History

ഒരു ധിക്കാരത്തിന്റെ അന്ത്യം

ആദ് ഗോത്രത്തിന്റെ പതന ശേഷം, ഥമൂദ് ഗോത്രമാണ് ശക്തിയും പ്രതാപവുമാര്‍ജ്ജിച്ചത്. അവരും വിഗ്രഹാരാധനയില്‍ പതിക്കുകയായിരുന്നു. സാമ്പത്തിക വളര്‍ച്ചയിലെന്ന പോലെ, കുറ്റകൃത്യങ്ങളിലും അവര്‍ മുന്നിലായിരുന്നു. ധാര്‍മ്മികമായി തകര്‍ച്ചയിലും. ആദ് ജനതയെ പോലെ, തുറസ്സായ സ്ഥലങ്ങളില്‍ വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും കുന്നുകളിന്മേല്‍ മനോഹരമായ ഭവനങ്ങള്‍ കൊത്തിയുണ്ടാക്കുകയും ചെയ്തിരുന്നു അവര്‍. അധര്‍മ്മകാരികളുടെ ഭരണം നിമിത്തം, നാട്ടില്‍ നിഷ്ഠൂരവാഴ്ചയും പീഡനവും നിലകൊണ്ടു.

അതിനാല്‍, അവരില്‍ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ അല്ലാഹു അവര്‍ക്ക് നിയോഗിക്കുകയായിരുന്നു. നൂഹ് നബിയുടെ പുത്രന്‍ ഇറമിന്റെ പരമ്പരയില്‍ പെട്ട സാലിഹ് ബ്‌നു ഉബൈദായിരുന്നു അത്. അല്ലാഹുവിനെ മാത്രം ആരാധിക്കാനും, അവനോട് മറ്റാരെയും പങ്ക് ചേര്‍ക്കാതിരിക്കാനും അദ്ദേഹം അവരോട് ഉദ്‌ബോധിപ്പിച്ചു. കുറച്ചു പേര്‍ അദ്ദേഹത്തില്‍ വിശ്വസിച്ചപ്പോള്‍ ഭൂരിഭാഗവും അവിശ്വസിക്കുകയായിരുന്നു. മാത്രമല്ല, വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും അദ്ദേഹത്തെ ഉപദ്രവിക്കുകയും ചെയ്തു. സാലിഹ് അവരോട് പറഞ്ഞു: ‘എന്റെ ജനമേ, അല്ലാഹുവിന്ന് ഇബാദത്തു ചെയ്യുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ ദൈവമില്ല.’ (11:61)

ജ്ഞാനം, വിശുദ്ധി, നന്മ എന്നീ കാര്യങ്ങളില്‍ പ്രസിദ്ധനായിരുന്ന അദ്ദേഹം, ദിവ്യസന്ദേശം ലഭിക്കുന്നതിന്നു മുമ്പ് ജനങ്ങളാല്‍ ആദരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: ‘ഹേ സ്വാലിഹ്, ഇതിനു മുമ്പ് ഞങ്ങൡ വളരെ   അഭികാമ്യനായിരുന്നുവല്ലോ നീ. നമ്മുടെ പൂര്‍വികര്‍ ആരാധിച്ചുകൊണ്ടിരുന്ന ദൈവങ്ങളെ നാം ആരാധിക്കുന്നത് വിലക്കുകയാണോ നീയിപ്പോള്‍? നീ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സംഗതികളെപ്പറ്റി ഞങ്ങള്‍ വളരെ സങ്കീര്‍ണമായ സന്ദേഹത്തിലാകുന്നു.’ (11:62)

പൂര്‍വികരുടെ ആരാധ്യ വസ്തുക്കളെ, യാതൊരു യുക്തിയും തെളിവും ആലോചനയുമില്ലാതെ, ആരാധിക്കാനായിരുന്നു അവര്‍ ഇഷ്ടപ്പെട്ടത്. സാലിഹിന്റെ സന്ദേശത്തിന്റെ തെളിവ് വ്യക്തമായിരുന്നെങ്കിലും, അവരില്‍ സിംഹ ഭാഗവും അവിശ്വസിക്കുകയായിരുന്നു. അദ്ദേഹം തങ്ങളെ മയക്കുകയാണെന്നാണവര്‍ക്ക് തോന്നിയത്. അദ്ദേഹം പ്രസംഗം തുടരുകയും അനുയായികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍, താന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്നതിന്ന് ഒരമാനുഷിക തെളിവ് ഹാജറാക്കാന്‍ ഏല്‍പിച്ചു കൊണ്ട്, അവര്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. അതെ, കുന്നുകളിന്മേല്‍ നിന്ന് ഒരു വിശിഷ്ട ഒട്ടകം പുറത്ത് കൊണ്ടുവരണം.

അല്ലാഹു ഈ അമാനുഷിക ദൃഷ്ടാന്തം അദ്ദേഹത്തിന്നു നല്‍കുകയായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: ഒരു ദിവസം, തങ്ങളുടെ സംഗമ സ്ഥലത്ത് അവര്‍ സമ്മേളിച്ചപ്പോള്‍, സാലിഹ് അവിടെ എത്തി, അല്ലാഹുവില്‍ വിശ്വസിക്കാനാഹ്വാനം ചെയ്തു. തങ്ങള്‍ക്ക് ലഭിച്ച ദൈവികാനുഗ്രഹങ്ങളെ കുറിച്ച് അവരെ അനുസ്മരിപ്പിക്കുകയും ചെയ്തു. അപ്പോള്‍, പാറയുടെ ഭാഗത്തേക്ക് ചൂണ്ടി അവര്‍ അവശ്യപ്പെട്ടു, 10 മാസം ഗര്‍ഭമുള്ളതും, നീണ്ടതും ആകര്‍ഷണീയവുമായ ഒരു പെണ്ണൊട്ടകത്തെ, ഈ പാറയില്‍ നിന്ന് ഞങ്ങള്‍ക്ക് സൃഷ്ടിച്ചു തരാന്‍, നിന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുക, എന്ന്.

സാലിഹ്: നോക്കു! നിങ്ങള്‍ ആവശ്യപ്പെട്ടത്, പറഞ്ഞ രൂപത്തില്‍, അല്ലാഹു അയച്ചു തരികയാണെങ്കില്‍, ഞാന്‍ കൊണ്ടു വന്ന സന്ദേശത്തില്‍ നിങ്ങള്‍ വിശ്വസിക്കുമോ?

അവര്‍: അതെ.

അവരോട് പ്രതിജ്ഞ വാങ്ങിയ ശേഷം, അദ്ദേഹം തദാവശ്യാര്‍ത്ഥം അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. അല്ലാഹുവിന്റെ കല്‍പന പ്രകാരം, പാറ പിളരുകയും അവര്‍ പറഞ്ഞ ഗുണങ്ങളുള്ള ഒരു പെണ്ണൊട്ടകം പുറത്തു വരികയും ചെയ്തു. അവര്‍ അമ്പരന്നു. അത്ഭുതം! വ്യക്തമായ ദൃഷ്ടാന്തം!
അതോടെ കുറെയാളുകള്‍ വിശ്വസിച്ചു. പക്ഷെ, ഭൂരിഭാഗവും തങ്ങളുടെ അവിശ്വാസവും ദുര്‍വാശിയും വഴികേടും തുടരുകയായിരുന്നു. അല്ലാഹു പറയുന്നു:

(നോക്കൂ) ഥമൂദിനു നാം പ്രത്യക്ഷ ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കി. എിന്നിട്ട് അവര്‍ അതിനോട് അക്രമം പ്രവര്‍ത്തിച്ചു (17: 59)

വീണ്ടും പറയുന്നു:
ഹിജ്‌റിലെ ജനവും ദൈവദൂതന്മാരെ നിഷേധിച്ചു. നാം നമ്മുടെ  സൂക്തങ്ങള്‍ അവരുടെ അടുക്കലേക്കയച്ചു; ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്തു. പക്ഷേ, അവരൊക്കെയും അത് അവഗണിച്ചുകൊണ്ടേയിരുന്നു. (15: 80-81)

ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ പ്രാചീന പണ്ഡിതന്മാര്‍ പല കാര്യങ്ങളും വിവരിച്ചിട്ടുണ്ട്. അതിന്റെ പിന്നില്‍ ഒരു കുഞ്ഞുമുണ്ടായിരുന്നുവെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഒറ്റ ദിവസം കൊണ്ട് കിണറുകളിലെ വെള്ളം മുഴുവന്‍ അത് കുടിച്ചു തീര്‍ത്തുവെന്നും, മറ്റു മൃഗങ്ങള്‍ക്കൊന്നും കിണറിന്നടുത്തെത്താന്‍ സാധിച്ചിരുന്നില്ലെന്നും മറ്റൊരു വിഭാഗം പറയുന്നു. എന്നാല്‍, ഇങ്ങനെ വെള്ളം കുടിച്ചു തീര്‍ത്ത അതേ ദിവസം, എല്ലാവര്‍ക്കും മതിയായ പാല്‍ അത് ഉല്‍പാദിപ്പിച്ചിരുന്നുവെന്നാണ് മൂന്നാമതൊരു വിഭാഗം പറയുന്നത്.

പാറയില്‍ നിന്നു പുറത്തു വന്ന ഒട്ടകം, ഥമൂദ് ജനതയെ അമ്പരപ്പിച്ചിരുന്നു. അതൊരു അനുഗ്രഹീത ഒട്ടകം തന്നെയായിരുന്നു. ആയിരക്കണക്കില്‍ സ്ത്രീ പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും മതിയായ പാല്‍ ചുരത്തുന്ന ഒരൊട്ടകം. അത് ഒരിടത്തു ഉറങ്ങുകയാണെങ്കില്‍ മറ്റു മൃഗങ്ങള്‍ അവിടം വിടും. അതിനാല്‍ അതൊരു സാധാരണ ഒട്ടകമല്ല. പ്രത്യുത, ഒരു ദൈവിക ദൃഷ്ടാന്തമായിരുന്നുവെന്നത് വ്യക്തം. സാലിഹിന്റെ ജനതക്കിടയിലായിരുന്നു അത് കഴിഞ്ഞത്. അതിനാല്‍, അവരില്‍ ചിലര്‍ വിശ്വസിച്ചു. പക്ഷെ, ഭൂരിഭാഗവും അവിശ്വാസവും ദുര്‍വാശിയും തുടരുകയായിരുന്നു.

സാലിഹിനോടുള്ള വിരോധം ഒട്ടകത്തിലേക്ക് തിരിയുകയും അതില്‍ കേന്ദ്രീകരിക്കപ്പെടുകയുമായിരുന്നു. അവര്‍ ഒട്ടകത്തിനെതിരെ ഗൂഡാലോചന നടത്തി. അവര്‍ ഒട്ടകത്തെ കൊന്നു കളയുമോ എനന് ഭയന്ന സാലിഹ് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി:
‘എന്റെ ജനമേ, നോക്കുക, അല്ലാഹുവിന്റെ ഈ ഒട്ടകം നിങ്ങള്‍ക്ക് ദൃഷ്ടാന്തമാകുന്നു. അല്ലാഹുവിന്റെ ഭൂമിയില്‍ മേയുന്നതിന് അതിനെ സ്വതന്ത്രമായി വിട്ടേക്കണം. അശേഷം ഉപദ്രവിക്കരുത്. അല്ലെങ്കില്‍ അധികം താമസിയാതെ നിങ്ങളെ ദൈവികമായ ശിക്ഷ ബാധിക്കും.’ (11: 64)

കുറച്ചു കാലം, അതിനെ മേയാനും വെള്ളം കുടിക്കാനും സ്വതന്ത്രമായി വിട്ട അവര്‍, യഥാര്‍ത്ഥത്തില്‍, അതിനെ വെറുക്കുകയായിരുന്നു. പക്ഷെ, ഈ അത്ഭുതം കണ്ട് വിശ്വസിച്ചവര്‍, ദൈവവിശ്വാസം മുറുകെ പിടിക്കുകയായിരുന്നു. അസാധാരണമായ ഈ വലിയ ഒട്ടകം, വെള്ളം കുടിച്ചു തീര്‍ക്കുകയും തങ്ങളുടെ കാലികളെ ഭയപ്പെടുത്തുകയുമാണെന്ന് അവിശ്വാസികള്‍ ആക്ഷേപിക്കാന്‍ തുടങ്ങി.

ഒട്ടകത്തെ കൊന്നു കളയാന്‍ അവര്‍ ഉപജാപം നടത്തി. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്ന്, പുരുഷന്മാരെ േ്രപരിപ്പിക്കാന്‍ സ്ത്രീകളുടെ സഹകരണം അവര്‍ തേടി. സമ്പന്നയും കുലീനയുമായ സദൂഖ് ബിന്‍ത് മഹ്‌യ എന്ന യുവതി, മസ്‌റായ് ബിന്‍ മഹ്‌റജ് എന്ന യുവാവിന്ന് സ്വയം അര്‍പിച്ചു കൊണ്ടായിരുന്നു സഹകരിച്ചത്. മസ്‌റായ്, പകരമായി ഒട്ടകത്തെ വധിക്കണമെന്നായിരുന്നു വ്യവസ്ഥ. സുന്ദരികളായ, തന്റെ നാലു പുത്രിമാരില്‍ ഇഷ്ടപ്പെട്ടവളെ, ഖാദര്‍ ബിന്‍ സലൂഫ് എന്ന യുവാവിന്ന് സമര്‍പ്പിച്ചു കൊണ്ടായിരുന്നു, അനീസ എന്ന വൃദ്ധയുടെ സഹകരണം. ഇയാളും ചെയ്യേണ്ടത് ഒട്ടകത്തെ വധിക്കുക തന്നെ. സ്വാഭാവികമായും, ഈ യുവാക്കള്‍ പ്രചോദിതരായിത്തീരുകയും, സഹായാര്‍ത്ഥം മറ്റു ഏഴുപേരെ കണ്ടെത്തുകയും ചെയ്തു.

അവര്‍ ഒട്ടകത്തിന്റെ തൊട്ടടുത്ത് ചെന്നു അതിനെ ശ്രദ്ധിക്കുകയും ചലനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. വെള്ളം കുടിക്കാനെത്തിയ ഒട്ടകത്തിന്റെ കാലിന്ന് മസ്‌റായ് അമ്പെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അമ്പ് കാരണം അതിന്നു സാധിച്ചില്ല. അതിനെ പിന്തുടര്‍ന്ന ഖാദറാകട്ടെ, മറ്റേ കാല്‍ വെട്ടിക്കളഞ്ഞു. നിലത്തു വീണ അതിനെ അയാള്‍ കൊല്ലുകയായിരുന്നു.

ജേതാക്കളുടെ വരവേല്‍പായിരുന്നു ജനങ്ങളില്‍ നിന്ന് ഘാതകര്‍ക്ക് ലഭിച്ചത്. അവരെ ആദരിച്ചു കൊണ്ട് കവിതകളും ഗാനങ്ങളും ആലപിക്കപ്പെട്ടു. അഹങ്കാരത്തോടെ, സാലിഹിനെ അവര്‍ പരിഹസിച്ചു. ‘അപ്പോള്‍ സ്വാലിഹ് അവര്‍ക്കു മുന്നറിയിപ്പു നല്‍കി: ‘ഇനി മൂന്നു ദിവസം മാത്രം സ്വവസതികളില്‍ കഴിഞ്ഞുകൊള്ളുക. ഒട്ടും തെറ്റിപ്പോകാത്ത ഒരു സമയ നിര്‍ണയമാണിത്.’ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ പ്രവൃത്തി വിഡ്ഡിത്തമാണെന്നവര്‍ മനസ്സിലാക്കുകയും അങ്ങനെ നിലപാട് മാറ്റുകയും ചെയ്യുമെന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചത്. പക്ഷെ, എന്തിന്ന് മൂന്നു ദിവസം കാത്തിരിക്കണമെന്നും ശിക്ഷ ഉടന്‍ വന്നു കൊള്ളട്ടെ എന്നുമായിരുന്നു അവരുടെ പ്രതികരണം.

‘സ്വാലിഹ് പറഞ്ഞു: ‘എന്റെ ജനമേ, നന്മക്കു മുമ്പ് തിന്മക്കു വേണ്ടി ബദ്ധപ്പെടുന്നതെന്തിന്? അല്ലാഹുവിനോട് മാപ്പുതേടിക്കൂടേ? നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചെങ്കിലോ?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ നിന്നെയും നിന്റെ കൂട്ടാളികളെയും അവലക്ഷണമായിട്ടത്രെ കാണുന്നത്.'(27: 46-47)

അല്ലാഹു അവരുടെ കഥ വിവരിക്കുന്നതിങ്ങനെ:
സമൂദ് വര്‍ഗത്തിലേക്കു നാം അവരുടെ സഹോദരന്‍ സ്വാലിഹിനെ, അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍ എന്ന സന്ദേശവുമായി അയച്ചു. അപ്പോഴതാ അവര്‍ രണ്ട് കക്ഷികളായി തര്‍ക്കിക്കുന്നു. സ്വാലിഹ് പറഞ്ഞു: ‘എന്റെ ജനമേ, നന്മക്കു മുമ്പ് തിന്മക്കു വേണ്ടി ബദ്ധപ്പെടുന്നതെന്തിന്? അല്ലാഹുവിനോട് മാപ്പുതേടിക്കൂടേ? നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചെങ്കിലോ?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ നിന്നയെും നിന്റെ കൂട്ടാളികളെയും അവലക്ഷണമായിട്ടത്രെ കാണുന്നത്.’ സ്വാലിഹ് മറുപടി പറഞ്ഞു: ‘നിങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഉറവിടം അല്ലാഹുവിങ്കലാകുന്നു. നിങ്ങള്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാകുന്നു എന്നതത്രെ സംഗതി.’
 നാട്ടില്‍ നാശം പരത്തുന്നവരും യാതൊരു സംസ്‌കരണ പ്രവര്‍ത്തനവും നടത്താത്തവരുമായ ഒമ്പത് സംഘം ആ നഗരത്തിലുണ്ടായിരുന്നു. അവര്‍ പരസ്പരം പറഞ്ഞു: ‘നിങ്ങള്‍ ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുക. സ്വാലിഹിനെയും അവന്റെ വീട്ടുകാരെയും നമ്മള്‍ പാതിരാക്കൊല ചെയ്യും. എന്നിട്ട് അവന്റെ രക്ഷാധികാരിയോട് പറയും: സ്വാലിഹ്കുടുംബത്തെ നശിപ്പിക്കുന്നതില്‍ ഞങ്ങളുണ്ടായിരുന്നില്ല. ഞങ്ങള്‍ തികച്ചും സത്യമാണ് പറയുന്നത്.’ ഈ സൂത്രം അവര്‍ പ്രയോഗിച്ചു. ഒരു സൂത്രം നമ്മളും പ്രയോഗിച്ചു. അതവരറിയുന്നുണ്ടായിരുന്നില്ല. നോക്കൂ, അവരുടെ സൂത്രപ്രയോഗത്തിന്റെ പരിണതി എന്തായിരുന്നുവെന്ന്. അവരെയും അവരുടെ സമൂഹത്തെ മുഴുക്കെയും നാം തകര്‍ത്തുകളഞ്ഞു. അവരനുവര്‍ത്തിച്ചുകൊണ്ടിരുന്ന അധര്‍മങ്ങളുടെ ഫലമായി അവരുടെ വീടുകളൊക്കെയും അതാ ജനശൂന്യമായിക്കിടക്കുന്നു. ഇതില്‍ അറിവുള്ള ജനത്തിന് ദൃഷ്ടാന്തമുണ്ട്. വിശ്വാസം കൈക്കൊള്ളുകയും ധിക്കാരത്തെ സൂക്ഷിക്കുകയും ചെയ്ത ജനത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. (27: 45-53)

സാലിഹിനെയും കുടുംബത്തെയും അവര്‍ നശിപ്പിക്കാന്‍ ഗൂഡോലോചന നടത്തി. പക്ഷെ, ഫലം?
‘ഈ സൂത്രം അവര്‍ പ്രയോഗിച്ചു. ഒരു സൂത്രം നമ്മളും പ്രയോഗിച്ചു. അതവരറിയുന്നുണ്ടായിരുന്നില്ല. നോക്കൂ, അവരുടെ സൂത്രപ്രയോഗത്തിന്റെ പരിണതി എന്തായിരുന്നുവെന്ന്. അവരെയും അവരുടെ സമൂഹത്തെ മുഴുക്കെയും നാം തകര്‍ത്തുകളഞ്ഞു. അവരനുവര്‍ത്തിച്ചുകൊണ്ടിരുന്ന അധര്‍മങ്ങളുടെ ഫലമായി അവരുടെ വീടുകളൊക്കെയും അതാ ജനശൂന്യമായിക്കിടക്കുന്നു.’

സാലിഹും അനുയായികളും കനത്ത ഹൃദയങ്ങളോടെ, പാപികളുടെ നാട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് പോയി. സാലിഹിന്റെ മുന്നറിയിപ്പ് അവധി കഴിഞ്ഞു. അന്തരീക്ഷം ഇടികളാല്‍ നിറഞ്ഞു. തുടര്‍ന്ന് ഗോരമായ ഭൂകമ്പവും. അതോടെ, ആ ഗോത്രവും അവരുടെ ഭവനങ്ങളും നിലം പരിശായി. തങ്ങളുടെ സുശക്തമായ കെട്ടിടങ്ങളോ, പാറയില്‍ കൊത്തിയെടുത്ത മനോഹര ഹര്‍മ്യങ്ങളോ അവരുടെ രക്ഷക്കെത്തിയില്ല. അല്ലാഹു പറയുന്നു:

സമൂദ് സമുദായത്തിലേക്കു നാം അവരുടെ സഹോദരന്‍ സ്വാലിഹിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: ‘എന്റെ ജനമേ, അല്ലാഹുവിനു ഇബാദത്തുചെയ്യുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ദൈവമില്ലതന്നെ. നിങ്ങളുടെ നാഥങ്കല്‍നിന്ന് സുവ്യക്തമായ പ്രമാണം സമാഗതമായിരിക്കുന്നു. അല്ലാഹുവിന്റെ ഈ ഒട്ടകം നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാകുന്നു. അതിനാല്‍ അതിനെ വിേട്ടക്കുവിന്‍, അത് അല്ലാഹുവിന്റെ ഭൂമിയില്‍ മേഞ്ഞുകൊള്ളട്ടെ. നിങ്ങളതിനെ ദുരുദ്ദേശ്യത്തോടെ തൊട്ടുപോകരുത്. അതിനെ ദ്രോഹിച്ചാല്‍ നിങ്ങളെ നോവേറിയ ശിക്ഷ ബാധിക്കും. ആദ് സമുദായത്തിനുശേഷം അവന്‍ നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചത് ഓര്‍ക്കുവിന്‍. ഭൂമിയില്‍ നിങ്ങള്‍ക്ക് ഈ അധിവാസ സൗകര്യം പ്രദാനംചെയ്തു. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ ഉന്നത സൗധങ്ങള്‍ പണിയുന്നു. അതിലെ പര്‍വതങ്ങള്‍ തുരന്നു ഭവനങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ ശക്തിയുടെ അടയാളങ്ങളെക്കുറിച്ച് അശ്രദ്ധരാവാതിരിക്കുവിന്‍. ഭൂമിയില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍.’

അദ്ദേഹത്തിന്റെ ജനത്തിലെ ഗര്‍വിഷ്ഠരായ പ്രമാണിമാര്‍, അവരിലെ അവശ വിഭാഗത്തിലെ വിശ്വാസികളോടു പറഞ്ഞു: ‘സ്വാലിഹ് അവന്റെ റബ്ബിനാല്‍ നിയുക്തനെന്നു സത്യത്തില്‍ നിങ്ങള്‍ അറിയുന്നുവോ?’ അവര്‍ മറുപടി കൊടുത്തു: ‘നിസ്സംശയം, അദ്ദേഹം നിയുക്തനായിട്ടുള്ളത് ഏതൊരു സന്ദേശവുംകൊണ്ടാണോ, അതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.’ ആ ഗര്‍വിഷ്ഠന്മാര്‍ പറഞ്ഞു: ‘നിങ്ങള്‍ വിശ്വസിക്കുന്നതെന്തോ, അതിനെ ഞങ്ങള്‍ അവിശ്വസിക്കുന്നു.’

അങ്ങനെ അവര്‍ ആ ഒട്ടകത്തെ കൊന്നുകളഞ്ഞു. അവര്‍ റബ്ബിന്റെ ശാസനയെ ധാര്‍ഷ്ട്യപൂര്‍വം ധിക്കരിക്കുകയും ചെയ്തു. സ്വാലിഹിനോട് അവര്‍ പറഞ്ഞു: ‘നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങു കൊണ്ടുവരൂ-നീ സത്യത്തില്‍ ദൈവദൂതന്മാരില്‍ പെട്ടവനാണെങ്കില്‍. അവസാനം കിടിലംകൊള്ളിക്കുന്ന ഒരു വിപത്ത് അവരെ ബാധിച്ചു. അവര്‍ സ്വവസതികളില്‍ ചേതനയറ്റു വീണുകിടന്നു. സ്വാലിഹോ, ഇപ്രകാരം പറഞ്ഞുകൊണ്ട് ആ നാടു വിട്ടുപോയി: ‘എന്റെ ജനമേ, എന്റെ റബ്ബിന്റെ സന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരുന്നു. ഞാന്‍ നിങ്ങളോട് ഏറെ ഗുണകാംക്ഷയുള്ളവനുമായി. പക്ഷേ, എന്തുചെയ്യാം! നിങ്ങള്‍ ഗുണകാംക്ഷികളെ ഒട്ടും ഇഷ്ടപ്പെട്ടില്ല.'(7:73-79)

എന്താണ് സംഭവുച്ചതെന്നറിയുന്നതിന്നു മുമ്പ് എല്ലാം കഴിഞ്ഞിരുന്നു. മുമ്പ് തന്നെ സ്ഥലം വിട്ട സാലിഹിന്റെ അനുയായികള്‍ രക്ഷപ്പെടുകയും ചെയ്തു. തബൂക്ക് യുദ്ധത്തിന്നു പോകവെ, തിരു നബി(സ)യും അനുയായികളും ഈ സ്ഥലത്തെത്തിയ സംഭവം ഇബ്‌നു ഉമര്‍ വിവരിക്കുന്നുണ്ട്. ഥമൂദുകാര്‍ വെള്ളം കുടിക്കാറുണ്ടായിരുന്ന കിണറ്റില്‍ നിന്ന് സഹാബികള്‍, തങ്ങളുടെ തോല്‍ പാത്രം നിറച്ചു. മാവു കുഴക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. പക്ഷെ, വെള്ളം ഒഴിച്ചു കളയാനും മാവ് ഒട്ടകങ്ങള്‍ക്ക് നല്‍കാനുമായിരുന്നു നബി(സ)യുടെ കല്‍പന. പിന്നെ, സാലിഹിന്റെ ഒട്ടകം വെള്ളം കുടിച്ചിരുന്ന കിണറിന്നടുത്തെത്തി. ശിക്ഷാവിധേയരായ ഥമൂദിന്റെയടുത്ത് പോകരുതെന്നും, അവര്‍ക്ക് ലഭിച്ച ശിക്ഷ നിങ്ങള്‍ക്കു ലഭിച്ചേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും അനുയായികളോട് അവിടുന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

വിവ : കെ.എ. ഖാദര്‍ ഫൈസി

Facebook Comments
Show More

Related Articles

Check Also

Close
Close
Close