ഇന്ത്യാ ചരിത്രത്തിൽ അവരുടേതായ ഇടം കണ്ടെത്തിയ വനിതാ രത്നങ്ങളിൽ ഒരാളാണ് 800 വർഷം മുമ്പ് ദൽഹിയുടെ സിംഹാസനം അലങ്കരിച്ച റസിയാ സുൽത്താന. സുൽത്താൻ ഇൽത്തുത്മിഷിന്റെ മകളായ റസിയ തന്റെ അർധ സഹോദരൻ മുഇസ്സുദ്ദീൻ ബഹ്‌റാമിനെ മറികടന്നാണ് ദൽഹിയുടെ സിംഹാസനത്തിലേറിയത്. ഒരു സ്ത്രീ ഭരണാധികാരിയാകുന്നതിനെ അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിത വിഭാഗവും ശക്തമായി എതിർക്കുകയുണ്ടായി. ഭരണനൈപുണ്യത്തിലും യുദ്ധപാടവത്തിലും മറ്റാരേക്കാളും മുന്നിലായിരുന്നുവെങ്കിലും ഒരു സ്ത്രീയായിരുന്നു എന്ന ഒറ്റ കാരണത്താലാണ് റസിയ സുൽത്താനയെ പണ്ഡിത വിഭാഗം തഴഞ്ഞത്. എന്നാൽ, തന്റെ ജനസമ്മതി അറിയാനായി ഉത്തരേന്ത്യയിലെ ആദ്യത്തെ പള്ളിയായ മെഹ്റോളിയിലെ ഖുവ്വത്തുൽ ഇസ്ലാം മസ്ജിദിൽ ഒരു ജുമുഅ ദിവസം എത്തിയ റസിയ സുൽത്താന അവിടെ തടിച്ചു കൂടിയ നൂറുകണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു എന്നു ചരിത്രം പറയുന്നു. തുടർന്ന് നാട്ടുകാരുടെ പ്രിയങ്കരിയായ റസിയ ദൽഹിയുടെ അധികാരസ്ഥാനത്തേക്ക് നടന്നു കയറുന്നതാണ് നാം കാണുന്നത്.
സുൽത്താൻ എന്നതിന്റെ സ്ത്രീലിംഗ പദമായ സുൽത്താന എന്നത് തന്റെ പേരിനൊപ്പം ഉപയോഗിക്കാതെ സുൽത്താൻ എന്ന് തന്നെയാണ് അവർ സ്വന്തത്തെ വിശേഷിപ്പിച്ചിരുന്നത്. പുരുഷന്മാരായ ഭരണാധികാരികൾ ചെയ്തിരുന്നത് പോലെ സ്വന്തം പേരിൽ തന്നെ ഖുത്ബകൾ നടത്തപ്പെടണമെന്നും അവർക്ക് നിർബന്ധ ബുദ്ധിയുണ്ടായിരുന്നു. മുഖാവരണം ധരിക്കാതെ തന്നെ കുതിര സവാരിയും ആനസവാരിയുമൊക്കെ നടത്തിയ റസിയാ സുൽത്താനയുടെ ചിത്രം നമുക്ക് ചരിത്രത്താളുകളിൽ കാണാൻ സാധിക്കും. മദ്റസകളും സൂഫീ ഖാൻകകളുമൊക്കെ നിർമിക്കാനും നടത്തികൊണ്ടുപോകാനും അവർ കൈയ്യയച്ച് സഹായം ചെയ്തിരുന്നു. പ്രമുഖ ചരിത്രകാരനും “തബഖാത്തെ നാസിരി” യുടെ രചയിതാവുമായ മിൻഹാജുസ്സിറാജ് ജുസ്ജാനിയെ ശൈഖുൽ ഇസ്ലാം എന്ന പദവി നൽകിയാണ് അവർ ആദരിച്ചത്.
ഖുവ്വത്തുൽ ഇസ്ലാം മസ്ജിദിലെത്തി ബൈഅത്ത് വാങ്ങിയ റസിയയുടെ ചരിത്രം തുടർന്നങ്ങോടുള്ള പല സ്ത്രീകൾക്കും യഥേഷ്ടം പള്ളിയിൽ പ്രവേശിക്കാനും പള്ളികൾ നിർമിക്കാനും ഒരു പ്രചോദനമായി വർത്തിച്ചിരിക്കണം. മധ്യകാല ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ വൈവിധ്യമാർന്ന പല ഉത്തരവാദിത്വങ്ങളും സമൂഹത്തിൽ നിർവഹിച്ചിരുന്നു. പല ഭരണാധികാരികളും തങ്ങളുടെ മന്ത്രിസഭാ തീരുമാനങ്ങൾക്കപ്പുറം അവസാന വാക്കായി കണ്ടിരുന്നത് തങ്ങളുടെ മാതാക്കളെയോ പത്നിമാരെയോ ആയിരുന്നു. ജഹാംഗീറിന്റെ കാലത്ത് മുഗൾ ഭരണത്തിന്റെ യഥാർത്ഥ കടിഞ്ഞാൺ നൂർ ജഹാന്റെ കൈയ്യിലായിരുന്നു എന്നത് പകൽ പോലെ തെളിഞ്ഞ ചരിത്ര സത്യമാണ്. ഭരണകാര്യങ്ങളിൽ അതിവിദഗ്ധയായിരുന്ന നൂർജഹാന്റെ അനുമതിയില്ലാതെ രാജശാസനകളിൽ സീൽ ചെയ്യപ്പെട്ടിരുന്നില്ല എന്ന് സമകാലീനരായ പല ചരിത്രകാരന്മാരും എഴുതുന്നു. മുഗൾ സാമ്രാജ്യ സ്ഥാപകനായ സഹീറുദ്ദീൻ ബാബർ യുദ്ധങ്ങൾക്ക് പുറപ്പെടുന്നതിന് മുമ്പായി തന്റെ മാതാവിനോടും ഭാര്യമാരോടും സഹോദരിമാരോടും അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നതായി പറയപ്പെടുന്നു.
ദൽഹിയിൽ സ്ഥിതിചെയ്യുന്ന പതിനാറാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട മസ്ജിദ് ഖൈറുൽ മനാസിൽ പണിയാൻ ഉത്തരവിട്ടത് അക്ബറുടെ പോറ്റമ്മയായിരുന്ന മാഹം അനഘ ആയിരുന്നു. ഒരു സ്ത്രീ നിർമിച്ച ആദ്യത്തെ പള്ളിയാണ് 1561-ൽ നിർമിക്കപ്പെട്ട മസ്ജിദ് ഖൈറുൽ മനാസിൽ. മസ്ജിദിന്റെ പ്രധാന കമാനത്തിന് തൊട്ടു മുകളിലായി മാഹം അനഘയുടെ പേര് കൊത്തിവെച്ചിരിക്കുന്നത് ഇന്നും കാണാൻ സാധിക്കും. പള്ളിയോട് ചേർന്ന് കുട്ടികൾക്കായി ഒരു മദ്രസയും അവരുടെ ആജ്ഞാപ്രകാരം പണികഴിക്കപ്പെട്ടിരുന്നു. വളരെ ചെറിയ പ്രായത്തിൽ അധികാരത്തിലേറിയ അക്ബറിനെ ഭരണകാര്യങ്ങളിൽ സഹായിച്ചവരിൽ ബൈറം ഖാനെ പോലെ തന്നെ പ്രധാനിയാണ് മാഹം അനഘയും. പളളിയിൽ എല്ലാ നേരവും നമസ്കാരത്തിന് ഹാജരാവാതെ തന്നെ നിരവധി മുഗൾ രാജകുമാരിമാർ മസ്ജിദുകൾ നിർമിക്കാൻ ഫണ്ട് അനുവദിച്ചിരുന്നു എന്നത് മുഗൾ രേഖകളിൽ കാണാൻ സാധിക്കും.
ജഹാംഗീറിന്റെയും ഷാജഹാന്റെയും കാലത്ത് രചിക്കപ്പെട്ട പല മിനിയേച്ചർ ചിത്രങ്ങളിലും മുഖാവരണമില്ലാതെ കുതിര സവാരി നടത്തുകയും യാത്ര ചെയ്യുകയുമൊക്കെ ചെയ്യുന്ന സ്ത്രീ രൂപങ്ങളെ കാണാൻ സാധിക്കുന്നുണ്ട്. ബഹുഭാര്യത്വം, മുത്തലാഖ് പ്രശ്നങ്ങളും അവർ വ്യാപകമായി അനുഭവിച്ചിരുന്നതായി തെളിവില്ല. പല കാര്യങ്ങളിലും സ്വന്തമായ തീരുമാനങ്ങൾ എടുക്കാനും അഭിപ്രായങ്ങൾ പറയാനുമുളള പൂർണ സ്വാതന്ത്ര്യം സ്ത്രീകൾക്കുണ്ടായിരുന്നു. ലിഖിത തെളിവുകൾ ലഭ്യമല്ലെങ്കിലും ചില മധ്യകാല പളളികളുടെ നിർമാണ ശൈലി പരിശോധിച്ചാൽ അവിടെ സ്ത്രീകളും നമസ്കാരം നിർവഹിച്ചിരുന്നു എന്നു മനസ്സിലാക്കാൻ സാധിക്കുന്നു. ഉദാഹരണത്തിന്, തുഗ്ലക് കാലഘട്ടത്തിൽ നിർമിക്കപ്പെട്ട വസീറാബാദിലെ പള്ളിയിൽ ജാലി കൊണ്ട് മറക്കപ്പെട്ട ഒരു ഭാഗം കാണാൻ കഴിയും. പ്രത്യേക പ്രവേശന വാതിലും ഉള്ള ഈ ഭാഗം സ്ത്രീകളുടെ നമസ്കാരം സ്ഥലമായിരുന്നു എന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബംഗാളിലെ പാണ്ടുവയിൽ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട അദീനാ പള്ളിയിലും ഇങ്ങനെ ജാലികൾ കൊണ്ട് മറച്ച ഒരു ഭാഗം കാണാൻ സാധിക്കും.
മധ്യകാല രേഖകളിൽ എവിടെയും സ്ത്രീകൾക്ക് പള്ളി വിലക്കപ്പെട്ടിരുന്നു എന്ന തരത്തിൽ എഴുത്തുകൾ കാണാൻ സാധിക്കുന്നില്ല. സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് ഫത്‌വയിറക്കിയ പണ്ഡിതന്മാരെയും നമുക്ക് കാണാൻ സാധിക്കില്ല. മുഗൾ സാമ്രാജ്യത്തിന്റെ പതന ശേഷം ബ്രിട്ടീഷ് ഭരണകാലത്തോട് കൂടിയാണ് ഇന്ത്യയിലെ മുസ്ലിം സ്ത്രീ പാർശ്വവൽക്കരിക്കപ്പെടാൻ തുടങ്ങിയത് എന്നാണ് മനസ്സിലാക്കേണ്ടത്. സ്ത്രീകൾ സാമൂഹ്യ ബാധ്യതകളിൽ നിന്ന് വിലക്കപ്പെടുകയും പള്ളികളിലേക്കുള്ള അവരുടെ പ്രവേശനം നിഷേധത്തിന് തുല്യമായി കാണപ്പെടുവാനും തുടങ്ങി. ഹജ്ജ് വേളകളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ സ്ത്രീ-പുരുഷ ഭേദമന്യേ മക്കയിലെയും മദീനയിലെയും ഹറമുകളിൽ വിവേചന രഹിതമായി സമ്മേളിക്കുമ്പോൾ തന്നെ സത്രീകൾ സ്വന്തം നാടുകളിൽ മാറ്റി നിർത്തപ്പെടുന്ന അവസ്ഥ സംജാതമായി. ഇന്ത്യയിലെ ഭഹുപൂരിക്ഷം വരുന്ന പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനമില്ലെങ്കിലും അവരുടെ മുൻ തലമുറയിലെ സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുക മാത്രമല്ല പളളികൾ നിർമിക്കാൻ ഫണ്ട് നൽകുകയും ചെയ്തിരുന്നു എന്നത് ചിന്തനീയമായ ഒരു കാര്യമാണ്.
മൊഴിയാറ്റം: അനസ് പടന്ന
കടപ്പാട് : scroll.in