Current Date

Search
Close this search box.
Search
Close this search box.

മകനെ, നിന്റെ സമ്പാദ്യം നിന്റെത് മാത്രമായും ജനങ്ങളുടെത് അവരുടെത് മാത്രമായും മനസ്സിലാക്കുക

ഖാബൂസ്‌നാമ - 13

മകനെ, മുതല്‍ സമ്പാദനത്തെക്കുറിച്ച് നീ അശ്രദ്ധനാകരുത്. എന്നാല്‍, അതുമൂലം സ്വയം കുഴി തോണ്ടുന്ന അവസ്ഥയും ഉണ്ടാകരുത്. നേടുന്നതെല്ലാം അനുവദനീയമായ, നന്മയുടെ മാര്‍ഗത്തിലായിരിക്കുക. അതിലൂടെ മാത്രമേ മാനസിക സംതൃപ്തി ലഭിക്കൂ. സമ്പാദ്യം നേടിക്കഴിഞ്ഞാല്‍ പിന്നെ അത് സംരക്ഷിക്കാനും ശ്രദ്ധിക്കണം. തിന്മയുടെ ഒരു മാര്‍ഗത്തിലും അത് ചിലവഴിച്ചു പോകരുത്. കാരണം, സമ്പാദനത്തെക്കാള്‍ പ്രയാസം സംരക്ഷണമാണ്. ചിലവഴിക്കുന്നതിനനുസരിച്ച് പിന്നെയും സമ്പാദിക്കണം. അല്ലായെങ്കില്‍ അത് തീര്‍ന്നുപോകും.
നിന്റെ ഖജനാവ് ഖാറൂന്‍ ബ്ന്‍ യസ്ഹറിന്റെതുപോലെ ആയിത്തീരുന്നതും സൂക്ഷിക്കണം. നാശമാണ് അതിന്റെ പരിണതി. സുസ്ഥിരമെന്നു കരുതി സമ്പാദ്യത്തോട് ഹൃദയബന്ധം പുലര്‍ത്തുകയും ചെയ്യരുത്. കാരണം, അതെല്ലാം നഷ്ടപ്പെടുന്ന ക്ഷണം നീ നിരാശനും സഹിക്കാനാകാത്തവിധം വിശാദമുഖിയുമായിത്തീരും. സമ്പത്ത് എത്രയാണെങ്കിലും ആവശ്യത്തിനനുസരിച്ച് ചിലവഴിച്ചുകൊണ്ടേയിരിക്കുക. ചിലവഴിക്കാതെ കെട്ടിവക്കുന്ന സമ്പാദ്യത്തെക്കാള്‍ നല്ലത് ആവശ്യപൂര്‍വം കൈകാര്യം ചെയ്യുന്ന കുറഞ്ഞ സമ്പാദ്യമാണ്.
വീണ്ടും വീണ്ടും സമ്പാദ്യത്തോട് ആര്‍ത്തിയുള്ളവനാകുന്നതിന് പകരം ഉള്ള സമ്പാദ്യം നീ നീക്കിവെക്കുന്നതാണ് എനിക്ക് ഏറ്റവും പ്രിയം. ‘ഇഷ്ടക്കാരെ ആവശ്യക്കാരായി വിടുന്നതിനെക്കാള്‍ നല്ലത് സമ്പാദ്യം ശത്രുക്കള്‍ക്ക് നല്‍കലാണ്’ എന്ന ഒരു മൊഴിയുണ്ട്. എന്നിരിക്കിലും, സമ്പാദ്യം എത്ര കുറവാണെങ്കിലും അത് സംരക്ഷിക്കല്‍ നിര്‍ബന്ധമാണ്. കാരണം, അല്‍പം സമ്പാദ്യം സംരക്ഷിക്കാന്‍ പരിശീലിച്ചവന് അധിക സമ്പത്ത് സംരക്ഷിക്കാന്‍ അത്ര പ്രയാസമുണ്ടാകില്ല.
മകനെ, സമൂഹം നല്‍കുന്ന സേവനത്തെക്കാള്‍ സ്വന്തത്തിനു വേണ്ടി താന്‍ തന്നെ ചെയ്യുന്ന പ്രവര്‍ത്തനമാണ് നല്ലതെന്ന് മനസ്സിലാക്കുക. മടിയെ പാടെ അകറ്റിനിര്‍ത്തുക. സര്‍വ നിഷ്‌ക്രിയതയുടെയും അലസതയുടെയും വിദ്യാര്‍ഥിയാണ് അത്. പകരം, കഠിനാധ്വാനിയാവുക. കാരണം, അധ്വാനമാണ് സമ്പാദ്യം നേടിത്തരുന്നത്. എത്രമാത്രം അധ്വാനശീലനാകുന്നുവോ അതിനനുസരിച്ച് നമ്മില്‍ നിന്ന് മടി ഓടിയകലും.
തത്വജ്ഞാനികള്‍ പറയുന്നത് കാണാം: ‘കഠിനാധ്വാനിയാവുക, ദീര്‍ഘായുസ്സ് നേടാം. സംതൃപ്തനാവുക, സമ്പന്നനാവാം. വിനയാന്വിതനാവുക, സൗഹൃദവലയങ്ങളുടെ വ്യാപ്തി കൂടും. അധ്വാനവും പരിക്ഷീണവും വഴി ലഭിക്കുന്നവയിലൊന്നും വീഴ്ചകള്‍ സംഭവിക്കില്ല. അതാണ് ബുദ്ധിമതികളുടെ ശൈലി. ആവശ്യസമയത്ത് ഖേദത്തിലാകാതിരിക്കാന്‍ അതാണ് നല്ലതും. കഠിനാധ്വാനത്തോടൊപ്പം ശരീരത്തിന്റെ പരിപാലനത്തിനുകൂടി പ്രത്യേക ശ്രദ്ധ വേണം.’
എത്ര വലിയ സമ്പന്നനാണെങ്കിലും നിന്റെ സമ്പത്തില്‍ ചിലര്‍ക്കുള്ള അവകാശത്തെ മറന്നു കളയരുത്. ഒരാളും ഒരിക്കലും ഒരു നാണയം പോലും അന്ത്യയാത്രയില്‍ കൂടെ കൊണ്ടുപോകുന്നില്ല. ആവശ്യം കഴിഞ്ഞുള്ളതത്രയും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് മാറ്റിവക്കണം. കാരണം, ആവശ്യമെന്നത് ദരിദ്രരെ മാത്രം ബാധിക്കുന്ന വിഷയമല്ല. എല്ലാവര്‍ക്കും പല രീതിയിലുള്ള ആവശ്യങ്ങളുണ്ടാകും. ദിര്‍ഹമാണ് നിന്റെ സമ്പാദ്യമെന്നിരിക്കെ അതോടൊപ്പം ധാന്യവും നല്‍കരുത്. അത് നിന്നെ ആവശ്യക്കാരനാക്കും. പകരം, ദിര്‍ഹം മാത്രം നല്‍കുക. മരിക്കുവോളം ആവശ്യക്കാരനായി തീരാതിരിക്കാന്‍ അതാണ് നല്ല മാര്‍ഗം.
ഉള്ളതുകൊണ്ട് സംതൃപ്തനാവുക. സംതൃപ്തി രണ്ടാം സമ്പത്താണ്. നിനക്ക് എഴുതപ്പെട്ടതെല്ലാം നിന്നെ തേടി വരും. ജനങ്ങളുടെ സംസാരം കൊണ്ടും ശുപാര്‍ശ കൊണ്ടും മാത്രം പൂര്‍ത്തീകരിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ ഒരു പകരമാകില്ല. അവിടെ നിന്റെ മുതല്‍ പാഴായി പോകുന്നത് ശ്രദ്ധിക്കുക. കാരണം, പാപ്പരായ മനുഷ്യന്റെ പ്രവൃത്തിക്ക് വിലയുണ്ടാകില്ല. യാതൊരു പ്രയോജനമില്ലെങ്കില്‍ കൂടി ആളുകളെല്ലാം സമ്പന്നരെ ഇഷ്ടപ്പെടുന്നത് കണ്ടിട്ടില്ലേ? അവര്‍തന്നെ ഉപദ്രവകാരികളല്ലാത്ത ദരിദ്രരോട് ശത്രുവിനോടെന്നപോലെ സമീപിക്കുന്നു.
ഒരു മനുഷ്യൻ നേരിടുന്ന ഏറ്റവും മോശം സാഹചര്യങ്ങളിലൊന്നാണ് പാപ്പരത്തം. പ്രത്യക്ഷത്തില്‍ സമ്പന്നരെ പുകഴ്ത്തുന്നതെല്ലാം പരോക്ഷമായി ദരിദ്രരെ ഇകഴ്ത്തലാണ്. ഓര്‍ക്കുക, സമ്പത്ത് ഉണ്ടാകുന്നതിലല്ല, ഉള്ളതത്രയും ചിലവഴിക്കുന്നതിലാണ് സര്‍വ നന്മയും സൗന്ദര്യവും. ഓരോരുത്തരെയും അവരുടെ പെരുമാറ്റവും വ്യക്തിത്വും അടിസ്ഥാനപ്പെടുത്തി മാത്രം അളക്കാന്‍ ശ്രമിക്കുക.
ഓര്‍ക്കുക, അമിതവ്യയം അല്ലാഹുവിന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്. സ്രഷ്ടാവിന് സംതൃപ്തിയില്ലാത്ത കാര്യങ്ങളില്‍ സൃഷ്ടികള്‍ ഇടപെടുന്നത് ശുഭകരമല്ല. അല്ലാഹു പരുശുദ്ധ ഖുര്‍ആനിലൂടെ പറയുന്നുണ്ട്: ‘ദുര്‍വ്യയം ചെയ്യരുത്. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുകയേ ചെയ്യില്ല.’ (അന്‍ആം: 141). അല്ലാഹുവിന് ഇഷ്ടമില്ലാത്തവയോടൊന്നും നിനക്കും ഇഷ്ടമുണ്ടാകരുത്. എല്ലാ ആപത്തുകള്‍ക്കും ഒരു കാരണമുണ്ടാകും. ദാരിദ്ര്യത്തിന്റെ കാരണം ദുര്‍വ്യയമാണ്. അനാവശ്യമായി ചിലവഴിക്കുന്നത് മാത്രമല്ല ദുര്‍വ്യയം. ഭക്ഷണത്തിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം ദുര്‍വ്യയം സംഭവിക്കും. അമിതവ്യയം ശരീരത്തെ ദുര്‍ബലമാക്കും ആത്മാവിനെ നശിപ്പിക്കും, ചേതനയുണ്ടായിരിക്കെ തന്നെ ബുദ്ധിയെ കൊന്നുകളയും.
വിളക്ക് നീ ശ്രദ്ധിച്ചിട്ടില്ലേ? ഒലീവെണ്ണയില്‍നിന്നാണ് അതിന്റെ ജീവന്‍. അതിന് കൃത്യമായൊരു രൂപവും അളവുമുണ്ട്. അതിനെക്കാള്‍ കൂടുതലായി കഴിഞ്ഞാല്‍ പിന്നെ വിളക്ക് കേടുവരും. ജീവന്‍ നല്‍കിയ ഒലിവെണ്ണ കാരണത്താല്‍ തന്നെയാണ് വിളക്ക് നശിക്കുന്നതും എന്നു ചുരുക്കം. അതില്‍ മിതത്വം കാണിച്ചിരുന്നെങ്കില്‍ പിന്നെയും ഒരുപാട് കാലത്തേക്ക് വിളക്ക് ഉപയോഗിക്കാമായിരുന്നു. എണ്ണയുടെ അമിതവ്യയം വിളക്കിനെ നശിപ്പിച്ചുകളഞ്ഞു. എണ്ണകൊണ്ട് വിളക്ക് പ്രകാശിക്കുമെന്നപോല്‍ എണ്ണ അധികമായാല്‍ അത് നശിക്കുമെന്ന് വ്യക്തം. അതുകൊണ്ടാണ് അല്ലാഹുവും ദുര്‍വ്യയത്തെ ഇഷ്ടപ്പെടാത്തത്. ജ്ഞാനികൾ ഒന്നിലും ദുര്‍വ്യയത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. അമിതവ്യയത്തിന്റെ പരിണതിയെല്ലാം അപകടമായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
ജീവിതം കൈപ്പേറിയതാക്കി മാറ്റരുത്. ജീവിതോപാദികളുടെ എല്ലാ കവാടങ്ങളും കൊട്ടിയടക്കരുത്. ശരീരത്തെയും ആത്മാവിനെയും നന്നായി പരിരക്ഷിക്കണം. അതില്‍ ഒട്ടും വീഴ്ച വരുത്തരുത്. കാരണം, ആത്മാവിന് കോട്ടം വന്നാല്‍പിന്നെ സമ്പൂര്‍ണ വിജയം അസാധ്യമാണ്. സര്‍വ ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടാതെ പോവുകയും ചെയ്യും. സ്വന്തം ശരീരത്തിനും ആത്മാവിനും ആവശ്യമുള്ളത് നല്‍കണം. അത് നിര്‍ബന്ധമാണ്. സമ്പത്ത് എത്രയുണ്ടായാലും അത് സ്വശരീരത്തെക്കാള്‍ പ്രധാനപ്പെട്ടതാവുകയില്ല.
ചുരുക്കത്തില്‍, തനിക്ക് ലഭിക്കുന്നതെല്ലാം നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗിക്കാനും ചിലവഴിക്കാനും ശ്രമിക്കുക. പിശുക്കന്മാരുടെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. സമ്പത്തിന്റെ കാര്യത്തില്‍ മദ്യപാനിയെയോ ചൂതാട്ടക്കാരനെയോ അവലംബിക്കരുത്. നിന്റെ സമ്പത്ത് പൂര്‍ണമായും അല്ലാഹുവിന്റെ മാര്‍ഗത്തിലാകാന്‍ അവരെല്ലാംതന്നെ മോഷ്ടാക്കളാണെന്ന് കരുതിവക്കുക.
മകനെ, സമ്പാദനത്തിലും വീഴ്ച കാണിക്കരുത്. കാരണം, ആരംഭത്തിലെ ശരീരത്തിന്റെ ആസ്വാദനം ഒടുക്കം വേദനയില്‍ കലാശിക്കും. എന്നാല്‍, പ്രാരംഭത്തിലെ വേദന അവസാനത്തില്‍ ആശ്വാസവും ആനന്ദവും പകരും. ഇന്ന് ആനന്ദിച്ചു നടന്നാല്‍ നാളെ പരിക്ഷീണനാകേണ്ടി വരും. എന്നാല്‍, ഇന്ന് നീ പരിക്ഷീണനായാല്‍ നാളെ നിനക്ക് ജീവിതം ആസ്വാദ്യമാക്കാം. അധ്വാനിച്ചാലും ഇല്ലെങ്കിലും സമ്പാദ്യത്തിന്റെ മൂന്നില്‍ ഒരു ഭാഗമെങ്കിലും വീട്ടുകാര്യങ്ങള്‍ക്കും കുടുംബത്തിനുമായി ചിലവഴിക്കണം. അവരെ ദരിദ്രരോ യാചകരോ ആക്കി മാറ്റരുത്.
എന്നാല്‍, മേല്‍പറഞ്ഞ അളവില്‍ കവിഞ്ഞ് കുടുംബത്തിനുവേണ്ടി ചിലവഴിക്കുകയും ചെയ്യരുത്. മൂന്നിലൊന്ന് ചിലവഴിച്ചു കഴിഞ്ഞ് ബാക്കി വരുന്നവയില്‍നിന്ന് ഒരു ഭാഗം സൂക്ഷിച്ചു വക്കുക. അതില്‍ നിന്റെ ശ്രദ്ധ ഉണ്ടായിരിക്കുകയും ചെയ്യുക. എത്ര പ്രയാസമുണ്ടായാലും അതില്‍ വീഴ്ച വരുത്തരുത്. മറിച്ച്, നിന്റെ അനന്തരാവകാശികള്‍ക്കുവേണ്ടി ആ സമ്പത്ത് മാറ്റിവക്കുക. വാര്‍ധക്യകാലത്ത് നിനക്ക് അതൊരു മുതല്‍ക്കൂട്ടാകും. അവസാനത്തെ ഒരു ഭാഗം നിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുക. നഷ്ടം സംഭവിക്കാത്ത, ക്ഷണനേരം കൊണ്ട് നശിക്കാത്ത കാര്യങ്ങള്‍ക്കായി അത് ഉപയോഗിക്കുക.
അതുകൊണ്ട് മുത്തോ സ്വര്‍ണമോ വെള്ളിയോ വാങ്ങാം. ചെമ്പോ പിച്ചളയോ വാങ്ങാം. പിന്നെയും ബാക്കി വരുന്നത് മണ്ണിലേക്ക് ഇറക്കുക. കാരണം, കൃഷി നിനക്ക് പിന്നെയും ലാഭമുണ്ടാക്കിത്തരും. അങ്ങനെയാകുമ്പോള്‍ ഓരോ സമ്പത്തും അതിന്റെതായ സ്ഥാനത്താകും. ആവശ്യത്തിന് ചിലവഴിക്കുമ്പോഴും വീടിന്റെ കാര്യത്തിനായി പിന്നെയും പിന്നെയും ചിലവഴിക്കുന്നത് സൂക്ഷിക്കുക. ‘ഇപ്പോള്‍ അത്യാവശ്യമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ തല്‍ക്കാലം വിറ്റ് പിന്നീട് അത് വീണ്ടും തിരിച്ചെടുക്കാം’ എന്ന് പറയരുത്.
എല്ലാം പിന്നീട് തിരിച്ചെടുക്കാം എന്ന് കരുതി വീട്ടു കാര്യങ്ങള്‍ക്കായി ഓരോന്നും വിറ്റു തുലക്കുന്നത് നന്നല്ല. പിന്നീടത് വാങ്ങില്ലെന്ന് മാത്രമല്ല, അത് നഷ്ടപ്പെട്ടുപോവുകയും വീട്ടു കാര്യങ്ങള്‍ പരിതസ്ഥിതിയിലാവുകയും ചെയ്യും. അധികം വൈകാതെ നീ പാപ്പരാവുകയും ചെയ്യും. അതുപോലെ, ഒരു ആവശ്യം വരുമ്പോഴേക്കും കടം വാങ്ങരുത്. നിന്റെതായുള്ള വസ്തുക്കള്‍ പണയം വക്കുകയും ചെയ്യരുത്. കാരണം, ആ ധനത്തോടൊപ്പം നീ പലിശയും ഒടുക്കേണ്ടി വരും. കടത്തിലായി ജീവിക്കുകയെന്നത് വലിയ ന്യൂനതയാണെന്ന് മനസ്സിലാക്കുക.
ഒരു വെള്ളിക്കാശുപോലും ഒരാള്‍ക്കും കടം നല്‍കരുത്, പ്രത്യേകിച്ചും സ്‌നേഹിതന്മാര്‍ക്ക്. കാരണം, സുഹൃത്തില്‍നിന്ന് കടം തിരികെ വാങ്ങുന്നത് വേദനാജനകമാണ്. കടം നല്‍കിയാല്‍ തന്നെ അതുപിന്നെ നീ നിന്റെ സമ്പാദ്യത്തിന്റെ ഭാഗമായി കൂട്ടുകയില്ല. പകരം നീ പറയും: ‘ഞാന്‍ എന്റെ സുഹൃത്തിന് കുറച്ച് ധനം കടമായി നില്‍കിയിരുന്നു. അവനത് തിരികെ നല്‍കുകയല്ലാതെ അവനോടത് നേരിട്ട് ചോദിക്കുന്നത് ശരിയല്ലല്ലോ? അതുമൂലമെങ്ങാനം ഞങ്ങളുടെ സൗഹൃദം കെട്ടറ്റു പോയാലോ! മിത്രം ശത്രുവാകാന്‍ അത്ര ബുദ്ധിമുട്ടൊന്നുമില്ല. എന്നാല്‍, ശത്രുവിനെ മിത്രമാക്കല്‍ പ്രയാസമാണ് താനും.
മിത്രത്തെ ശത്രുവാക്കുന്നത് കുട്ടിത്തമാണ്. ശത്രുവിനെ മിത്രമാക്കുന്നത് ജ്ഞാനികളുടെ ജോലിയും.’ ഓരോരുത്തര്‍ക്കും അവര്‍ക്ക് അവകാശപ്പെട്ടതു നല്‍കുക. ജനങ്ങളുടെ സമ്പത്തില്‍ ആശ വെക്കരുത്. ജനങ്ങളില്‍വച്ച് ഏറ്റം ഉത്തമനാകാന്‍ അതാണ് നല്ലത്. നിന്റെ സമ്പാദ്യം നിന്റെത് മാത്രമായും ജനങ്ങളുടെത് അവരുടെത് മാത്രമായും മനസ്സിലാക്കുക. അതു നിനക്ക് വിശ്വസ്തത നേടിത്തരും. ജനങ്ങള്‍ നിന്നെ അവലംബിക്കുകയും ചെയ്യും. മാത്രവുമല്ല, നീ സദാ ഐശ്വര്യവാനുമാകും.
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles