Current Date

Search
Close this search box.
Search
Close this search box.

ആരാണ് ഹൂഥികള്‍?

നിലവില്‍ യമനില്‍ നടക്കുന്ന സംഘര്‍ഷത്തെ കുറിച്ച റിപോര്‍ട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഭാഗമാണ് ഹൂഥികള്‍. ഹൂഥി പ്രസ്ഥാനം അതിന്റെ സ്ഥാപകനായ ഹുസൈന്‍ ബദ്‌റുദ്ദീന്‍ അല്‍-ഹൂഥിയിലേക്ക് ചേര്‍ത്താണ് അറിയപ്പെടുന്നത്. അഹ്‌ലുബൈത്തിന്റെ സന്താനപരമ്പരയുമായി കണ്ണിചേര്‍ക്കപ്പെടുന്ന ഒരാളാണ് അദ്ദേഹമെന്ന് വിശ്വസിക്കപ്പെടുന്നു.

ഹൈദാന്‍ എന്ന പ്രദേശത്തെ അസ്സൈ്വഫി ഗ്രാമത്തില്‍ 1956-ല്‍ ഹുസൈന്‍ ജനിച്ചു. യമന്‍ തലസ്ഥാനമായ സന്‍ആ 240 കിലോമീറ്റര്‍ അകലെയായി വടക്ക് സ്വഅ്ദ പ്രവിശ്യക്ക് കീഴില്‍ വരുന്ന പ്രദേശമാണത്. അവിടെയുള്ള സുന്നി പാഠശാലയില്‍ ചേര്‍ന്ന് പ്രാഥമിക പഠനം നടത്തിയ അദ്ദേഹം പിതാവ് ബദ്‌റുദ്ദീന്‍ അല്‍-ഹൂഥിയില്‍ നിന്ന് സൈദി മദ്ഹബിന്റെ അടിസ്ഥാനങ്ങളും മനസ്സിലാക്കി. പിന്നീട് സന്‍ആ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅത്തിലും നിയമത്തിലും ബിരുദം നേടി. പിന്നീട് ശറഈ വിജ്ഞാനങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയത് സുഡാനില്‍ നിന്നായിരുന്നു. 1990-ല്‍ ‘ഹിസ്ബുല്‍ ഹഖ്’ എന്ന ശീഈ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ പ്രമുഖ സൈദിയ വ്യക്തിത്വങ്ങളുടെ കൂട്ടത്തില്‍ ഹുസൈന്‍ അല്‍-ഹൂഥിയും കാര്യമായ പങ്ക് വഹിച്ചു. പാര്‍ട്ടിയുടെ പ്രതിനിധി സഭാ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇറാന്‍ സന്ദര്‍ശിക്കുകയും പിതാവിനോടൊപ്പം ഇറാനിലെ വന്‍ നഗരങ്ങളിലൊന്നായ ഖൂമില്‍ കുറച്ച് കാലം താമസിക്കുകയും ചെയ്തു. അപ്രകാരം ലബനാനിലെ ഹിസ്ബുല്ലയെയും അദ്ദേഹം സന്ദര്‍ശിച്ചു. 1991-ല്‍ കുറിച്ച് യുവാക്കളെ സംഘടിപ്പിച്ച് ‘അശ്ശബാബുല്‍ മുഅ്മിന്‍’ എന്ന സംഘടന രൂപീകരിച്ചു. പ്രസ്തുത സംഘടന പിന്നീട് സായുധ സംഘമായി മാറുകയാണുണ്ടായത്. യമന്‍ സര്‍ക്കാറിനെതിരെയുള്ള സായുധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം 2004-ല്‍ കൊല്ലപ്പെട്ടു.

ഹൂഥി പ്രസ്ഥാനം അടിസ്ഥാനപരമായി പിന്തുടരുന്നത് സൈദിയ ഹാദവി ജാറൂദി ചിന്താധാരയുടെ അടിസ്ഥാനങ്ങളെയും തത്വങ്ങളെയുമാണ്. ഇമാം സൈദ് ബിന്‍ അലിയിലേക്ക് ചേര്‍ത്ത് അറിയപ്പെടുന്ന ഒരു മുസ്‌ലിം അവാന്തര വിഭാഗമാണ് സൈദിയാക്കളെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇമാം ഹാദി ഇലല്‍ ഹഖ് യഹ്‌യ ബിന്‍ ഹുസൈനിലേക്ക് ചേര്‍ത്ത് അറിയപ്പെടുന്ന വിഭാഗമാണ് ഹാദവികള്‍. യമനില്‍ സൈദി രാഷ്ട്രത്തിന് തറക്കല്ലിട്ടത് അദ്ദേഹമായിരുന്നു. ഹാദവികളുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന ‘നദ്‌രിയത്തുല്‍ ബത്വ്‌നൈന്‍’ സിദ്ധാന്തത്തിന്റെ നിര്‍മാതാവും അദ്ദേഹമായിരുന്നു. ഹസന്റെയും ഹുസൈന്റെയും സന്താനപരമ്പരയില്‍ ഉള്‍പ്പെടാത്തവര്‍ക്കുള്ള ഖിലാഫത്ത് ഏതൊരു അവസ്ഥയിലും സാധുവാകില്ല എന്നതാണ് ഈ സിദ്ധാന്തം കൊണ്ടുദ്ദേശിക്കുന്നത്. ഹാദവി ഇമാമുമാരില്‍ പെട്ട ഇമാം അല്‍-മഹ്ദി അഹ്മദ് ബിന്‍ യഹ്‌യ അല്‍-മുര്‍തദ ‘മത്‌നുല്‍ അസ്ഹാര്‍’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ‘അലി-ഫാത്വിമ പരമ്പരയിലുള്ള പക്വതയെത്തിയ സ്വതന്ത്രനായ പുരുഷനെ നേതാവായി അവരോധിക്കല്‍ മുസ്‌ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്.’

എന്നാല്‍ സൈദിയ വിഭാഗത്തിലെ വ്യതിചലിച്ച ഒരു വിഭാഗമാണ് ജാറൂദികള്‍. അബുല്‍ ജാറൂദ് സിയാദ് ബിന്‍ അബീ സിയാദിലേക്ക് ചേര്‍ത്തു കൊണ്ടാണ് അവര്‍ ജാറൂദികള്‍ എന്നറിയപ്പെടുന്നത്. ശിയാ വിഭാഗത്തിലെ ‘ഇഥ്‌നാ അശരിയ’ വിഭാഗവുമായിട്ടാണ് അവര്‍ ഏറ്റവും അടുത്ത് നില്‍ക്കുന്നത്. അലി(റ)വായിരുന്നു ഖിലാഫത്തിന് ഏറ്റവും അര്‍ഹന്‍ എന്നതാണ് ജാറൂദികളുടെ വിശ്വാസം. നബി(സ) അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും, എന്നാല്‍ പേര് പറയാതെ വിശേഷണങ്ങളിലൂടെയായിരുന്നു അതെന്നും അവര്‍ വാദിക്കുന്നു. നബി(സ)യുടെ പ്രസ്തുത വിശേഷണം മനസ്സിലാകുന്നതില്‍ ജനങ്ങള്‍ക്ക് വീഴ്ച്ച സംഭവിച്ചു. അതുകൊണ്ട് മാത്രമാണ് അവര്‍ അബൂബക്ര്‍(റ)നെ ഖലീഫയായി തെരെഞ്ഞെടുത്തത് എന്നും അവര്‍ പറയുന്നു.

ജാറൂദി ചിന്താധാരക്കുള്ളില്‍ നിന്നു കൊണ്ടുള്ളതാണ് ഹൂഥി പ്രസ്ഥാനത്തിന്റെ പല ചിന്തകളെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ഇമാമത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത് വളരെ വ്യക്തമായി കാണാം. നേരത്തെ ജാറൂദികള്‍ ചെയ്തിരുന്ന അതേ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇന്നത്തെ ഹൂഥികള്‍ പിന്തുടരുന്നതെന്നും ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. യമനില്‍ നിലവിലുള്ള റിപബ്ലിക് ഭരണത്തിന് നിയമസാധുതയില്ലെന്നാണ് ഇന്നത്തെ ഹൂഥികളും വാദിക്കുന്നത്.

സമൂഹത്തിന് ആവശ്യമായതെല്ലാം പഠിപ്പിച്ചു കൊടുക്കാന്‍ ഒരു ഇമാം ആവശ്യമാണെന്ന് വിശ്വസിക്കുന്ന അവര്‍ക്ക് ഖുര്‍ആനോ പ്രവാചകചര്യയോ സന്‍മാര്‍ഗ പ്രാപ്തിക്ക് ആവശ്യമായ കാര്യങ്ങളല്ല. ആദരണീയരായ സഹാബിമാര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ നടത്തുന്ന അവര്‍ ഇറാനിലെ മുല്ലമാരെ തൃപ്തിപ്പെടുത്താന്‍ അഹ്‌ലുസ്സുന്നത്തി വല്‍-ജമാഅത്തിന്റെ അടിസ്ഥാനങ്ങളെയും നിരാകരിക്കുന്നു. മുസ്‌ലിം സമുദായത്തിനുണ്ടായ എല്ലാ പ്രതിസന്ധികള്‍ക്കും പ്രയാസങ്ങളുടെയും ഉത്തരവാദി ഖലീഫമാരായ അബൂബക്‌റും ഉമറും ഉസ്മാനുമാണെന്നത് അവരുടെ അനുയായികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിട്ടുള്ള ഒരു ചിന്തയാണ്.

അവലംബം : അല്‍-മുജ്തമഅ് വാരിക, സൈ്വദുല്‍ ഫവാഇദ്

Related Articles