ഖുര്‍ആനില്‍ വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും വ്യാപകമായി ഉപയോഗിച്ചതായി കാണാന്‍ സാധിക്കില്ല. പ്രതിപാദിക്കപ്പെട്ട സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും വളരെ അവശ്യമായ ഘട്ടങ്ങളില്‍ മാത്രമേ പ്രയോഗിച്ചു കാണുന്നുള്ളൂ. ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാരില്‍ 25 പേരുടെ പേരുകള്‍ മാത്രമാണ് ഖുര്‍ആന്‍ എടുത്തു പറഞ്ഞത്. ഇത് ഖുര്‍ആനിന്റെ ഒരു ന്യൂനതയല്ല, മറിച്ച് വിശദാംശങ്ങളെക്കാള്‍ ഗുണപാഠങ്ങള്‍ക്കാണ് ഖുര്‍ആന്‍ പ്രാധാന്യം കൊടുക്കുന്നത് എന്നതിനാലാണത്. അതിനാല്‍ തന്നെ പേരെടുത്ത് പറഞ്ഞവയ്ക്ക് അതിന്റേതായ പ്രാധാന്യവും ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ട് എന്നു വേണം മനസ്സിലാക്കാന്‍.
ഖുര്‍ആനില്‍ അല്ലാഹു ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ പ്രതിപാദിച്ച വ്യക്തികളിലൊരാളാണ് ഈജിപ്തിലെ സ്വേച്ഛാധിപതിയായിരുന്ന ഫിര്‍ഔന്‍. പ്രവാചകന്മാരില്‍ മൂസാ നബിയെയാണ് കൂടുതല്‍ പ്രതിപാദിച്ചതെങ്കില്‍ ധിക്കാരികളില്‍ ആ സ്ഥാനം ഫിര്‍ഔനിനാണ്. ഫിര്‍ഔനിനോടൊപ്പം ആറോളം സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പ്രതിപാദിച്ച ഒരു പേരാണ് ‘ഹാമാന്‍’ എന്നത്. ഹാമാന്‍ ആരായിരുന്നു എന്ന കാര്യത്തില്‍ ഇസ്‌ലാമിക ഗവേഷകന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. എന്നാല്‍ ബഹുപൂരിക്ഷവും പറയുന്നത് ഹാമാന്‍ പുരാതന ഈജിപ്തിലെ ‘എന്‍ജിനീയര്‍മാരുടെ നേതാവ്’ ആയിരുന്നു എന്നാണ്. ഖുര്‍ആനില്‍ രണ്ടിടങ്ങളില്‍ ഹാമാനെ കുറിച്ച് വന്ന പരാമര്‍ശമാണ് അതിനുള്ള തെളിവായി അവര്‍ സ്വീകരിക്കുന്നത്.
”ഫറവോന്‍ പറഞ്ഞു: അല്ലയോ പ്രമാണികളേ, നിങ്ങള്‍ക്കു ഞാനല്ലാതെ മറ്റൊരു ദൈവമുള്ളതായി ഞാന്‍ അറിഞ്ഞില്ലല്ലോ. ഹേ, ഹാമാന്‍! കളിമണ്ണ് ചുട്ട് ഒരു ഉയര്‍ന്ന ഗോപുരം നിര്‍മിച്ചുതരിക. ഞാന്‍ അതില്‍ കയറി മൂസായുടെ ദൈവത്തെ ഒന്നു നോക്കട്ടെ. അവന്‍ പറയുന്നത് നുണ തന്നെ എന്നാണ് എനിക്കു തോന്നുന്നത്.” (അല്‍-ഖസസ്: 38)
”ഫറവോന്‍ പറഞ്ഞു: അല്ലയോ ഹാമാന്‍, എനിക്ക് ഒരു ഉന്നത ഗോപുരം പണിതു തരിക, ഞാന്‍ സോപാനങ്ങളിലെത്തുന്നതിനുവേണ്ടി; ആകാശസോപാനങ്ങളില്‍. ഞാന്‍ മൂസായുടെ ദൈവത്തെയൊന്നെത്തി നോക്കട്ടെ” (അല്‍-ഗാഫിര്‍: 36,37)
മൂസയുടെ ദൈവത്തെ കാണാന്‍ വേണ്ടി എനിക്ക് ഒരു ഗോപുരം പണിതു തരൂ എന്ന് ഫിര്‍ഔന്‍ ഹാമാനിനോട് പറയുന്ന ഭാഗങ്ങളാണിവ. എന്നാല്‍ ഹാമാന്‍ എന്ന പേര് പ്രതിപാദിക്കുന്ന വേറെയും നാലു സ്ഥലങ്ങള്‍ ഖുര്‍ആനിലുണ്ട്.
”അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറവോനും ഹാമാനും അവരുടെ സൈന്യങ്ങളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍നിന്ന് ഭയപ്പെട്ടിരുന്ന തിരിച്ചടി യാഥാര്‍ഥ്യമാക്കി കാണിച്ചുകൊടുക്കാനുമത്രെ.” (അല്‍-ഖസസ്: 6)
”വാസ്തവത്തില്‍ ഫറവോനും ഹാമാനും അവരുടെ സൈന്യങ്ങളും (തങ്ങളുടെ നടപടികളില്‍) വല്ലാതെ പിഴച്ചവരായിരുന്നു.” (അ-ഖസസ്: 8)
”ഖാറൂനെയും ഫറവോനെയും ഹാമാനെയും നാം നശിപ്പിച്ചു. മൂസാ തെളിവുകളുമായി അവരില്‍ ചെന്നിട്ടുണ്ടായിരുന്നു. പക്ഷേ അവര്‍ ഭൂമിയില്‍ വമ്പന്മാരായി ചമഞ്ഞു.” (അല്‍-അന്‍കബൂത്: 39)
”നാം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളും സുവ്യക്തമായ അധികാരപത്രവുമായി ഫറവോന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുത്തേക്ക് അയക്കുകയുണ്ടായി. അപ്പോള്‍ അവര്‍ ഘോഷിച്ചു: ആഭിചാരകന്‍, കള്ളം പറയുന്നവന്‍.” (അല്‍-ഗാഫിര്‍: 23,24)
ഇവിടെ രണ്ടിടങ്ങളില്‍ ഫിര്‍ഔനിന്റെയും ഹാമാന്റെയും സൈന്യങ്ങള്‍ എന്ന് എടുത്തു പറയുന്നു. ഒരു ഗോപുരം പണിതു തരിക എന്ന ഫിര്‍ഔനിന്റെ ആഹ്വാനം കൊണ്ടു മാത്രം ഹാമാന്‍ ഒരു കല്ലുപണിക്കാരനോ നിര്‍മാണപ്രവര്‍ത്തകനോ ആണെന്ന് പറയാനാവില്ല. ഒരു കല്ലുപണിക്കാരന് സൈന്യം ഉണ്ടായിരുന്നു എന്ന തരത്തില്‍ ഖുര്‍ആന്‍ പ്രതിപാദിക്കേണ്ട ആവശ്യവും ഇല്ല. സ്വന്തമായി സൈന്യമുണ്ടായിരുന്ന ഒരാളാണെങ്കില്‍ ഫറോവയുടെ സര്‍വസൈന്യാധിപനോ പ്രധാനമന്ത്രിയോ ആയിരിക്കും ഹാമാന്‍ എന്നു വേണം കരുതാന്‍. കാരണം, അത്രയും സ്വാധീനശക്തിയുള്ള ഒരു വ്യക്തി ആയത് കൊണ്ടാണ് ഖുര്‍ആന്‍ ഫിര്‍ഔനിനൊപ്പം ഹാമാനെയും ചേര്‍ത്ത് പറഞ്ഞത്. കേവലം ഒരു എഞ്ചിനീയര്‍ ആയിരുന്നുവെങ്കില്‍ അയാള്‍ നിഷേധി ആണെങ്കിലും ഭരണതലത്തിലെ മറ്റ് പ്രമുഖരുടെ ചെയ്തികളെ ഒഴിവാക്കി അയാളുടെ പേര് എടുത്ത് ഉദ്ധരിക്കേണ്ട ആവശ്യം വരുന്നില്ല. പിന്നെ ഫിര്‍ഔന്‍ ഒരു ഗോപുരം നിര്‍മിച്ചു തരാന്‍ കല്‍പിച്ചത് സ്വാഭാവികമായ ഒരു രാജകല്‍പന മാത്രമായേ കാണാന്‍ സാധിക്കുകയുള്ളൂ. മൂസാ നബി(അ)യുമായി കൊട്ടാരത്തില്‍ നടന്ന വാദപ്രതിവാദത്തില്‍ ഒരു എഞ്ചിനീയറോട് ആയിരിക്കില്ല ഫിര്‍ഔന്‍ നേരിട്ട് കല്‍പിച്ചത്. അത് ഫിര്‍ഔനിന് തൊട്ടു താഴെ കാര്യനിര്‍വഹണാധികാരമുള്ള പ്രധാനമന്ത്രിമാരോ മന്ത്രിമാരോ ആയിരിക്കാം. പ്രാചീന ഈജിപ്തില്‍ ഒരു എഞ്ചിനീയര്‍ക്ക് സൈന്യം നിലനിര്‍ത്താനുള്ള അധികാരം ഉണ്ടായിരുന്നില്ല. സാമൂഹ്യശ്രേണിയില്‍ ഫറോവ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം പുരോഹിതന്മാര്‍ക്കും പ്രധാനമന്ത്രിക്കുമായിരുന്നു.
ഹാമാനെ കുറിച്ച് പറയാവുന്ന മറ്റൊരു വാദം അത് ഈജിപ്തുകാര്‍ ദേവരാജനായി ആരാധിച്ചിരുന്ന ‘അമെന്‍'(Amen, Amun or Amon) ആണ് എന്നതാണ്. ഈജിപ്തുകാര്‍ ആരാധിച്ചിരുന്ന നൂറ് കണക്കിന് ദേവീ ദേവന്മാരില്‍ പ്രമുഖ സ്ഥാനം അമെനിന് ആയിരുന്നു. ഉര്‍വരതാ ദേവന്‍, യുദ്ധദേവന്‍ എന്നിങ്ങനെയും ഈജിപ്തുകാര്‍ അമെനിനെ കണ്ടിരുന്നു. റാമസേസ് രണ്ടാമന്‍ തന്റെ സൈന്യത്തെ നാലു ദളങ്ങളായി തിരിച്ചിരുന്നെന്നും അതില്‍ അമെന്‍ ദേവന്റെ പേരിലുള്ള ദളത്തെ റാമസേസ് നേരിട്ടാണ് നയിച്ചിരുന്നതെന്നും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ ജോര്‍ജ്ജ് ഹാര്‍ട്ട് തന്റെ ‘Dictionary of Egyptian Gods & Goddesses’ എന്ന കൃതിയില്‍ പറയുന്നു. അമെന്‍ ദൈവത്തെ വിളിച്ച് ഒരു ഗോപുരം എനിക്ക് പണിതു തരൂ എന്ന് മൂസയെ പരിഹസിച്ചു കൊണ്ട് ഫിര്‍ഔന്‍ പറഞ്ഞതാകാനും സാധ്യതയുണ്ട്. അമെന്റെ സൈനിക ദളം എന്ന അര്‍ത്ഥത്തിലായിരിക്കാം ഹാമാന്റെ സൈന്യം എന്ന് ഖുര്‍ആനില്‍ പ്രയോഗിച്ചത്. ഹാമാന്‍ എന്ന് ഖുര്‍ആന്‍ പ്രയോഗിച്ച ആ പേരിനോട് സാമ്യമുള്ള പ്രാചീന ഈജിപ്തിലെ പ്രശസ്തമായ നാമം അമെന്‍ ദേവന്റെ മാത്രമാണ്.
ഡോ. മൗറിസ് ബുക്കായി ഡച്ചുകാരനായ ഹെര്‍മന്‍ റാങ്കെയുടെ ‘The personal names of New Kingdom (Die Agyptischen Personennemen)’ എന്ന കൃതിയില്‍ ഹാമാന്‍ എന്ന നാമം പ്രാചീന ഹീറോഗ്ലിഫ്‌സ് ലിപിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നു. എന്നാല്‍ ആ പേരിന് ‘കല്ലുപണിക്കാരന്‍’ എന്നൊരു അര്‍ത്ഥം പുസ്തകത്തില്‍ കൊടുത്തിട്ടില്ല. മറിച്ച് ഹീറോഗ്ലിഫിക്‌സ് ലിപിയില്‍ അക്ഷരങ്ങള്‍ക്കിടയിലെ അര്‍ധസ്വരങ്ങള്‍ ചേര്‍ക്കാത്തതു കൊണ്ടു തന്നെ ഹ, മ, ന എന്നീ അക്ഷരങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. അതിനെ ‘ഹെമെന്‍’ എന്നോ ‘ഹമന്‍’ എന്നോ ഉച്ചരിക്കാം. അതുപോലെ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും മറ്റ് പ്രമുഖരുടെയും പേരുകള്‍ അണ്ഡാകൃതിയിലുള്ള രൂപത്തിനുള്ളിലാണ് രേഖപ്പെടുത്താറുള്ളത്. ഇതാകട്ടെ സാധാരണ ലിഖിതവുമാണ്. അതുകൊണ്ട് തന്നെ ഖുര്‍ആനില്‍ പറഞ്ഞ ഹാമാന്‍ ആകാനും ഇടയില്ല. ഹാമാന്‍ ഫറോവയുടെ കൊട്ടാരത്തില്‍ പ്രധാനമന്ത്രിയോ പ്രഭുവോ ആയ ഒരു ഉന്നത വ്യക്തിയായിരുന്നു എന്നതാണ് ഖുര്‍ആനിക സൂക്തങ്ങളും ലഭ്യമായ ചരിത്രതെളിവുകളും വെച്ചുനോക്കുമ്പോള്‍ ലഭിക്കുന്ന നിഗമനം. അത് അമെന്‍ ദേവനെ കുറിക്കുന്നതാണെങ്കില്‍ പോലും അതില്‍ തെറ്റില്ല.
ഹാമാന്‍ – ഖുര്‍ആനില്‍ ചരിത്രപരമായ അബദ്ധമോ?