Current Date

Search
Close this search box.
Search
Close this search box.

മതങ്ങളും സമാധാനവും: അസഹിഷ്ണുതയുടെ കാലത്തെ കൊളോണിയലാനന്തര പഠനങ്ങളെപ്പറ്റി

സൃഷ്ടിപരമായ ചര്‍ച്ചകള്‍ക്ക് തടസമാകുന്ന പ്രബലമായ മിത്തുകളെ പൊളിച്ചെഴുതുകയെന്നതാണ് മത, സമാധാനപഠനങ്ങളെ കൊളോണിയലാനന്തര കാലത്ത് സമീപിക്കേണ്ട രീതി. കൊളോണിയലിസവുമായി ഇഴചേര്‍ന്നുകിടക്കുന്ന ഈ പാശ്ചാത്യ കേന്ദ്രീകൃത മുന്‍വിധികളെയാണ് മാധ്യമങ്ങളും പല അക്കാദമിക പണ്ഡിതരും പ്രചരിപ്പിച്ചത്. ഈ മിത്തുകളെ വിശദീകരിച്ചാല്‍ മാത്രമേ മതപാരമ്പര്യങ്ങള്‍ക്കപ്പുറത്തേക്ക് സമാധാനശ്രമങ്ങളിലേര്‍പ്പെടാന്‍ നമുക്ക് കഴിയൂ.

സാമുവല്‍ ഹണ്ടിംഗ്ടണ്‍ മുന്നോട്ടുവെച്ച നാഗരികതകള്‍ തമ്മിലെ സംഘട്ടനം (Clash of Civilizations) ആണ് ഇവയില്‍ ഒന്നാമത്തേത്. ഭാവിയിലെ യുദ്ധങ്ങളും സംഘട്ടനങ്ങളും വെറും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ചാകില്ലെന്നും മതാടിസ്ഥാനത്തിലുള്ള ഏറ്റുമുട്ടലുകളുടെ സൃഷ്ടിയായിരിക്കുമെന്നും ഹണ്ടിംഗ്ടണ്‍ പറഞ്ഞുവെക്കുകയുണ്ടായി. പാശ്ചാത്യ ഹെജിമണിയെ സ്ഥാപിക്കുന്ന, ശീതയുദ്ധത്തിനു ശേഷമുള്ള ലോകരാഷ്ട്രീയത്തെ വിശദമാക്കുന്ന ഈ പരികല്‍പനക്ക് അനന്യമായ സ്വീകാര്യതയാണ് ലഭിച്ചത്. കൊളോണിയല്‍ വ്യവഹാരങ്ങളില്‍ അടിവേരൂന്നിയതായിരുന്നു മത,സാംസ്‌കാരികഭേദങ്ങളോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. എഡ്വാര്‍ഡ് സൈദ് തന്റെ വിഖ്യാത കൃതിയായ ‘ഓറിയന്റലിസ’ത്തില്‍ എങ്ങനെയാണ് പടിഞ്ഞാറ് അധീശത്വപരമായ ആവശ്യങ്ങള്‍ക്കായി പൗരസ്ത്യദേശത്തെപ്പറ്റി തരംതാണതും അപരിഷ്‌കൃതവുമായ ബിംബങ്ങള്‍ സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സംസ്‌കാരങ്ങള്‍ ഏകശിലാത്മകമാണെന്നും പരസ്പരസംവാദങ്ങളില്ലാത്ത ഒതുങ്ങിയ അസ്തിത്വമാണെന്നും വരുത്തിത്തീര്‍ക്കുന്നതിലൂടെ ഈ ഭീതിയെയും ഭീഷണിയെയും പുനരുല്‍പാദിപ്പിക്കുകയാണ് തന്റെ വാദത്തിലൂടെ ഹണ്ടിംഗ്ടണ്‍ ചെയ്തത്.

മതത്തെ ആധുനിക പ്രസക്തിയില്ലാത്തതും അയുക്തവുമായി മാത്രം കാണുന്ന മതേതരവല്‍കരണം (Secularization) ആണ് രണ്ടാമത്തെ മിത്ത്.അതിനെ സംബന്ധിച്ചിടത്തോളം ആധുനികതയുടെ തീര്‍പ്പുകളോട് നിരന്തരം വിഘടിച്ചുനില്‍ക്കുന്ന പ്രശ്‌നവല്‍കൃതമായ ഒന്നാണ് മതം. സെക്കുലറിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സകല സാമൂഹികപ്രശ്‌നങ്ങളുടെയും ഉത്ഭവകേന്ദ്രമാണ് മതവും അനുബന്ധ സ്ഥാപനങ്ങളും. ഈ മിത്തിന്റെ കൊളോണിയല്‍ താല്‍പര്യങ്ങള്‍ വ്യക്തമാകുന്നത് പടിഞ്ഞാറിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ നവോത്ഥാനത്തെയാണ് മറ്റു സമൂഹങ്ങളുടെയും അളവുകോലായി ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ്. ആധുനിക പടിഞ്ഞാറിന്റെയും പശ്ചിമേഷ്യയുടെയും സെക്കുലര്‍ മനോഭാവങ്ങള്‍ രൂപപ്പെടുത്തിയ സെക്കുലര്‍ സങ്കല്‍പങ്ങളുടെയും അതിന്റെ രാഷ്ട്രീയ രൂപാന്തരത്തിന്റെയും ചരിത്രപരമായ ആഖ്യാനമാണ് നരവംശശാസ്ത്രജ്ഞനായ തലാല്‍ അസദ് (Formations of the Secular) നടത്തുന്നത്. സെക്കുലറിനെ കാണേണ്ടത് മതത്തിന്റെ പിന്‍ഗാമിയായോ മതത്തേക്കാള്‍ യുക്തിപരമെന്നോ അല്ല. വ്യത്യസ്ത സമൂഹങ്ങളില്‍ വിവിധ അടരുകളുള്ള ചരിത്രമാണ് സെക്കുലറിസത്തിനുള്ളത്. മുതലാളിത്ത ആധുനികതയെ മാതൃകയായിക്കാണുന്ന ആധുനികതയെപ്പറ്റിയുള്ള ആഗോള ആധുനികത (global modernities) എന്ന് വിളിക്കപ്പെടുന്ന ഏകശിലാത്മക ധാരണകളെ അദ്ദേഹത്തിന്റെ പഠനം വെല്ലുവിളിക്കുകയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.

Also read: ഇബ്‌നു ഖല്‍ദൂന്റെ സംഭാവനകള്‍ മുസ് ലിംകൾ അവഗണിക്കുമ്പോള്‍

അപകടകരവും തികച്ചും ഇസ് ലാം വിരുദ്ധവുമായ മൂന്നാമത്തെ മിത്ത് ക്രിസ്തുമതവും ബുദ്ധമതവും പോലുള്ള ചില മതങ്ങള്‍ സ്വാഭാവികമായി സമാധാനപരമാണെന്നും അക്രമത്തെയും ജിഹാദിനെയും പുണരുന്ന ഇസ് ലാം ആക്രമണോത്സുകത ഉണര്‍ത്തുന്ന മതമാണെന്നുള്ള വാദമാണ്. അനേകം ജനങ്ങള്‍ ബലിയാടാവുകയും തെറ്റായ ധാരണകള്‍ സൃഷ്ടിക്കപ്പെടുകയുമാണ് ഇതുവഴി ഉണ്ടാകുന്നത്. കുരിശുയുദ്ധങ്ങളുടെ ചരിത്രത്തെയും, കൊളോണിയലിസത്തിലും വംശഹത്യകളിലുമുള്ള ക്രിസ്ത്യന്‍ ഇടപെടലുകളെയും ഇരുമതപാരമ്പര്യങ്ങളിലുള്ള ആന്തരികകലഹങ്ങളെയും പാടെ അവഗണിക്കുന്നതിനാല്‍ ചരിത്രത്തോട് അതൊട്ടും നീതിപുലര്‍ത്തുന്നില്ല. ഇസ് ലാമിനെ മതാതിക്രമങ്ങളുമായി ബന്ധപ്പെടുത്തുന്നതിലൂടെ ശക്തമായ ഓറിയന്റലിസ്റ്റ് പക്ഷപാതിത്വം പുലര്‍ത്തുന്ന സെക്കുലറിസം മുസ് ലിം ലോകത്തെ കൊളോണിയലിസത്തിന്റെയും അരികുവല്‍കരണത്തിന്റെയും ചരിത്രത്തെ മറക്കപ്പുറം നിര്‍ത്തുന്നു. സമാധാനത്തിനായി നിരന്തരശ്രമങ്ങള്‍ നടത്തുന്ന മുസ് ലിം നേതാക്കളും സംഘടനകളുമാണ് യഥാര്‍ത്ഥത്തില്‍ ഇസ് ലാമിന്റെ പ്രതിനിധികളായി പരിഗണിക്കപ്പെടേണ്ടത്. ഖുര്‍ആനും ഹദീസുമുള്‍പ്പെടെയുള്ള മുസ് ലിം പാരമ്പര്യ ഘടകങ്ങള്‍ എങ്ങനെയാണ് സമാധാനത്തിനു വേണ്ടി വാദിക്കുന്നത് എന്ന് മുഹമ്മദ് അബൂനിമര്‍ (Non-violence and Peacebuilding in Islam) പറയുന്നു.

ഈ മിത്തുകളെ വെളിച്ചത്തുനിര്‍ത്താനും മതങ്ങളെ പഠിക്കുമ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും കൊളോണിയലാനന്തര പഠനങ്ങള്‍ക്ക് കഴിയും. മതം എന്നത് ഏറെ പ്രശ്‌നബദ്ധമായ വിഭാഗമാണെന്നും ആധുനിക പടിഞ്ഞാറിലെ മതപഠനങ്ങള്‍ പലപ്പോഴും വംശീയതയുടെയും അപരവല്‍കരണത്തിന്റെയും സൂചനകള്‍ പ്രകടിപ്പിച്ചുവെന്നും കൊളോണിയലാനന്തര ചിന്തകര്‍ വിമര്‍ശിക്കുന്നു. കൊളോണിയലിസത്തിന്റെ പ്രതാപകാലമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മതത്തെപ്പറ്റിയുള്ള അക്കാദമിക പഠനങ്ങള്‍ വികസിച്ചുവന്നകാലത്ത്, ആഫ്രിക്കയിലെ പ്രാക്തന മതങ്ങളോടും കിഴക്കിലെ മിത്തിക്കല്‍ മതങ്ങളോടും തുലനം ചെയ്യാന്‍ ക്രിസ്ത്യാനിറ്റിയെയായിരുന്നു അവരുപയോഗിച്ചത്. മതം ഒരു പഠനശാഖയായി മാറിയതോടെ ഇതര സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ സ്വഭാവങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒന്നായി അതിനെ വീക്ഷിക്കുന്ന പ്രവണത വ്യാപകമായി. ഇതുപോലെ, കേവലമാത്രമായ സമീപനങ്ങള്‍ ലോകമതങ്ങളെപ്പറ്റിയുള്ള പഠനങ്ങളില്‍ തുടര്‍ച്ചയായി ഉപയോഗിക്കപ്പെടുകയും അതുവഴി വ്യത്യസ്ത മതപാരമ്പര്യങ്ങള്‍ പരിമിതമായ ചില വിശ്വാസങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും കള്ളികളിലേക്ക് ചുരുക്കപ്പെടുകയും ചെയ്തു. മതപരിചയമെന്ന പേരില്‍, അപൂര്‍ണമായ അറിവിനെ ഉല്‍പാദിപ്പിക്കുകയും മുന്‍വിധികളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുകയായിരുന്നു അത്. ഇത്തരം പഠനസംരംഭങ്ങളാകട്ടെ ഓറിയന്റലിസ്റ്റ് മിത്തുകളെ പുണരുന്നു എന്നതിനാല്‍ ഒരുതരത്തിലുള്ള സംവാദങ്ങളെയും സമാധാനശ്രമങ്ങളെയും പിന്താങ്ങിയതുമില്ല. എന്നാല്‍ അപകോളനീകരണ, കൊളോണിയലാന്തര പഠനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് റിച്ചാര്‍ഡ് കിംഗ്, ഡേവിഡ് ഷിഡെസ്റ്റര്‍ തുടങ്ങി പലരും മതത്തെയും ദൈവശാസ്ത്രപഠനങ്ങളെയും സൈദ്ധാന്തികവല്‍കരിക്കുന്നതില്‍ പുതുവഴികള്‍ തേടിത്തുടങ്ങിയിട്ടുണ്ട്.
മതാന്തര സംവാദങ്ങളിലും സമാധാനസ്ഥാപനത്തിനായി മതകീയ സ്രോതസ്സുകളെ വീണ്ടെടുക്കുന്നതിലും സംഘട്ടനങ്ങള്‍ക്കും സമാധാനനീക്കങ്ങള്‍ക്കുമിടയിലെ ഗതിവിഗതികളില്‍ മതത്തിനുള്ള കാതലായ കടമയിലും ഊന്നി, നിര്‍മാണാത്മകമായ വിമര്‍ശനത്തിനുള്ള സാധ്യതകള്‍ തുറന്നിടുകയാണ് കൊളോണിയലാനന്തര പഠനങ്ങള്‍. ഈ മേഖലയില്‍ ഗവേഷണത്തിന് ഒരുപാട് മേഖലകള്‍ ബാക്കികിടക്കെത്തന്നെ വരേണ്യ, പുരുഷ, മതനേതൃത്വങ്ങളില്‍ ചുരുങ്ങുകയാണ് ഈ പഠനങ്ങള്‍ ചെയ്തത്. പ്രശസ്ത കൊളോണിയലാനന്തര ചിന്തകരിലൊരാളായ ഗായത്രി സ്പിവാക് മുപ്പതുവര്‍ഷം മുമ്പ് ഉന്നയിച്ച പ്രസക്തമായൊരു ചോദ്യമായിരുന്നു ‘Can Subaltern Speak’ എന്നത്. പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെയും അറിവും അധികാരവും തമ്മിലെ ബന്ധത്തെയുമൊക്കെയായിരുന്നു ആ ചോദ്യം പ്രശ്‌നവല്‍കരിച്ചത്. മത, സമാധാന പഠനങ്ങളില്‍, കീഴാള മതബോധത്തിനും സമാധാനം വളര്‍ത്തുന്നതില്‍ താഴെക്കിടയില്‍നിന്നുള്ള പരിശ്രമങ്ങള്‍ക്കും ചെവികൊടുക്കുക അതിപ്രധാനമാണ്.

Also read: മാറ്റങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ?

സമാധാനം വളര്‍ത്തുന്നതിലെ സ്ത്രീപങ്കാളിത്തവും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അഥവാ, ആണധികാര ഇടങ്ങള്‍ പലപ്പോഴും സ്ത്രീ മതനേതൃത്വങ്ങളുടെയും സംഘടനകളുടെയും കര്‍തൃത്വമേറ്റെടുക്കുന്നതില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയുണ്ടായി. എന്നാല്‍ ചില സ്ത്രീകള്‍ ഇത്തരം മതസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും തങ്ങളുടേതായ ഇടം നേടിയെടുക്കുകയും ചെയ്തു. കെനിയയിലെ ദേഖ ഇബ് റാഹിം ആഫ്രിക്കയിലെ സമാധാനസഖ്യത്തിന്റെ ചുമതലയിലിരിക്കുകയും അവര്‍ നടത്തിയ സമാധാനശ്രമങ്ങള്‍ക്ക് ഒട്ടേറെ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു. തായ്‌ലന്‍ഡിലെ ബുദ്ധമത സന്യാസിനിയായ മേ ഷീ സാന്‍സാനീ തെക്കന്‍ തായ്‌ലന്റില്‍ മുസ് ലിം-ബൗദ്ധ സംഘര്‍ഷമുണ്ടായപ്പോള്‍ ഒരു സമാധാന റാലി സംഘടിപ്പിക്കുകയും മുസ് ലിം വനിതകളിലേക്ക് തന്റെ സന്ദേശമെത്തിക്കുകയും ചെയ്തു. സ്ത്രീകളുടെ നേതൃപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ‘Co-ordination of Women for Democracy and Peace’ എന്ന സംഘടന സ്ഥാപിക്കുകയാണ് കോംഗോയിലെ കത്തോലിക്കന്‍ കന്യാസ്ത്രീയായ മേരി ബെര്‍നാഡ് ചെയ്തത്.

കൊളോണിയലാനന്തര ചിന്തകരുടെ സങ്കല്‍പത്തില്‍ സംസ്‌കാരങ്ങളും ചരിത്രവുമെന്നത് വ്യാപിച്ചുകിടക്കുന്നതും അന്യോന്യമുള്ള ചേര്‍ത്തുവപ്പുകളുടെയും സൃഷ്ടിയാണ്. ഇത്തരത്തില്‍ സങ്കരമായൊരു കാഴ്ചപ്പാടോടെയാണ് മത, സംസ്‌കാരങ്ങളോട് സംവദിക്കേണ്ടതും പരസ്പരമുണ്ടായ കൊടുക്കല്‍വാങ്ങലുകളെ പഠനവിധേയമാക്കേണ്ടതും. ഉദാഹരണത്തിന്, ഏഴാം നൂറ്റാണ്ടില്‍ ചൈനയിലേക്ക് ക്രിസ്തുമതം കടന്നുവന്നപ്പോള്‍, ബുദ്ധിസ്റ്റ് ദാവോയിസ്റ്റ് സങ്കല്‍പങ്ങളെയാണ് ക്രിസ്ത്യന്‍ സംജ്ഞകളെ സൂചിപ്പിക്കാനായി കടമെടുത്തത്. ബുദ്ധസംസ്‌കാരത്തോട് ഏറെ സമാനതയുള്ള ചിഹ്നമായിരുന്നു നെസ്‌റ്റോറിയന്‍ ക്രിസ്ത്യാനിറ്റി ചിഹ്നമായി തെരെഞ്ഞെടുത്ത താമരപ്പൂവിലെ കുരിശ്. ഞാന്‍ നീ എന്നീ വിരുദ്ധദ്വന്ദങ്ങളെ മറികടന്ന് സംസ്‌കാരങ്ങളുടെ സങ്കരരൂപത്തെ മനസിലാക്കുകയെന്നത് അതിപ്രധാനമാണ്. കാലമേറും തോറും പരസ്പരബന്ധിതമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ സ്വത്വത്തെയും വ്യത്യാസങ്ങളെയും തുറന്ന മനസോടെ അഭിമുഖീകരിക്കാന്‍ ഇതുവഴിയേ നമുക്ക് കഴിയൂ.

വിവ. അഫ്‌സല്‍ പി.ടി മുഹമ്മദ്
അവലംബം- contendingmodernities.nd.edu

Related Articles