിപ്ത്: മാധ്യമങ്ങളുടെ ഞാണിന്‍മേല്‍ കളിയും ജനഹിതവും

08/12/2012
Your Voice

മയ്യിത്ത് നമസ്‌കാരം ഒരു സമര മുറയല്ല…

05/10/2018

Recent Post

റിപ്പബ്ലിക് ദിന ചിന്തകൾ

26/01/2023

ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ജെ.എന്‍.യുവില്‍ കല്ലേറ്

25/01/2023

‘ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’: ക്യാമ്പയിന് ഉജ്ജ്വല തുടക്കം

25/01/2023

ഖുര്‍ആന്‍ കത്തിച്ച സംഭവം: സ്വിഡിഷ്, ഡച്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് അല്‍ അസ്ഹര്‍

25/01/2023

അന്ന് ബി.ബി.സിയുടെ വിശ്വാസ്യതയെ വാനോളം പുകഴ്ത്തി; മോദിയെ തിരിഞ്ഞുകുത്തി പഴയ വീഡിയോ

25/01/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!