Current Date

Search
Close this search box.
Search
Close this search box.

കഴുമരത്തിനു മുമ്പിലെ ഉണര്‍ത്തു പാട്ടുകള്‍

തൂക്കുമരത്തിലേക്ക് നടന്നുകയറാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഉണര്‍ത്തുപാട്ടുമായി ഇസ്‌ലാമിക ചരിത്രത്തില്‍ ആവേശമായി മാറിയ ധീര രക്തസാക്ഷികളാണ് ഖുബൈബ് ബ്‌നു അദിയ്യ് (റ)ഉം ഹാഷിം രിഫാഇയും. അല്ലാഹു അവന്റെ സ്വര്‍ഗത്തിലെ ഉന്നത സിംഹാസനത്തില്‍ എന്നെ ഇരുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്തരമൊരു മരണം ഞാന്‍ പുല്‍കേണ്ടതുണ്ട്’-  ബംഗ്ലാദേശിലെ അബ്ദുല്‍ ഖാദര്‍ മുല്ല എന്ന പണ്ഡിതനും വിപ്ലവകാരിയും അവസാനമായി തന്റെ പ്രിയതമക്ക് ഇത്തരമൊരു കത്തയച്ചുകൊണ്ടാണ് തൂക്കുമരത്തിലേക്ക് നടന്നു നീങ്ങിയത്. അനീതിയോട് രാജിയാകുന്നതിനു പകരം ധിക്കാരികളുടെ ഉറക്കം കെടുത്തുന്ന വിപ്ലവ ആഹ്വാനങ്ങളുമായാണ് ഇവര്‍ മരണത്തെ സധീരം പുല്‍കിയത്…ഈ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക ചരിത്രത്തില്‍ തൂക്കുമരത്തിലേക്ക് ഉണര്‍ത്തുപാട്ടുമായി മുമ്പേ നടന്ന ഖുബൈബ്(റ)വിന്റെയും ഹാഷിം രിഫാഇയുടെയും ചരിത്രം നമുക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്.

പ്രവാചക കവിയായ ഹസ്സാനു ബിന്‍ സാബിത്തിന്റെ വിവരണത്തില്‍ ഹൃദയ ശുദ്ധിയും വിശ്വാസദാര്‍ഢ്യവും നിര്‍മല മനസ്സാക്ഷിയും ഒത്തിണങ്ങിയ ധീരയോദ്ധാവാണ് അന്‍സാരിയും ഔസ് ഗോത്രക്കാരനുമായ ഖുബൈബു ബ്‌നു അദിയ്യ്. ബദര്‍ യുദ്ധത്തില്‍ തിരുമേനിയോടൊപ്പം കരുത്തോടെ നിലകൊണ്ട ഖുബൈബ്(റ) ആയിരുന്നു മുശ്‌രിക്കുകളില്‍ പ്രമുഖനായിരുന്ന ഹാരിസ് ബ്‌നു ആമിര്‍ ബിനു നൗഫലിന്റെ കഥകഴിച്ചത്.

ശത്രുക്കളുമായുള്ള പ്രഥമ പോരാട്ടത്തില്‍ വിജയം നേടിയ മുസ്‌ലിംകള്‍ മദീനയില്‍ തിരിച്ചെത്തി മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ സന്ദര്‍ഭത്തിലാണ് ശത്രുക്കള്‍ ഒരു പുതിയ ആക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ടെന്ന വാര്‍ത്ത പ്രവാചകന് ലഭിക്കുന്നത്. അതിന്റെ നിജസ്ഥിതികള്‍ അറിയാന്‍ ആസ്വിമു ബിനു സാബിത്തിന്റെ നേതൃത്വത്തിലുള്ള പത്തുപേരെ പ്രവാചകന്‍ തെരഞ്ഞെടുത്തു. ഇതില്‍ ഖുബൈബ്(റ) വും അംഗമായിരുന്നു.

സംഘം അസ്ഫാനും മക്കക്കുമിടയിലുള്ള ഒരു സ്ഥലത്തെത്തിയപ്പോള്‍ ഹുദൈല്‍ ഗോത്രത്തിന്റെ ഒരു ശാഖയായ ബനൂ ഹയ്യാന്‍ കുടുംബം വിവരമറിഞ്ഞ് നൂറു വില്ലാളികളെ മുസ്‌ലിംകളെ പിടിക്കാന്‍ ചുമതലപ്പെടുത്തി. ശത്രുക്കളില്‍ ഒരാള്‍ നിലത്തുവീണു കിടക്കുന്ന ഈത്തപ്പഴക്കുരു കണ്ടു കൊണ്ട് ഇത് മദീനയിലെ ഈത്തപ്പഴത്തിന്റേതാണെന്നു തിരിച്ചറിയുകയും പിന്നാലെ പിന്തുടര്‍ന്നു മുസ്‌ലിംകളുടെ സ്ഥാനം തിരിച്ചറിയുകയും ചെയ്തു. ശത്രുക്കളെ കണ്ട മാത്രയില്‍ മലമുകളില്‍ കയറി രക്ഷപ്പെടാന്‍ സംഘത്തലവനായ ആസ്വിം നിര്‍ദ്ദേശം നല്‍കി. പക്ഷെ, രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാത്ത നിലയില്‍ നൂറ് വില്ലാളി വീരന്മാര്‍ മല വലയം ചെയ്തു. ദേഹോപദ്രവം ചെയ്യില്ലെന്ന ഉറപ്പിന്റെ മേല്‍ കീഴടങ്ങാന്‍ ശത്രുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ആസ്വിം ഇപ്രകാരം പ്രതികരിച്ചു. ‘എന്നെ സംബന്ധിച്ചെടുത്തോളം മുശ്‌രിക്കിന്റെ സംരക്ഷണത്തിന് വഴങ്ങുന്ന പ്രശ്‌നമില്ല, അല്ലാഹുവേ! ഞങ്ങളുടെ വിവരം പ്രവാചകന് എത്തിക്കേണമേ!’.

വില്ലാളികള്‍ ശക്തമായ അമ്പൈത്ത് നടത്തിയതോടെ സംഘത്തലവന്‍ ആസ്വിമടക്കം ഏഴുമുസ്‌ലിംകള്‍ രക്തസാക്ഷിയായി. തങ്ങളെ വിശ്വസിക്കാമെന്നും താഴോട്ട് ഇറങ്ങിവരുകയാണെങ്കില്‍ അഭയം തരാമെന്നുമുള്ള ശത്രുക്കളുടെ വാഗ്ദാനം വിശ്വസിച്ചുകൊണ്ട് ഇറങ്ങിച്ചെന്ന ഖുബൈബിനെയും സ്‌നേഹിതന്‍ ദുസന്നയെയും ശത്രുക്കള്‍ പിടിച്ചുകെട്ടി. ഇതു കണ്ട മൂന്നാമന്‍ ആസ്വിം മറ്റുള്ളവര്‍ രക്തസാക്ഷിയായ അതേ സ്ഥലത്ത് രക്തസാക്ഷിയാകാന്‍ തീരുമാനിക്കുകയും അപ്രകാരം വീരമൃത്യു വരിക്കുകയും ചെയ്തു. ഖുബൈബിനെയും സൈദിനെയും വില്ലാളികള്‍ മക്കയില്‍ കൊണ്ടുപോയി മുശ്‌രിക്കുകള്‍ക്ക വിറ്റു.

ഖുബൈബിന്റെ പേര് എല്ലാ കാതുകളിലും എത്തി. ഉടന്‍ തന്നെ ബദറില്‍ കൊല്ലപ്പെട്ട ഹാരിസ് ബിനു ആമിറിന്റെ മക്കള്‍ പ്രതികാര ദാഹം തീര്‍ക്കാമെന്ന ഉറപ്പിന്മേല്‍ ഖുബൈബിനെ കൈവശപ്പെടുത്തി. ഇതേ ലക്ഷ്യത്തോടെ സഹോദരന്‍ സൈദുബ്‌നു ദുസന്നയെ മറ്റൊരാളും വാങ്ങി.

ഖുബൈബ് പതറിയില്ല. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചു അചഞ്ചലമായ സ്ഥൈര്യത്തോടും ആത്മവീര്യത്തോടും കൂടി പ്രാര്‍ഥനയിലും ധ്യാനത്തിലുമായി കഴിഞ്ഞുകൂടി. കൂട്ടുകാരന്‍ സൈദുബ്‌നു ദുസന്നയെ കൊന്നവിവരം അദ്ദേഹത്തെ അറിയിക്കുകയും മുഹമ്മദിനെയും അദ്ദേഹത്തിന്റെ റബ്ബിനെയും തള്ളിപ്പറഞ്ഞാല്‍ രക്ഷപ്പെടുത്താമെന്ന ഓഫര്‍ നല്‍കുകയും ചെയ്തു. അത്തരത്തിലുള്ള പ്രലോഭനങ്ങളും പ്രകോപനങ്ങളുമെല്ലാം പരാജയപ്പെട്ടപ്പോള്‍ തന്‍ഈം എന്ന സ്ഥലത്ത് സജ്ജമാക്കിയ തൂക്കുമരത്തിലേക്ക് ഖുബൈബിനെ അവര്‍ ആനയിച്ചു.

തന്റെ ലൗകിക  ജീവിതത്തിന് യവനിക വീഴാന്‍ പോകുന്നുവെന്ന് ഉറപ്പായപ്പോള്‍ തനിക്ക് ഏറ്റവും പ്രിയങ്കരമായ രണ്ട് റകഅത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹമവരോട് ആവശ്യപ്പെടുകയും അന്ത്യാഭിലാഷമെന്ന നിലക്ക് അവരത് സമ്മതിക്കുകയും ചെയ്തു. തികഞ്ഞ മനസ്സാന്നിധ്യത്തോടെ രണ്ട് റകഅത്ത് നമസ്‌കരിച്ച അദ്ദേഹം കൊലയാളികളെ നോക്കി പറഞ്ഞു. ‘എനിക്ക് മരണത്തെ ഭയമാണെന്ന് നിങ്ങള്‍ ധരിച്ചുകളയും. ഇല്ലെങ്കില്‍, അല്ലാഹു സത്യം, ഞാന്‍ ഇനിയും നമസ്‌കരിച്ചേനെ! തുടര്‍ന്ന് അദ്ദേഹം ഈ അര്‍ഥം വരുന്ന ഈരടി പാടി  അദ്ദേഹം തൂക്കുമരത്തിലേക്ക് നടന്നു നീങ്ങി.

‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുസ്‌ലിമായി വധിക്കപ്പെടുമ്പോള്‍ അതു ഏത് രൂപത്തിലായാലും എനിക്ക് പ്രശ്‌നമല്ല.
അല്ലാഹു ഉദ്ദേശിച്ചാല്‍ ചിതറിയ അവയവങ്ങളെ അവന്‍ അനുഗ്രഹിക്കും’.

തൂക്കുമരത്തിലേറ്റിക്കൊല്ലുന്നത് ഒരു പക്ഷെ അറബികളുടെ ചരിത്രത്തില്‍ ആദ്യ അനുഭവമിതായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സജ്ജമാക്കിയ ഈത്തപ്പനക്കുരിശില്‍ ഖുബൈബിനെ കയറ്റി വരിഞ്ഞുകെട്ടിക്കൊണ്ട് വില്ലാളികള്‍ ഒരുങ്ങിനിന്നു. ആഹ്ലാദാരവങ്ങളോടെ മുശ്‌രിക്കുകളും. പക്ഷെ, ഖുബൈബിന് ഒരു ഭാവപ്പകര്‍ച്ചയുമില്ല.. അമ്പുകള്‍ അദ്ദേഹത്തെ ലക്ഷ്യം വെച്ച് ചീറിപ്പാഞ്ഞു…അതിനിടയില്‍ ഒരു ഖുറൈശി നേതാവ് അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: ഈ സ്ഥാനത്ത് മുഹമ്മദും നീ സുരക്ഷിതനായി വീട്ടിലും ഇരിക്കണമെന്ന് കരുതുന്നുണ്ടോ?.. അതുവരെ മൗനിയായി കാണപ്പെട്ട അദ്ദേഹം മൗനം ഭഞ്ജിച്ചുകൊണ്ട് ദൃഢസ്വരത്തില്‍ പ്രതികരിച്ചു: ‘ ഭാര്യാസന്താനങ്ങളുടെ കൂടെ ഞാന്‍ സുഖ ജീവിതം നയിച്ചുകൊണ്ട് നബിക്ക് ഒരു മുള്ള് തറക്കുന്നതുപോലും എനിക്ക് അസഹ്യമാണ്’.

ഖുബൈബിന്റെ ധീരമായ പ്രഖ്യാപനം കേട്ട് അസ്വസ്ഥനായിരിക്കെ ശത്രുപക്ഷത്തായിരുന്ന അബൂസുഫയാന്‍ അറിയാതെ പറഞ്ഞുപോയി. ‘ദൈവം സത്യം, മുഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ സ്നേഹിക്കുന്നതു പോലെ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല!’.

ഖുബൈബിനെ തൂക്കിലേറ്റുമ്പോള്‍ അദ്ദേഹം ദൃഷ്ടിഉയര്‍ത്തി പ്രാര്‍ഥിച്ചു. ‘അല്ലാഹുവേ!, നിന്റെ ദൂതന്റെ ദൗത്യം ഞാന്‍ പ്രചരിപ്പിച്ചു. അതുകൊണ്ട് എന്റെ അവസ്ഥ നീ അദ്ദേഹത്തെ അറിയിക്കേണമേ!’ ..പ്രവാചകന് തന്റെ ശിഷ്യന്മാര്‍ ഇത്തരത്തില്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന വിവരം ലഭിക്കുകയും ഉടനെ മിഖ്ദാദു ബ്‌നു അംറിനെയും സുബൈറുബ്‌നുല്‍ അവ്വാമിനെയും വിളിച്ചു പുറപ്പെടാന്‍ ആഹ്വാനം നല്‍കുകയും ചെയ്തു. കുതിരപ്പുറത്ത് സഹപ്രവര്‍ത്തകരെ അന്വേഷിച്ച് യാത്ര പുറപ്പെട്ട അവര്‍ ലക്ഷ്യസ്ഥാനത്തെത്തുകയും ഖുബൈബിന്റെ മൃതദേഹം തൂക്കുമരത്തില്‍ നിന്നിറക്കി നിറകണ്ണുകളോടെ മറമാടുകയും ചെയ്തു…..

Related Articles