Current Date

Search
Close this search box.
Search
Close this search box.

ഐറിഷുകാരുടെ പട്ടിണി മാറ്റിയ ഖലീഫ

1845-ലെ കൊടും പട്ടിണി കാലം ആഴത്തിലുള്ള മായാത്ത മുറിവായി അയല്‍ലാണ്ടിന്റെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതില്‍ അന്നത്തെ ബ്രിട്ടീഷ് നയങ്ങളുടെ പങ്ക് വളരെ വലുതായിരുന്നു എന്നാണ് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നത്. പട്ടിണി മൂലം ഐറിഷ് ജനസംഖ്യ എട്ട് ദശലക്ഷത്തില്‍ നിന്നും ആറ് ദശലക്ഷത്തിലേക്ക് കൂപ്പുകുത്തി. ഒരുപാട് പേര്‍ അമേരിക്കയിലേക്കും മറ്റും പലായനം ചെയ്തു.

1847 ആവുമ്പോഴേക്കും അവസ്ഥ കൂടുതല്‍ പരിതാപകരമായി മാറി. സഹായം തേടികൊണ്ട് അയര്‍ലാണ്ടില്‍ നിന്നുമുയര്‍ന്ന ദയനീയമായ നിലവിളി ലോകം മുഴുവന്‍ കേള്‍ക്കുമാറുച്ചത്തിലായപ്പോഴും, ചില നയതന്ത്ര കാരണങ്ങള്‍ മൂലം ലോകം മനപ്പൂര്‍വ്വം ആ നിലവിളി കേട്ടില്ലെന്ന് നടിച്ചു. കാരണം അന്നത്തെ ഗ്രേറ്റ് ബ്രിട്ടന്റെ ശത്രുത സമ്പാദിക്കാന്‍ ആരും ഒരുക്കമായിരുന്നില്ല.

പക്ഷെ അയര്‍ലാണ്ടില്‍ നിന്നും 4000 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന തുര്‍ക്കിയില്‍ നിന്നും ഒരാള്‍ അവരുടെ വിളി കേട്ടു. ഉഥ്മാനിയ സാമ്രാജ്യത്തിന്റെ അധിപന്‍ ഖലീഫാ അബ്ദുല്‍ മജീദ് ഒന്നാമനായിരുന്നു അയര്‍ലാണ്ടുകാരുടെ വിളിക്ക് ഉത്തരം നല്‍കിയ വീരപുരുഷന്‍. തുര്‍ക്കി അന്ന് വലിയ ക്ഷാമകാലം നേരിട്ടു കൊണ്ടിരിക്കുന്ന സമയാണ്, സുല്‍ത്താന്‍ അബ്ദുല്‍ മജീദാകട്ടെ രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലും. അപ്പോഴാണ് അയര്‍ലാണ്ടുകാരനായ തന്റെ ഡോക്ടറുടെ കുടുംബം മുഴുവന്‍ പട്ടിണിബാധിച്ച് മരണപ്പെട്ട വിവരം സുല്‍ത്താന്‍ അദ്ദേഹത്തില്‍ നിന്നും അറിയാന്‍ ഇടയായത്. തുടര്‍ന്ന് അയര്‍ലാണ്ടിന് അന്നത്തെ 10,000 സറ്റെര്‍ലിംഗ് (ഇന്നത്തെ 1 മില്ല്യന്‍ യൂറോ) സഹായധനം നല്‍കാന്‍ സുല്‍ത്താന്‍ തീരുമാനത്തിലെത്തി. പക്ഷെ ആ സമയത്താണ് സുല്‍ത്താന്റെ തീരുമാനത്തിന് ഇടങ്കോലിട്ടു കൊണ്ട് ബ്രിട്ടീഷ് രാജ്ഞി എഴുന്നെള്ളിയത്. താന്‍ ആകെ 2000 സ്‌റ്റെര്‍ലിംഗ് ആണ് അയര്‍ലാണ്ടിന് നല്‍കിയതെന്നും, തന്റെ പേരിനും പെരുമക്കും കളങ്കമേല്‍ക്കുമെന്നതിനാല്‍ സുല്‍ത്താന്‍ 1000 സ്റ്റെര്‍ലിംഗായി ധനസഹായം ചുരുക്കണമെന്നും ബ്രിട്ടീഷ് രാജ്ഞി സുല്‍ത്താനോട് അപേക്ഷിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ അപേക്ഷ സുല്‍ത്താന്‍ മാനിച്ചുവെങ്കിലും, 1000 സ്റ്റെര്‍ലിംഗ് കൊണ്ട് ഒന്നു ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം 1000 സ്റ്റെര്‍ലിംഗ് കൂടാതെ ഭക്ഷണസാധനങ്ങളും മറ്റു സഹായങ്ങളും നിറച്ച് കൊണ്ടുള്ള മൂന്ന് കപ്പലുകള്‍ അയര്‍ലാണ്ടിലേക്ക് അയച്ചു. എന്നാല്‍ കോര്‍ക്ക് സിറ്റി, ബെല്‍ഫാസ്റ്റ് എന്നീ ഐറിഷ് തുറമുഖങ്ങളില്‍ അടുക്കാന്‍ തുര്‍ക്കിഷ് കപ്പലുകളെ ബ്രിട്ടീഷ് രാജ്ഞി അനുവദിച്ചില്ല. പക്ഷെ അവസാനം തുര്‍ക്കിഷ് കപ്പലുകള്‍ വളരെ രഹസ്യമായി ദ്രൊഗേഡ എന്ന ചെറിയ ഐറിഷ് തുറമുഖത്ത് അടുപ്പിക്കുകയും ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

രാഷ്ട്രീയപരമായ തടസ്സങ്ങളെയും, ദീര്‍ഘദൂരത്തെയും അവഗണിച്ച് അയര്‍ലാണ്ടുകാര്‍ക്ക് ഭക്ഷണം നല്‍കാനും, അവരുടെ വേദനക്ക് ശമനം നല്‍കാനും ഉഥ്മാനിയ സാമ്രാജ്യവും അതിന്റെ ഖലീഫയും നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ടതു തന്നെയാണ്. രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദ്ബന്ധത്തിനുള്ള ചരിത്രസാക്ഷ്യം മാത്രമല്ല അത്, മറിച്ച് ഭാഷ, വംശം, മതം എന്നീ വ്യത്യസ്തതകള്‍ മാനുഷിക ഇടപെടലിനും പരസ്പരസഹായത്തിനും തടസ്സമല്ലെന്നതിനുള്ള ഒരു മികച്ച ഉദാഹരണം കൂടിയാണിത്.

ഉഥ്മാനിയ സാമ്രാജ്യം തങ്ങള്‍ക്ക് നല്‍കിയ സഹായത്തിന്റെ ഓര്‍മക്കായി ദ്രൊഗേഡ എന്ന ആ തുറമുഖ പട്ടണം തങ്ങളുടെ കോട്ട് ഓഫ് ആംമ്‌സില്‍ ഉഥ്മാനിയ സാമ്രാജ്യത്തിന്റെ ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്തു. കൂടാതെ അവരുടെ ഫുട്ബാള്‍ ക്ലബിന്റെ ചിഹ്നത്തിലും ചന്ദ്രക്കലയും നക്ഷത്രവും ഇന്നും അവര്‍ കാത്തു സൂക്ഷിക്കുന്നുണ്ട്.

ഐറിഷ് കൊടും പട്ടിണി കാലത്തെയും, ഉഥ്മാനിയ സാമ്രാജ്യത്തിന്റെ ഖലീഫ അബ്ദുല്‍ മജീദ് ഒന്നാമന്റെ ധീരമായ ഇടപെടലിനെയും ആസ്പദമാക്കി നോറിന മക്കായ്-യുമായി ചേര്‍ന്ന് തിരക്കഥയെഴുതി ഒമര്‍ സരിക്കായ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഫാമിന്‍’. 2016-ല്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും യൂനിസെഫിന് സംഭാവന ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ സരിക്കായ പ്രഖ്യാപിച്ചു കഴിഞ്ഞു.

Related Articles