Civilization

മുഹമ്മദ് ബിന്‍ തുഗ്ലക്കും തലസ്ഥാന മാറ്റവും-2

യൂനാനി ചികിത്സ

യൂനാനി ചികിത്സ രീതിക്ക് ഡക്കാന്‍ പ്രദേശങ്ങളില്‍ ലഭിച്ച വമ്പിച്ച സ്വീകാര്യത തലസ്ഥാന മാറ്റത്തിന്റെ മറ്റൊരു നേട്ടമായി പിന്നീട് വിലയിരുത്തപ്പെട്ടു. ഡല്‍ഹിയില്‍ ആതുരസേവന രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ നടത്തിയ മുഹമ്മദ് യൂനാനി സംവിധാനത്തെ വ്യവസ്ഥാപിതമായി നടപ്പാക്കാനുള്ള നടപടികള്‍ കൈകൊണ്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രശസ്തരായ ഭിഷഗ്വരരെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന് സ്ത്യുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി.

മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കൊട്ടാര വൈദ്യ പദവി (Royal Physician) അലങ്കരിച്ച സിയാ മുഹമ്മദ് ക്രോഡീകരിച്ച മജ്മൂയെ സിയാ (Collection by Ziya)യിലൂടെ അന്നത്തെ മരുന്ന് കൂട്ടുകളെ കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം ലഭിക്കും. ഡല്‍ഹിയില്‍ തുടങ്ങി വെച്ച യുനാനി ചികിത്സ രീതി തലസ്ഥാന മാറ്റത്തിലൂടെ ഡക്കാന്‍ മേഖലയിലും പില്‍കാലത്ത് ലഭ്യമായി തുടങ്ങി. തലസ്ഥാന മാറ്റം ദക്ഷിേണന്ത്യയിലെ സൂഫി ധാരയുടെ മുന്നേറ്റത്തെ ഒരളവോളം സ്വാധീനിച്ചിട്ടുണ്ട്. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വലിയൊരു വഴി തുറന്നു തരികയായിരുന്നു പ്രസ്തുത മാറ്റം. ദര്‍ഗകളും ഖാന്‍ഖാഹുകളും സൂഫി ചിന്തകള്‍ക്ക് ശക്തി കൂട്ടി ഡക്കാനിലെ പല ഭാഗങ്ങളിലും ഉയര്‍ന്നു വന്നു.

ഇബ്നു ബത്തൂത്തയും ദൗലത്താബാദിലേക്ക് പണി കഴിപ്പിച്ച റോഡും

ഇബ്നു ബത്തൂത്ത ഒന്‍പത് വര്‍ഷം മുഹമ്മദിന്റെ ദര്‍ബാറിലെ മുഖ്യ ഖാളി പട്ടം അലങ്കരിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ യാത്രാവിവരണ ഗ്രന്ഥമായ അരിഹ്ലയില്‍ വിവരിക്കുന്നത് നോക്കുക: ‘ഡല്‍ഹി സല്‍ത്തനേറ്റിലെ പ്രധാന നഗരങ്ങളെയെല്ലാം റോഡുകള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് ദൗലത്താബാദിലേക്കുള്ള റോഡായിരുന്നു അവയില്‍ ഏറ്റവും പ്രൗഢമായത്. അതിന്റെ ഇരുവശങ്ങളിലും വലിയ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ചിരുന്നു’. ഈ റോഡിലൂടെ യാത്ര ചെയ്ത ഇബ്നു ബത്തൂത്ത വിവരിക്കുന്നതിപ്രകാരമാണ്: ‘ഈ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങള്‍ ഒരു തോട്ടത്തിലൂടെ കടന്നു പോകുന്ന പ്രതീതിയാണുണ്ടാവുക. ഓരോ നാഴിക ഇടവിട്ടും ചൗകികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കും.

ഈ നാല്‍പതു ദിവസവും തങ്ങള്‍ അങ്ങാടിയിലൂടെയാണ് കടന്നു പോകുന്നതെന്ന് തോന്നിപ്പിക്കും വിധം ഓരോ ഇടത്തവലങ്ങളിലും ചക്രവര്‍ത്തിക്ക് ഇറങ്ങി താമസിക്കാന്‍ വീടുകളുണ്ട്, സാധാരണ യാത്രക്കാര്‍ക്ക് വഴിയമ്പലങ്ങളും. ദരിദ്രരായ വഴിപോക്കര്‍ക്കു വഴിചോറ് കൂടെ കൊണ്ട് വരേണ്ട ആവശ്യമില്ല. എല്ലാം അവര്‍ക്ക് സൗജന്യമായി തന്നെ ലഭിക്കും.’ ഇവിടെ വ്യക്തിഗത ചരിത്ര പഠനങ്ങളില്‍ ഏതറ്റം വരെ സൂക്ഷ്മത പുലര്‍ത്തണമെന്നതിന്റെ പ്രാധാന്യമാണ് മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്.

ഓരോ തലമുറയും വ്യത്യസ്ഥ തലങ്ങളിലൂടെയാവണം ചരിത്രത്തെ സമീപിക്കേണ്ടത് എന്ന മുന്നറിയിപ്പും ഇതോടൊപ്പം ചേര്‍ത്ത് വെക്കട്ടെ. ‘ഒരു മനുഷ്യന്റെ മരണത്തോടെ അയാളിലെ തിന്മകകള്‍ കൊട്ടിഘോഷിക്കപ്പെടും, നന്മകള്‍ കുഴിച്ചുമൂടപ്പെടും’ വില്യം ഷേക്സ്പിയറിന്റെ ഈ കവിതാ ശകലം മുഹമ്മദു ബിന്‍ തുഗ്ലക്ക് എന്ന ധിഷണാശാലിക്ക് കൂടുതല്‍ യോചിക്കും എന്നതില്‍ സംശയമില്ല. കാലങ്ങള്‍ക്ക് ശേഷം പിഴവ് തിരുത്തിയ ചരിത്രം മുഹമ്മദിന്റെ പരിഷ്‌കരണങ്ങളെ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ്’ താന്‍ ജീവിച്ച കാലഘട്ടത്തെക്കാള്‍ മുന്നില്‍ നടന്ന വ്യക്തിയാണ് മുഹമ്മദ്’.

മുഹമ്മദ് ബിന്‍ തുഗ്ലക്കും തലസ്ഥാന മാറ്റവും-1

ഒന്നാം ഭാഗം വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുഹമ്മദ് ബിന്‍ തുഗ്ലക്കും തലസ്ഥാന മാറ്റവും

Facebook Comments
Show More

Related Articles

Close
Close