Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യ പരിവർത്തനം: ഖുർആനിൻറെ കാഴ്ചപ്പാടിൽ

നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതാവസ്ഥയിൽ മാറ്റം അനിവാര്യമാണ്. ലോകത്ത് മാറ്റമില്ലാത്ത ഏതെങ്കിലും കാര്യമുണ്ടെങ്കിൽ അത് മാറ്റത്തിന് മാത്രമാണ് എന്നാണ് പറയപ്പെടുന്നത്. നമ്മുടെ ചുറ്റുവട്ടത്ത് ബഹുഭൂരിപക്ഷം പേർക്കും ജീവിതം അനുദിനം ദുസ്സഹമായികൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് രോഗവും പട്ടിണിയും നിരക്ഷരതയും തജ്ജന്യമായുണ്ടാകുന്ന മറ്റ് ദുരിതങ്ങളും മനുഷ്യ സമൂഹത്തെ നിതാന്തമായി വേട്ടയാടുകയാണ്.

മനുഷ്യരുടെ അത്യർത്തിയും അതിന് താളം പിടിക്കുന്ന സാമൂഹ്യ വ്യവസ്ഥയും ചേർന്ന് നമ്മെ കൂടുതൽ പ്രയാസത്തിലേക്ക് തള്ളിയിരിക്കുന്നു. ഭക്ഷണം,ആരോഗ്യം,വിദ്യാഭ്യാസം,പാർപ്പിടം തുടങ്ങിയ മനുഷ്യ വികസന സൂചകങ്ങൾ നമുക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത അവസ്ഥ. സാമൂഹ്യ ക്ഷേമ കാര്യങ്ങൾ ഭരണകൂടങ്ങളുടെ അജണ്ടയിൽ നിന്നും എടുത്ത് മാറ്റിയിരിക്കുന്നു. നികുതി ഈടാക്കുകയും പണാധിപൻമാർക്ക് സംരക്ഷണം നൽകുകയും ചെയ്യുന്ന നവലോക വ്യവസ്ഥക്ക് സമൂലമായ സാമൂഹ്യ പരിവർത്തനം ഉണ്ടായാൽ മാത്രമേ അഭിമാനബോധത്തോടെ ജീവിക്കാൻ സാധിക്കുകയുള്ളൂ.

ക്ഷുത്തടക്കാൻ സഹായിച്ചിരുന്ന ഭരണകൂട സാമൂഹ്യ സംവിധാനങ്ങൾ ഇന്ന് അപ്രത്യക്ഷമായി. രോഗം വന്നാൽ ചികിൽസയും ലഭ്യമല്ല. കുട്ടികളുടെ വിദ്യാഭ്യാസവും വ്യക്തികളുടെ ചുമലിലായി. പാപ്പെട്ടവരുടെ പാർപ്പിടത്തിൻറെ കാര്യവും ദയനീയം. മനുഷ്യരുടെ ധാർമ്മികാധപതനത്തിൻറെ പ്രത്യാഘാതങ്ങൾ വിവരണാധീതവും. നാം വസിക്കുന്ന ലോലമായ പ്രകൃതിയും ഉന്മൂലന ഭീഷണി നേരിടുകയാണ്. ആഗോളതാപനം,പരിതസ്ഥിതി പ്രശ്നങ്ങൾ,വനനശീകരണം,പ്ലാസ്റ്റിക് തുടങ്ങിയ സങ്കീർണ്ണമായ അവസ്ഥകൾക്കും നാം സാക്ഷ്യം വഹിക്കുകയാണ്.

ഖുർആൻറെ ആഹ്വാനം
സാമൂഹ്യ പരിവർത്തനം എന്ന ആശയം പാശ്ചാത്യ സംസ്കൃതിയുടെ സംഭാവനയാണെന്ന ധാരണ അപക്വവും അബദ്ധ ജഡിലവുമാണ്. പാശ്ചാത്യ സംസ്കാരം രൂപപ്പെടുന്നതിൻറെ ഒരു സഹസ്രാബ്ദം മുമ്പെങ്കിലും സാമൂഹ്യമാറ്റത്തിൻറെ അടിസ്ഥാന സിദ്ധാന്തങ്ങൾ ഖുർആൻ അധ്യായം അർറഅദ് സൂക്തം 11 ൽ വിവരിച്ചിട്ടുണ്ട്. “ഓരോ മനുഷ്യൻറെയും മുന്നിലും പിന്നിലും അവനു വേണ്ടി നിശ്ചയിക്കപ്പെട്ട മേൽനോട്ടക്കാരുണ്ട്. അവർ, അല്ലാഹുവിൻറെ ആജ്ഞാനുസാരം അവനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവർത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവർത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുർഗതി വരുത്തുവാൻ തീരുമാനിച്ചാൽ പിന്നെ ആർക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരിൽ, ഇത്തരമൊരു ജനത്തിൻറെ രക്ഷകരോ തുണയോ ആകാനും ആർക്കും കഴിയുകയില്ല”.

ഇന്ത്യൻ പാർലമെൻറെിൻറെ ഗോപുരത്തിൽ ഉല്ലേഖനം ചെയ്യപ്പെട്ട മഹത്തായ ഒരു ഖുർആൻ സൂക്തമാണിത്. ഭൗതിക ലോകത്ത് ഓരോ സമൂഹത്തിൻറെയും ഭാഗധേയം ആ സമൂഹത്തിൻറെ ഉത്തരവാദിത്വമാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. വ്യക്തികൾ ചേർന്നതാണ് സമൂഹം. ആ വ്യക്തികളിൽ മാറ്റം സൃഷ്ടിക്കുമ്പോൾ സമൂഹത്തിൽ മാറ്റം ഉണ്ടാവുക സ്വാഭാവികം.

വ്യക്തി കേന്ദ്രീകൃതം
ഒരു തുള്ളി ജലത്തിൽ നിന്ന് സമുദ്രം ഉണ്ടായി എന്ന് പറയുന്നത് പോലെയാണ് മനുഷ്യ സമൂഹത്തിൻറെയും അവസ്ഥ. ഈ ഒരു തുള്ളി ദ്രവത്തിൻറെ രാസഘടകം അമ്ലമാണെങ്കിൽ,ഒഴുകുന്ന സമുദ്രവും അമ്ലത്തിൽ നിന്നുള്ളതായിരിക്കുമല്ലോ? ഇതിൽ നിന്ന് നമുക്ക് മനസ്സിലാവുന്ന കാര്യം വ്യക്തി കേന്ദ്രീകൃത അഭിവൃദ്ധയിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്നാണ്. മഹാനായ എഴുത്ത്കാരൻ ടോൾസ്റ്റോയ് പറഞ്ഞത് എത്ര വാസ്തവം!

Everyone thinks of changing the world. but no one thinks of changing himself. ലോകത്തെ മാറ്റുന്നതിനെ കുറിച്ചാണ് ഓരോരുത്തരുടേയും ചിന്ത. പക്ഷെ സ്വയം മാറുന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ശിരസ്സ്,ഹൃദയം,ഇരു കരങ്ങൾ എന്നീ തൃമാന ഘടകങ്ങളാണ് മനുഷ്യൻറെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ശിരസ്സ് എന്നത് അറിവ്,വിജ്ഞാനം എന്നിവയേയും ഹൃദയം, ധാർമ്മിക ബോധത്തേയും ഇഛാ മനോഭാവത്തേയും ഇരു കരങ്ങൾ കൊണ്ട് വിവിധ തൊഴിൽ നൈപുണ്യത്തേയുമാണ ഉദ്ദ്യേശിക്കുന്നത്. ഒരു വ്യക്തിയുടെ ഈ മൂന്ന് ഘടകങ്ങളെ പരിശീലിപ്പിച്ചാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുക്കും.

നമ്മുടെ ശിരസ്സ്,ഹൃദയം,ഇരു കരങ്ങൾ എന്നിവക്ക് അവശ്യം അവശ്യമായ പരിശീലനം ലഭിച്ച വ്യക്തികളുടെ സഞ്ചലനത്തിലൂടെ രൂപപ്പെടുന്ന സമൂഹത്തിൻറെ പുരോഗതി തിട്ടപ്പെടുത്തുക സാധ്യമല്ല. വ്യക്തികളുടെ ഈ തൃമാന ഘടകങ്ങളിൽ മാറ്റം വരുത്തുമ്പോൾ സമൂഹത്തിൻറെ സാമ്പത്തികവും സാമൂഹ്യവുമായ ബാഹ്യ കാര്യങ്ങളിൽ സൃഷ്ടാവ് മാറ്റം വരുത്തും എന്നാണ് മുകളിൽ ഉദ്ധരിച്ച ഖുർആൻ സൂക്തം വ്യക്തമാക്കുന്നത്. എല്ലാ മനുഷ്യ സമൂഹങ്ങൾക്കും ബാധകമായ പ്രകൃതി നിയമമാണിത്. എല്ലാ സമൂഹങ്ങൾക്കും ബാധകമാണ് ഈ പൊതു സിദ്ധാന്തം.

ഇതിൻറെ നല്ല ഉദാഹരമാണ് ജാപ്പാൻ എന്ന കൊച്ചു രാജ്യം. ആ രാജ്യത്തിൻറെ 80 ശതമാനം പർവ്വത പ്രദേശങ്ങൾ കൊണ്ട് നിബിഡം.രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കയുടെ ആണവ ബോംബിൽ തകർന്നടിഞ്ഞ പ്രദേശം. അഗ്നി പർവതങ്ങളും സുനാമി ആക്രമണങ്ങളും ജീവിതത്തിൻറെ താളം കെടുത്തുന്നു. പക്ഷെ വ്യക്തി കേന്ദ്രീകൃത പരിശീനത്തിലൂടെ ലോക വൈജ്ഞാനിക-സമ്പദ് ഘടനയിൽ ഇന്ന് ജാപ്പാൻ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു.

പ്രവാചക മാതൃകകൾ
യഥാർത്ഥത്തിൽ സാമൂഹ്യമാറ്റത്തിൻറെ ശക്തരായ വാക്താക്കളും പ്രയോഗ്താക്കളുമായിരുന്നു പ്രവാചകന്മാർ. വ്യക്തികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകികൊണ്ടായിരുന്നു അവർ തങ്ങളുടെ മഹത്തായ വിപ്ലവം സാധിച്ചത്. സാമൂഹ്യ തിന്മകൾക്കെതിരെ നിരങ്കുശമായി പടപൊരുതിയ ധീരാത്മാക്കളായിരുന്നു അവർ. അന്ധവിശ്വാസങ്ങൾക്കുംഅനാചാരങ്ങൾക്കും എതിരെ മാത്രമല്ല അക്രമികളും സ്വാർത്ഥംഭരികളുമായ ഭരണാധികൾക്കെതിരേയും പടപൊരുതി മനുഷ്യ സമൂഹത്തെ വിമോചിപ്പിച്ചു അവർ.

മുഹമ്മദ് നബിയുടെ ജീവിതം പരിശോധിക്കുമ്പോഴും ഇക്കാര്യം സുതരാം വ്യക്തമാണ്. വ്യക്തി കേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ പ്രശസ്തരായ വ്യക്തിത്വങ്ങൾ പ്രവാചക പാഠശാലയിൽ വളർന്നു. മദീന നഗരത്തിൽ അക്കാലത്ത് ഒമ്പത് പാഠശാലകൾ സ്ഥാപിച്ചതിന് പുറമെ പൗരാണിക നാഗരികതയുടെ മടിത്തൊട്ടിലായ ചൈനയിൽ പോയി വിജ്ഞാനം ആർജ്ജിക്കാൻ അനുയായികളെ പ്രേരിപ്പിച്ചു. ബദ്ർ യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ട തടവുകാരുടെ വിമോചനത്തിനായി മോചന ദ്രവ്യം നൽകാൻ കഴിയാത്തവരോട് മദീനയിലെ പത്തുപേർക്ക് വീതം എഴുത്ത് പഠിപ്പിക്കാൻ നിർദ്ദേശിച്ച് അവരുടെമോചത്തിന് വഴിയൊരുക്കിയതിന് ചരിത്രം സാക്ഷി.

മാറ്റത്തിൻറെ രാസപ്രക്രിയ
മനുഷ്യ സമൂഹ്യാവസ്ഥയിൽ മാറ്റം ഉണ്ടാവണം എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും ആ മാറ്റത്തിൻറെ രാസപ്രക്രിയ ആരംഭിക്കേണ്ടത് വ്യക്തികളിൽ നിന്നായിരിക്കണം. വ്യക്തികളുടെ മാറ്റമാണ് സാമൂഹ്യമാറ്റത്തിന് ദുന്ദുബി കുറിക്കുന്നത്. ഒരു രാഷ്ട്രം അതിൻറെ ജനസമൂഹത്തെ ശക്തവും സമ്പൂർണവുമായ വ്യക്തിത്വങ്ങളാക്കി വളർത്തി എടുക്കുന്നതിൽ വിജയിക്കുകയാണെങ്കിൽ, സൃഷ്ടാവിൻറെ സഹായത്താൽ അവർക്ക് ശോഭനമായ ഒരു ഭാവി കൈവരിക്കാൻ കഴിയും. തദ്വാരാ അവർക്ക് അവരുടെ മതത്തെയും വിശ്വാസത്തെയും ഉന്നതിയിലേക്കത്തെിക്കുവാനും സംരക്ഷിക്കുവാനും സാധിക്കും. ഒരു രാജ്യം അതിൻറെ വ്യക്തികളെ വളർത്തുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ ആ രാജ്യം ദൗർബല്യത്തിനും നശീകരണത്തിനും വിധേയമായിതീരും.

ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായ ആശയ സമരങ്ങളും കൂട്ടായ പ്രവർത്തനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്. അതിൻറെ ഭാഗമായി വ്യാപകമായ ബോധവൽക്കരണം,കാമ്പൈനുകൾ,സന്നദ്ധ പ്രവർത്തനങ്ങൾ,പെറ്റിഷൻ സമർപ്പിക്കൽ,പൊതു ഹർജി തയ്യാറാക്കൽ,ഒപ്പ് ശേഖരണം,ആവശ്യമായ ഫണ്ട് സമാഹരണം തുടങ്ങിയ സാമൂഹ്യ സമ്മർദ്ദങ്ങളും ശക്തിപ്പെടുത്തുമ്പോൾ മാത്രമേ സാമൂഹ്യ പരിവർത്തനം യാഥാർത്ഥ്യമാവുകയുള്ളൂ. ഇത് രണ്ടും സമന്വയിപ്പിച്ച ദൈവിക ഗ്രന്ഥമാണ് ഖുർആൻ.

Related Articles