തന്റെ ദാസനെ ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനു വേണ്ടി മസ്ജിദുല്‍ ഹറാമില്‍ നിന്ന് പരിസരങ്ങളെ നാം അനുഗ്രഹീതമാക്കിയിട്ടുള്ള മസ്ജിദുല്‍ അഖ്സയിലേക്ക്, ഒരു രാവില്‍ സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധനത്രെ. സത്യത്തില്‍ അവന് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാകുന്നു. (ഖുര്‍ആന്‍ 17: 1)
മലേഷ്യന്‍ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍, ജുമുഅ നമസ്കാരം (16.10.2015) കഴിഞ്ഞിറങ്ങുമ്പോള്‍ പൊടുന്നനെയാണ് ഒരു കൂട്ടര് പള്ളിക്കു മുന്പില് തടിച്ചുകൂടിയത് ശ്രദ്ധയില്‍പ്പെട്ടത്. അക്കൂട്ടരുടെ കണ്ഡനാളങ്ങളില് നിന്നു മുഴങ്ങിക്കേള്‍ക്കുന്ന തക്ബീര്‍ധ്വനികളാണ് അവരിലേക്ക് ഏവരുടെയും ശ്രദ്ധ തിരിക്കുന്നത്. കൂടിനിന്നവര്‍ വലിയ ഒരു വട്ടം തീര്‍ത്ത് നടുവില്‍ നിന്ന് തക്ബീര്‍ മുഴക്കുവാന്‍ ഒരു ഫലസ്തീന് കുമാരന് വഴിവെച്ചുകൊടുക്കുന്നു. അവന് ആകാശത്തിലേക്കു മുഷ്ടിചുരുട്ടി അത്യുച്ചത്തില്‍ തക്ബീര്‍ മുഴക്കുന്നു. ഫലസ്തീന് ജനതയുടെ മുഴുവന്‍ പോരാട്ടവീര്യവും ആ തക്ബീര്‍ ധ്വനികളില്‍ അടങ്ങിയതുപോലെ. ചുറ്റും കൂടി നിന്നവര്‍ തങ്ങളുടെ അടുക്കലുള്ള പ്ലകാഡുകളും ബാനറുകളും ഉയര്‍ത്തി തുടങ്ങിയിരിക്കുന്നു. ഖുദ്സിന്റെ മോചനമാണ് വിഷയം. ഫലസ്തീന്റെ പതാക കഴുത്തില്‍ ചുറ്റി ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള പല വിദ്യാര്‍ത്ഥികളുമുണ്ട് അക്കൂട്ടത്തില്‍. ഖുദ്സിനെ നാം മറക്കണോ? നാമല്ലെങ്കില്‍ പിന്നെ ആരാണ് ഖുദ്സിന് വേണ്ടി സംസാരിക്കുക? തുടങ്ങി വിശ്വാസികളുടെ ഹൃദയത്തെ പൊള്ളിക്കുന്ന പോസ്റ്ററുകളാണ് പ്രകടനത്തില്‍ അണിനിരന്നവര്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ഖുദ്സിന്റെ മോചനത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ മനസ്സിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരുന്നു. ഖുദ്സിനെ കുറിച്ച് വായിച്ചപ്പോഴൊന്നും ലഭിക്കാത്ത ഒരു ആത്മബന്ധം ഞൊടിയിടയില്‍ ആ ഫലസ്തീനിയുടെ മുദ്രാവാക്യങ്ങളിലൂടെ എന്റെ ഹൃദയത്തില്‍ ഉണര്‍ന്നുവന്നു. മുസ്ലിം ഭൂരിപക്ഷ-ന്യൂനപക്ഷ രാജ്യങ്ങളില്‍ നിന്നു വരുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മസ്ജിദുല്‍ അഖ്സയോടും ആ പുണ്യഭൂമിയോടും ഉള്‍ക്കടമായ ആത്മബന്ധമുണ്ടാക്കുക തന്നെയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഏതാനും നാളുകളായി മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികള്‍ക്കുനേരെ ജൂതസൈന്യം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെകുറിച്ചും മറ്റും കൂട്ടത്തിലൊരാള്‍ തുടര്‍ന്ന് പ്രസംഗിച്ചു. കടുത്ത വെയിലിലും വിദ്യാര്‍ത്ഥികള്‍ ആവേശകരമായ ആ പ്രസംഗത്തിനു ചെവികൊര്ത്തുകൊണ്ടിരിന്നു. കേരളീയ പശ്ചാത്തലത്തില്‍, ഖുദ്സ് നമുക്കൊരിക്കലും വിശ്വാസത്തില്‍ നിന്നുയിര്‍കൊണ്ട ഒരാവേശമായി മാറിയിട്ടില്ലെന്നു തോന്നുന്നു. ഖുദ്സിനെ കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകള്‍ പരിമിതമാണ്. ഉള്ളതാകട്ടെ, ഏതോ നാട്ടില്‍ നടുക്കുന്ന ഏതോ ഒരു പ്രശ്നം എന്ന മട്ടിലും.
ഖുദ്സ് : ഹൃസ്വ ചരിത്രം
ചരിത്രാതീത കാലം മുതല്‍ ഇന്നുവരെയും ലോകത്തിന്റെ ശ്രദ്ധയാകര്ഷിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ പട്ടണമാണ് ബൈതുല്‍ മഖ്ദിസ് സ്ഥിതി ചെയ്യുന്ന ജറുസലേം. മുസ്ലിംകള്‍ക്കു പുറമെ ജൂത-ക്രൈസ്തവര്‍ക്കും ഈ പ്രദേശം പുണ്യഭൂമിയാണ്. ക്രിസ്തുവിന് 4500 വര്‍ഷങ്ങള്‍ക്കു മുമ്പേ ജനവാസമാരംഭിച്ച ഈ പ്രദേശം ചരിത്രത്തില്‍ പല കാലത്തായി വിവിധ ജനതകള്ക്കിടിയില് പല പേരുകളില്‍ അറിയപ്പെട്ടു. അല്‍ ഖുദ്സ്, യറുശലേം, ഏലിയ ഉദാഹരണം. പൗരാണിക നിര്‍വചനങ്ങളില്‍ സമാധാനത്തിന്റെ പട്ടണം എന്നാണ് യറുശലേമിന്റെ അര്‍ത്ഥമെങ്കിലും ഈ പട്ടണത്തിന്റെ ചരിത്രം പലപ്പോഴും അങ്ങനെയായിരുന്നില്ല. നിരവധി പ്രവാചകന്മാരുടെ ജന്മ ഗേഹവും ദൗത്യനിര്‍വഹണ വേദിയുമായിരുന്നു ഈ പരിപാവനഭൂമി. ഇബ്രാഹിം നബിയും(അ), മുഹമ്മദ് നബി(സ) യും ഹൃസ്വകാല താമസക്കാരോ കേവല സന്ദര്‍ശകരോ ആയിരുന്നുവെങ്കില്‍, ദാവൂദ് സുലൈമാന്‍ പോലുള്ള നബിമാര്‍ പ്രദേശത്തെ ആസ്ഥാനമാക്കി ഫലസ്തീന് എന്ന വിശാലമായ സാമ്രാജ്യത്തിന്റെ അധിപന്മാരു കൂടിയായിരുന്നു. ഈജിപ്തില്‍ നിന്നു ഇസ്രയേല്യരെയും കൊണ്ട് മൂസാ നബി പലായനം ചെയ്തത് ഫലസ്തീനിലേക്കായിരുന്നു. ഏകദേശം മുപ്പത് വര്‍ഷക്കാലം മാത്രം ഭൂമിയില്‍ ജീവിച്ച ഈസാ നബിയുടെ ദൗത്യ നിര്‍വഹണം പൂര്‍ണ്ണമായും ഫലസ്തീനിലായിരുന്നു. ക്രിസ്തുവിന് 900 വര്‍ഷങ്ങള്‍ക്കു മുമ്പ് ദാവൂദ് നബിയുടെയും പുത്രന് സുലൈമാന്‍ നബിയുടെയും കാലത്താണ് ജറുസലേം ഒരു വിശുദ്ധ നഗരമായി മാറുന്നത്.
ഖുദ്സും മുഹമ്മദ് നബിയും
സത്യവിശ്വാസത്തിന്റെ അടിസ്ഥാന സ്തംഭങ്ങില് ഒന്നാണ് പ്രവാചകന്മാരില് വിശ്വസിക്കലും അവര്‍ക്കടിയില്‍ വിവേചനം കാണിക്കാതിരിക്കലും. ജറുസലേമും ഫലസ്തീനുമായി ബന്ധപ്പെട്ടുള്ള പ്രവാചകന്മാരുടെ ചരിത്രം ബൈബിളും തൗറാതും പോലുള്ള വേദഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ അല്ലാഹുവിന്റെ ദൂതന്മാര്ക്ക് ഒരിക്കലും നിരക്കാത്ത കാര്യങ്ങള്‍ അത്തരം ചരിത്രങ്ങളിലൂടെ അവരില്‍ ആരോപികകപ്പെടുമ്പോള് ഖുര്‍ആന്‍ അത്തരം ന്യൂനതകളെ നിരാകരിച്ച് അവരുടെ യഥാര്‍ത്ഥ ചരിത്രം വിവരിച്ചുതരുന്നു. മഹാന്മാരായ ഏതാനും പ്രവാചകന്മാരുടെ നാട് എന്നത് തന്നെയാണ് ഖുദ്സിന്റെ വിശുദ്ധിയുടെ കാരണം. ആ പ്രവാചകന്മാര് നടക്കുകയും ജീവിക്കുകയും അല്ലാഹുവിന്റെ ദീന് പ്രബോധനം ചെയ്യുകയും ചെയ്ത നാട്. അല്ലാഹുവിന്റെ വെളിപാടുകള്‍ പലവട്ടം ഇറങ്ങിയ പ്രദേശം. ഇക്കാരണങ്ങള്കൊണ്ടാകണം അല്ലാഹു ഈ പ്രദേശത്തെ മുസ്ലിംകളുടെ ആദ്യ ഖിബ്ലയായി നിശ്ചയിച്ചത്. മുന്‍കാല പ്രവാചകന്മാരെ പോലെ മുഹമ്മദ് നബി(സ)യും ഈ വിശുദ്ധ പ്രദേശവും പള്ളിയും സന്ദര്‍ശിച്ചു. അല്ലാഹുവിന്റെ അപാരമായ ശക്തിവൈഭവത്താല് ഒറ്റ രാത്രിയില്‍ നടത്തിയ ആ മഹത്തായ രാപ്രയാണത്തെ കുറിച്ചു ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. (17:1). ഹിജ്റക്കു ഒന്നര വര്‍ഷം മുമ്പ് ക്രിസ്താബ്ദം 620 ല്‍ മസ്ജിദുല്‍ ഹറമില്‍ നിന്ന് ഒറ്റ രാത്രിയില്‍ ജിബ്രീലിനോടൊപ്പം മസ്ജിദുല്‍ അഖ്സയിലേക്ക് നടത്തിയ യാത്ര ഇസ്റാഅ് എന്ന പേരില്‍ വിശ്രുതമാണ്. ഇപ്പോള്‍ ഖുബ്ബതുസ്സ്വഖ്റ എന്ന പേരില്‍ അറിയപ്പെടുന്ന പള്ളിയുടെ ഭാഗത്തുണ്ടായിരുന്ന പാറയില്‍ നബി ഇറങ്ങുകയും അവിടെ നിന്നു ആകാശാരോഹണം നടത്തി വീണ്ടും അഖ്സയില്‍ തിരികെ വന്ന് പ്രവാചകന്മാര്ക്ക് ഇമാമായി മസ്ജിദുല്‍ അഖ്സയില്‍ നമസ്കരിക്കുകയും ചെയ്തതായി ഹദീസുകളില്‍ കാണാം. നിരവധി ദൃഷ്ഠാന്തങ്ങളുടെ ഒത്തുചേരലുള്ള ഈ യാത്രയിലായിരുന്നു അല്ലാഹു നമസ്കാരം നിര്‍ബന്ധമാക്കിയത്. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്ലിംകള് മദീനയിലായിരിക്കെ, അല്ലാഹുവിന്റെ കല്‍പ്പന വരുന്നതു (ഖുര്‍ആന്‍ 2: 142-150) വരെ മസ്ജിദുല്‍ അഖ്സയിലേക്കു തിരിഞ്ഞാണ് മുസ്ലിംകള് നമസ്ക്കരിച്ചിരുന്നത്. പൂര്‍വ പ്രവാചകന്മാരാല് അല്ലാഹു അനഗ്രഹിച്ച പ്രദേശം എന്ന നിലക്കു മാത്രമല്ല, മുഹമ്മദ് നബി(സ) രാപ്രയാണം ചെയ്യപ്പെട്ട ഇടം എന്ന നിലയിലും മുസ്ലിംകള്ക്ക് ഈ പ്രദേശത്തോട് പ്രത്യേക ആദരവുണ്ട്. കൂടാതെ നബി തിരുമേനി ഈ പ്രദേശത്തിന്റെ ശ്രേഷ്ടതയെ കുറിച്ച് പ്രത്യേകം പറയുകയും ചെയ്തിട്ടുണ്ട്. അബു ഹുറൈയ്റ നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) പറഞ്ഞു. നിങ്ങള്‍ മൂന്നു പള്ളികളിലേക്കു മാത്രമേ പ്രത്യേക തീര്‍ത്ഥാടനമായി പ്രതിഫലേച്ഛയോടെ യാത്ര ചെയ്യാവൂ. ഒന്ന് മസ്ജിദുല്‍ ഹറാം, രണ്ടാമത്, എന്റെ ഈ പള്ളിയിലേക്കും (മദീനയിലെ മസ്ജിദുന്നബവി) മൂന്നാമത്, ജറുസലേമിലെ മസ് ജിദുല്‍ അഖ്സാ. ഇതേ ആശയം വ്യത്യസ്ത രീതിയില്‍ മറ്റു സഹാബാക്കളില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (ബുഖാരി, മുസ്ലിം, അബൂ ദാവൂദ്)
ഒരിക്കല്‍ അബൂ ഹുറൈറ നബിയോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, ഏതു പള്ളിയാണ് ലോകത്താദ്യമായി നിര്‍മ്മിച്ചത്? തിരുമേനി പറഞ്ഞു. മക്കയിലെ മസ്ജിദുല്‍ ഹറാം. അദ്ദേഹം വീണ്ടും ചോദിച്ചു. പിന്നീടേതാണ്. നബി തിരുമേനി പറഞ്ഞു. മസ്ജിദുല്‍ അഖ്സ. അബു ദര്‍റ് വീണ്ടും ചോദിച്ചു. ഈ രണ്ടു പള്ളികളുടെ നിര്‍മ്മാണം എത്ര കാലത്തിനിടയിലാണ്? നബി പറഞ്ഞു. നാല്പത് വര്‍ഷത്തിന്റെ വ്യത്യാസമുണ്ട്. ഈ പള്ളികളല്ലാത്ത എവിടെയും നിങ്ങള്‍ നമസ്കാര സമയമായാല്‍ നമസ്ക്കരിച്ചുകൊള്ളുക. എന്നാല്‍ ഈ പള്ളികളിലെ നമസ്കാരത്തിന് ഏറെ പുണ്യമുണ്ട്. ബുഖാരി.
മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട വേറെയും പരാമര്‍ശങ്ങള്‍ നബി തിരുമേനി നടത്തിയിട്ടുണ്ട്. എന്നാല്‍ നബി തിരുമേനിയുടെ കാലത്ത് തിരുമേനി ഇസ്രാഅ് യാത്രയിലല്ലാതെ ഒരിക്കല്‍ കൂടി ഖുദ്സില്‍ പോവുകയോ, നബിയുടെ കാലത്ത് ഖുദ്സ് മുസ്ലിംകളുടെ അധീനതയില്‍ വരികയോ ഉണ്ടായിട്ടില്ല. പിന്നീട് ഉമര്‍(റ) കാലത്ത് ക്രിസ്താബ്ദം 638 ലാണ് ഖുദ്സ് തീര്‍ത്തും സമാധാനപരമായി മുസ്ലിംകള്‍ക്കു കീഴില്‍ വരുന്നത്. അംറുബ്നു ആസിന്റെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം ഖുദ്സ് വളഞ്ഞതോടെ ബൈസന്റീനിയന്‍ സൈന്യം ഖുദ്സില്‍ നിന്ന് പുറത്തുപോവുകയാണുണ്ടായത്. അന്ന് ക്രിസ്ത്യാനികളുടെ അധീനതയിലായിരുന്ന ഖുദ്സില്‍ ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധിപനായ ഉമറിന്റെ കടന്നു വരവ് ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്. (തുടരും)
ഖുദ്സ്; ഇസ്ലാമിക ഖിലാഫത്തിനു കീഴിലും ഇന്നും