Current Date

Search
Close this search box.
Search
Close this search box.

എങ്ങനെയാണ് ചരിത്രത്തെ വായിക്കേണ്ടത്

book.jpg

ചരിത്രത്തിന്റെ വായനയിലും ഗവേഷണത്തിലും കുറച്ചു കാലം ചെലവഴിച്ച ഒരാളെന്ന നിലയില്‍ ആ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഈ രംഗത്തേക്ക് പുതുതായി കാലെടുത്തു വെക്കുന്നവര്‍ക്ക് മുന്നില്‍ ചില നിര്‍ദേശങ്ങള്‍ വെക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചരിത്രത്തെ വായിക്കേണ്ടത് എങ്ങനെയായിരിക്കണം എന്നതാണ് അതിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

ചരിത്രം വായിക്കുന്ന ഒരാള്‍ അതിലൂടെ തനിക്ക് ലഭിക്കുന്ന ലഭിക്കുന്ന വലിയ ഫലങ്ങളെ കുറിച്ച് ബോധവാനായിരിക്കേണ്ടത് അനിവാര്യമാണ്. അതിലൂടെ വായനക്കാരന്‍ തന്റെ അനുഭവങ്ങളുടെ കൂട്ടത്തിലേക്ക് ലക്ഷക്കണക്കിനാളുകളുടെയും ആയിരക്കണക്കിന് വര്‍ഷങ്ങളുടെയും അനുഭവങ്ങളെ ചേര്‍ത്തു വെക്കുകയാണ് ചെയ്യുന്നത്. ചരിത്രത്തില്‍ സംഭവിച്ച ശരികളുടെയും തെറ്റുകളുടെയും അനുഭവങ്ങള്‍ അവന്റെ മുമ്പിലുണ്ടാവും. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അതില്‍ നിന്ന് വിട്ടുനില്‍ക്കാനും അവരുടെ വിജയത്തിന്റെ അനുഭവങ്ങളെ ഉപയോഗപ്പെടുത്താനുമുള്ള കഴിവ് ചരിത്രവായന നടത്തുന്ന ഒരാള്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെയാണ് ചില ഖലീഫമാരും നേതാക്കന്‍മാരുമെല്ലാം ചരിത്രപഠനത്തിന് വലിയ പ്രാധാന്യം കല്‍പിച്ചത്. ചരിത്രത്തെ വായിക്കാന്‍ നിങ്ങളും മുന്നോട്ടു വരൂ. എല്ലാ ദിവസവും സുബ്ഹി നമസ്‌കാരത്തിന് ശേഷം ചരിത്രം വായിക്കാനായി പള്ളിയില്‍ തന്നെ ചെലവഴിക്കുന്ന പതിവ് മുആവിയക്കുണ്ടായിരുന്നു. ചരിത്രകാരനായ ഉബൈദ് ബിന്‍ ശരിയ്യത്തുല്‍ ജുര്‍ഹമി നിത്യവും അദ്ദേഹത്തിന്റെ അടുക്കല്‍ വരികയും മുന്‍കഴിഞ്ഞ രാജാക്കന്‍മാരുടെ ചരിത്രങ്ങളും അവരുടെ സ്ഥിതിവിശേഷങ്ങളും യുദ്ധങ്ങളെയും വായിച്ച് കേള്‍പ്പിക്കുമായിരുന്നു. ചരിത്രം വായിക്കാന്‍ ഇമാം ശാഫിഈ ഉപദേശിച്ചതായിട്ടും നമുക്ക് കാണാം. ‘ചരിത്രം മനസ്സിലാക്കിയവന്റെ ബുദ്ധി വര്‍ധിച്ചു’ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ആധുനിക കാലത്തും ചരിത്ര വായനക്ക് പ്രധാന്യം നല്‍കിയ നിരവധിയാളുകളെ നമുക്ക് കാണാം. ചരിത്രകാരനായ എസ്.എല്‍ റോസ് 1962ല്‍ എഴുതിയ ‘അത്താരീഖ്, അഥറുഹു വ ഫാഇദത്തുഹു’ (ചരിത്രം; സ്വാധീനവും ഫലവും)  എന്ന പുസ്തകത്തില്‍ പറയുന്നു: ‘ഏതെങ്കിലും ഒരു നാള്‍ ലോകത്തിന്റെ ഭരണത്തിലെത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍ അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ചരിത്ര വിഭാഗത്തിന് പ്രധാന്യം നല്‍കണമെന്നാണ് അമേരിക്കന്‍ ഭരണകര്‍ത്താക്കളോട് ഞാന്‍ ഉപദേശിക്കുന്നത്. നല്ല ബുദ്ധിയും കഴിവുമുള്ള മക്കളെ മാത്രം ഈ വിഭാഗങ്ങളില്‍ എത്തിക്കുകയും ചെയ്യട്ടെ. ചരിത്രത്തില്‍ വൈദഗ്ദ്യം നേടിയവല്ലാത്തവരൊന്നും രാഷ്ട്രീയ, സൈനിക, സാമൂഹിക നേതൃകേന്ദ്രങ്ങളിലേക്ക് എത്താതിരിക്കുകയും ചെയ്യട്ടെ.’ പാശ്ചാത്യര്‍ പൊതുവെ ഈ ഉപദേശം ഉള്‍ക്കൊണ്ടിട്ടുണ്ട്. അവരില്‍ ഏറ്റവും ബുദ്ധിയുള്ള കുട്ടികള്‍ ചരിത്ര പഠനത്തിനായി തിരിക്കുന്നു. ചരിത്ര ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് ഭരണകൂടം വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. അവരുടെ നേതാക്കന്‍മാരിലധികവും ചരിത്രത്തില്‍ അവഗാഹം നേടിയിട്ടുള്ളവരുമാണ്.

പാഠമുള്‍ക്കൊള്ളുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കണം ചരിത്രത്തെ വായിക്കേണ്ടത്. വര്‍ത്തമാന കാലത്തിന് അതില്‍ നിന്ന ഗുണപാഠം സ്വീകരിക്കാനും അതിലെ ശരികളെ അനുധാവനം ചെയ്യാനും തെറ്റുകളെ അകറ്റി നിര്‍ത്താനും ഉതകുന്നതായിരിക്കണം ആ വായന. ചരിത്രത്തോടുള്ള ഖുര്‍ആന്റെ സമീപനമാണത്.

ശരിയല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് ശേഖരിക്കപ്പെട്ട ഒരുപാട് വര്‍ത്തമാനങ്ങള്‍ ചരിത്രത്തിലുണ്ടെന്ന ബോധം വായിക്കുന്നവന് ഉണ്ടായിരിക്കണം. മസ്ഊദിയെ പോലെ, തങ്ങളുടെ രാഷ്ട്രീയമോ മതപരമോ ആയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ബോധപൂര്‍വം തെറ്റായ വിവരണങ്ങള്‍ രേഖപ്പെടുത്തിയവരുണ്ട്. ത്വബ്‌രിയെ പോലെ തങ്ങള്‍ക്ക് ലഭിച്ച റിപോര്‍ട്ടുകളെല്ലാം അതിലെ ശരിതെറ്റുകള്‍ പരിശോധിക്കാതെ അപ്പടി അവ റിപോര്‍ട്ട് ചെയ്തവരിലേക്ക് ചേര്‍ത്ത് വെച്ച് രേഖപ്പെടുത്തിയവരുമുണ്ട്. വായനക്കാരനെ പ്രചോദിപ്പിക്കുന്നതിനായി അതിശയോക്തിയും കെട്ടുകഥകളും രേഖപ്പെടുത്തിയവരുമുണ്ട്.

തെറ്റായ റിപോര്‍ട്ടുകളെ ശരിയായ റിപോര്‍ട്ടുകളെയും വേര്‍തിരിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത വര്‍ത്തമാനങ്ങള്‍ പറയുന്ന റിപോര്‍ട്ടുകള്‍ സ്വീകരിക്കാതിരിക്കല്‍ അതിനൊരു ഉദാഹരണമാണ്. ഉദാഹരണത്തിന് ഒരു ലക്ഷത്തിലേറെ ആളുകളെ ഉള്‍ക്കൊള്ളാന്‍ വ്യാപ്തിയില്ലെന്ന് നമുക്ക് അറിയുന്ന ഒരു സ്ഥലത്ത് നടന്ന യുദ്ധത്തില്‍ മൂന്ന് ലക്ഷം പടയാളികളുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാനാവില്ല. വ്യക്തികളുടെ ജീവിത്തെ കുറിച്ച് അയാളുടെ പൊതുവായ പ്രകൃതത്തിനും സ്വഭാവത്തിനും നിരക്കാത്ത ഒരു കാര്യം പറയുമ്പോള്‍ അത് അംഗീകരിക്കാനാവില്ല. ഉദാഹരണത്തിന്, ഉമര്‍(റ)നെ കുറിച്ച പൊതുവായ ചരിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ ദൈവഭക്തിയെയും നീതിയെയും അതിന്റെ നിര്‍വഹണത്തെയും കുറിക്കുന്നതാണ്. അതിന് വിരുദ്ധമായ ഒരുകാര്യം അദ്ദേഹത്തിന്റെ കുറിച്ച് പറയുമ്പോള്‍ അത് അംഗീകരിക്കരുത്. അപ്രകാരം ഒരാള്‍ തന്റെ പ്രതിയോഗിയെ കുറിച്ച് പറഞ്ഞ അഭിപ്രായവും, പ്രത്യേകിച്ചും അത് ആക്ഷേപ സ്വഭാവമുള്ളതാണെങ്കില്‍ സ്വീകരിക്കരുത്.

ഹദീസ് പണ്ഡിതന്‍മാര്‍ രചിച്ച ചരിത്ര ഗ്രന്ഥങ്ങള്‍ സാഹിത്യകാരന്‍മാരും ഹദീസ് വിജ്ഞാന ശാസ്ത്രവുമായി ബന്ധമില്ലാത്ത ചരിത്രകാരന്‍മാരും രചിച്ച ഗ്രന്ഥങ്ങളേക്കാള്‍ സൂക്ഷ്മവും സത്യസന്ധവുമായിരിക്കും. ബുഖാരിയുടെ താരീഖുല്‍ കബീര്‍, ദഹബിയുടെ സിയറു അഅ്‌ലാമു ന്നുബലാഅ്, സുയൂത്വിയുടെ താരീഖുല്‍ ഖുലഫാഅ് എന്നിവ അബുല്‍ ഫറജ് അല്‍അസ്ഫഹാനിയുടെയും യാഖൂത് അല്‍ഹമവിയുടെയും ഗ്രന്ഥങ്ങളേക്കാള്‍ സൂക്ഷമമാണ്.

അമ്പതുകളിലും അറുപതുകളിലും എഴുപതുകളിലും രചിക്കപ്പെട്ട ചരിത്ര ഗ്രന്ഥങ്ങളിലേറെയും വിഷലിപ്തമാണ്. ഈ ഘട്ടത്തിലെ അധിക ചരിത്രകാരന്‍മാരും സെക്യുലറിസ്റ്റുകളോ ദേശീയവാദികളോ സോഷ്യലിസ്റ്റുകളോ ആയിരുന്നു. അവര്‍ വ്യാജ ചരിത്ര റിപോര്‍ട്ടുകള്‍ സ്വീകരിക്കുകയും തങ്ങളുടെ പുസ്തകങ്ങളില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തു. അപ്രകാരം ചരിത്രത്തെ ഭൗതികമായും സാമ്പത്തികമായും വ്യാഖ്യാനിക്കുകയും ചെയ്തു. പാശ്ചാത്യ സോഷ്യലിസ്റ്റ് പാഠ്യപദ്ധതികളെ അവ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് അത്തരം ഗ്രന്ഥങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണം.

വളരെ നല്ല രീതിയില്‍ ചരിത്ര രചന നിര്‍വഹിച്ച പുതിയ ചരിത്രകാരന്‍മാരുണ്ട്. അവരുടെ രചനകളെ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം. അന്ദുലിസിന്റെ ചരിത്രത്തെ കുറിച്ച് രചനകള്‍ നടത്തിയ ഡോ. അബ്ദുറഹ്മാന്‍ അല്‍ഹുജ്ജി, പ്രവാചക ജീവിത്തതെയും ഇസ്‌ലാമിക ചരിത്രത്തെയും കുറിച്ച രചനകള്‍ നടത്തിയ ഡോ. ഇമാദുദ്ദീന്‍ ഖലീല്‍, ഫലസ്തീന്‍ ചരിത്രത്തില്‍ രചനകള്‍ നടത്തിയ ഡോ. മുഹ്‌സിന്‍ സാലിഹ്, അമവി കാലത്തെ ഇസ്‌ലാമിക ലോകത്തെ കുറിച്ചെഴുതിയ ഡോ. അബ്ദുശ്ശാഫി അബ്ദുല്ലത്വീഫ് തുടങ്ങിയവര്‍ അതിന്നുദാഹരണങ്ങളാണ്. ഇസ്‌ലാമിക സര്‍വകലാശാലകളിലെ ചരിത്ര ഡിപാര്‍ട്ട്‌മെന്റുകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ ഗവേഷണങ്ങള്‍ വായിക്കുന്നതും ഫലപ്രദമാണ്.

വര്‍ത്തമാന കാലത്തെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ചരിത്രത്തെ വായിക്കേണ്ടത്. അതിലെ വിജയങ്ങള്‍ ആവര്‍ത്തിക്കാനും പരാജയങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുമാണത്. ഖുദ്‌സിന്റെ വിമോചനം സാധ്യമാക്കിയ മാര്‍ഗം ചരിത്രത്തില്‍ നിന്നും നാം വായിക്കുമ്പോള്‍ അതിന്റെ മോചനത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടി പരാജയപ്പെടുന്നതിന് പകരം അതേ മാര്‍ഗം തന്നെ അവലംബിക്കാം.

ശരി തെറ്റുകള്‍ സംഭവിക്കുന്ന മനുഷ്യരുടെ ചരിത്രമാണ് നാം വായിക്കുന്നത് എന്ന ബോധത്തോടെയായിരിക്കണം നാം ചരിത്രത്തെ വായിക്കേണ്ടത്. തെറ്റുകള്‍ സംഭവിക്കാത്ത മലക്കുകളൊന്നുമല്ല അതിലുള്ളത്. അതുകൊണ്ടു തന്നെ അവരിലെ തെറ്റുകള്‍ നമ്മെ നിരാശപ്പെടുത്തരുത്. മറിച്ച് നാമത് ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നന്മകളും ശോഭനീയമായ കാര്യങ്ങളാലും നിറഞ്ഞ ചരിത്രത്തില്‍ അതിന് വിരുദ്ധമായ കാര്യങ്ങളും ഉണ്ടാവും. ആ തെറ്റുകള്‍ വരുത്തിവെച്ച അപകടകരമായ ഫലങ്ങളെ കുറിച്ചാണ് നാം ആലോചിക്കേണ്ടത്.

Related Articles