Current Date

Search
Close this search box.
Search
Close this search box.

ജറുസലേമും ഉമര്‍ ബിന്‍ ഖത്താബും

Aqsa-masjid.jpg

ഇസ്‌ലാം, ക്രൈസ്തവത, ജൂതായിസം തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ മതങ്ങളെല്ലാം ജറുസലേമിനെ പരിശുദ്ധ നഗരമായാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട് കിടക്കുന്ന ചരിത്രമാണ് അതിനുള്ളത്. അതിനാല്‍ തന്നെ നിരവധി നാമങ്ങള്‍ ഈ നഗരത്തിന് നല്‍കപ്പെട്ടിട്ടുണ്ട്. ജറുസലേം, ഖുദ്‌സ്, യെറൂശാലയിം (Yerushalayim), ഏലിയ (Aelia) തുടങ്ങിയവ അവയില്‍ ചിലതാണ്. ജറുസലേമിന്റെ വൈവിധ്യമാര്‍ന്ന പാരമ്പര്യത്തെയാണ് അത് കാണിക്കുന്നത്. സുലൈമാന്‍(അ), ദാവൂദ്(അ), ഈസ(അ) തുടങ്ങിയ ഒരുപാട് പ്രവാചകന്‍മാരുടെ ജന്മഗേഹമായിരുന്നു അത്.

മുഹമ്മദ് നബി(സ) ഒരൊറ്റ രാത്രി കൊണ്ട് മക്കയില്‍ നിന്ന് ജറുസലേമിലേക്കും അവിടെ നിന്ന് വാനലോകത്തേക്കും യാത്ര ചെയ്ത ചരിത്രം നമുക്കറിയാം. ഇസ്‌റാഅ്, മിഅ്‌റാജ് എന്നാണ് അതറിയപ്പെടുന്നത്. അതേസമയം, പ്രവാചകന്റെ ജീവിത കാലത്ത് ജറുസലേം മുസ്‌ലിംകളുടെ നിയന്ത്രണത്തില്‍ വന്നിരുന്നില്ല. രണ്ടാം ഖലീഫയായിരുന്ന ഉമര്‍ ബിന്‍ ഖത്താബിന്റെ ഭരണകാലത്താണ് അതിന് മാറ്റം സംഭവിക്കുന്നത്.

അതിവേഗം വളര്‍ന്ന് കൊണ്ടിരുന്ന പുതിയ മതമായ ഇസ്‌ലാമിനെ വേരോടെ പിഴുതെറിയാനുള്ള നീക്കങ്ങള്‍ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ബൈസാന്റിയന്‍ സാമ്രാജ്യം (Byzantine Empire) ആരംഭിച്ചിരുന്നു. ഒക്ടോബര്‍ 630 നാണ് മുപ്പതിനായിരത്തോളം വരുന്ന സൈന്യവുമായി പ്രവാചകന്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് വരുന്നത്. അന്ന് യുദ്ധമൊന്നുമുണ്ടായില്ലെങ്കിലും ദശകങ്ങളോളം നീണ്ടുനിന്ന മുസ്‌ലിം-ബൈസാന്റിയന്‍ യുദ്ധങ്ങള്‍ക്കാണ് അവിടെ തുടക്കം കുറിക്കപ്പെട്ടത്.

ഒന്നാം ഖലീഫ അബൂബക്കര്‍(റ)ന്റെ (632-634) ഭരണകാലത്തും ബൈസാന്റിയയുമായി സംഘര്‍ഷങ്ങളൊന്നുമുണ്ടായിരുന്നില്ല. ഉമര്‍ ഖത്താബിന്റെ കാലത്താണ് മുസ്‌ലിംകള്‍ യുദ്ധസന്നാഹങ്ങളുമായി ബൈസാന്റിയയിലേക്ക് തിരിക്കുന്നത്. ഖാലിദ് ബ്‌നു വലീദും അംറു ബ്‌നു ആസുമടക്കമുള്ള ജനറലുകളെ യുദ്ധത്തിനായി അദ്ദേഹം ബൈസാന്റിയയിലേക്കയക്കുകയുണ്ടായി. 636ല്‍ മുസ്‌ലിംകളുമായി നടന്ന യര്‍മൂക്ക് യുദ്ധം ബൈസന്റൈന്‍ സാമ്രാജ്യത്വത്തിന് കനത്ത നഷ്ടമാണ് വരുത്തി വെച്ചത്. സിറിയയും ഡമാസ്‌കസുമടക്കമുള്ള എണ്ണമറ്റ നഗരങ്ങള്‍ അവര്‍ക്ക് യുദ്ധത്തില്‍ നഷ്ടപ്പെടുകയുണ്ടായി.

തങ്ങള്‍ കടന്ന് ചെല്ലുന്ന പ്രദേശങ്ങളിലെല്ലാം ജൂതരും ക്രൈസ്തവരുമടങ്ങുന്ന പ്രാദേശിക ജനത മുസ്‌ലിം സൈന്യത്തെ സ്വാഗതം ചെയ്യുകയുണ്ടായി. ബൈസാന്റൈനിലെ ക്രൈസ്തവര്‍ മുസ്‌ലിംകളെപ്പോലെത്തന്നെ ഏകദൈവ വിശ്വാസികളായിരുന്നു. അവര്‍ക്ക് ബൈസാന്റീന്‍ സാമ്രാജ്യവുമായി ധാരാളം ദൈവശാസ്ത്രപരമായ വ്യത്യസ്തതകള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ അവര്‍ മുസ്‌ലിം ഭരണത്തെയാണ് പിന്തുണക്കാന്‍ തയ്യാറായത്.

ജറൂസലേം വിജയം
637ലാണ് മുസ്‌ലിം സൈന്യങ്ങള്‍ ജറുസലേമിലേക്ക് വരാന്‍ തുടങ്ങിയത്. ബൈസാന്റീന്‍ ഭരണകൂടത്തിന്റെ പ്രതിനിധിയും ക്രൈസ്തവ ചര്‍ച്ചിന്റെ നേതാവുമായിരുന്ന പാത്രിയര്‍ക്കീസ് സോഫ്രോനിയസ് (Sophronius) ആയിരുന്നു അന്ന് ജറുസേലമിന്റെ ചുമതല വഹിച്ചിരുന്നത്. ഖാലിദ് ബ്‌നു വലീദിന്റെയും അംറ്ബ്‌നു ആസിന്റെയും നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം നഗരത്തെ വളഞ്ഞിരുന്നെങ്കിലും ഉമര്‍ ഖത്താബ് വരുന്നത് വരെ സോഫ്രോനിയസ് കീഴടങ്ങാന്‍ കൂട്ടാക്കിയില്ല.

അതറിഞ്ഞ ഉമര്‍ ഖത്താബ്(റ) മദീനയില്‍ നി്ന്ന് ഒറ്റക്ക് ജറുസലേമിലേക്ക് യാത്ര തിരിക്കുകയുണ്ടായി. ഒരു കഴുതയും സേവകനും മാത്രമാണ് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത്. ജറുസലേമിലെത്തിയ ഉമറിനെ സോപ്‌റോനിയസ് സ്വാഗതം ചെയ്യുകയുണ്ടായി. സേവകനില്‍ നിന്ന് തിരിച്ചറിയാനാകാത്ത വിധം ലളിതമായി വസ്ത്രം ധരിച്ചിരുന്ന ഉമറിനെ കണ്ടപ്പോള്‍ തീര്‍ച്ചയായും സോഫ്രോനിയസ് ആശ്ചര്യപ്പെട്ടിട്ടുണ്ടാകണം.

ഉമര്‍ നഗരം മുഴുവന്‍ ചുറ്റിക്കാണുകയും ഉയിര്‍ത്തെഴുന്നേല്‍പ് പള്ളി (Church of the Holy Sepulchre) സന്ദര്‍ശിക്കുകയും ചെയ്തു. നമസ്‌കാരത്തിന് സമയമായപ്പോള്‍ ചര്‍ച്ചില്‍ വെച്ച് നമസ്‌കരിക്കാന്‍ സോഫ്രോനിയസ് ഉമറിനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹം ക്ഷണം നിരസിക്കുകയാണുണ്ടായത്. താന്‍ അവിടെ നമസ്‌കരിച്ചാല്‍ പിന്നീട് മുസ്‌ലിംകള്‍ അതൊരു പള്ളിയാക്കി മാറ്റും എന്നായിരുന്നു ഉമര്‍ അതിന് കാരണമായി പറഞ്ഞത്. ചര്‍ച്ചിന് പുറത്താണ് അന്ന് ഉമര്‍ നമസ്‌കരിച്ചത്. മസ്ജിദ് ഉമര്‍ (ഉമറിന്റെ പള്ളി) എന്ന പേരില്‍ ഒരു പള്ളി പിന്നീട് അവിടെ നിര്‍മ്മിക്കപ്പെടുകയും ചെയ്തു.

ഉമറിന്റെ കരാര്‍
തങ്ങള്‍ കീഴടക്കിയ ഇതര നാടുകളിലെപ്പോലെത്തന്നെ ജറുസലേമിലും പ്രാദേശിക ജനതയുടെയും മുസ്‌ലിംകളുടെയും അവകാശങ്ങള്‍ വിവരിക്കുന്ന ഒരു കരാര്‍ മുസ്‌ലിം സൈന്യം എഴുതിത്തയ്യാറാക്കിയിരുന്നു. ഉമറും സോഫ്രോനിയസും ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചത്. കരാറിന്റെ പ്രസക്ത ഭാഗമാണ് ചുവടെ കൊടുക്കുന്നത്: ‘വിശ്വാസികളുടെ നേതാവായ ഉമര്‍ ജറുസലേമിലെ ജനതക്ക് സുരക്ഷ ഉറപ്പ് നല്‍കുന്നു. അവര്‍ക്കും അവരുടെ സ്വത്തിനും അവരുടെ പള്ളികള്‍ക്കുമെല്ലാം ഉമര്‍ സുരക്ഷ ഉറപ്പ് നല്‍കുന്നു. അവരുടെ ചര്‍ച്ചുകള്‍ മുസ്‌ലിംകള്‍ കീഴടക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതല്ല. അവരും അവരുടെ പള്ളികളും ഭൂമിയും നശിപ്പിക്കപ്പെടുകയില്ല. നിര്‍ബന്ധപൂര്‍വ്വം അവരെ മതപരിവര്‍ത്തനം ചെയ്യുക്കുകയുമില്ല.

ജറുസലേമിലെ ജനത മറ്റ് നഗരങ്ങളില്‍ ജീവിക്കുന്നവരെപ്പോലെ തന്നെ നികുതിയടക്കുകയും ബൈസാന്റിയക്കാരെയും (Byzantines) കവര്‍ച്ചക്കാരെയും തുരത്തുകയും വേണം. ബൈസാന്റിയക്കാരുടെ കൂടെ ജറുസലേം വിട്ട് പോകാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ സാധനങ്ങളെല്ലാം എടുത്ത് യാത്ര തിരിക്കേണ്ടതാണ്. തങ്ങളുടെ അഭയസ്ഥാനത്ത് എത്തുന്നത് വരെ അവര്‍ സുരക്ഷിതരായിരിക്കും. നഗരത്തില്‍ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാകാവുന്നതാണ്. എന്നാല്‍ അവര്‍ നികുതി നല്‍കേണ്ടതുണ്ട്. ഇനി ബൈസാന്റിയക്കാരുടെ കൂടെ പോകാനാഗ്രഹിക്കുന്നവരെ ആരും തടയുകയില്ല. വേണമെങ്കില്‍ തങ്ങളുടെ കുടുംബത്തിലേക്ക് തന്നെ അവര്‍ക്ക് തിരിച്ച് വരാവുന്നതുമാണ്. അവരില്‍ നിന്ന് ഒന്നും തന്നെ പിടിച്ചെടുക്കുന്നതല്ല.

തങ്ങളുടെ മേല്‍ ചുമത്തിയിട്ടുള്ള നികുതിയടക്കാന്‍ അവര്‍ തയ്യാറാവുകയാണെങ്കില്‍ ഈ കത്തിലെഴുതിയിരിക്കുന്ന വ്യവസ്ഥകള്‍ ദൈവിക ഉടമ്പടിക്ക് കീഴിലാണ്. അത് പാലിക്കുക എന്നത് അവന്റെ ദൂതന്റെയും ഖലീഫമാരുടെയും വിശ്വാസികളുടെയും ബാധ്യതയാണ്. (The Great Arab Conquests എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തത്)

അക്കാലത്തെ പുരോഗമനപരമായ കരാറുകളിലൊന്നാണിത്. 23 വര്‍ഷം മുമ്പ് പേര്‍ഷ്യക്കാര്‍ ബൈസന്റൈന്‍ കീഴടക്കിയപ്പോള്‍ അന്നവിടെ നടന്നത് കൂട്ടക്കൊലയായിരുന്നു. അതുപോലെ 1099ല്‍ കുരിശ് യുദ്ധക്കാര്‍ മുസ്‌ലിംകളില്‍ നിന്ന് ജറുസലേം പിടിച്ചെടുത്ത സന്ദര്‍ഭത്തിലും ക്രൂരമായ മനുഷ്യക്കുരുതിയാണ് അവിടെ നടന്നത്.

ഉമര്‍(റ) ഉണ്ടാക്കിയ കരാറില്‍ ഖുര്‍ആനിന്റെയും പ്രവാചകന്റെയും അധ്യാപനങ്ങളെ മുന്‍നിര്‍ത്തി പരിപൂര്‍ണ്ണമായ മതസ്വാതന്ത്ര്യമാണ് ക്രൈസ്തവര്‍ക്ക് ലഭിച്ചിരുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തരമായ മതസ്വാതന്ത്ര്യമായിരുന്നു അത്. ജൂതരെ ജറുസലേമില്‍ താമസിക്കാന്‍ അനുവദിക്കില്ല എന്ന ഒരു പരാമര്‍ശം കരാറിലുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. ജറുസലേമിലെ ഉമറിന്റെ വഴികാട്ടികളിലൊരാള്‍ ജൂതനായ കഅബ് അല്‍അഹ്ബാറായിരുന്നു. തങ്ങളുടെ ആരാധാനാലയങ്ങളില്‍ നിന്ന് പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ ഉമര്‍ അവരെ അനുവദിച്ചിരുന്നു. അതിനാല്‍ തന്നെ ജൂതരെ സംബന്ധിച്ച കരാറിലെ പരാമര്‍ശത്തിന് കൃത്യമായ ആധികാരികതയില്ല എന്നതാണ് വസ്തുത.

അതേസമയം, ന്യൂനപക്ഷാവകാശങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കിയ ആ കരാറിലെഴുതിയ വ്യവസ്ഥകള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. മുസ്‌ലിം-ക്രൈസ്തവ ബന്ധങ്ങള്‍ എങ്ങനെയായിരുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണത്. ഉമറിന്റെ കാലം മുതല്‍ ഉമയ്യ ഖിലാഫത്ത് വരെ ജറുസലേം തീര്‍ത്ഥയാത്രയുടെയും വ്യാപാരത്തിന്റെയും പ്രധാന കേന്ദ്രമായിരുന്നു. 691ലാണ് ഖുബത്തു സ്വഖ്‌റ മസ്ജിദുല്‍ അഖ്‌സയോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെടുന്നത്. തുടര്‍ന്ന് നഗരത്തിലുനീളം എണ്ണമറ്റ പള്ളികളും പൊതു സ്ഥാപനങ്ങളും നിര്‍മ്മിക്കപ്പെടുകയുണ്ടായി.

ഖലീഫ ഉമറിന്റെ നേതൃത്വത്തില്‍ 637ലാണ് മുസ്‌ലിംകള്‍ ജറൂസലേം പിടിച്ചെടുക്കുന്നത്. നഗരത്തിന്റെ ചരിത്രത്തില്‍ തന്നെ വളരെ നിര്‍ണ്ണായക നിമിഷമായിരുന്നു അത്. തുടര്‍ന്ന് 462 വര്‍ഷത്തോളം ജറുസലേം ഭരിച്ചത് മുസ്‌ലിംകളായിരുന്നു. ക്രൈസ്തവര്‍ പൂര്‍ണ്ണമായ മതസ്വാതന്ത്ര്യമായിരുന്നു അക്കാലത്ത് അനുഭവിച്ചിരുന്നത്.

വിവ: സഅദ് സല്‍മി

Related Articles