CivilizationCulture

പ്രളയത്തെ അതിജീവിച്ച അലികാന്റെ നഗരം നമുക്ക് മാതൃകയാണ്

ചരിത്രത്തിലെ മുസ്‌ലിം സ്‌പെയിനിന്റെ ചരിത്രം കേവലം ചരിത്ര വയനകളെക്കാള്‍ ലോക ജനതക്ക് പ്രായോഗിക വഴികള്‍ തുറന്നു നല്‍കുന്ന വിശ്വ വിജ്ഞാനകോശമായി പലപ്പോഴും മാറിയിട്ടുണ്ട്. എട്ട് ദശാബ്ധങ്ങള്‍ക്ക് മുകളില്‍ സ്‌പെയിന്‍ ഭരിച്ചു ലോകത്തെ വിസ്മയിപ്പിച്ചവരാണ് മുസ്ലിംകള്‍. വിജ്ഞാന സമ്പാദനത്തിന്റെ നിറകുടങ്ങളായി ലോകത്ത് അന്നറിയപ്പെട്ട ഒരു പിടി ചരിത്ര നഗരങ്ങള്‍ പിറവിയെടുക്കുന്നതും മുസ്ലിംകള്‍ സ്‌പെയിന്‍ ഭരിക്കുമ്പോഴാണ്.

സ്‌പെയിനില്‍ നിന്ന് മുസ്ലിംകള്‍ പുറത്താക്കപെട്ടതിന് ശേഷവും അവരുടെ ഈടുവെപ്പുകള്‍ക്ക് വലിയ മാതൃകകള്‍ സൃഷ്ടിക്കുന്നതാണ് ലോകം പിന്നീട് കണ്ടത്. സ്‌പെയിനിന്റെ തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന അലികാന്റെ നഗരം മുസ്ലിംകള്‍ സ്‌പെയിന്‍ ഭരിക്കുമ്പോള്‍ പ്രധാന വാണിജ്യ നഗരമായി മാറിയിരുന്നു. പിന്നീട് ക്രിസ്ത്യാനികള്‍ ഭരണം ഏറ്റെടുത്തെങ്കിലും ആ നഗര പ്രൗഢി ഇന്നും അവിടം ഭരിച്ച മുസ്ലിം ഭരണകൂടങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ വര്‍ഷത്തില്‍ വലിയ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിച്ച് മുന്നോട്ട് പോവുന്ന നഗരമാണ് ഇന്ന് അലികാന്റെ. സ്‌പെയിനില്‍ തന്നെ പ്രളയം കനത്ത നാശം വരുത്തുന്ന പ്രദേശങ്ങളിലൊന്നാണിത്. എന്നാല്‍ തുടര്‍ച്ചയെന്നോണം സംഭവിക്കുന്ന പ്രളയത്തെ നഗരം തോല്പിച്ച രീതി ശാസ്ത്രം വിശകലന വിധേയമാക്കുമ്പോള്‍ എത്തിച്ചേരുന്ന അറിവുകള്‍ക്ക് പഴയ കാല മുസ്ലിം സ്‌പെയിനിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നഗരത്തിന്റെ ഒത്ത നടുക്കായി നിര്‍മ്മിച്ച വിശാലമായ പാര്‍ക്കാണ് പ്രളയത്തെ അതിജീവിക്കാന്‍ അലികാന്റെ നഗര ആസൂത്രണ വിദഗ്ധര്‍ കണ്ടെത്തിയ പോം വഴി.

അലികാന്റെ നഗരത്തിന്റെ പ്രധാന ഭാഗമായ സാന്‍ ജോണ്‍ (San John) മുന്‍സിപ്പാലിറ്റി ഏരിയയിലാണ് പാര്‍ക്ക് സ്ഥാപിക്കപെട്ടിട്ടുള്ളത്. കനത്ത മഴയെത്തുടര്‍ന്ന് അലികാന്റെയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള വലിയ പാര്‍ക്ക് സമുച്ചയത്തിലേക്ക് വഴി തിരിച്ച് വിടുന്നു. പാര്‍ക്കിന്റെ താഴ്ഭാഗം അതിവിശാലമായ ജലസംഭരണിയാക്കി മാറ്റിയതിലൂടെ ഇവിടേയ്ക്ക് എത്തിച്ചേരുന്ന മഴവെള്ളം ശേഖരിച്ചു നഗരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഈ ജലസംഭരണിയിലൂടെ നഗര പ്രാന്തപ്രദേശങ്ങളില്‍ കാലാവസ്ഥ വ്യതിയാനം മൂലം സംഭവിക്കുന്ന പ്രളയത്തെ അതിജീവിക്കാനും കഴിയും.

മുസ്ലിം സ്‌പെയിനിന്റെ പ്രധാന കോട്ടകൊത്തളങ്ങളില്‍ നിന്ന് നഗര പ്രദേശങ്ങളിലേക്കുള്ള ജലവിതരണം, സംഭരണം തുടങ്ങിയവ നിര്‍വഹിക്കാന്‍ അക്കാലത്ത് നിര്‍മിക്കപ്പെട്ട അല്‍ ജീബ് എന്ന അറബിയില്‍ വിളിക്കപ്പെടുന്ന (സ്പാനിഷില്‍: ലാ മര്‍ജാല്‍) സാങ്കേതിക വിദ്യയുടെ പ്രായോഗിക രൂപ മാതൃക നിര്‍മിച്ചിരിക്കുകയാണ് പ്രസ്തുത പാര്‍ക്കിലൂടെ. സാന്‍ ജോണ്‍ നഗര ഹൃദയത്തില്‍ സജ്ജീകരിക്കപെട്ടിട്ടുള്ള പ്രസ്തുത പാര്‍ക്ക് ബാര്‍സിലോണയിലും സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് അലികാന്റെയിലെ സുസ്ഥിര നഗര വികസന കാര്യാലയം ജല അതോറിറ്റി ഡയറക്ടര്‍ അമേലിയ നവാരോ വിശദീകരിക്കുന്നു. 3.7 മില്ല്യന്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ വിനിയോഗിച്ചത്. പരിസ്ഥിതി സംരക്ഷണാര്‍ത്ഥം ചെലവിടുന്ന സാമ്പത്തികം നഷ്ടമാവില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

വര്‍ഷത്തില്‍ പാര്‍ക്ക് നവീകരണത്തിനായി 50,000 യൂറോയുടെ അധിക ചിലവുകളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഹിക്കേണ്ടി വരും. കേവല പാര്‍ക്കായി രൂപാന്തരപ്പെടുത്തിയല്ല ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്, മറിച്ച് മണ്ണൊലിപ്പിനെ തടയാന്‍ കഴിയുന്നതും മെഡിറ്ററെനിയന്‍ പ്രദേശങ്ങളില്‍ മാത്രം കാണുന്നതുമായ വ്യത്യസ്ത മരങ്ങള്‍ നട്ടുപിടിപ്പിച്ച് വ്യവസ്ഥാപിതമായി സജ്ജീകരിച്ചിരിക്കുകയാണ് ഇവിടം. ലോകത്ത് ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കായി ഒരുക്കുന്ന 18 നീന്തല്‍ക്കുളങ്ങള്‍ക്ക് സാമാനമായ വ്യാപ്തിയിലാണ് ജലശേഖരത്തിനായുള്ള പാര്‍ക്ക് സംവിധാനിച്ചിട്ടുള്ളത്. 2015 മുതലാണ് പാര്‍ക്ക് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. തൊണ്ണൂറോളം വ്യത്യസ്ത ഇനങ്ങളില്‍പെട്ട പക്ഷികളുടെ ഒരു വലിയ സങ്കേതമായി ഇന്നത് മാറിക്കഴിഞ്ഞു.

ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍, ഭൂമിക്കടിയിലെ ജലത്തിന്റെ ഉല്‍പാദനത്തില്‍ ഉണ്ടാവുന്ന ക്രമാതീതമായ കുറവ് തുടങ്ങി നിരവധിയായ പ്രകൃതി പ്രതിഭാസങ്ങളാണ് സ്‌പെയിനിലെ പല ഭാഗങ്ങളിലും ഇന്ന് അനുഭവപ്പെടുന്നത്. ഇന്ന് ഈ സാങ്കേതിക വിദ്യ സ്‌പെയിനിന്റെ അതീവ വരള്‍ച്ച പ്രദേശങ്ങളില്‍ കൂടി വ്യാപിപ്പിക്കാന്‍ ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളുമെന്ന സ്പാനിഷ് പത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്ലിം സ്‌പെയിനിന്റെ അന്നത്തെ പ്രധാന പ്രവിശ്യകളായ ഗ്രാനഡ, സരഗോസ, കൊര്‍ദോവ, സെവില്ല, തോലഡോ, സിസിലി, അലികാന്റെ തുടങ്ങിയ നഗരങ്ങള്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക ഔന്നിത്യങ്ങള്‍ക്ക് മുതല്‍കൂട്ടായി വര്‍ത്തിച്ചത് ഇസ്ലാമിക സംസ്‌കരണത്തിലും സ്‌പെയിനിലെ മുസ്ലിം ഭരണ വര്‍ഗങ്ങള്‍ വാര്‍ത്തെടുത്ത സുസ്ഥിര വികസന മാതൃകകളാണെന്നു പില്‍കാല പഠനങ്ങള്‍ തെളിയിക്കുന്ന വസ്തുതയാണ്.

മുസ്ലിം സ്‌പെയിന്‍ അവതരിപ്പിച്ച പ്രസ്തുത സാങ്കേതിക, ജലവിതരണ, ശേഖരണ വിദ്യകള്‍ ഡല്‍ഹി കേന്ദ്രീകരിച്ചു ഭരണം നടത്തിയ മുസ്ലിം ഭരണകൂടങ്ങള്‍ നഗര ആസൂത്രണങ്ങളുടെ ഭാഗമായി ഡല്‍ഹി നഗരത്തില്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കിയിട്ടുണ്ട്. കാലാവസ്ഥ പഠനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങള്‍ സ്‌കൂള്‍തലം മുതലുള്ള അക്കാദമിക് രംഗങ്ങളില്‍ കാലാവസ്ഥ പഠനം, സുസ്ഥിര വികസനം തുടങ്ങി നിരവധിയായ വിഷയങ്ങളില്‍ മുഖ്യ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. ഈയടുത്താണ് യൂറോപ്യന്‍ രാജ്യമായ ഇറ്റലി ലോകത്ത് ആദ്യമായി സ്‌കൂള്‍ തലം മുതല്‍ കാലാവസ്ഥ പഠനം, സുസ്ഥിര വികസനം തുടങ്ങിയവ നിര്‍ബന്ധിത വിഷയങ്ങളായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയത്.

വരും തലമുറയെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനപ്പുറം, അവയെ നേരിടാനുള്ള പരിഹാര മാര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തന്നെ ശേഖരിച്ചു രാജ്യത്തിനു മുതല്‍ക്കൂട്ടാകുന്ന പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്ന പരിശ്രമത്തിലാണ് ഇന്ന് പല രാജ്യങ്ങളും. ഇത്തരത്തില്‍ ആഗോള താപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളിലൂടെ കടന്നു പോകുന്ന വികസിത, വികസ്വര രാജ്യങ്ങള്‍ ആസൂത്രിതമായ നയസമീപനങ്ങളിലൂടെ ഉറച്ച തീരുമാനങ്ങള്‍ കൈകൊളുന്ന സാഹചര്യത്തില്‍, കേരളത്തിലെ നിലവിലെ സാഹചര്യങ്ങളെ പഠിച്ച് ഉചിതമായ നടപടികള്‍ കൈകൊള്ളാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥാ കെടുതികളില്‍ നിന്നുള്ള അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ ചരിത്ര വായനകളില്‍ നിന്ന് കണ്ടെത്താനും വരും തലമുറ പ്രതിജ്ഞാബദ്ധരാണ്.

Facebook Comments
Related Articles

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.
Close
Close