ഇസ്‌ലാമും ഫലസ്തീനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും മുസ്‌ലിംകള്‍ക്കും ഫലസ്തീന്‍ എന്നത് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വികാരമാണ്. മുഹമ്മദ് നബി അറേബ്യയില്‍ ഇസ്‌ലാമിക പ്രബോധനത്തിന് തുടക്കം കുറിച്ച കാലത്ത് ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സയിലേക്ക് തിരിഞ്ഞായിരുന്നു മുസ്‌ലിംകള്‍ നമസ്‌കരിച്ചിരുന്നത്. മക്കയും മദീനയും കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിംകളുടെ ഏറ്റവും മഹത്തായ പുണ്യപ്രദേശമാണ് ബൈത്തുല്‍ മഖ്ദിസ്. ഖുര്‍ആനിലും നബി വചനങ്ങളിലും ബൈത്തുല്‍ മഖ്ദിസിനെക്കുറിച്ച് ദാരാളം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക ദൈവ ദൂതന്മാരെക്കുറിച്ച വിവരണങ്ങളിലും ഇത് പരാമര്‍ശിക്കപ്പെടുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ഇസ്‌റാഅ് അദ്ധ്യായത്തില്‍ മുഹമ്മദ് നബിയുടെ യാത്രയെക്കുറിച്ച് പറയുന്നുണ്ട്. പ്രവാചകന്റെ ആകാശാരോഹണ യാത്രയെക്കുറിച്ച് തുടക്കം കുറിച്ച പാറ സ്ഥിതി ചെയ്യുന്നത് ജറൂസലമിലാണ്. Dome of the rock എന്നാണ് ഇത് അറിയപ്പെടുന്നത്.
മതകീയമായ പ്രാധാന്യത്തോടൊപ്പം ഭൂമിശാസ്ത്ര പരമായ പ്രത്യേകതയും ഫലസ്തീന്‍ അലങ്കരിക്കുന്നുണ്ട്. മിഡിലീസ്റ്റിലെ ഏഷ്യനാഫ്രിക്കന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നത് ഫലസ്തീനാണ്. ഈ പ്രദേശത്തിന്റെ സവിശേഷമായ ഭൂമി ശാസ്ത്ര പ്രത്യേകത കൊണ്ടാണ് എ.ഡി 638 ല്‍ മുസ്‌ലിംകള്‍ ഫലസ്തീന്‍ കീഴടക്കിയത്. അന്നുമുതല്‍ ചരിത്രപ്രാധാന്യമുള്ള ഈ രാഷ്ട്രത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ ഇസ്‌ലാമിന് അതുല്യമായ സ്ഥാനമാണുള്ളത്.
1097 ല്‍ തുടങ്ങി 200 വര്‍ഷത്തോളം നീണ്ടുനിന്ന കുരിശ് യുദ്ധത്തോടുകൂടിയാണ് ഫലസ്തീന്‍ അധിനിവേശപ്പെടുത്താനുള്ള പടിഞ്ഞാറന്‍ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്. ഫലസ്തീന്‍ രാഷ്ട്രത്തെ സമ്പൂര്‍ണ്ണമായ ക്രൈസ്തവ വല്‍ക്കരണത്തിന് വിധേയമാക്കുക എന്നതായിരുന്നു ഈ അധിനിവേശങ്ങളുടെ പ്രധാന ലക്ഷ്യം.
400 വര്‍ഷങ്ങളോളമായി ഫലസ്തീന്‍ ഭരിച്ചുകൊണ്ടിരുന്ന മുസ്‌ലിംകള്‍ക്കു കീഴില്‍ തികഞ്ഞ ശാന്തിയും സമാധനവുമായിരുന്നു ഇതര മതസ്ഥര്‍ക്കുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും ഫലസ്തീനിലേക്ക് തീര്‍ത്ഥ യാത്ര നടത്താനുള്ള ഒരുക്കങ്ങള്‍ വരെ അവര്‍ ചെയ്തുകൊടുത്തിരുന്നു. എന്നാല്‍ കുരിശു യുദ്ധത്തോടുകൂടി ഫലസ്തീനില്‍ നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകര്‍ന്നു. കുരിശു യുദ്ധക്കാര്‍ ജറുസലം കീഴടക്കുകയും അവിടെയുണ്ടായിരുന്ന മുസ്‌ലിംകളെ മുഴുവന്‍ കൂട്ടക്കൊലക്ക് വിധേയമാക്കുകയും ചെയ്തു. 70 വര്‍ഷം നീണ്ടുനിന്ന അതിക്രൂരമായ ക്രൈസ്തവ ഭരണത്തിനാണ് അതോടെ തുടക്കം കുറിക്കപ്പെട്ടത്. പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യമാണ് എ.ഡി 1187 ല്‍ കുരിശുയുദ്ധക്കാരെ പരാചയപ്പെടുത്തി ഫലസ്തീന്‍ മോചിപ്പിച്ചെടുത്തത്. അന്നുമുതല്‍ സ്വലാഹുദ്ദീന്‍ എന്ന നാമം മുസ്‌ലിംകള്‍ക്കിടയില്‍ അഭിമാനത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്. ഇസ്‌ലാമിക വിമോചന പ്രസ്ഥാനങ്ങള്‍ക്കെല്ലാം എന്നെന്നും ആവേശം പകരുന്നതാണ് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ മുന്നേറ്റങ്ങള്‍.
1948 ല്‍ ആരംഭിച്ച സിയോണിസ്റ്റ് അധിനിവേശത്തിന് വിത്തുപാകിയ ഒരു ആസൂത്രണ പദ്ധതിയായാണ് മുസ്‌ലിം ചരിത്രകാരന്മാര്‍ കുരിശുയുദ്ധത്തെ മനസ്സിലാക്കുന്നത്. എ.ഡി. 1291 ല്‍ കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തിയ ശേഷം ഏകദേശം 700 വര്‍ഷത്തോളം മുസ്‌ലിംകള്‍ ഫലസ്തീന്‍ ഭരിക്കുകയുണ്ടായി. പിന്നീട് തുര്‍ക്കി ഖിലാഫത്തിന്റെ തകര്‍ച്ചയോടുകൂടിയാണ് അവര്‍ക്ക് ഫലസ്തീന്‍ നഷ്ടമായത്. അങ്ങനെ ഖിലാഫത്തിന്റെ കീഴിലുണ്ടായിരുന്ന മിഡിലീസ്റ്റിലെ മുസ്‌ലിം രാഷ്ട്രങ്ങളോരോന്നായി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പങ്കിട്ടെടുത്തു. 1917 മുതല്‍ 1948 വരെ ബ്രിട്ടീഷ് അധീനത്തിലായിരുന്നു ഫലസ്തീന്‍ ഉണ്ടായിരുന്നത്. സിയോണിസത്തിന്റെ ശക്തമായ കരങ്ങളായിരുന്നു ആസൂത്രിതമായ ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. 1917 ലെ ബാല്‍ഫര്‍ പ്രഖ്യാപനം ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം വാഗ്ദാനം ചെയ്യുകയും അതിന്റെ ചുവടുപിടിച്ച് യൂറോപിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി ജൂത അഭയാര്‍ഥികള്‍ ഫലസ്തീനിലേക്ക് ഒഴുകുകയും ചെയ്തു. (തുടരും)
വിവ : സഅദ് സല്‍മി
ഹമാസിന്റെ തെരെഞ്ഞെടുപ്പ് വിജയം
ഹമാസും മുസ്‌ലിം ബ്രദര്‍ഹുഡും