Current Date

Search
Close this search box.
Search
Close this search box.

ഷേർഘർ: ഡൽഹിയിലെ ആറാമത്തെ ചരിത്ര നഗരം

ലോധി ഭരണകൂടത്തേക്കാൾ വലുതും ഡൽഹിയിലെ അടിമ വംശത്തോളം തന്നെ തുല്യമായ വലിയ സാമ്രാജ്യത്തിൻ്റെ ഭരണാധികാരിയായ വ്യക്തിയാണ് ഷേർ ഷാ സൂരി എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ഫരീദ്ഖാൻ. പഠാനികളിലെ സൂർ ഗോത്രത്തിൽപെട്ട വ്യക്തിയായത് കൊണ്ട് ഷേർഷാസൂരി എന്നാണ് ചരിത്രം അദ്ദേഹത്തെ വിളിച്ചത്. ഇന്ത്യയിൽ വന്ന് ഭരണം നടത്തിയ രണ്ടാമത്തെ അഫ്ഗാൻ ഭരണാധികാരിയാണ് ഷേർഷാ. മുഗുളന്മാരെ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നിന്ന് പുറത്താക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭരണാധികാരിയായ ഷേർഷ, ബാബറിൻ്റെ മകനായ ഹുമയൂണിനെ ഒരു വേള പരാജയപ്പെടുത്തി, ഇറാനിലേക്ക് വരെ കൊണ്ടെത്തിച്ചു.

ബാബറിൻ്റെ മരണത്തിന് ശേഷം ഡൽഹിയിൽ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂണിനെ ഇറാനിലെ ഭരണാധികാരി തഹ്മാസിപ് സഹായിച്ചതിനാൽ നഷ്ട്ടപ്പെട്ട കാന്തഹാറും കാബൂളും തിരിച്ച് പിടിക്കാനായി. എന്നാൽ ഡൽഹി എന്ന തൻ്റെ ആസ്ഥാനം പിടിച്ചെടുക്കാൻ ഹുമയൂണിന് പിന്നെയും പത്ത് വർഷം കാത്തിരിക്കേണ്ടി വന്നു. ഷേർഷായും ‘മകൻ സലീമും മരിച്ചതിന് ശേഷം മാത്രമാണ് ഡൽഹിയിലേക്ക് ഹുമയൂണിന് പ്രവേശിക്കാനായത്. ഷേർഷായുടെ കഴിവുകളെ പുകഴ്ത്തിയ ഹുമയൂൺ ‘ഉസ്താ ദെ – ബാദ്ഷാഹാൻ’ (Teacher of Kings) എന്നാണ് ഷേർഷായെ ഉപമിച്ചത്.

ഷേർ ഷായുടെ നാലു വർഷത്തെ ഭരണ നേട്ടങ്ങൾ ഉമറുബ്നു അബ്ദിൽ അസീസിൻ്റെ രണ്ടര വർഷത്തെ ഭരണ നേട്ടങ്ങളെ പോലെയാണ് ചരിത്രം വിലയിരുത്തുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രധാന റോഡുകൾ നിർമ്മിക്കപ്പെട്ടത് ഷേർ ഷായുടെ കാലത്താണ്. ധാക്കാ- പേഷവാർ റോഡാണ് ഇതിൽ പ്രധാനമായവ. വഴിയോരങ്ങളിൽ തണൽമരങ്ങളും സത്രങ്ങളും തപാൽ കുതിരികളും ഷേർഷാ ഏർപ്പാടു ചെയ്തിരുന്നു. കാബൂളിനെയും ബംഗ്ലാദേശിലെ ചിറ്റഗോംങ് പ്രദേശത്തെയും ബന്ധപ്പെടുത്തുന്ന ഗ്രാൻ്റ് – ട്രങ്ക് റോഡിൻ്റെ ആർക്കിടെക്ച്ചർ ഷേർഷാ സൂരിയാണ് തയ്യാറാക്കിയത്.

രാജ്യത്തെ എല്ലാ വികലാംഗർക്കും വിധവകൾക്കും രോഗികൾക്കും പെൻഷൻ ഏർപ്പാട് ചെയ്തു. കുഷിയെ പ്രോത്സാഹിപ്പിച്ചു. ഒരു പ്രദേശത്ത് കവർച്ച നടക്കുകയും കവർച്ചക്കാരനെ പിടികൂടാൻ കഴിയാതിരിക്കുകയും ചെയ്താൽ കവർച്ച ചെയ്യപ്പെട്ട അത്രയും സ്വത്ത് ആ പ്രദേശത്ത് നിന്ന് തന്നെ ഈടാക്കണമെന്ന നിയമം കൊണ്ടുവന്നു. സൈന്യത്തിലും കുതിരകളെ തിരിച്ചറിയാനും ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പിലാക്കി. ഇന്ത്യ ഭരിച്ച ഒരു ഭരണാധികാരിയും ഇത്രയും കുറഞ്ഞ കാലയളവിൽ ഷേർ ഷാ നടപ്പിലാക്കിയ അത്രയും ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി കാണാൻ കഴിയില്ല. ബീഹാർ പ്രവിശ്യയുടെ ഭരണാധികാരിയായ ഷേർഖാൻ്റെ ഭരണ പാടവം ബാബറിനെ അതിശയിപ്പിക്കുന്ന സന്ദർഭങ്ങൾവരെയുണ്ടായിരുന്നു. ഷേർഖാൻ്റെ പിതാവ് ബിഹാറിലെ സഹസ്രം പ്രദേശത്തെ ജാഗിർദാറായിരുന്നു.

2018ൽ ഡൽഹിയിലെ ഖിഡ്കി മസ്ജിൻ്റെ സമീപത്ത് നിന്ന് 254 ചെമ്പ് നാണയങ്ങൾ പുരാവസ്തു വകുപ്പ് കണ്ടെത്തിയതായി വാർത്ത വരികയുണ്ടായി. പ്രാഥമിക പഠനത്തിൽ ലോഹമുപയോഗിച്ച് നിർമ്മിച്ച പ്രസ്തുത നാണയങ്ങൾ ഡൽഹി ഭരിച്ച ഷേർഷാ സൂരിയുടെയും മകൻ ഇസ്ലാം ഷാഹിയുടെയും കാലത്താണ് ഉപയോഗിക്കപ്പെട്ടതെന്ന് വിലയിരുത്തപ്പെട്ടു. അതിലെ കുറച്ച് നാണയങ്ങളിൽ പേർഷ്യൻ വാചകങ്ങൾ അച്ചടിക്കപ്പെട്ടതായി പുരാവസ്തു നിരീക്ഷകർ അറിയിച്ചിരുന്നു. ‘ടക്ക’ നാണയത്തിന് പകരം ഇന്ത്യൻ കറൻസിയിൽ ഉപയോഗിക്കുന്ന ‘റുപി’ യുടെ തുടക്കം ഷേർഷാ സൂരിയുടെ ‘റുപിയ’ എന്ന കറൻസി മാറ്റത്തിൽ നിന്നുണ്ടായതാണ്.

ഡൽഹിയിൽ ഇന്നും നിലനിൽക്കുന്ന പുരാന ഖിലയിലെ ( പുരാതന കോട്ട) ‘ഖിലാ കുഹ് നാ മസ്ജിദ് നിർമ്മിച്ചത് ഷേർ ഷായാണ്. കോട്ടക്കുള്ളിൽ ഷേർ ഷാ നിർമ്മിച്ച ‘ഷേർ മണ്ഡൽ’ സന്ദർശകർക്ക് കാണാം. പ്രസ്തുത കോട്ടക്ക്ക്ക് സമീപത്തായി ‘ഷേർ ഗർ’ എന്ന പേരിൽ ഷേർ ഷാ സ്ഥാപിച്ച ആസ്ഥാന കേന്ദ്രം ഇന്ന് ചരിത്രത്തിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇന്ന് ഡൽഹിയിൽ നിലനിൽക്കുന്ന 13 കവാടങ്ങളിൽ ഒന്നായ ‘ഖൂനി ദർവാസ ‘ (Lal Darwaza) എന്ന പേരിൽ ഡൽഹിയിൽ കാണുന്ന കവാടം ഷേർ ഷാ പണികഴിപ്പിച്ചതാണ്. ചരിത്രത്തിൽ നിരവധി യുദ്ധ മുഖങ്ങൾക്ക് സാക്ഷിയാവേണ്ടി വന്ന പ്രദേശത്താണ് ‘ഖൂനി ദർവാസ’ ഉയർത്തപ്പെട്ടിട്ടുള്ളത്.

ഡൽഹിയിലെ ആറാമത്തെ നഗരമായിട്ടാണ് ഷേർ ഗർ അറിയപ്പെടുന്നത്. 1486 ൽ ജനിച്ച ഷേർഷാ സൂരി കലഞ്ചർ കോട്ട ഉപരോധിക്കുന്നതിനിടെ മെയ് 22ന് വെടിയേറ്റാണ് മരണപ്പെടുന്നത്. ബിഹാറിലെ സഹസ്രാം പ്രദേശത്ത് തന്നെയാണ് ഷേർഷായുടെ ശവകുടീരവും ഉയർത്തപ്പെട്ടത്. താരി ഖെ – ഷേർ ഷാഹി എന്ന പേരിൽ ഷേർഷായുടെ ജീവിതം പറയുന്ന ഗ്രന്ഥവും ഇന്നും ലഭ്യമാണ്.

References:
ഇസ്ലാമിക ചരിത്ര സംഗ്രഹം ഭാഗം 2

Related Articles