Current Date

Search
Close this search box.
Search
Close this search box.

പരിസ്ഥിതി സംരക്ഷണം : പ്രവാചക പാഠങ്ങള്‍

വിശുദ്ധ ഖുര്‍ആന്റെ വിശാലമായ പ്രാപഞ്ചിക വീക്ഷണത്തില്‍ നിന്നാണ് നബി തിരുമേനിയുടെ പരിസ്ഥിതിയോടുള്ള സമീപനം രൂപപ്പെടുന്നത്. മനുഷ്യനും പ്രാപഞ്ചിക ഘടകങ്ങള്‍ക്കുമിടയില്‍ അടിസ്ഥാനപരാമായ ബന്ധവും ചേര്‍ച്ചയുമുണ്ട്. ഇപ്രകാരം നബി തിരുമേനി(സ) പരിസ്ഥിതിയുടെ അവകാശം നിര്‍ണയിക്കുകയും അവയെ വിശ്വാസത്തിന്റെ ഭാഗമായി അനുചരര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയുമുണ്ടായി. കൃഷി ചെയ്യുന്നതിനെയും ചെടി നട്ട് പിടിപ്പിക്കുന്നതിനെയും അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു.

അല്ലാഹു പ്രകൃതിയെ പടച്ചിരിക്കുന്നത് സംശുദ്ധമായും തനിമയോടും കൂടിയാണ്. പ്രയോജനാത്മകമായി പ്രകൃതിയെ അവന്‍ മനുഷ്യന് വിധേയമാക്കക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ പ്രകൃതിയുടെ സംരക്ഷണം മനുഷ്യന്റെ മേല്‍ അനിവാര്യമായ ഉത്തരവാദിത്വമാണ്. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ സംവിധാനിക്കപ്പെട്ട പ്രകൃതിയിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കലും അവന്റെ തന്നെ ബാധ്യതയാണ്. അല്ലാഹു പറയുന്നു.
‘ഇവരൊരിക്കലും മുകളിലുള്ള മാനത്തേക്കു നോക്കിയിട്ടില്ലേ, നാം അത് എവ്വിധം നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നു? അതിലെവിടെയും ഒരു വിടവുമില്ല. ഭൂമിയെ നാം വിസ്തൃതമാക്കി. അതില്‍ പര്‍വതങ്ങളുറപ്പിച്ചു. അഴകാര്‍ന്ന സകലവിധ സസ്യങ്ങളും മുളപ്പിക്കുകയും ചെയ്തു. ഈ സംഗതികളെല്ലാം സത്യത്തിലേക്കു മടങ്ങുന്ന സകല ദാസന്മാര്‍ക്കും ഉള്‍ക്കാഴ്ചയും ഉദ്‌ബോധനവും നല്‍കുന്നതാകുന്നു. വിണ്ണില്‍നിന്ന് നാം അനുഗൃഹീതമായ തണ്ണീരിറക്കി; എന്നിട്ടതുവഴി തോട്ടങ്ങളും ധാന്യവിളകളും, പഴങ്ങള്‍ തിങ്ങിയ കുലകള്‍ അടുക്കടുക്കായി തൂങ്ങുന്ന നീണ്ടുയര്‍ന്ന ഈത്തപ്പനകളും മുളപ്പിച്ചു. ഇത് അടിമകള്‍ക്ക് ആഹാരം നല്‍കാനുള്ള ഏര്‍പ്പാടാകുന്നു. നാം നിര്‍ജീവമായ ഭൂമിക്ക് ജലത്താല്‍ ജീവനരുളുന്നു. ഉയിര്‍ത്തെഴുന്നേല്‍പും ഇതേപ്രകാരമാകുന്നു. ‘ (ഖുര്‍ആന്‍: 50:6 )

ഇത് മുഖേന മനുഷ്യനും അവന് ചുറ്റുമുള്ള പ്രകൃതിയിലെ ചേതനവും അചേതനവുമായ വിഭവങ്ങളും തമ്മില്‍ പരസ്പരസ്‌നേഹ ബന്ധം ഉടലെടുക്കുന്നു. ഈ രീതിയിലുള്ള സഹകരണാത്മകമായ ഇടപെടലിലൂടെ വിശ്വാസിയെ സംബന്ധിച്ചിടത്തോടും സമാധാന പൂര്‍ണ്ണമായ ഐഹികജീവിതവും ഊഷ്മള പ്രതിഫലത്തിന്റെ പരലോക ജീവിതവും സ്വായത്തമാക്കാന്‍ സഹായകമാവുന്നു.
പരിസ്ഥിതിയുടെ അവകാശം
പ്രകൃതിയെ അതിന്റെ താളത്തിന് വിപരീതമായി ഉപയോഗിക്കുകയും അതിലെ വിഭവങ്ങള്‍ ഊറ്റിയെടുക്കുകയും ചെയ്യുകയാണെങ്കില്‍ ലോകം മുഴുവന്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും.
ഭൂമുഖത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യരാശിയും പരിഗണിക്കേണ്ട പൊതു തത്വമാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ഈ പ്രപഞ്ച വ്യവസ്ഥയിലെ ഒന്നിനെയും അകാരണമായി നശിപ്പിക്കരുത്. പ്രവാചകന്‍ പറഞ്ഞു ‘ഒരിക്കലും ഉപദ്രവം പാടില്ല’ (അഹ്മദ്/ ഇബ്‌നു അബ്ബാസ്). പരിസ്ഥിതിയെ മലിനീകരിക്കുന്നവരെ പ്രവാചകന്‍ ഇപ്രകാരം താക്കീത് ചെയ്യുന്നു. ‘മൂന്ന് ശാപങ്ങളെ സൂക്ഷിക്കുക. ജലസ്രോതസുകളിലും, വഴിവക്കിലും, വൃക്ഷത്തണലുകളിലും വെളിക്കിരിക്കുക’ എന്നതാണവ. (അബൂദാവൂദ്, അഹ്മദ്, ഇബ്‌നുമാജ/മുആദ് ബനു ജബല്‍)
തടസ്സങ്ങള്‍ നീക്കം ചെയ്യല്‍, വഴിയുടെ അവകാശമായി പ്രവാചകന്‍(സ) നിശ്ചയിച്ചു. വഴിയില്‍ ഇരിക്കാന്‍ ഒരുങ്ങിയ അനുചരന്മാരോട് പ്രവാചകന്‍(സ) ഇപ്രകാരം അറിയിച്ചു. ‘വഴികളില്‍ ഇരിക്കുന്നതിനെ നിങ്ങള്‍ ഒഴിവാക്കുക. അപ്പോള്‍ അനുചരര്‍ ചോദിച്ചു. അവിടെ ഇരിക്കല്‍ അനിവാര്യമാവുമ്പോഴോ? അപ്പോള്‍ പ്രാവചകന്‍ പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ വഴിയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുക.’ അവര്‍ ചോദിച്ചു. എന്താണ് പ്രവാചകരെ വഴിയുടെ അവകാശങ്ങള്‍?. പ്രവാചകന്‍ പറഞ്ഞു. ‘ദ്രോഹം തടയുക’.(ബുഖാരി/ അബീ സഈദുല്‍ ഖുദ്‌രി) ദ്രോഹം തടയുക എന്ന പ്രയോഗത്തിലൂടെ എല്ലാരീതിയിലുള്ള തടസ്സങ്ങളെയും പ്രതിരോധിക്കുക എന്ന സമഗ്രമായ ആശയമാണ് ഉള്‍ക്കൊള്ളുന്നത്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ദൈവിക പ്രതിഫലത്തിന് ഹേതുവാകുന്ന സല്‍ക്കര്‍മ്മമായി പ്രവാചകന്‍ (സ) പഠിപ്പിച്ചു. ‘എന്റെ സമുദായത്തിന്റെ നന്മതിന്മകള്‍ എനിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അതില്‍ ഏറ്റവും ഉല്‍കൃഷ്ടമായി എനിക്ക് കാണാനായത് വഴിയില്‍ നിന്ന് ഉപദ്രവം നിര്‍മ്മാര്‍ജ്ജനം ചെയ്യലാണ്. എനിക്ക് ദര്‍ശിക്കാനായ നികൃഷ്ടമായ പ്രവര്‍ത്തി പള്ളിയില്‍ കണ്ട തുപ്പല്‍ മണ്ണിട്ട് മൂടാതിരിക്കുക എന്നതാണ്.’ ( മുസ്‌ലിം/ അബൂദര്‍റ്)

പരിസ്ഥിതി ശുചിത്വം
ഭവനങ്ങള്‍ വൃത്തിയോടെ പരിപാലിക്കാന്‍ പ്രവാചകന്‍ തന്റെ അനുചരന്മാരോട് കണിശമായി കല്‍പ്പിക്കുകയുണ്ടായി. ‘നിശ്ചയം അല്ലാഹു ഉല്‍കൃഷ്ടനാണ്. ഉല്‍കൃഷ്ടത അവന്‍ ഇഷ്ടപ്പെടുന്നു. വൃത്തിയാണ്, അവന്‍ വ്യത്തി ഇഷ്ടപ്പെടുന്നു.’ (തിര്‍മുദി/ സഅ്ദുബ്‌നു അബീ വഖാസ്)
നബി(സ) പരിസ്ഥിതിയെയും അതിലെ ശുചിത്വത്തെയും ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ സൗന്ദര്യം ആസ്വദിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ നല്ല വസ്ത്രമോ നല്ല ചെരിപ്പോ ധരിക്കുന്നത് അഹങ്കാരത്തിന്റെ പരിധിയില്‍ പെടുമോ എന്ന സ്വഹാബിമാരുടെ ചോദ്യത്തിന് പ്രവാചകന്‍ (സ) പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു. ‘അല്ലാഹു സൗന്ദര്യവാനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. അഹങ്കാരമാവട്ടെ സത്യത്തെ അവമതിക്കലും മനുഷ്യരെ കൊച്ചാക്കലുമാണ്.’.( മുസ്‌ലിം, അഹ്മദ്/ അബ്ദുല്ലാഹിബ്‌നു മസ്ഊദ്) സംശയം വേണ്ട, പ്രകൃതിയിലെ മനോഹരമായ പ്രതിഭാസങ്ങള്‍ അല്ലാഹുവിന്റെ ദൃശ്യചാരുതകള്‍ക്ക് മികച്ച ഉദാഹരണങ്ങളാണ്.
പ്രവാചകന്‍ (സ) സുഗന്ധമുള്ള ചെടികളെ ഇഷ്ടപ്പെടാനും അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അത് സമ്മാനമായി നല്‍കാനും അതു കൊണ്ട് ചുറ്റുപാടുകളെ മനോഹരമാക്കാനും പ്രോല്‍സാഹനം നല്‍കുകയും പരിസ്ഥിതിയെ മലിനീകരിക്കുന്നതിനെതിരെ പോരാടുകയും ചെയ്തിരുന്നു. റസൂല്‍ (സ) പറഞ്ഞു. ‘ആര്‍ക്കെങ്കിലും റൈഹാന്‍ നല്‍കപ്പെട്ടാല്‍ അത് മടക്കരുത്. അത് ചെറുതാണെങ്കിലും വലിയ സുഗന്ധ വാഹകയാണ്’ (മുസ്‌ലിം. തിര്‍മുദി/ അബീ ഹുറൈറ)
കാര്‍ഷിക പ്രോല്‍സാഹനം
ഭൂമിയില്‍ കൃഷിയിറക്കാനും അതുവഴി ഭൂമിയെ സജീവമാക്കാനും പ്രവാചകന്‍ (സ) ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. പ്രവാചകന്‍ പറഞ്ഞു: ‘ഒരു മുസ്‌ലിം കൃഷിചെയ്താല്‍ അതില്‍ ഭക്ഷിക്കപ്പെടുന്നതെന്തും ആ കര്‍ഷകന് സ്വദഖയായി (പുണ്യദാനം) രേഖപ്പെടുത്തുകയും ചെയ്യും. ഇനി അതില്‍ നിന്ന് വല്ലതും മോഷ്ടിക്കപ്പെട്ടാലും അതദ്ദേഹത്തെ സംബന്ധിച്ചിടത്തോളും സ്വദഖയായിത്തീരും. വല്ല വന്യജീവികളോ പറവകളോ ഭക്ഷിച്ചാല്‍ അതും സ്വദഖ തന്നെ. ആരത് ഉപയോഗപ്പെടുത്തിലാലും അത് സ്വദഖയായല്ലാതെ ഭവിക്കുന്നില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍ അന്ത്യനാള്‍വരെയും അത് ലഭിച്ചു കൊണ്ടിരിക്കും എന്ന് കാണാം. കര്‍ഷകവൃത്തിക്കും അതില്‍ നിന്നുള്ള പ്രയോജനത്തിനും പ്രതിഫലം ലഭിക്കുകയെന്നത് തന്നെ ഇസ്‌ലാമിന്റെ മഹത്വത്തെ വിളിച്ചോതുന്നതാണ്. എത്രത്തോളമെന്നാല്‍ കൃഷിയുടെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറിയാലും, മരണപ്പെട്ടാല്‍ തന്നെയും ആ കൃഷി നിലനില്‍ക്കുകയും അതില്‍ നിന്ന് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടുന്ന കാലത്തോളം അതിന്റെ പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്നു.’ (മുസ്‌ലി, അഹ്മദ്/ ജാബിര്‍ ബ്‌നു അബ്ദില്ല)
ഭൂമിയെ തരിശായി ഇടാതെ അതിനെ സജീവമാക്കുന്നതും ഇസ്‌ലാം വളരെ പ്രോല്‍സാഹിപ്പിച്ച കാര്യമാണ്. ഒരാള്‍ ഒരു വൃക്ഷം നടുകയയോ വിത്ത് മുളപ്പിക്കുകയോ ചെയ്യുകയും അത് നനക്കുകയും ചെയ്യുന്നത് പുണ്യവും ഉല്‍കൃഷ്ടവുമായ ഒരു കര്‍മ്മമാണ്. ആരെങ്കിലും നിര്‍ജ്ജീവമായി കിടക്കുന്ന ഭൂമിയെ സജീവമാക്കുകയും അതില്‍ നിന്ന് ജീവജാലങ്ങള്‍ ഭക്ഷിക്കുകയും ചെയ്താല്‍ അതിലയാള്‍ക്ക് പുണ്യമുണ്ട്.

ജലസംരക്ഷണം:
വെള്ളം പ്രകൃതിയിലെ അമൂല്യമായ സ്രോതസ്സുകളിലൊന്നാണ്. ജലത്തിന്റെ മിതോപയോഗവും അതിന്റെ സംരംക്ഷണവും പ്രവാചകന്‍ വളരെ പ്രാധാന്യത്തോടെ പരിഗണിച്ചിരുന്ന രണ്ട് വിഷയങ്ങളായിരുന്നു. പ്രവാചകന് മുന്നില്‍ വെള്ളം ലഭ്യമായിക്കഴിഞ്ഞാല്‍ അവിടുന്ന് അത് മിതമായി ഉപയോഗപ്പെടുത്താന്‍ ഉപദേശിക്കുന്നത് കാണാമായിരുന്നു. അതില്‍ പെട്ടതാണ് അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ്. ‘ഒരിക്കല്‍ നബി (സ) സഅ്ദ് ബ്‌നു അബീവഖാസിന്റെ അടുത്തു കൂടി നടന്നു പോവുകയായിരുന്നു. അദ്ദേഹമാവട്ടെ വുദു എടുത്തു കൊണ്ടിരിക്കുകയായിരുന്നു. പ്രവാചന്‍ പറഞ്ഞു: എന്തൊരു ധൂര്‍ത്താണ് സഅ്‌ദേ ഇത്?. വുദുവിലും ദൂര്‍ത്തൊക്കെയുണ്ടോ? അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രവാചകന്‍ പറഞ്ഞു: അതെ, അതൊരു ഒരു ഒഴുകുന്ന നദിയില്‍ നിന്നാണെങ്കിലും.’ (മുസ്‌ലിം, അബൂദാവൂജ്, തിര്‍മുദി/ ജാബിര്‍ ബ്‌നു അബ്ദില്ല)
ഇപ്രകാരം ജലമലിനീകരണവും പ്രവാചകന്‍ (സ) വിലക്കിയിരുന്നു. കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞു കൊണ്ടുള്ള പ്രവാചകന്റെ കല്‍പന ഈ ആശയമാണ് വ്യക്തമാക്കുന്നത്.

വിവ. സുഹൈറലി തിരുവിഴാംകുന്ന്

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles